അജണ്ടകൾ നഷ്ടപ്പെടുന്ന രാഷ്ട്രീയം
text_fieldsബി.ജെ.പി ഭരണം നാളിതുവരെ രാജ്യം കണ്ടതിൽനിന്ന് വ്യത്യസ്തമായി പുതിയ ഭരണരീതികൾ അവതരിപ്പിക്കുന്നുണ്ട്. അതിൽ പ്രധാനം കോർപറേറ്റ് മുതലാളിത്തത്തെ പൗരെൻറ ദൈനംദിനജീവിതത്തിലേക്ക് കൊണ്ടുവന്നു എന്നതാണ്. ഇതോടൊപ്പം സാമാന്യ വിപണിയുക്തിയെപ്പോലും ചോദ്യംചെയ്യുന്ന തരത്തിൽ രാജ്യത്തെ സാമ്പത്തികക്രമങ്ങൾ മാറ്റാനും കഴിഞ്ഞു. ഈ മാറ്റത്തിനനുസരിച്ച് ഒരുതരത്തിലും ചോദ്യംചെയ്യപ്പെടാത്ത രീതിയിൽ രാജ്യത്തെ സാമ്പത്തിക-രാഷ്ട്രീയത്തെ മാറ്റിമറിക്കാൻ ബി.ജെ.പിക്ക് സാധിച്ചു. ഇതുണ്ടാക്കുന്ന മാറ്റങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് സംഘടിത രാഷ്ട്രീയ പാർട്ടികളെ ഗൗരവമായ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് പിന്തിരിപ്പിക്കാനും അതോടൊപ്പം പാർലമെൻററി അധികാരത്തെ, പ്രത്യേകിച്ചും നവ-മുതലാളിത്ത/മത-കേന്ദ്രീകൃത അധികാരത്തെ ജനാധിപത്യമായി അംഗീകരിപ്പിക്കാനും കഴിയുന്നു എന്നതാണ്. ഇതുവഴി രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ അജണ്ടയും പദ്ധതികളും ഇല്ലാതാക്കാൻ ബി.ജെ.പിക്ക് കഴിയുന്നുണ്ട്. അതോടൊപ്പം മറ്റു സാമൂഹികപ്രശ്നങ്ങൾ ചർച്ചചെയ്യാനോ ചിന്തിക്കാനോ ഉള്ള സംഘടനാശേഷിയും ബൗദ്ധികശേഷിയും പാർലമെൻററി രാഷ്ട്രീയ പാർട്ടികൾക്ക് നഷ്ടപ്പെടുകയും ചെയ്യുന്നു. വലതുപക്ഷ രാഷ്ട്രീയത്തിെൻറ ഏറ്റവും വലിയ വിജയമാണ് ഇത്തരത്തിൽ കൊണ്ടാടപ്പെടുന്നത്.

ഇതിനെതിരെ സാവധാനത്തിലാണെങ്കിലും പ്രതിഷേധങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ പ്രതിഷേധസമരങ്ങളിൽ സാമ്പ്രദായിക രീതിയിൽനിന്ന് വ്യത്യസ്തമായി രാഷ്ട്രീയ പാർട്ടികളിൽനിന്ന് മാറിനിൽക്കുന്ന വലിയ കൂട്ടായ്മകളാണ് പങ്കെടുക്കുന്നത്. ഇതിന് ജാതീയമായ പീഡനങ്ങളിൽനിന്ന് മുക്തി തേടി നടത്തുന്ന ശക്തമായ പ്രവർത്തനത്തിെൻറ പിന്തുണയുണ്ട്. ഇതു കൂടാതെ ഇസ്ലാംപേടിയുടെ ഇരകളായ വലിയ ഒരു സംഘത്തിെൻറ കൂട്ടായ്മയും മറ്റു സാമൂഹിക, -സാമ്പത്തിക,- പാരിസ്ഥിതിക അസമത്വങ്ങൾ ഉണ്ടാക്കിയ പുറന്തള്ളലിെൻറ ഇരകളും ഇത്തരം പ്രക്ഷോഭത്തിൽ സജീവമാണ്. മഹാരാഷ്ട്രയിലെ കർഷക സമരത്തിെൻറ പിന്നിൽ ഈ കൂട്ടായ്മതന്നെയായിരുന്നു. മുംബൈയിലെ സർക്കാർ ബസ് സർവിസ് പരിഷ്കരിക്കാനുള്ള നീക്കത്തിനെതിരെ സമരം രൂപപ്പെടുന്നതും ഇത്തരം അസംഘടിത രാഷ്ട്രീയ കൂട്ടായ്മകളിൽനിന്നുമാണ്.
ഇത്തരം സമരങ്ങളിൽ കാര്യമായ സംഭാവന നൽകാൻ പാർലമെൻററി ഇടതുപക്ഷത്തിന് കഴിയുന്നുമില്ല എന്നതും ശ്രദ്ധേയമാണ്. അതായത്, രാജ്യത്തെ അസംഘടിത പ്രസ്ഥാനങ്ങളും സാമൂഹിക മുന്നേറ്റങ്ങളും എല്ലാംതന്നെ ഈ രാജ്യം ഭരിക്കുന്നവരുടെ പ്രത്യയശാസ്ത്രത്തെ ചോദ്യംചെയ്യാൻ കഴിയുന്ന ആശയാടിത്തറ രൂപപ്പെടുത്തുന്നതിെൻറ ആവശ്യകത ചർച്ചചെയ്യുന്നുണ്ട്. അത്തരം ശ്രമങ്ങളുടെ വിജയത്തിെൻറ ഉദാഹരണമാണ് ഗുജറാത്തിൽ ജിഗ്നേഷ് മേവാനിയുടെ തെരഞ്ഞെടുപ്പ് വിജയം. പൊതുവിൽ ഇത്തരത്തിൽ ഉയർന്നുവരുന്ന വ്യക്തികളെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ പുറന്തള്ളുന്നതാണ് പതിവ്. എന്നാൽ, അതിൽനിന്ന് വ്യത്യസ്തമായി വലിയ ജനപിന്തുണ ഇത്തരം മുന്നേറ്റങ്ങൾക്ക് ഇപ്പോൾ കിട്ടുന്നുണ്ട്. ഇത്തരം മുന്നേറ്റങ്ങളിൽനിന്ന് മാറിനിന്ന് അതെല്ലാം തന്നെ സ്വത്വരാഷ്ട്രീയത്തിെൻറ ഭാഗമാെണന്നും അവ ഇടതു രാഷ്ട്രീയത്തെ (പാർലമെൻററി ഇടത്) തകർക്കുന്നതാെണന്നും പ്രമേയം കൊണ്ടുവന്ന സി.പി.എം അതുവഴി ഉന്നയിക്കാൻ ശ്രമിച്ചത് പാർലമെൻററി ഇടതുപക്ഷമാണ് ശരി എന്നതാണ്.
കോൺഗ്രസ് പാർട്ടി വലിയ ഒരു രാഷ്ട്രീയ മുന്നേറ്റം നടത്തി അത്തരത്തിൽ ഒരു ബദൽശക്തിയായി രൂപപ്പെട്ടതല്ല. അതുകൊണ്ടുതന്നെയാണ് ബി.ജെ.പിയുടെ സാമ്പത്തിക നയത്തിന് ഒരു ബദൽ അവതരിപ്പിക്കാൻ കോൺഗ്രസിന് കഴിയാത്തതും. മാത്രവുമല്ല, എല്ലാതരം കോർപറേറ്റുകളെയും സഹായിക്കുന്ന മത്സരത്തിൽ ഊന്നിയ മുതലാളിത്തം എന്നതിൽനിന്ന് മാറി നാസികളുടെ കാലത്ത് നടപ്പാക്കിയ രീതിയിലുള്ള ചുരുങ്ങിയ കമ്പനികൾക്കും അതോടൊപ്പം രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കന്മാർക്കും നേട്ടം ഉണ്ടാകുന്ന സാമ്പത്തിക പരിഷ്കരണമാണ് ബി.ജെ.പി നടപ്പാക്കുന്നത്. ഇത് ഫലത്തിൽ എല്ലാ പാർലമെൻററി പാർട്ടികൾക്കും ഗുണകരമായ നയമാണ്. അഴിമതിയുടെ കാര്യത്തിൽ ഇന്നും ഒരു നിലപാെടടുക്കാൻ കഴിയാത്ത കോൺഗ്രസ് ഏതായാലും മോദി സർക്കാറിെൻറ സാമ്പത്തികനയത്തെ എതിർക്കാൻ പോകുന്നില്ല. ഈ പശ്ചാത്തലത്തിൽ വേണം സി.പി.എമ്മിെൻറ ചർച്ചകളെയും പുതിയ മുന്നണിനയത്തെയും കാണേണ്ടത്. ബി.ജെ.പിയുടെ മറ്റു രാഷ്ട്രീയ പാർട്ടികളുടെ അജണ്ടകൾ ഇല്ലാതാക്കുക എന്ന നയത്തിെൻറ ഏറ്റവും വലിയ ഇര ഇന്ന് പാർലമെൻററി ഇടതുപക്ഷമാണ്. അതിെൻറ തെളിവാണ് അടുത്ത കാലത്തായി അധികാര രാഷ്ട്രീയത്തിനപ്പുറം ജനകീയപ്രശ്നങ്ങളിൽ ഇടപെടാൻ പാർലമെൻററി ഇടതുപക്ഷം കാണിക്കുന്ന വിമുഖത. അധികാര രാഷ്ട്രീയം നിലനിർത്താനുള്ള അമിതമായ താൽപര്യത്തിൽനിന്നുണ്ടാകുന്നതാണ് ഈ വിമുഖത.

അടുത്ത കാലത്തായി കേരളത്തിൽ നടന്ന ഗെയിൽ വിരുദ്ധ സമരമടക്കമുള്ള ജനകീയ പ്രക്ഷോഭങ്ങളോടുള്ള ഇടതുപക്ഷ സമീപനം ഇതിനുദാഹരണമാണ്. ജനാധിപത്യ സ്വഭാവത്തെ നിഷേധിക്കുന്ന തരത്തിൽ ഗെയിൽ സമരത്തിൽ പങ്കെടുക്കുന്നവരെ എല്ലാംതന്നെ മതരാഷ്ട്രീയവാദികളായും വികസനവിരോധികളായും ചിത്രീകരിക്കുക വഴി പാർലമെൻററി ഇടതുപക്ഷം വലതുപക്ഷ സാമ്പത്തിക രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുകയാണ്. രാജ്യത്തെ നീറുന്ന പ്രശ്നങ്ങളോ പ്രതിസന്ധികളോ ചർച്ചചെയ്യാനുള്ള ബൗദ്ധിക അടിത്തറ ഇല്ലാതാകുന്നതുകൊണ്ടാണ് സി.പി.എമ്മിെൻറ സമ്മേളനങ്ങളിൽ ഉദാര -മുതലാളിത്തം പ്രചരിപ്പിക്കുന്ന കോൺഗ്രസുമായി ഇടതുപക്ഷം ഐക്യപ്പെടേണ്ടതിെൻറ ആവശ്യത്തെക്കുറിച്ച് ചർച്ചചെയ്യേണ്ടിവന്നത്. രാജ്യത്തെ മറ്റു രാഷ്ട്രീയ പാർട്ടികളുടെയും സ്ഥിതി ഇതുതന്നെയാണ്.
തെരഞ്ഞെടുപ്പിനപ്പുറത്തുള്ള ഒരു രാഷ്ട്രീയം ഇന്നത്തെ മുഖ്യധാരയിൽ ഇല്ലാതായിക്കഴിഞ്ഞു- തെരെഞ്ഞടുപ്പിൽ പ്രത്യയശാസ്ത്രത്തേക്കാൾ പ്രാധാന്യം ദേശത്തിനും മതത്തിനും പിന്നെ സാമൂഹിക അധികാരത്തിനുമാണ്. ഈ മാറ്റം നന്നായി മനസ്സിലാക്കിയാണ് ബി.ജെ.പിയുടെ നേട്ടം. പൗരൻ രാഷ്ട്രീയത്തെ കാണുന്ന രീതിയിൽ വന്ന മാറ്റവും ബി.ജെ.പിക്ക് ഗുണം ചെയ്തു എന്നു കാണാം. അധികാരമാണ് നിലനിൽപ് എന്ന് രാജ്യത്തെ രാഷ്ട്രീയപാർട്ടികളെ ബോധ്യപ്പെടുത്തുന്നതിൽ ബി.ജെ.പിക്കുണ്ടായ നേട്ടം മൂലം നാളെയുടെ രാഷ്ട്രീയം അധികാരമാകുകയും അതുവഴി ഇന്ത്യൻ രാഷ്ട്രീയത്തിൽ അജണ്ടകൾ ഇല്ലാതാവുകയും ചെയ്യുന്നു. ഇൗ മാറ്റങ്ങളെ കേവലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറ്റിനിർത്തിവേണം വിശകലനം ചെയ്യേണ്ടത്. ദൗർഭാഗ്യവശാൽ അത്തരം മാറ്റിച്ചിന്തിക്കൽ പ്രക്രിയ സാവധാനത്തിൽ പാർലമെൻററി രാഷ്ട്രീയത്തിൽനിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ പാർലമെൻററി സംവിധാനത്തിൽനിന്ന് മാറിനിൽക്കുന്ന രാഷ്ട്രീയത്തെ ഗൗരവമായിതന്നെ കാണേണ്ടതുണ്ട്. അതിനനുസരിച്ചുള്ള ബൗദ്ധിക ഇടപെടലുകളാണ് ഉണ്ടാകേണ്ടത്.
(ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ അധ്യാപകനാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
