Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightവിദ്യാഭ്യാസമന്ത്രി...

വിദ്യാഭ്യാസമന്ത്രി അറിയുന്നുണ്ടോ സ്കൂളുകളിലെ ഈ പണപ്പിരിവ്?

text_fields
bookmark_border
വിദ്യാഭ്യാസമന്ത്രി അറിയുന്നുണ്ടോ സ്കൂളുകളിലെ ഈ പണപ്പിരിവ്?
cancel

ലോകത്ത് ആദ്യമായി ഗ്രാമീണ വിദ്യാലയങ്ങൾക്ക് സർക്കാർ സഹായം ഏർപ്പെടുത്തി രാജകീയ വിളംബരമിറങ്ങിയ നാടാണ് കേരളം. സ്വതന്ത്ര ഭാരത ഭരണഘടന ആറു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസം നിയമപരമായ അവകാശമാക്കി. 2009ൽ വിദ്യാഭ്യാസ അവകാശ നിയമം (RTE ആക്ട്) സൗജന്യവും നിർബന്ധവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെടുകയുമുണ്ടായി. ഇക്കാര്യങ്ങൾ ഇവിടെ പ്രസ്താവിക്കാൻ കാരണം, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇപ്പോൾ സാർവത്രികമായി കണ്ടുവരുന്ന പ്രവണത ശ്രദ്ധയിൽപ്പെടുത്താനാണ്. അഡ്മിഷൻ ഫീസ്, പി.ടി.എ ഫണ്ട്, വെൽഫെയർ ഫണ്ട് തുടങ്ങിയ പല പേരുകളിൽ ഒന്നാം ക്ലാസ് മുതൽ സ്കൂളുകളിൽ ചേർക്കുന്ന...

ലോകത്ത് ആദ്യമായി ഗ്രാമീണ വിദ്യാലയങ്ങൾക്ക് സർക്കാർ സഹായം ഏർപ്പെടുത്തി രാജകീയ വിളംബരമിറങ്ങിയ നാടാണ് കേരളം. സ്വതന്ത്ര ഭാരത ഭരണഘടന ആറു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസം നിയമപരമായ അവകാശമാക്കി. 2009ൽ വിദ്യാഭ്യാസ അവകാശ നിയമം (RTE ആക്ട്) സൗജന്യവും നിർബന്ധവുമായ വിദ്യാഭ്യാസം കുട്ടികളുടെ മൗലികാവകാശമായി പ്രഖ്യാപിക്കപ്പെടുകയുമുണ്ടായി.

ഇക്കാര്യങ്ങൾ ഇവിടെ പ്രസ്താവിക്കാൻ കാരണം, കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ഇപ്പോൾ സാർവത്രികമായി കണ്ടുവരുന്ന പ്രവണത ശ്രദ്ധയിൽപ്പെടുത്താനാണ്. അഡ്മിഷൻ ഫീസ്, പി.ടി.എ ഫണ്ട്, വെൽഫെയർ ഫണ്ട് തുടങ്ങിയ പല പേരുകളിൽ ഒന്നാം ക്ലാസ് മുതൽ സ്കൂളുകളിൽ ചേർക്കുന്ന കുട്ടികളുടെ രക്ഷിതാക്കളിൽനിന്ന് സർക്കാർ-എയ്ഡഡ് വ്യത്യാസമില്ലാതെ സ്കൂൾ അധികൃതർ അനധികൃതമായി പണം ചോദിച്ചു വാങ്ങുന്നുണ്ട്. പൊതുവിദ്യാലയങ്ങളിലെ നിർബന്ധിത ധനശേഖരണവും പി.ടി.എ ഫണ്ട് സമാഹരണവും ഒഴിവാക്കുന്നത് സംബന്ധിച്ച 2021ലെ സർക്കുലറും എൽ.പി /യു.പി /ഹൈസ്കൂൾ യഥാക്രമം 10, 25, 50 രൂപയിൽ കൂടുതൽ പിരിക്കുന്ന പി.ടി.എ കമ്മിറ്റികൾ പിരിച്ചുവിടുമെന്ന 2025 മേയ് ആദ്യവാരത്തിലെ വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനയും നിലനിൽക്കെയാണിത്. ബാലാവകാശ കമീഷന്റെ ഉത്തരവുകൾ േവറെയുണ്ട്.

കേരളം വിദ്യാഭ്യാസമികവിന്റെ മാതൃകയായി കണക്കാക്കപ്പെടുമ്പോഴും ഓരോ സ്കൂളുകളും തന്നിഷ്ടപ്രകാരം ഫീസുകൾ പലതരത്തിൽ വാങ്ങുന്ന പ്രവണത വർധിച്ചുവന്നിട്ടുണ്ട്. മലപ്പുറം ജില്ലയിലെ പല സ്കൂളുകളിലും 500 രൂപയാണ് വാങ്ങുന്നതെങ്കിൽ കണ്ണൂർ ജില്ലയിലെ ചില സ്കൂളുകൾ മൂവായിരം രൂപയും, കോട്ടയം എറണാകുളം ജില്ലകളിൽ രണ്ടായിരം മുതൽ അയ്യായിരം വരെയും, കോഴിക്കോട് സിറ്റിയിലെ സർക്കാർ എയ്ഡഡ് സ്കൂളുകളിൽ എട്ടായിരം മുതൽ പതിനെട്ടായിരം വരെയും അഡ്മിഷൻ സമയത്ത് ഫീസ് വാങ്ങിച്ചുപോരുന്നുണ്ട്. എയ്ഡഡ് സ്കൂളുകളിലും സർക്കാർ സ്കൂളുകളിലും ഒരുപോലെ, പി.ടി.എ ഫണ്ടല്ലാതെ ഒരുവിധ ഫീസും അടക്കേണ്ടതില്ലെന്ന തിരിച്ചറിവ് പല രക്ഷിതാക്കൾക്കുമില്ല. അറിയുന്നവരാവട്ടെ, കുട്ടികൾക്ക് തുടർന്നും ഈ സ്കൂളുകളിൽ പഠിക്കേണ്ടതുള്ളതിനാൽ പരാതിപ്പെടാൻ ധൈര്യപ്പെടുന്നുമില്ല.

എട്ടായിരം രൂപ അഡ്മിഷൻ സമയത്ത് പി.ടി.എ ഫണ്ടിലേക്ക് വാങ്ങുന്ന കോഴിക്കോട്ടെ എയ്ഡഡ് സ്കൂളിൽ ഒരു രക്ഷിതാവ് സാമ്പത്തിക പ്രയാസം കാരണം രണ്ടായിരം രൂപയെങ്കിലും കുറച്ചുതരാൻ ആവശ്യപ്പെട്ടപ്പോൾ വീട്ടിൽ കിടപ്പുരോഗിയോ അർബുദ രോഗിയോ ഉണ്ടെങ്കിൽ മാത്രമേ ഇളവ് നൽകാനാവൂ എന്നാണ് അധികൃതർ പ്രതികരിച്ചത്. ചില സ്കൂളുകളിൽ മലയാളം മീഡിയത്തിനും ഇംഗ്ലീഷ് മീഡിയത്തിനും വെവ്വേറെ ഫീസ് ആവശ്യപ്പെടുന്ന അവസ്ഥയുമുണ്ട്. ചേർത്തുമ്പോഴുള്ള ഈ ഫീസ് മാത്രമേ ആവശ്യമുള്ളൂ, പുസ്തകവും മറ്റും ഫ്രീയാണ് എന്നുപറഞ്ഞ് പിരിവിനെ സാമാന്യവത്കരിക്കുകയാണ് സ്കൂൾ അധികൃതർ. സ്വകാര്യ സ്കൂളുകളിൽ ഇരട്ടിയിലേറെ പണം കൊടുക്കേണ്ടിവരുമ്പോൾ ഈ തുക പൊതുവിദ്യാലയങ്ങളിൽ കൊടുക്കുന്നത് പ്രശ്നമല്ലെന്ന പൊതുബോധം രക്ഷിതാക്കളിലും രൂപപ്പെട്ടിട്ടുണ്ട്.

ഗവൺമെന്റ് നൽകുന്ന പണം ഒന്നിനും തികയുന്നില്ലെന്നതാണ് പൊതുവിദ്യാലയങ്ങളിൽ ഇത്തരം ഫീസുകൾ വാങ്ങുന്നതിനുള്ള ന്യായീകരണം. ഇക്കാര്യം ശരിയോ എന്ന് വ്യക്തമാക്കേണ്ടത് വിദ്യാഭ്യാസ വകുപ്പാണ്. ഇത്തരം പണപ്പിരിവുകളിൽ കർശന നിരീക്ഷണവും ഇടപെടലും ആവശ്യമാണെന്നിരിക്കെ, രക്ഷിതാക്കൾ പ്രാഥമികമായി പരാതി നൽകാൻ സമീപിക്കുന്ന ജില്ല-ഉപജില്ല വിദ്യാഭ്യാസ ഓഫിസുകളിലെ ഉദ്യോഗസ്ഥർ ഇത്തരം അനധികൃത പിരിവുകളെ ന്യായീകരിക്കുന്നതാണനുഭവം.

നിർബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്താനും ചൂഷണങ്ങൾ അവസാനിപ്പിക്കാനും അഡ്മിഷൻ സമയത്തെ പി.ടി.എ ഫണ്ട് പിരിവുൾപ്പെടെ പൂർണമായും നിർത്തലാക്കേണ്ടതുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശിക്കാത്തതോ മുൻകൂർ അനുമതി വാങ്ങാത്തതോ ആയ ഒരു ഫീസോ പണപ്പിരിവോ നടത്തരുതെന്ന പ്രധാനാധ്യാപകരോടുള്ള കർശനമായ നിർദേശം നിലനിൽക്കെയാണ് ഈ സാമ്പത്തിക ക്രമക്കേടുകൾ തുടർന്നുപോരുന്നതെന്നതിനാൽ നമ്മുടെ സിസ്റ്റം സുതാര്യമാക്കാൻ അഡ്മിഷൻ പ്രക്രിയകൾ സർക്കാറിന്റെ കീഴിലുള്ള ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതിനെ സംബന്ധിച്ച് ആലോചിക്കാവുന്നതാണ്. ഭരണകൂടം വല്ലവിധേനയും ഇതിന് കടിഞ്ഞാണിട്ടില്ലെങ്കിൽ സാമൂഹികമായി പിന്നാക്കം നിൽക്കുന്നവർക്കും അരികുവത്കരിക്കപ്പെട്ടവർക്കും പൊതുവിദ്യാഭ്യാസംതന്നെ അന്യമാകുന്ന അവസ്ഥ ഏറെ വിദൂരമാവില്ല.

(വിദ്യാഭ്യാസ അവകാശ പ്രവർത്തകയാണ് ലേഖിക)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala schoolscash collectionV Sivankutty
News Summary - Illegal cash collection in government Aided schools
Next Story