Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഅവസാന വിസിൽ വരെ......

അവസാന വിസിൽ വരെ... ഇറാന്റെ ലോകകപ്പ് യാത്ര

text_fields
bookmark_border
അവസാന വിസിൽ വരെ... ഇറാന്റെ ലോകകപ്പ് യാത്ര
cancel
camera_alt

ഈജിപ്തുമായുള്ള മത്സരത്തിന് മുന്നോടിയായി ദേശീയഗാനം ആലപിക്കുന്ന ഇറാൻ ടീം അംഗങ്ങൾ Manu Fernandez/AP

ലോക ഫുട്ബാളിൽ ചില ടീമുകളുണ്ട്; അവർ സ്വർണകിരീടങ്ങൾ സ്വന്തമാക്കിയിട്ടില്ലായിരിക്കാം, എങ്കിലും അവരുടെ പേര് കേൾക്കുമ്പോൾ ലോകം ആദരവോടെ കൈയടിക്കും. കാരണം, അവരുടെ മഹത്വം ട്രോഫികളുടെ എണ്ണത്തിലല്ല, പ്രതിസന്ധികളെ എങ്ങനെ നേരിട്ടുവെന്നതിലാണ്. അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ് ഇറാൻ ദേശീയ ടീമിന്റേത്. 2026 ലോകകപ്പിൽ അവർ ഗ്രൂപ് ഘട്ടം കടന്നില്ലെന്നത് ശരിയാണ്, എന്നാൽ, അതിലും കൗതുകകരമായ ഒരു സത്യമുണ്ട്. അവർ ഒരു മത്സരവും തോറ്റില്ല. മൂന്ന് മത്സരങ്ങളും സമനിലയിലാണ് അവസാനിച്ചത്. നിയമപരമായി അത് ഒരു പുറത്താകലായിരുന്നു. പക്ഷേ, ആരാധകരുടെ കണ്ണിൽ അത് തോൽവിയായിരുന്നില്ല; അവസാന വിസിൽ വരെ പൊരുതിയ വീര്യത്തിന്റെ അടയാളപ്പെടുത്തലായിരുന്നു.

മൈതാനത്തിന് പുറത്തെ മത്സരങ്ങൾ

ഇറാന്റെ യഥാർഥ മത്സരം തുടങ്ങിയത് മൈതാനത്തിന് പുറത്തായിരുന്നു. അമേരിക്കയിൽ നിശ്ചയിച്ചിരുന്ന പരിശീലന ക്യാമ്പ് രാഷ്ട്രീയ കാരണങ്ങളാൽ മെക്സികോയിലെ ടിജുവാനയിലേക്ക് മാറ്റേണ്ടിവന്നു. പ്രധാന പരിശീലകർക്കും സാങ്കേതിക സംഘത്തിനും വിസ ലഭിച്ചതുമില്ല. മത്സരങ്ങൾക്കായി അമേരിക്കയിലേക്കും, പരിശീലനത്തിനായി തിരികെ മെക്സികോയിലേക്കും അവർക്ക് നിരന്തരം അതിർത്തി കടക്കേണ്ടിവന്നു. മറ്റു ടീമുകൾ വിശ്രമിക്കുമ്പോൾ യാത്രാക്ഷീണത്തോടും അതിർത്തി പരിശോധനകളോടും പൊരുതുകയായിരുന്നു ഇറാൻ കളിക്കാർ. ടീം ക്യാപ്റ്റൻ മെഹ്ദി തരേമി ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത് ‘‘ഇത് ഒരു ദുരന്ത ലോകകപ്പാണ്’’ എന്നായിരുന്നു. എങ്കിലും മൈതാനത്ത് അവർ കീഴടങ്ങിയില്ല. ന്യൂസിലൻഡിനെതിരെ 2-2 സമനില, ബെൽജിയത്തിനെതിരായ കരുത്തുറ്റ പ്രകടനം, ഈജിപ്തിനെതിരായ നിർണായക മത്സരം എന്നിവയിലെല്ലാം അത് ദൃശ്യമായിരുന്നു. ജയിച്ചാൽ ചരിത്രത്തിലാദ്യമായി നോക്കൗട്ടിൽ എത്താമായിരുന്ന ഈജിപ്തിനെതിരെയുള്ള മത്സരത്തിന്റെ 93ാം മിനിറ്റിൽ ഇറാൻ വിജയഗോൾ നേടിയതാണ്. എന്നാൽ, നീണ്ട വി.എ.ആർ പരിശോധനക്കൊടുവിൽ, ഓഫ്‌സൈഡ് നിയമത്തിലെ സാങ്കേതികതകളിൽത്തട്ടി ആ ഗോൾ നിഷേധിക്കപ്പെട്ടു. ഒപ്പം, മറ്റൊരു ഗ്രൂപ്പിലെ ഓസ്ട്രിയ-അൽജീരിയ മത്സരം 3-3 സമനിലയിലായതോടെ മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിൽനിന്നും ഇറാൻ പുറത്തായി. ഫുട്ബാൾ ചിലപ്പോൾ ഇങ്ങനെയാണ്; നമ്മുടെ ഏറ്റവും വലിയ പോരാട്ടം മൈതാനത്ത് നടക്കുമ്പോഴും വിധി തീരുമാനിക്കപ്പെടുന്നത് മറ്റൊരിടത്തെ സ്കോർബോർഡിലായിരിക്കും.

പതിറ്റാണ്ടുകളായി സാമ്പത്തിക ഉപരോധങ്ങളും അന്താരാഷ്ട്ര സമ്മർദങ്ങളും നയതന്ത്ര പ്രതിസന്ധികളും നേരിടുന്ന ഇറാന്റെ ദേശീയ സ്വഭാവം തന്നെയാണ് അവരുടെ ഫുട്ബാളിലും പ്രതിഫലിക്കുന്നത്. അവർ പ്രതികൂല സാഹചര്യങ്ങളോട് പൊരുതി വളർന്നവരാണ്. അതുകൊണ്ടുതന്നെ ഇറാന്റെ ഫുട്ബാൾ കാണുമ്പോൾ ഒരു രാജ്യത്തിന്റെ ചരിത്രം തന്നെ മൈതാനത്ത് സഞ്ചരിക്കുന്നതുപോലെ തോന്നും. എതിരാളി ശക്തനാകുമ്പോൾ അവർ കൂടുതൽ സംഘടിതരാകും; സമ്മർദം കൂടുമ്പോൾ അവസാന വിസിൽ മുഴങ്ങുംവരെ പോരാട്ടം തുടരും. ഇറാന്റെ ലോകകപ്പ് ചരിത്രം നോക്കൂ: 1998ൽ അമേരിക്കക്കെതിരായ വിജയം, 2018ൽ സ്പെയിനും പോർചുഗലുമുള്ള ഗ്രൂപ്പിൽ അവസാന നിമിഷം വരെ പ്രീക്വാർട്ടർ പ്രതീക്ഷ നിലനിർത്തിയത്, 2022ൽ ആദ്യ മത്സരത്തിലെ തിരിച്ചടിക്കുശേഷം വെയിൽസിനെ തോൽപിച്ചത്, ഇപ്പോൾ 2026ലെ തോൽവിയില്ലാത്ത പുറത്താകൽ-ഇവയെല്ലാം തെളിയിക്കുന്നത് ഇറാൻ എളുപ്പത്തിൽ തകരുന്ന സംഘമല്ലെന്നാണ്. എതിരാളിയുടെ പേരോ ലോക റാങ്കിങ്ങോ അവരുടെ ആത്മവിശ്വാസത്തെ നിർണയിക്കാറില്ല. പ്രതിരോധിക്കേണ്ടപ്പോൾ മതിൽപോലെ ഉറച്ചുനിൽക്കാനും, അവസരം ലഭിക്കുമ്പോൾ മിന്നൽപോലെ തിരിച്ചടിക്കാനും അറിയുന്ന കളിശൈലിയാണവരുടേത്. ചരിത്രം എല്ലായ്പ്പോഴും ആദ്യം ഫിനിഷ് ചെയ്തവരെ മാത്രമല്ല ഓർക്കുന്നത്; അവസാന വിസിൽ മുഴങ്ങുംവരെ പോരാട്ടം അവസാനിപ്പിക്കാത്തവരെയും കൂടിയാണ്. കാരണം, ചില വിജയങ്ങൾ ഈ ലോകത്തിന്റെ സ്കോർബോർഡിൽ കാണാനാകില്ല-അവ മനുഷ്യരുടെ മനസ്സിലും, കാലത്തിന്റെ വിധിയിലും, ചരിത്രത്തിന്റെ നിശ്ശബ്ദമായ ഓർമകളിലുമാണ് രേഖപ്പെടുത്തപ്പെടുന്നത്. shafi@nitc.ac.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:footballFIFAIranworldcup
News Summary - Until the final whistle... Iran's World Cup journey
Next Story