കൃഷിയെ കോർപറേറ്റുകൾക്ക് അടിയറ വെക്കുന്നുവോ?
text_fieldsഈയിടെ പ്രഖ്യാപിക്കപ്പെട്ട ഇന്ത്യ-യു.എസ് വ്യാപാര കരാറിൽ ‘ഇന്ത്യൻ കാർഷിക-ക്ഷീര മേഖലകൾ’ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് കേന്ദ്ര സർക്കാറിന്റെ വാദം. എന്നാൽ, കൂടുതൽ കാർഷിക ഉൽപന്നങ്ങൾ ഇന്ത്യൻ വിപണിയിലേക്ക് അയക്കുമെന്നും, അതിലൂടെ വില വർധിപ്പിക്കാനും ഗ്രാമീണ അമേരിക്കയിലേക്ക് പണം എത്തിക്കാനും സാധിക്കുമെന്നും അമേരിക്ക വിശദീകരിക്കുന്നു. അതുപോലെ കാര്യങ്ങൾ നടന്നാൽ, നമ്മുടെ സംരക്ഷണ കവചങ്ങൾ തകരുകയും ‘കാർഷിക മേഖലയുടെ ഘട്ടം ഘട്ടമായുള്ള തുറന്നുകൊടുക്കൽ’ പൂർത്തിയാവുകയും ചെയ്യും.
കൃഷിയുടെ തുറന്നുകൊടുപ്പ്
കോവിഡ്-19 കാലത്ത്, ഇടനിലക്കാരിൽനിന്ന് ഇന്ത്യൻ കാർഷിക മേഖലയെ ഉദാരവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ ഭരണകൂടം മൂന്ന് വിവാദ കാർഷിക നിയമങ്ങൾ കൊണ്ടുവന്നിരുന്നു. കൃഷിയെ സ്വകാര്യവത്കരിക്കാനും ഉൽപാദകർക്കും കോർപറേറ്റുകൾക്കും കൂടുതൽ വിപണി പ്രവേശനം നൽകാനുമാണ് സർക്കാർ ആഗ്രഹിച്ചത്. ഇതു തിരിച്ചറിഞ്ഞ കർഷകർ സർക്കാറിനും അംബാനി, അദാനി തുടങ്ങിയ വൻകിടക്കാർക്കുമെതിരെ വൻ പ്രതിഷേധം ആരംഭിച്ചു. വാൾമാർട്ട്, കാർഗിൽ തുടങ്ങിയ യു.എസ് കോർപറേറ്റുകളാണ് ഈ നീക്കത്തിന് പിന്നിലെ പ്രധാന ചാലകശക്തികളെന്നും കർഷക നേതാക്കൾ ആരോപിച്ചു. 13 മാസം നീണ്ടുനിന്ന ഉപരോധത്തിനൊടുവിൽ, ഏകദേശം 750 കർഷകർക്ക് ജീവഹാനി സംഭവിച്ച ശേഷം നിയമങ്ങൾ പിൻവലിച്ചു. എന്നാൽ, ഭരണകൂടത്തിന്റെ ലക്ഷ്യത്തിന് മാറ്റമുണ്ടായില്ല.
കർഷക സമരം ദുർബലമായ സാഹചര്യത്തിൽ വിദേശ കോർപറേറ്റുകൾക്ക് ഇന്ത്യയിലേക്ക് പ്രവേശിക്കാൻ സർക്കാർ വാതിലുകൾ തുറന്നിട്ടു. വിത്തു മേഖലയിലായിരുന്നു മാറ്റങ്ങളുടെ തുടക്കം. 2022 മുതൽ വിദേശ വിത്തു കമ്പനികൾക്ക് ഇന്ത്യൻ കമ്പനികൾക്ക് തുല്യമായി രജിസ്റ്റർ ചെയ്യാനും നാഷനൽ ബയോഡൈവേഴ്സിറ്റി അതോറിറ്റിയുടെ മുൻകൂർ അനുമതിയില്ലാതെ ഇന്ത്യൻ ജനിതക വിഭവങ്ങൾ (Germplasm) ഉപയോഗിക്കാനും സാധിക്കും. മുമ്പ്, വിത്തുകൊള്ള തടയുന്നതിന്റെ ഭാഗമായി വിദേശ കമ്പനികൾക്ക് മുൻകൂർ അനുമതി ആവശ്യമായിരുന്നു. വിദേശ കോർപറേറ്റുകൾക്ക് കച്ചവടം എളുപ്പമാക്കുന്നതിനാണ് ദേശീയ ജൈവവൈവിധ്യ നിയമത്തിൽ നിർണായകമായ ഈ ഭേദഗതി വരുത്തിയത്.
വിത്തുകൊള്ളക്ക് വളമിടുമ്പോൾ
വിത്തു മേഖലയിലെ ഈ ഉദാരീകരണം ആവശ്യമായിരുന്നോ? വിത്തുകൾക്കോ ജീവരൂപങ്ങൾക്കോ പേറ്റന്റ് നൽകാൻ ഇന്ത്യ അനുവദിക്കുന്നില്ല. എന്നാൽ മറ്റു പല രാജ്യങ്ങളും വിത്തുകളിൽ പേറ്റന്റിലൂടെ ബൗദ്ധിക സ്വത്തവകാശം അനുവദിക്കുന്നുണ്ട്. മുൻകാലങ്ങളിൽ വിദേശ കോർപറേറ്റുകൾ ഇന്ത്യൻ ജനിതക വിഭവങ്ങൾ മോഷ്ടിക്കുകയും സ്വന്തം രാജ്യങ്ങളിൽ വളർത്തി അവക്ക് പേറ്റന്റ് നേടാൻ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ ലാഭത്തിനായി വിത്തുകളും തദ്ദേശീയ അറിവുകളും നിയമവിരുദ്ധമായി കൈമാറുന്ന ഈ നടപടിയെ ‘ബയോപൈറസി’ എന്നാണ് വിളിക്കുന്നത്. വേപ്പ്, ബസുമതി അരി, മഞ്ഞൾ, ഡാർജിലിങ് ചായ എന്നിവയുടെ പേറ്റന്റിനായി നേരത്തേ വിദേശ കമ്പനികൾ ശ്രമിച്ചിട്ടുണ്ട്. അതിനാൽ നമ്മുടെ ജനിതക വിഭവങ്ങൾ വിദേശികൾക്ക് തുറന്നുകൊടുക്കുന്നത് ബയോപൈറസിക്ക് വഴിയൊരുക്കലല്ലാതെ മറ്റൊന്നുമല്ല. കൂടാതെ, അമേരിക്കയുമായുള്ള വ്യാപാര കരാറിന്റെ മുന്നോടിയായി, അന്താരാഷ്ട്ര സസ്യ ജനിതക വിഭവ ഉടമ്പടിയിൽ (ITPGFRA) ഇന്ത്യ തങ്ങളുടെ വിപുലമായ വിത്തുശേഖരം വിദേശ കോർപറേറ്റുകൾക്ക് ഉപയോഗിക്കാൻ വിട്ടുകൊടുത്തതായും കാണുന്നു.
എല്ലാം കുത്തകകളുടെ
കൈപ്പിടിയിൽ
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിലൂടെയായിരുന്നു സ്വകാര്യവത്കരണത്തിന്റെ അടുത്ത രംഗം. ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച് (ഐ.സി.എ.ആർ) പോലുള്ള കാർഷിക ഗവേഷണ സ്ഥാപനങ്ങളുടെ ഫണ്ട് വർഷം തോറും കുറക്കുന്ന സർക്കാർ ബെയർ പോലുള്ള കോർപറേറ്റുകൾക്ക് നമ്മുടെ പൊതു കാർഷിക സംവിധാനങ്ങളിലേക്ക് പ്രവേശനം നൽകുന്നു. അമേരിക്കൻ കമ്പനിയായ മൊൺസാന്റോയും ജർമൻ കമ്പനിയായ ബെയറും ഇപ്പോൾ ഒന്നാണ്. ഇവർക്ക് പുറമെ ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വിദേശ ഭീമന്മാർക്കും കാർഷിക നയരൂപവത്കരണത്തിൽ ഇടപെടാൻ അവസരം നൽകിയിട്ടുണ്ട്.
ബിൽഗേറ്റ്സിനും അദ്ദേഹത്തിന്റെ ഫൗണ്ടേഷനും നൽകിയ പ്രത്യേക പരിഗണനയും സ്വാധീനവും നമുക്ക് മറക്കാനാവില്ല. സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ പ്രതിഷേധം വകവെക്കാതെ അവർ വിവിധ കാർഷിക സ്ഥാപനങ്ങളിൽ ഒന്നിലധികം തവണ സന്ദർശനം നടത്തി. നിർമിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള ഹൈടെക് കൃഷിയോടുള്ള മോദി സർക്കാറിന്റെ താൽപര്യത്തിൽ ബിൽ ഗേറ്റ്സിന്റെ മുദ്രയുണ്ടാകാം. ഇന്ത്യ വിദേശ നിക്ഷേപകർക്ക് വഴങ്ങിക്കൊടുക്കുന്ന രാജ്യമാണെന്ന സൂചനയാണ് ഇത് നൽകുന്നത്. കൂടാതെ, നിതി ആയോഗ് പുറത്തിറക്കിയ നിരവധി ഗവേഷണ പ്രബന്ധങ്ങളിൽ കൃഷിയുടെ കോർപറേറ്റ്വത്കരണത്തിനും ഉദാരീകരണത്തിനും വേണ്ടിയാണ് വാദിക്കുന്നത്.
ഒരു കാര്യം വ്യക്തമാണ്; ഭരണകൂടം ഇന്ത്യൻ കാർഷിക മേഖലയെ കോർപറേറ്റ് ഏറ്റെടുക്കലിനായി പാകപ്പെടുത്തിക്കഴിഞ്ഞു. അമേരിക്കയും യൂറോപ്യൻ യൂനിയനും തങ്ങളുടെ ഭൗമരാഷ്ട്രീയ സമ്മർദം ശക്തമായി പ്രയോഗിച്ചു, ഭരണകൂടം ഇന്ത്യൻ കാർഷിക വിപണിയുടെ വാതിലുകൾ അവർക്കായി തുറന്നുകൊടുത്തു. വിദേശത്തുനിന്നുള്ള വിലകുറഞ്ഞ ഉൽപന്നങ്ങൾ നമ്മുടെ വിപണിയെ കീഴടക്കുന്നതിനും, കർഷകരുടെ വരുമാനം ഇടിയുന്നതിനും, ഇന്ത്യയുടെ വിശപ്പിൽനിന്ന് വിദേശ കോർപറേറ്റുകൾ ലാഭം കൊയ്യുന്നതും കാണാൻ ഇനി അധികം കാത്തിരിക്കേണ്ടിവരില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

