Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightകേരളം ലോകത്തോട്​...

കേരളം ലോകത്തോട്​ പങ്കുവെക്കുന്ന ഉത്​കണ്​ഠ

text_fields
bookmark_border
pinarayi-vijayan-211119.jpg
cancel

മതത്തെ അടിസ്ഥാനമാക്കി പൗരത്വം നൽകുന്ന ഭരണഘടനാവിരുദ്ധമായ നിയമമാണ് പാർലമ​​െൻറിലെ ഭൂരിപക്ഷത്തി​​​െൻറ ബലത്തിൽ എൻ.ഡി.എ സർക്കാർ കൊണ്ടുവന്നത്. ഇതി​​​െൻറ തുടർച്ചയായി ദേശീയ പൗരത്വ രജിസ്​റ്റർ കൊണ്ടുവരുന്നു. വലിയ ആശങ്കയാണ് ഈ നിയമം ജനങ്ങളിൽ സൃഷ്​ടിച്ചിരിക്കുന്നത്. അതി​​​െൻറ പ്രതിഫലനമാണ് വൈകാരികമായ പ്രതിഷേധപ്രകടനങ്ങൾ. ഇത്തരം ഒരു കരിനിയമം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആർക്കും അംഗീകരിക്കാനാവില്ല. കേരളത്തിൽ ഒറ്റക്കെട്ടായ പ്രതിരോധം ഉയരുന്നതി​​​െൻറ പശ്ചാത്തലം ഇതാണ്. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ നേതൃത്വവും സമൂഹത്തിലെ പ്രമുഖ വ്യക്തികളും സംഘടനകളും ഒത്തൊരുമിച്ച്​ പ്രതിഷേധമായി രംഗത്തിറങ്ങുകയാണ്. അതി​​​െൻറ തുടക്കം എന്ന നിലയിൽ തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തിനു മുന്നിൽ സത്യഗ്രഹം നടക്കും. ഈ സത്യഗ്രഹം നാടി​​​െൻറ നിലനിൽപിനു വേണ്ടിയുള്ളതാണ്.
പൗരത്വ ഭേദഗതി ബിൽ പാർലമ​​െൻറിൽ അവതരിപ്പിക്കപ്പെട്ടതോടെ രാജ്യത്തു പൊടുന്നനെ അശാന്തി പടർന്നു. സാമ്പത്തികമാന്ദ്യം, തൊഴിലില്ലായ്മ, വിദ്യാഭ്യാസ വിഹിതം വെട്ടിക്കുറക്കല്‍, തൊഴിലാളിവിരുദ്ധ തൊഴില്‍ നിയമഭേദഗതി, പട്ടിണി, വിലക്കയറ്റം തുടങ്ങിയ ജനകീയ പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ വർഗീയമായ വേർതിരിവുകൾ സൃഷ്​ടിക്കപ്പെടുന്നതിലേക്കു മാറിയിരിക്കുന്നു. എല്ലാ എതിർപ്പുകളെയും അവഗണിച്ച്​ ബി.ജെ.പി സർക്കാർ പൗരത്വ ഭേദഗതി നിയമം പാസാക്കിയതോടെ രാജ്യത്ത് ഗുരുതരമായ സ്ഥിതിയാണുണ്ടായത്. ഭരണഘടന അനുശാസിക്കുന്ന സമത്വമെന്ന ആശയം ദുര്‍ബലപ്പെടുത്തുന്നതാണ് ഈ നിയമമെന്ന് ഐക്യരാഷ്​ട്ര മനുഷ്യാവകാശ സമിതി വിലയിരുത്തുന്നു.

ഇന്ത്യയിലെ മുസ്​ലിംകളുടെ എണ്ണം 20 കോടിയിലേറെയാണ്. വിദ്യാഭ്യാസത്തില്‍, സര്‍ക്കാര്‍ സര്‍വിസ് പ്രവേശനത്തില്‍, സാമ്പത്തികജീവിതത്തില്‍ ഒക്കെ ദയനീയമായി പിന്നാക്കംനിൽക്കുന്ന മുസ്​ലിം അവസ്ഥയെ സച്ചാറി​േൻറതടക്കമുള്ള റിപ്പോര്‍ട്ടുകള്‍ വരച്ചുകാട്ടുന്നുണ്ട്. ആ പിന്നാക്കാവസ്ഥയും ദയനീയാവസ്ഥയും പരിഹരിക്കാന്‍, ഇടപെടുന്നതിനു പകരമാണ് മതത്തി​​​െൻറ പേരില്‍ കൂടുതല്‍ വിവേചനം കാട്ടാനുള്ള ആക്രമണങ്ങള്‍ക്ക്​ തുടക്കംകുറിച്ചിട്ടുള്ളത്.

പൗരത്വ ബില്ലി​​​െൻറ രാഷ്​ട്രീയ ഉള്ളടക്കം ബി.ജെ.പിയുടെ സഖ്യകക്ഷികള്‍ പോലും എതിര്‍ത്തതാണ്​. ആ എതിർപ്പ് തങ്ങളുടെ ലക്ഷ്യത്തെ ബാധിക്കും എന്ന് ബി.ജെ.പി നേതൃത്വം മനസ്സിലാക്കിയതുകൊണ്ടാണ് കഴിഞ്ഞ പാര്‍ലമ​​െൻറ്​ സമ്മേളനത്തിൽ ബിൽ പാസാക്കാൻ കഴിയാതിരുന്നത്. അതേ ബില്‍ വീണ്ടും കൊണ്ടുവന്നു പാസാക്കിയിരിക്കുന്നു. ഇന്ത്യന്‍ ഭരണഘടന മുതല്‍ ഐക്യരാഷ്​ട്രസഭയുടെ മനുഷ്യാവകാശ ചാര്‍ട്ടറിനുവരെ വിരുദ്ധമാണ് സാമാന്യനീതിക്കു നിരക്കാത്ത ഈ നിയമം.

അവസര സമത്വം, തുല്യനീതി എന്നതൊന്നും വെറും വാക്കുകളല്ല. ആ മൂല്യങ്ങൾ തകർന്നാൽ എങ്ങനെയാണ് ഇന്ത്യക്ക്​ മതേതര-ജനാധിപത്യ രാഷ്​ട്രമായി നിൽക്കാൻ കഴിയുക? ഭരണഘടനയിലെ പൗരത്വസങ്കല്‍പമാണ്​ ഏകപക്ഷീയമായി മാറ്റിമറിച്ചിരിക്കുന്നത്. നിയമനിര്‍മാണം നടത്താന്‍ പാര്‍ലമ​​െൻറിന് അവകാശമുണ്ടെങ്കിലും പൗരത്വ ഭേദഗതി നിയമം മൗലികാവകാശങ്ങൾ ധ്വംസിക്കുന്നതാണ്. ഭരണഘടന വിരുദ്ധമായ നിയമം നിലനിൽപില്ലാത്തതാണ്.

2024ലെ പൊതുതെരഞ്ഞെടുപ്പിനു മുമ്പ് പൗരത്വപ്പട്ടിക പുതുക്കുകയാണ് ബില്ലി​​​െൻറ ഒരു രാഷ്​ട്രീയ ഉദ്ദേശ്യം. അത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറക്കുറെ പരസ്യമായി സൂചിപ്പിക്കുന്നു. രാജ്യത്ത്​ ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സാന്നിധ്യം കുറക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ളതാണ് ഈ നീക്കങ്ങളാകെ. ഈ നിയമത്തി​​​െൻറ പ്രത്യാഘാതം ചെറുതാകില്ല. ശ്രീലങ്കയിലെ തമിഴ് വംശജരെയും മ്യാന്മറിലെ റോഹിങ്ക്യകളെയുംപോലെ വലിയ ജനവിഭാഗത്തെ രാജ്യമില്ലാത്തവരാക്കി മാറ്റുന്നതാണ് അത്. മതനിരപേക്ഷമായ ഒരു രാജ്യത്ത് പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നുവെന്നത് ഉത്കണ്ഠാജനകമാണ്. ആ ഉത്കണ്ഠയാണ് തിങ്കളാഴ്ചത്തെ സത്യഗ്രഹത്തിലൂടെ കേരളം ലോകത്തോട് പങ്കുവെക്കുന്നത്.

സാമാന്യ ജനതയുടെ ജീവല്‍പ്രശ്‌നങ്ങളില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനായി വര്‍ഗീയ ചേരിതിരിവ് സൃഷ്​ടിക്കുന്ന തന്ത്രം സംഘ്​പരിവാര്‍ പഠിച്ചത് അവരുടെ രാഷ്​ട്രീയ യജമാനന്മാരില്‍നിന്നാണ്. സ്വാതന്ത്ര്യസമര കാലത്ത് അന്നത്തെ സംഘനേതൃത്വം ബ്രിട്ടീഷ് സാമ്രാജ്യത്വത്തി​​​െൻറ പാദസേവകരായിരുന്നു. ദേശീയ സ്വാതന്ത്ര്യ സമ്പാദനത്തിലോ ഭരണഘടനയുടെ നിർമിതിയിലോ ഒരു പങ്കും വഹിക്കാത്തവരാണ് ആർ.എസ്.എസ്. ബ്രിട്ടീഷ് സാമ്രാജ്യത്വം ഭിന്നിപ്പിക്കാന്‍ ശ്രമിച്ചിട്ടുള്ളതും വര്‍ഗീയ വിദ്വേഷം പടര്‍ത്തിയിട്ടുള്ളതുമൊക്കെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുകയും അവക്കെതിരായ ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവരുകയും ചെയ്ത ഘട്ടങ്ങളിലാണ്.
ഹിറ്റ്‌ലറെയും മുസോളിനിയെയും പോലുള്ള ഫാഷിസ്​റ്റുകളാണ് സംഘ്​പരിവാറി​​​െൻറ കാണപ്പെട്ട ദൈവങ്ങള്‍. ആര്യന്മാരാണ് ഏറ്റവും ഉയര്‍ന്ന വംശം എന്ന ഹിറ്റ്‌ലറുടെ ആശയമാണ് സംഘ്​പരിവാറി​​​െൻറ ആശയാടിത്തറ. രാജ്യത്തുണ്ടായ സാമ്പത്തിക പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിയാതെനിന്ന ഘട്ടങ്ങളിലെല്ലാം വംശീയവിദ്വേഷം പടർത്തിയും ജനവിഭാഗങ്ങളെ അടിച്ചമർത്തിയും രംഗത്തിറങ്ങിയ ഫാഷിസ്​റ്റ്​ പാരമ്പര്യം തുടരാൻ ശ്രമിക്കുന്ന സംഘ്​പരിവാറി​​​െൻറ വിനാശ അജണ്ടക്കെതിരായ കേരളത്തി​​​െൻറ ഉറച്ച ശബ്​ദം കൂടിയാണ് തിങ്കളാഴ്ച രക്തസാക്ഷി മണ്ഡപത്തെ സാക്ഷിനിർത്തി ഉയരുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinioncabCAB protestPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - concern of kerala -opinion
Next Story