കോടിയേരി സഖാവി​െൻറ ജിഹാദി തീസിസുകൾ 

“കോഴി കൂകുംമുമ്പ് പത്രോസേ നീയെന്നെ മൂന്നുതവണ തള്ളിപ്പറയും” എന്നാണ് കഴുവിലേറ്റാനായി റോമൻ പടയാളികൾ പിടിച്ചുകൊണ്ടുപോകുന്ന വേളയിൽ കർത്താവ്, ത​​​െൻറ പിന്നിൽ എന്തുവന്നാലും പാറപോലെ ഉറച്ചുനിൽക്കുമെന്നു പ്രഖ്യാപിച്ച ശിഷ്യൻ പത്രോസിനോട് പറഞ്ഞത്. കാര്യങ്ങൾ അപ്രകാരംതന്നെ നടക്കുകയും ചെയ്തതായി വിശുദ്ധ വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. കർത്താവിനെ കുരിശിലേറ്റിയ രാത്രിയിൽ പുലർകാലത്ത് കോഴി കൂകുന്നത് കേട്ട പത്രോസ് താൻ അറിയാതെ ചെയ്തുപോയ കാര്യങ്ങൾ ഓർത്തു പശ്ചാത്താപവിവശനായി. പിന്നീടുള്ളത് കത്തോലിക്ക സഭയുടെ ചരിത്രം.

സഖാവ് കോടിയേരി ബാലകൃഷ്ണനും സഭയുടെ കൊട്ടാരം കെട്ടിപ്പൊക്കപ്പെട്ട പാറയായി വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ പത്രോസും തമ്മിൽ ഒരു താരതമ്യവുമില്ല. എന്നാൽ, അവരിരുവരുടെയും പ്രസ്ഥാനങ്ങളും അവയുടെ രീതികളും തമ്മിൽ ചില സാദൃശ്യങ്ങളുണ്ടെന്ന്​ സാമൂഹിക ശാസ്ത്രജ്ഞന്മാരും അരുന്ധതി റോയ് പോലുള്ള എഴുത്തുകാരും പറഞ്ഞിട്ടുണ്ട്. രണ്ടിനും ചോദ്യംചെയ്യപ്പെടാനാവാത്ത പോപ്പുണ്ട്; രണ്ടിനും ശക്തമായ സംഘടനയും ആരാധനരീതികളുമുണ്ട്. രണ്ടും കുഞ്ഞാടുകൾക്ക്​ വാഗ്ദാനം ചെയ്യുന്നത് വിമോചനംതന്നെ. രണ്ടിനുമുണ്ട് പട്ടക്കാരും വിശുദ്ധന്മാരും തെമ്മാടിക്കുഴികളും. അതിനാൽ, രണ്ടിനോടും കളിക്കുമ്പോൾ സൂക്ഷിച്ചു കളിക്കണം. അല്ലെങ്കിൽ പണി പാളും.

അമേരിക്കയിൽ ചികിത്സകഴിഞ്ഞു നാട്ടിലെത്തിയ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണ​​​െൻറ ആദ്യ വാർത്തസമ്മേളനം ശ്രദ്ധിച്ചപ്പോൾ എന്തുകൊണ്ടോ പത്രോസിനെയാണ് ഓർത്തുപോയത്. പത്രോസ് ആ രാത്രിയിൽ കർത്താവിനെയാണ് തള്ളിപ്പറഞ്ഞത്; കോടിയേരിയാകട്ടെ, ഇന്ത്യയിലെ ഇടതുപക്ഷ പ്രസ്ഥാനത്തി​​​െൻറ അടിസ്ഥാനപരമായ പല നിലപാടുകളെയും. പത്രോസ് വൈകാതെ പരിതപിച്ചു; കോടിയേരിയാകട്ടെ, ഒരു കുലുക്കവുമില്ലാതെ നടക്കുന്നു. അതിനാൽ, വിശുദ്ധ പത്രോസിനെക്കാൾ കരുത്തൻ കോടിയേരിതന്നെ എന്ന് നിസ്സംശയം പറയാം.

വാർത്തസമ്മേളനത്തിൽ കോടിയേരിയുടെ മൂന്നു പ്രസ്താവനകളാണ് ഈ നിലയിൽ ആലോചിക്കാൻ ഇടനൽകിയത്.  ഇവയെ കോടിയേരി തീസിസുകൾ എന്ന് മാർക്സിസ്​റ്റ്​ ഭാഷ്യത്തിൽ വിളിക്കാം.  തീസിസ് നമ്പർ ഒന്ന്: നാലുമാസം മുമ്പ് കേരള പൊലീസ് അറസ്​റ്റ്​ ചെയ്ത സി.പി.എം അംഗങ്ങൾ അലനും താഹയും ഞങ്ങളുടെ പാർട്ടിക്കാരല്ല. അവരെ പുറത്താക്കിയിട്ടു മാസം ഒന്നായി. കോഴിക്കോട്ടു നടന്ന കാര്യമായതുകൊണ്ട് തലസ്ഥാനത്തെ പത്രക്കാരൊന്നും അറിഞ്ഞില്ലെന്നുമാത്രം. അത് പാർട്ടിയുടെ കുഴപ്പമല്ല. തീസിസ് നമ്പർ രണ്ട്: മുസ്​ലിം സമുദായവുമായി കൈകോർത്തുപിടിച്ചു മോദിസർക്കാറി​​​െൻറ ന്യൂനപക്ഷവിരുദ്ധ നീക്കങ്ങളെ നേരിടും. അതിലേക്ക്​ സുന്നികൾക്കും വഹാബികൾക്കും ലീഗടക്കം മറ്റെല്ലാ കൂട്ടർക്കും സ്വാഗതം; എന്നാൽ, എസ്​.ഡി.പി.ഐ, ജമാഅത്തെ ഇസ്​ലാമി എന്നിവർ ഹറാം. അവർ പന്തിക്കു പുറത്ത്. കാരണം, ഇരുകൂട്ടരും ജിഹാദികൾ എന്ന് മോദി സർക്കാർ പറയുന്നു. തീസിസ് നമ്പർ മൂന്ന്: മോദി സർക്കാറി​​​െൻറ നയങ്ങൾക്കെതിരെ പോരാടാൻ കോൺഗ്രസുമായിപ്പോലും കൈകോർക്കാൻ തയാർ. പക്ഷേ, അവർ വഴങ്ങുന്നില്ലെങ്കിൽ ഞങ്ങളെന്തു ചെയ്യും? 

ഇതിൽ ആദ്യത്തെ തീസിസും പിന്നാലെ വരുന്ന രണ്ടു തീസിസുകളും തമ്മിൽ ചില ബന്ധങ്ങളുണ്ട് എന്ന കാര്യം ശ്രദ്ധിക്കണം. അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ രണ്ടുപേരും ഇന്നലെവരെ സി.പി.എമ്മുകാർതന്നെയായിരുന്നു. അവരുടെ മാവോവാദി ബന്ധം പന്നിയങ്കര പൊലീസ് കണ്ടെത്തുന്നതുവരെ പാർട്ടിക്കാരോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല. രഹസ്യപ്രവർത്തനമാണ് ഇവർ നടത്തിയത് എന്ന് പാർട്ടി. സി.പി.എമ്മിൽ ഇരുന്നു മറ്റൊരു പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചു. അത് അംഗീകരിക്കാനാവില്ല. പക്ഷേ, തങ്ങളുടെ സ്വന്തം പാർട്ടി അംഗങ്ങളുടെ അന്യ പാർട്ടി ബന്ധങ്ങൾ സി.പി.എം കണ്ടെത്തുന്നത് പൊലീസ് സഹായത്തോടെയാണ് എന്നത് വേറെ കാര്യം. പാർട്ടി ഭരിക്കുമ്പോൾ പാർട്ടിയും പൊലീസും ഒന്നുതന്നെ. ഭരണവും സമരവും എന്ന ഇ.എം.എസി​​​െൻറ കാലത്തെ മുദ്രാവാക്യം മുന തേഞ്ഞുപോയി. ഇപ്പോൾ പാർട്ടി ഭരണത്തിലെത്തുന്ന അവസരങ്ങളിൽ, ബൂർഷ്വ ഭരണകൂടത്തി​​​െൻറ കുന്തമുനയായ പൊലീസ്തന്നെ കമ്യൂണിസ്​റ്റ്​ പാർട്ടിയുടെയും ആയുധം. അതിനാൽ, പാർട്ടി അംഗങ്ങളെപ്പറ്റി പൊലീസ് എന്തുപറയുന്നുവോ, അതാണ് ഇനിമുതൽ പാർട്ടിനയം. നാട്ടുകാർക്ക് അല്ലെങ്കിൽ പ്രാദേശിക പാർട്ടിക്കാർക്ക് വിയോജിപ്പുണ്ട് എങ്കിൽ അത് മനസ്സിൽ ​െവച്ചാൽ മതി. പുറത്തേക്ക് എടുക്കേണ്ട. 

alan-and-thaha.jpg
 
 

രണ്ടാമത്തെ കാര്യം, ഇപ്പറഞ്ഞ രണ്ടുപേരും പള്ളിയിൽ പോയി നമസ്കരിക്കുന്ന തരം ഇസ്​ലാമല്ലെങ്കിലും മുസ്​ലിം നാമധാരികൾതന്നെ. മോദിസർക്കാറി​​​െൻറ പുതിയ പൗരത്വ നിയമപ്രകാരം മുസ്​ലിംനാമധാരിയാണെങ്കിൽ പൗരത്വം കിട്ടാൻ വേറെ നാടുനോക്കണം. ഇവിടെ പറ്റില്ല. അതിനാൽ, ഈ രണ്ടു യുവാക്കളുടെയും കാര്യത്തിൽ നാട്ടിൽ പലർക്കും പരിഭ്രാന്തിയുണ്ട്. അവർ ഭരിക്കുന്ന പാർട്ടിയുടെ ആൾക്കാരായിട്ടും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽപോലും പാർട്ടിക്കുവേണ്ടി വോട്ടുപിടിക്കാൻ ഓടിനടന്നവരായിട്ടും മാവോവാദികൾ എന്ന് പൊലീസ് പറഞ്ഞതോടെ അവർ പാർട്ടിക്ക് വേണ്ടാത്തവരായി. നേരം വെളുക്കും മുമ്പ്, കോഴി കൂകുംമുമ്പ് പാർട്ടിക്ക് പുറത്തുമായി. വേറെയും എത്രയോപേർ വർഷങ്ങളായി നാട്ടിലും മറുനാട്ടിലുമായി തടവിലുണ്ട്. പരപ്പനങ്ങാടിയിലെ സകരിയ്യ 10 വർഷത്തിലേറെയായി തടവിലാണ്. കണ്ണൂരിലെ ഷമീമി​​​െൻറ കാര്യവും അങ്ങനെത്തന്നെ. കുറ്റിപ്പുറത്ത് മഅ്​ദനിയുടെ കൂടെ ഞെളിഞ്ഞുനിന്ന്​ വോട്ടുപിടിച്ച പാർട്ടിയാണ്. പക്ഷേ, ​െയദിയൂരപ്പ ജയിലിൽ ആക്കിയ മഅ്​ദനിയെ ഇപ്പോൾ പാർട്ടി ഓർക്കുന്നതുതന്നെയില്ല. അങ്ങനെ എത്രയോപേർ വിചാരണത്തടവുകാരായി പതിറ്റാണ്ടുകൾ അഴികൾക്കുള്ളിൽ കഴിയുന്നു. അതിൽ ഒരു അനീതിയും കണ്ടെത്താൻ പാർട്ടിക്കു കഴിയുന്നില്ല. ഈ യുവാക്കളെയും ഇപ്പോൾ എൻ.ഐ.എ കേസിൽ കുടുക്കിയത് ദീർഘകാലമായി ഭരണകൂടത്തിൽ നിലനിന്നുവരുന്ന ഗുപ്തമായ ഒരു വംശീയ പ്രക്ഷാളന നയത്തി​​​െൻറ ഭാഗമായിരിക്കാം എന്ന സംശയംപോലും കോടിയേരി സഖാവിനെ അലട്ടുന്നില്ല.

എന്നാലും കേരളത്തിലെങ്കിലും മുസ്​ലിംകളെ അങ്ങനെ തള്ളിക്കളയാനും സാധ്യമല്ല. ഇവിടെ 30 ശതമാനത്തോളം വോട്ടർമാർ മുസ്​ലിംസമുദായക്കാരാണ്. അതിനാൽ, മോദി നയങ്ങൾക്കെതിരെ പോരാടാൻ അവരുമായി കൈകോർത്തു പിടിക്കാനും പാർട്ടി തയാർ. പണ്ട് ശരീഅത്ത് വിരുദ്ധ മഹായജ്ഞത്തി​​​െൻറ കാലത്ത്​ മൂന്നുകെട്ടിയവനെ കണ്ടാൽ കുളിക്കണം എന്നായിരുന്നു പാർട്ടി നയം. അടിയന്തരാവസ്ഥക്കാലത്ത്​ ഒന്നിച്ചു കണ്ണൂർ ജയിലിൽ കഴിഞ്ഞ ഉമർ ബാഫഖി തങ്ങൾ മുതൽ പുത്തൻപാർട്ടിയുണ്ടാക്കാൻ കൊടിയും ഭരണഘടനയും  എ.കെ.ജി ഭവനിൽ ഹാജരാക്കി സഖാവ് സുർജിത്തി​​​െൻറ അപ്രൂവൽ വാങ്ങിയ സുലൈമാൻ സേട്ട്​ വരെ അക്കാരണംകൊണ്ട് പാർട്ടിക്ക് നിഷിദ്ധരായി. സേട്ടി​​െൻറ പാർട്ടി കാൽനൂറ്റാണ്ട് കാത്തിരുന്ന ശേഷമാണ് അങ്ങനെയൊരു കൂട്ടർ ഇടതുപക്ഷത്തി​​​െൻറ കൈയാലപ്പുറത്ത്​ ഇരിക്കുന്നുണ്ട് എന്നുപോലും പാർട്ടി അംഗീകരിച്ചത്. അതിനകം ആ പാർട്ടി പിളർന്നും പിണങ്ങിയും തമ്മിലടിച്ചും ഏതാണ്ട് നാനാവിധമായിക്കഴിഞ്ഞിരുന്നു. അതായത്​, അൽപം കെട്ടുറപ്പും സ്വത്വം കാത്തുസൂക്ഷിക്കാനുള്ള ശേഷിയും ഉള്ളകാലത്തോളം മുസ്​ലിംപക്ഷത്തെ ഒരു പാർട്ടിക്കും ഇടതുമുന്നണിയുടെ പ്രാന്തത്തിൽ പോലും പ്രവേശനമുണ്ടായിരുന്നില്ല. വരിയുടച്ചു കഴിഞ്ഞാൽ പിന്നെ ആലയിൽ കെട്ടാൻ ബുദ്ധിമുട്ടില്ല. 

ഇതുതന്നെയാണ് കോടിയേരിയുടെ രണ്ടാം തീസിസി​​​െൻറ ഗുട്ടൻസും. അതായത്​, മോദിനയങ്ങൾക്കെതിരെ മുസ്​ലിം സമുദായവുമായി കൈകോർത്തുപിടിക്കും. എന്നാൽ, ജമാഅത്തും പറ്റില്ല; എസ്​.ഡി.പി.ഐയും പറ്റില്ല. എന്നാൽ, കാന്തപുരം ഉസ്താദും ജിഫ്​രി മുത്തുക്കോയ തങ്ങളും അബ്​ദുല്ലക്കോയ മദനിയും വേറെ ആരൊക്കെ വരുന്നോ അവർക്കൊക്കെയും സ്വാഗതം. 

എന്താണ് ജമാഅത്തിനും എസ്​.ഡി.പി.ഐക്കും ഇങ്ങനെയൊരു പതിത്വത്തിനു കാരണം? അവർ തികഞ്ഞ വർഗീയവാദികൾതന്നെ. അതായത്, ആധുനിക മാധ്യമഭാഷയിൽ,  ജിഹാദികൾ. എന്ന് ആര് പറഞ്ഞു? പൊലീസല്ലാതെ വേറെയാര്? മോദിയുടെ ആഭ്യന്തരവകുപ്പും അമിത് ഷായുടെ എൻഫോഴ്സ്മ​​െൻറ്​ ഡയറക്​ടറേറ്റും പറയുന്നത് ശാഹീൻബാഗിലും മറ്റിടങ്ങളിലും സമരത്തിന് പണമിറക്കിയത് ഇക്കൂട്ടരാണെന്നാണ്. അതിനു തെളിവ് എന്തെന്നാൽ, അവിടെ സമരം നടക്കുമ്പോൾ സമീപത്തെ ബാങ്കിൽനിന്നു ആരോ  പണം പിൻവലിച്ചുവത്രെ. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻതന്നെ എന്ന ന്യായം. പണം ആരെങ്കിലും പിൻവലിച്ചെങ്കിൽ അത് സമരക്കാരെ സഹായിക്കാൻതന്നെ. അവർക്ക് ബിരിയാണി വാങ്ങിക്കൊടുത്ത വകയിൽ ചെലവായ പണത്തി​​​െൻറ കണക്കുപോലും അമിത്ഷാക്ക്​ തിട്ടമാണ്.

caa-protest

പക്ഷേ, ഇന്ത്യയിലെ നാനാനഗരങ്ങളിൽ ലക്ഷക്കണക്കിന് മനുഷ്യരാണ് മാസങ്ങളായി സമരരംഗത്ത് നിലയുറപ്പിച്ചിരിക്കുന്നത്. അവരിൽ മുസ്​ലിംകളും ദലിതുകളും പിന്നാക്കക്കാരും മറ്റു ജനാധിപത്യവാദികളും ഒക്കെയുണ്ട്. കോടിയേരി അറിഞ്ഞില്ലെങ്കിലും ശാഹീൻബാഗിലെ സമരത്തിൽ സജീവമായി നിന്നവരിൽ ഡൽഹി നഗരത്തിലെ ഇടതുപക്ഷക്കാരായ നിരവധിപേരും ഉണ്ടായിരുന്നു എന്നത് വാസ്തവമാണ്. പക്ഷേ, കേരളത്തിൽ പാർട്ടിയുടെ പ്രശ്നം വേറെയാണ്. സ്വന്തം സ്വത്വപരമായ അസ്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട്​ സമരം നടത്താൻ തയാറായി വരുന്ന ആത്മബോധമുള്ള മുസ്​ലിംയുവജനങ്ങളെ കോടിയേരിയുടെ പാർട്ടിക്കു വേണ്ട. അവരെ വോട്ട്​ബാങ്കായി കൂടെനിർത്താൻ അത്ര എളുപ്പമല്ല എന്നറിയാം. അതിനാൽ, അവർക്കു സ്ഥാനമില്ല. 

ഇവിടെ പ്രശ്നം, ഇന്ത്യയിൽ  മുസ്​ലിം സ്വത്വംതന്നെയാണ് ഇന്ന്  കടന്നാക്രമണങ്ങൾക്കു വിധേയമാകുന്നത് എന്നതാണ്. മുസ്​ലിം ആണ് എന്ന ഒറ്റക്കാരണത്താൽ നിങ്ങൾ അഴിയെണ്ണേണ്ടിവരുന്ന കാലമാണ്. അതിനാൽ, അവർ എന്തുവില കൊടുത്തും സ്വത്വവും അസ്തിത്വവും നിലനിർത്താനായി പോരാടും. അത് പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാൽ അതിനർഥം അവർ മോദിയുടെ ഭാഷയിൽ സംസാരിക്കുന്ന കൂട്ടർ എന്നുതന്നെയാണ്. കോടിയേരിയുടെ ഭാഷയും നിർഭാഗ്യവശാൽ അങ്ങനെ ആയിപ്പോയി. 

അതിനാൽ, പത്രോസി​​​െൻറ കഥ ഓർത്തുപോയത് സ്വാഭാവികം. കോഴി കൂകിയതോടെ പത്രോസി​​​െൻറ ബുദ്ധി നേരെയായി. അടുത്ത തെരഞ്ഞെടുപ്പിൽ നല്ല  പെട കിട്ടിയാൽ കോടിയേരിയുടെ കാര്യവും നേരെയാകും. 

Loading...
COMMENTS