Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കെജ്രിവാൾ, എന്തിനീ വിലാപം?
cancel
camera_alt

അണ്ണാ ഹസാരെയും അരവിന്ദ് കെജ്രിവാളും- ഒരു പഴയ ചിത്രം

അഴിമതിയിൽനിന്ന് ഇന്ത്യയെ ശുദ്ധീകരിക്കുമെന്ന് പ്രതിജ്ഞയെടുത്ത്, ഗാന്ധിയൻ പ്രതീകാത്മകതയിൽ പൊതിഞ്ഞ് അണ്ണാ ഹസാരെ ഡൽഹിയിലേക്ക് വന്നത് ഓർമയില്ലേ? ധാർമിക ഉയിർത്തെഴുന്നേൽപെന്ന മട്ടിൽ നടന്ന ആ പ്രക്ഷോഭം ഒരു പുണ്യപ്രവൃത്തി കണക്കെയാണ് ചിത്രീകരിക്കപ്പെട്ടിരുന്നത്. അതൊരിക്കലും ഒരു വൺമാൻ ഷോ ആയിരുന്നില്ല. പിന്നിൽ സുസംഘടിതമായ ഒരു സംവിധാനംതന്നെയുണ്ടായിരുന്നു.

സംഘ്പരിവാർ അതിനാവശ്യമായ കായബലവും ലോജിസ്റ്റിക് സൗകര്യങ്ങളുമൊരുക്കി. വിനോദ് റായിയെപ്പോലുള്ള ഉദ്യോഗസ്ഥർ ബൗദ്ധികമായ ആയുധങ്ങൾ വിതരണം ചെയ്തു; മൻമോഹൻ സിങ് സർക്കാറിനെ തിരുത്താനാവാത്തവിധം അഴിമതിക്കാരായി ചിത്രീകരിക്കാൻ ‘presumptive loss’ (സാങ്കൽപിക നഷ്ടം) എന്ന ഇപ്പോൾ പ്രശസ്തമായ സിദ്ധാന്തത്തിന് അവർ പ്രചാരം നൽകി.

വലിയൊരു വിഭാഗം മാധ്യമങ്ങൾ അത്യാവേശത്തോടെ ഇതിനോട് സഹകരിച്ചു. ആ പ്രസ്ഥാനത്തിൽ പരിചിതമായ പല മുഖങ്ങളും ഒന്നിച്ചുചേർന്നു: ഊർജസ്വലയായ പൊലീസ് ഓഫിസർ എന്ന പ്രതിച്ഛായയുണ്ടായിരുന്ന കിരൺ ബേദി, ആത്മീയതയെ ബിസിനസുമായി കൂട്ടിക്കലർത്തിയ ബാബ രാംദേവ്, ഐ.ആർ.എസ് ഉദ്യോഗം വിട്ട് ആക്ടിവിസ്റ്റായി മാറിയ അരവിന്ദ് കെജ്രിവാൾ എന്നിവരായിരുന്നു വേദിയിലെ പ്രധാനികൾ. പൊതുപ്രവർത്തകർക്കെതിരെയുള്ള അഴിമതിക്കേസുകൾ അന്വേഷിക്കുന്നതിനും വിചാരണ ചെയ്യുന്നതിനുമായി ലോക്പാൽ രൂപവത്കരിക്കാമെന്ന് സർക്കാർ സമ്മതിക്കുന്നതു വരെ അവർ ഡൽഹി വിട്ടില്ല. അതൊരു ധാർമിക വിജയമായാണ് കൊണ്ടാടപ്പെട്ടത്. എന്നാൽ, തിരിഞ്ഞുനോക്കുമ്പോൾ, അതൊരു രാഷ്ട്രീയ ലോഞ്ച് പാഡ് കൂടിയായിരുന്നു എന്ന് വ്യക്തമാവും.

അതിന്റെ ലാഭം വളരെ വലുതായിരുന്നു. 2014ലെ പൊതുതെരഞ്ഞെടുപ്പ് നരേന്ദ്ര മോദിയെ ഡൽഹിയിലെത്തിച്ചു. അഴിമതിവിരുദ്ധ തരംഗത്തിൽ പങ്കുചേർന്നവർക്കെല്ലാം പ്രതിഫലം ലഭിച്ചു. വിനോദ് റായ് രാജ്യസഭയിലെത്തി. കിരൺ ബേദിയെ ഡൽഹിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടുകയും പിന്നീട് ഗവർണറായി നിയമിക്കുകയും ചെയ്തു. രാംദേവ് സഹസ്രകോടികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തു. കെജ്രിവാളാകട്ടെ, നിലനിന്ന രാഷ്ട്രീയ ശൂന്യത തിരിച്ചറിഞ്ഞ് ആം ആദ്മി പാർട്ടി രൂപവത്കരിക്കുകയും ഡൽഹിയുടെ മനസ്സ് കീഴടക്കി സ്വന്തമായൊരു ഇടം കണ്ടെത്തുകയും ചെയ്തു.

കൈയിൽ ചൂലുമായി, ഒരു സാധാരണ കാറിൽ സഞ്ചരിച്ചും പൊതുജനങ്ങളുമായി സംവദിച്ചും ഒരു സാധാരണക്കാരന്റെ പ്രതിച്ഛായ കെജ്രിവാൾ വളർത്തിയെടുത്തു. “രാഷ്ട്രീയവിരുദ്ധ രാഷ്ട്രീയം” എന്ന് വിളിക്കപ്പെടാവുന്ന ഒരു ശൈലിക്ക് തുടക്കമിട്ട അദ്ദേഹം രാഷ്ട്രീയക്കാരുടെ തന്ത്രങ്ങളെല്ലാം സമർഥമായി പയറ്റിയതിനൊപ്പം താൻ ആ വൃത്തത്തിന് പുറത്തുള്ളയാളാണെന്ന പ്രതീതിയും സ്ഥാപിച്ചെടുത്തു. ഡൽഹിക്ക് പൂർണ സംസ്ഥാന പദവി അനുവദിക്കണം എന്ന അദ്ദേഹത്തിന്റെ ആദ്യകാല ആവശ്യം ജനാധിപത്യപരമായ അനിവാര്യതയായാണ് അവതരിപ്പിക്കപ്പെട്ടത്. എന്നാൽ, ജമ്മു-കശ്മീർ എന്ന പൂർണ സംസ്ഥാനത്തെ വിഭജിച്ച് കേന്ദ്രഭരണ പ്രദേശങ്ങളായി തരംതാഴ്ത്തിയ കേന്ദ്രസർക്കാർ നടപടിയെ അദ്ദേഹം പൂർണമനസ്സോടെ പിന്തുണച്ചു.

പ്രതീകാത്മകതയും കെജ്രിവാളിന്റെ ആയുധമായിരുന്നു. ഡൽഹിയിൽ താൽക്കാലികമായി അയോധ്യ ക്ഷേത്രത്തിന്റെ വലിയൊരു മാതൃക നിർമിച്ച് പാർട്ടി എം.എൽ.എമാരെ പങ്കെടുപ്പിച്ച് വലിയൊരു ചടങ്ങ് നടത്തുകയും പിന്നീടത് പൊളിച്ചുനീക്കുകയും ചെയ്തു; എന്തായിരുന്നു അതിന്റെ ഉദ്ദേശ്യം, എന്ത് ചെലവ് വന്നു തുടങ്ങിയ ചോദ്യങ്ങൾ ബാക്കിയായി. മുതിർന്ന പൗരന്മാർക്കായി അയോധ്യയിലേക്ക് സൗജന്യ തീർഥാടനങ്ങൾ സംഘടിപ്പിച്ചു. ബാലൻസ് ചെയ്യാനെന്നോണം വേളാങ്കണ്ണിയിലേക്കും അജ്മീർ ശരീഫിലേക്കും സമാനമായ യാത്രകളൊരുക്കുമെന്ന് വാഗ്ദാനവും നൽകി. തന്റെ എം.എൽ.എമാരോട് ഹനുമാൻ ചാലിസ ചൊല്ലാൻ അദ്ദേഹം ആവശ്യപ്പെട്ടു. ഈ പ്രവൃത്തികൾ ഭരണവും പ്രതീകാത്മകതയും തമ്മിലെ, മതനിരപേക്ഷ രാഷ്ട്രീയവും മതപരമായ അടയാളപ്പെടുത്തലുകളും തമ്മിലെ അതിർവരമ്പുകൾ മായ്ച്ചുകളഞ്ഞു.

പ്രതിസന്ധി ഘട്ടങ്ങൾ കെജ്രിവാളിന്റെ മറ്റൊരു മുഖം വെളിപ്പെടുത്തി. വടക്കുകിഴക്കൻ ഡൽഹി കലാപത്തീയിൽ ഉരുകിയ സമയത്ത് ജനം മുഖ്യമന്ത്രിയുടെ സജീവ ഇടപെടലുകളും ശക്തമായ നടപടികളുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ, കെജ്രിവാൾ തിരഞ്ഞെടുത്തത് രാജ്ഘട്ടിൽ പോയി ഉപവസിക്കാനാണ്. നേതൃത്വം എന്നത് ധാർമികമായ നിലപാടുകൾ മാത്രമല്ല, കൃത്യസമയത്തുള്ള നടപടികൾകൂടിയാണെന്ന കാര്യം അദ്ദേഹം മറന്നതാണോ?

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭവേളയിലും ഇതേരീതി ആവർത്തിച്ചു. സമൂഹത്തിലെ വലിയൊരു വിഭാഗം അതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചപ്പോൾ, കെജ്രിവാൾ കേന്ദ്ര സർക്കാറിനെ പിന്തുണക്കാനാണ് തീരുമാനിച്ചത്. സ്ത്രീകളുടെ നേതൃത്വത്തിൽ സമാധാനപരമായി നടന്ന ശഹീൻ ബാഗിലെ ഐതിഹാസിക മുന്നേറ്റത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത് പൊലീസ് തന്റെ നിയന്ത്രണത്തിലായിരുന്നുവെങ്കിൽ താൻ അവരെ അടിയന്തരമായി ഒഴിപ്പിച്ചേനെ എന്നാണ്. ജനരോഷം ഭയന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പോലും അത്തരമൊരു ബലപ്രയോഗത്തിന് മുതിരാഞ്ഞ ഘട്ടത്തിലായിരുന്നു അത്.

കെജ്രിവാളിന്റെ നേട്ടങ്ങളെ അംഗീകരിക്കാതിരിക്കാനാവില്ല; അദ്ദേഹത്തിന്റെ സർക്കാർ ജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പല കാര്യങ്ങളും ചെയ്തു. സബ്സിഡി നിരക്കിലുള്ള വൈദ്യുതിയും വെള്ളവും എല്ലാ വിഭാഗം ജനങ്ങളിലുമെത്തി. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ യാത്ര സൗജന്യമാക്കി. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി; തകർന്ന കെട്ടിടങ്ങൾക്ക് പകരം പുതിയവ നിർമിച്ചു -ഇതൊന്നും ചെറിയ നേട്ടങ്ങളല്ല.

എന്നിരുന്നാലും, താഴെത്തട്ടിൽ ഉദ്യോഗസ്ഥ വൃന്ദത്തിന്റെ കാര്യക്ഷമതയില്ലായ്മയും അഴിമതി ആരോപണങ്ങളുമുൾപ്പെടെ പഴയ പ്രശ്നങ്ങളെല്ലാം തുടർന്നു- പ്രത്യേകിച്ച് സ്വകാര്യ സ്കൂൾ ഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ.

പിന്നീടാണ് വലിയ വിലകൊടുക്കേണ്ടിവന്ന ആ കാഴ്ച വെളിപ്പെട്ടത്. രണ്ട് സർക്കാർ ബംഗ്ലാവുകൾ കൂട്ടിയിണക്കി ആഡംബര വസതിയാക്കി മാറ്റിയത് ഒരു വലിയ പ്രതീകമായി മാറി. 2025ലെ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ആ വീടിനെ ‘ഷീഷ് മഹൽ’ (കണ്ണാടിക്കൊട്ടാരം) എന്ന് വിശേഷിപ്പിച്ച് കെജ്രിവാൾ ഇക്കാലമത്രയും കെട്ടിപ്പടുത്ത ലാളിത്യത്തിന്റെ പ്രതിച്ഛായയെ തകർത്തുകളഞ്ഞു. അതദ്ദേഹത്തിന്റെ തോൽവിയിൽ കൊണ്ടെത്തിച്ചു.

കെജ്രിവാളിന്റെ അഭിലാഷങ്ങൾ ഡൽഹിയിലൊതുങ്ങിയിരുന്നില്ല. ഹിമാചൽ പ്രദേശിലും ഹരിയാനയിലും ഗുജറാത്തിലും ആം ആദ്മി പാർട്ടി ചുവടുറപ്പിക്കാൻ ശ്രമിച്ചു. അതിന്റെ ഫലങ്ങൾ അത്ര സുഖകരമായിരുന്നില്ല. ചിലയിടങ്ങളിൽ പാർട്ടിയുടെ സാന്നിധ്യം ബി.ജെ.പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി ബി.ജെ.പിയുടെ വിജയത്തിന് സഹായിക്കുകയും ചെയ്തു. ഇത് ബോധപൂർവമാണോ എന്ന ചോദ്യംപോലും ഉയർന്നിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ചുവടുറപ്പിക്കാൻ സാധിച്ചില്ലെങ്കിലും പഞ്ചാബിൽ കോൺഗ്രസിനെയും അകാലിദളിനെയും ബി.ജെ.പിയെയും തോൽപിച്ച് സംസ്ഥാന ഭരണം പിടിക്കാൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചു.

ഉൾപാർട്ടി പ്രശ്നങ്ങൾ തുടക്കം മുതൽക്കുതന്നെ പാർട്ടിക്ക് പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. ഡൽഹിയിൽ കൂറ്റൻ ഭൂരിപക്ഷത്തോടെ അധികാരം ലഭിച്ച 2015ൽതന്നെ പാർട്ടിയുടെ സ്ഥാപക അംഗങ്ങളായ അഡ്വ. പ്രശാന്ത് ഭൂഷനെയും യോഗേന്ദ്ര യാദവിനെയും പോലുള്ളവർ കെജ്രിവാളിന്റെ ഏകാധിപത്യ നിലപാടുകൾ സഹിക്കാനാവാതെ പടിയിറങ്ങി. അശുതോഷിനെയും കുമാർ വിശ്വാസിനെയും പോലെ ആദ്യഘട്ടത്തിൽ കൂടെയുണ്ടായിരുന്ന പല നേതാക്കളും കൂടുവിട്ടു. എന്നാലിപ്പോൾ രാഘവ് ചദ്ദയും മറ്റ് ആറ് രാജ്യസഭാ അംഗങ്ങളും പാർട്ടി വിട്ടത് അതിനേക്കാളെല്ലാം വലിയൊരു പ്രഹരമാണ്; കൃത്യമായിപ്പറഞ്ഞാൽ, ഇതൊരു പിളർപ്പാണ്. ഇവരുടെ നടപടി കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയിൽ വരുമോ എന്നതൊക്കെ രാജ്യസഭാ അധികൃതരും കോടതികളും സാവകാശം പരിശോധിക്കുമായിരിക്കും. എന്നാൽ, ഇത് വരുത്തിവെക്കുന്ന രാഷ്ട്രീയ ആഘാതം ഇതിനകം പ്രകടമായിരിക്കുന്നു. രാജ്യസഭയിൽ ബി.ജെ.പിയുടെ കരുത്ത് കാര്യമായി വർധിച്ചു, പാർട്ടിക്കുമേൽ കെജ്രിവാളിനുള്ള സ്വാധീനം കുറയുകയും ചെയ്തു.

ഈ രാജ്യസഭാ സീറ്റുകൾ എങ്ങനെയാണ് അനുവദിക്കപ്പെട്ടത് എന്നതു സംബന്ധിച്ച അലോസരപ്പെടുത്തുന്ന ചോദ്യങ്ങളും നിലനിൽക്കുന്നുണ്ട്. ആം ആദ്മി പാർട്ടി എന്നാണ് പേരെങ്കിലും പാർട്ടിയുടെ സ്ഥാനാർഥിത്വം ലഭിക്കുന്നതിൽ സാമ്പത്തിക ശേഷി വലിയ പങ്കുവഹിക്കുന്നു എന്ന സംസാരം പണ്ടേയുണ്ട്. അങ്ങനെയാണെങ്കിൽ, ആ ബന്ധം പ്രത്യയശാസ്ത്രപരമല്ല; മറിച്ച്, കേവലം ലാഭനഷ്ടങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. കൂടുതൽ ശക്തനായ ഒരാൾ കൂടുതൽ പ്രതിഫലം നൽകുമ്പോൾ മാറ്റം സ്വാഭാവികമാണ്. ഇതിന് പുറമെ കേന്ദ്ര ഏജൻസികളുടെ സമ്മർദംകൂടിയാകുമ്പോൾ, ഈ പടിയിറക്കങ്ങൾ ഒറ്റപ്പെട്ട സംഭവങ്ങളല്ല; മറിച്ച്, ഒരു വ്യക്തമായ പാറ്റേണായി മാറുന്നു.

ഇതെല്ലാം സംഭവിക്കുന്നത് വളരെ നിർണായകമായ ഒരു ഘട്ടത്തിലാണ്. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ഒരു വർഷംപോലുമില്ല. സംശുദ്ധ രാഷ്ട്രീയം അവകാശപ്പെട്ടിരുന്ന ഒരു പാർട്ടി അവർ പണ്ട് എതിർത്ത അതേ വൈരുധ്യങ്ങളിൽ കുടുങ്ങിയ ദയനീയ കാഴ്ചയാണ് നാം കാണുന്നത്.

ഈ പാതയുടെ ഗതി പണ്ടേ നിശ്ചയിക്കപ്പെട്ടതാണ്. പുതിയൊരു രാഷ്ട്രീയ സംസ്കാരം വാഗ്ദാനം ചെയ്ത അഴിമതിവിരുദ്ധ പ്രസ്ഥാനം പുതിയ മുഖങ്ങളോടെ പഴയ അധികാര ഘടനകളെ ശക്തിപ്പെടുത്തുകയാണുണ്ടായത്. ഒരുകാലത്ത് രാജ്യത്തിന്റെ മുദ്രാവാക്യമായിരുന്ന ലോക്പാൽ ഇപ്പോൾ വിസ്മൃതിയിലായി.

കെജ്രിവാളും അണ്ണാ ഹസാരെയും ഒരു കാര്യം സാധിച്ചെടുത്തു- ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ഗതി മാറ്റി; പക്ഷേ, അവർ വാഗ്ദാനം ചെയ്ത രീതിയിലല്ല എന്ന് മാത്രം. അതുകൊണ്ട്, വേണമെങ്കിൽ നിങ്ങൾ പരിതപിച്ചോളൂ. എന്നാൽ, ആദർശങ്ങൾ ലാഭക്കൊതിക്ക് വഴിമാറിയ ഒരു യാത്രയുടെ അനിവാര്യമായ പരിണതിയാണിതെന്ന് തുറന്നുസമ്മതിക്കുന്നതാകും അതിലേറെ ഉചിതം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AAPanna hazareindian politicsDelhicorruptionAravind Kejriwal
News Summary - Kejriwal, why are you crying?
Next Story