ആയുധങ്ങളല്ല; ആശയങ്ങൾ പോരടിക്ക​െട്ട  

ഒന്നര നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള, കേരളത്തിലെ പ്രൗഢിയും പ്രതാപവുമുള്ള ഉന്നത കലാലയമായ തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ് ഇന്ന് അപമാനത്തി​​െൻറ ചളിക്കുണ്ടില്‍ ആഴ്ന്നുപോകുന്ന വേദനാജനകമായ അനുഭവങ്ങള്‍ക്ക് നാം സാക്ഷിയാകേണ്ടിവരുന്നു. ജനാധിപത്യവും സോഷ്യലിസവും സ്വാതന്ത്ര്യവും പതാകയില്‍ മുദ്രാവാക്യമായി എഴുതിച്ചേര്‍ക്കുകയും ഇളംകണ്ഠങ്ങളാല്‍ ഉച്ചത്തില്‍ വിളിക്കുകയും ചെയ്യുന്ന വിദ്യാർഥി പ്രസ്ഥാനത്തി​​െൻറ പ്രതിനിധികള്‍ സ്വന്തം പ്രവര്‍ത്തക​​െൻറ ഹൃദയത്തിലേക്ക്​ കഠാര കുത്തിയിറക്കുന്ന ദാരുണമായ അനുഭവമാണ് അരങ്ങേറിയത്. മുമ്പ് മറ്റു വിദ്യാർഥിപ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയാണ് വടിവാളും ദണ്ഡുകളും കഠാരകളും കൊണ്ട്​ ഇരകളാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ സ്വന്തം പ്രസ്ഥാനത്തി​​െൻറ തന്നെ പ്രതിനിധിയെ കുത്തിവീഴ്ത്തുന്നു. ചോരത്തുള്ളികള്‍ വീഴാനും ശവശരീരങ്ങള്‍ വീഴാനുമുള്ള ഇടങ്ങളല്ല കലാലയ മുറികളും കലാലയ വളപ്പുകളും എന്ന വലിയ സത്യത്തെ ചില വിദ്യാർഥി പ്രസ്ഥാനങ്ങള്‍ മറന്നുപോകുന്നു. സര്‍ഗാത്മകതയുടെയും ആശയസംവാദങ്ങളുടെയും ചലനാത്മകവേദികളായി മാറേണ്ടതാണ് കലാലയങ്ങള്‍. 

യൂനിവേഴ്‌സിറ്റി കോളജ് മഹനീയ പാരമ്പര്യമുള്ള കലാലയമാണ്. സ്വാതന്ത്ര്യസമ്പാദനത്തിനു വേണ്ടിയുള്ള ത്യാഗോജ്വലമായ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ട കലാലയമാണിത്. ‘കലാലയങ്ങള്‍ വിട്ടിറങ്ങൂ, രാജ്യത്തി​​െൻറ സ്വാതന്ത്ര്യത്തിനുവേണ്ടി പട പൊരുതൂ’ എന്ന് ഗാന്ധിജി ആഹ്വാനം ചെയ്ത കാലത്ത് കലാലയ മുറികളും കലാലയ അങ്കണങ്ങളും വിട്ടിറിങ്ങി ബ്രിട്ടീഷ് മേധാവിത്വത്തിനെതിരെ തെരുവില്‍ പോരാടിയ ഉജ്വലമായ ചരിത്രമുണ്ട് ഈ കലാലയത്തിന്. ഇന്ത്യയിലെ ആദ്യ സംഘടിത ദേശീയ വിദ്യാർഥിപ്രസ്ഥാനമായ എ.ഐ.എസ്​.എഫി​​െൻറ നേതൃത്വത്തിലായിരുന്നു ആ പോരാട്ടം.  കേരളം ദര്‍ശിച്ച ഒട്ടേറെ സാഹിത്യ-സാംസ്‌കാരിക-രാഷ്​ട്രീയ ദാര്‍ശനിക പ്രതിഭകളെ സൃഷ്​ടിച്ച കലാലയം കൂടിയാണിത്. ഒ.എൻ.വി കുറുപ്പ്, മലയാറ്റൂര്‍ രാമകൃഷ്ണന്‍, സുഗതകുമാരി, എന്‍. മോഹനന്‍, തിരുനല്ലൂര്‍ കരുണാകരന്‍, എസ്. ഗുപ്തന്‍ നായര്‍, പുതുശ്ശേരി രാമചന്ദ്രന്‍, സി.കെ. ചന്ദ്രപ്പന്‍, കണിയാപുരം രാമചന്ദ്രന്‍, പി. പത്മരാജന്‍, കെ. മധു, ടി.പി. ശ്രീനിവാസന്‍, റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്ന വെങ്കിട്ട രമണന്‍, ആര്‍. ശങ്കര്‍, സി. ദിവാകരന്‍, കെ. അനിരുദ്ധന്‍, ടി.ജെ. ചന്ദ്രചൂഡന്‍, വി. മധുസൂദനന്‍ നായര്‍, കോടിയേരി ബാലകൃഷ്ണന്‍, ജസ്​റ്റിസ് ഫാത്തിമാബീവി തുടങ്ങി എണ്ണമറ്റ പ്രതിഭകള്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത മഹാ കലാലയം. ആ കലാലയത്തെയാണ് ഏറെക്കാലമായി ഏകാധിപത്യത്തി​​െൻറയും സ്വേച്ഛാധിപത്യത്തി​​െൻറയും വിഹാര കേന്ദ്രമായി ഒരു വിദ്യാർഥിസംഘടന പരിണമിപ്പിച്ചിരിക്കുന്നത്. എതിരഭിപ്രായങ്ങളെയും മറ്റ് ആശയങ്ങളെയും അംഗീകരിക്കാന്‍ സന്നദ്ധമല്ലാത്തത് യഥാർഥ വിദ്യാർഥിപ്രസ്ഥാനത്തി​​െൻറ ശക്തിയല്ല, അങ്ങേയറ്റത്തെ ദൗര്‍ബല്യമാണ് വിളിച്ചറിയിക്കുന്നത്. മറ്റ് വിദ്യാർഥി പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം നല്‍കുമ്പോള്‍ ഏകാധിപത്യത്തില്‍നിന്ന് വിമുക്തമാകുമെന്ന് മാത്രമല്ല, ആ സംഘടന ആശയപരമായും സൈദ്ധാന്തികമായും കൂടുതല്‍ നവീകരിക്കപ്പെടുകയാണ് ചെയ്യുക എന്ന യാഥാർഥ്യം  വൈകിയ വേളയിലെങ്കിലും തിരിച്ചറിയണം. 

ഒരു വിദ്യാർഥി പ്രസ്ഥാനം മാത്രമല്ല, ഏകാധിപത്യത്തി​​െൻറ കൊടി ഉയര്‍ത്തിപ്പിടിക്കുന്നത്. എം.ജി കോളജിലും വി.ടി.എം ധനുവച്ചപുരം കോളജിലും ഫാഷിസ്​റ്റ്​ പ്രത്യയ ശാസ്ത്രത്തി​​െൻറ പതാകവാഹകരായ എ.ബി.വി.പിയും ആയുധങ്ങളുമായി അരങ്ങുതകര്‍ക്കുന്നു. മലപ്പുറം ജില്ലയിലെ പല കലാലയങ്ങളിലും എം.എസ്​.എഫും ഏകാധിപത്യത്തി​​െൻറയും അടിച്ചമര്‍ത്തലി​​െൻറയും അധമരാഷ്​ട്രീയത്തി​​െൻറ വക്താക്കളായി നിലകൊള്ളുന്നു. ഈ ഏകാധിപത്യ രാഷ്​ട്രീയം മഹാഭൂരിപക്ഷം വരുന്ന വിദ്യാർഥികളെ വിദ്യാർഥി പ്രസ്ഥാനത്തില്‍നിന്ന് അകന്നുനില്‍ക്കാന്‍ നിര്‍ബന്ധിതമാക്കുന്നു. കലാലയ യൂനിയന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് രേഖപ്പെടുത്തുന്ന വിദ്യാർഥികളുടെ എണ്ണം പരിശോധിച്ചാല്‍ ഈ യാഥാർഥ്യം ആര്‍ക്കും ബോധ്യപ്പെടും. വിദ്യാർഥി രാഷ്​ട്രീയത്തി​​െൻറ പേരില്‍ എത്രയെത്ര വിദ്യാർഥികളാണ് കൊലക്കത്തിക്കിരയായി രക്തസാക്ഷിത്വം വരിക്കേണ്ടിവന്നത്. ഏറ്റവുമൊടുവില്‍ എസ്​.എഫ്‌.ഐ പ്രവര്‍ത്തകനായ മഹാരാജാസ് കോളജിലെ അഭിമന്യു വരെ. ഇനിയും ഇത് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ബദ്ധശ്രദ്ധരായി നിലപാട് സ്വീകരിക്കേണ്ടത് വിദ്യാർഥി പ്രസ്ഥാന നേതാക്കന്മാരാണ്. 

യൂനിവേഴ്‌സിറ്റി കോളജില്‍ നീണ്ട 16 വര്‍ഷം കലാലയ യൂനിയന്‍ തെരഞ്ഞെടുപ്പേ ഉണ്ടായിരുന്നില്ല. 1995ല്‍ എ.ഐ.എസ്​.എഫ് പ്രതിസന്ധികളെയും വേട്ടയാടലുകളെയും അതിജീവിച്ച് യൂനിറ്റ് രൂപവത്​കരിച്ചതോടെയാണ് കലാലയ യൂനിയന്‍ തെരഞ്ഞെടുപ്പ് പുനരാരംഭിച്ചത്. ആറ് വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ വീണ്ടും തെരഞ്ഞെടുപ്പ് വിമുക്ത കലാലയമായി യൂനിവേഴ്‌സിറ്റി കോളജിനെ മാറ്റിത്തീര്‍ത്തു. അതി​​െൻറ പരിണിത ഫലം കാമ്പസ് ഫ്രണ്ടിനെപ്പോലുള്ള വർഗീയ വിദ്യാർഥി പ്രസ്ഥാനങ്ങള്‍ കുറച്ചുകാലത്തേക്കെങ്കിലും കലാലയത്തിനുള്ളില്‍ കടന്നുകൂടി. ഏകാധിപത്യ വിദ്യാർഥി സംഘടനാപ്രവര്‍ത്തനത്തി​​െൻറ ദുരന്തഫലമാണിത്. 

കലാലയ മുറികള്‍ ആയുധപ്പുരകളാകേണ്ടവയല്ല. അവ ഗ്രന്ഥങ്ങളുടെയും സൗഹൃദങ്ങളുടെയും സംവാദങ്ങളുടെയും കേന്ദ്രങ്ങളാകേണ്ടവയാണ്. യൂനിവേഴ്‌സിറ്റി കോളജിലെ ‘ഇടിമുറി’യെന്നു വിശേഷിപ്പിക്കപ്പെടുന്ന കോളജ് യൂനിയന്‍ ഓഫിസ് റെയ്ഡ് ചെയ്തപ്പോള്‍ കണ്ടുകിട്ടിയത് വടിവാളുകളും കഠാരകളും. ഇത് യൂനിവേഴ്‌സിറ്റി കോളജില്‍ മാത്രമുള്ള സാഹചര്യമല്ല, കേരളത്തിലെ പല കലാലയങ്ങളിലും ഈ ദുരവസ്ഥ നിലനില്‍ക്കുന്നുണ്ട്. വിദ്യാർഥികളെ പഠിക്കാനും പരീക്ഷ എഴുതാനും അനുവദിക്കാതെ മാനസികമായി പീഡിപ്പിക്കുകയും കലാലയത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുന്നത് ഒരു ഉത്തമ വിദ്യാർഥി പ്രസ്ഥാനത്തിന് അനുയോജ്യമായ ഒന്നല്ല. പീഡനം സഹിക്കവയ്യാതെ കലാലയത്തിനുള്ളില്‍ തന്നെ ആത്മഹത്യാശ്രമം നടത്തി അവശനിലയില്‍ കിടന്ന പെണ്‍കുട്ടിയുടെ അവസ്ഥ കേരളീയ ജനതയെ ഞെട്ടിപ്പിച്ചിരുന്നു. 

യൂനിവേഴ്‌സിറ്റി കോളജില്‍ സഹപ്രവര്‍ത്തകനെ കുത്തിമലര്‍ത്തിയ ഒന്നാം പ്രതിയുടെ വീട് റെയ്ഡ് ചെയ്യുമ്പോള്‍ കട്ടിലിനടിയില്‍ നിന്ന് കണ്ടുകിട്ടുന്നത് സര്‍വകലാശാലയുടെ ഉത്തരക്കടലാസുകള്‍. യൂനിയന്‍ റൂം റെയ്ഡ് ചെയ്യുമ്പോഴും സര്‍വകലാശാലയുടെ എഴുതാത്ത ഉത്തരക്കടലാസുകളുടെ കെട്ടുകള്‍. സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യതതന്നെ ഇന്ന് ചോദ്യം ചെയ്യപ്പെടുന്ന നിലയുണ്ടാക്കി ഈ സംഭവവികാസങ്ങള്‍. കോളജ് അധികൃതര്‍ക്കും സര്‍വകലാശാല മേധാവികള്‍ക്കും ഇതി​​െൻറ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. യൂനിയന്‍ നേതാക്കള്‍ക്കുവേണ്ടി മറ്റു വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത് എന്ന ആക്ഷേപം സഹപാഠികള്‍തന്നെ ഈ കുത്തിമലര്‍ത്തലിന് ശേഷമുള്ള പ്രതിഷേധ പരിപാടികളില്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നത് കേരളം കേട്ടു. എത്ര അപമാനകരമായ അവസ്ഥയാണിത്. പ്രതിഷേധത്തില്‍ പങ്കെടുത്ത കുട്ടികള്‍ മാധ്യമങ്ങളോട് പറഞ്ഞത് ഞങ്ങളാണ് യഥാർഥ എസ്​.എഫ്‌.ഐ, യൂനിവേഴ്‌സിറ്റി കോളജില്‍ അക്രമപരമ്പരകള്‍ അരങ്ങേറ്റുകയും പെണ്‍കുട്ടികളെ അസഭ്യവര്‍ഷം നടത്തുകയും ചെയ്യുന്നവര്‍ യഥാർഥ എസ്​.എഫ്‌.ഐ അല്ല. അവര്‍ ക്രിമിനലുകളും ഗുണ്ടകളുമാണെന്നാണ്  ആണ്‍-പെണ്‍ ഭേദമില്ലാതെ വിദ്യാർഥികള്‍ വിളിച്ചുപറഞ്ഞത്. അതാണ് യാഥാർഥ്യം. മഹാഭൂരിപക്ഷം എസ്​.എഫ്‌.ഐ പ്രവര്‍ത്തകരും ജനാധിപത്യത്തി​​െൻറയും സ്വാതന്ത്ര്യത്തി​​െൻറയും മഹത്ത്വം അറിയാവുന്നവരാണ്. പക്ഷേ, ക്രിമിനലുകളായ ഒരുകൂട്ടം എസ്​.എഫ്‌.ഐക്കാരുടെ മുന്നില്‍ അവര്‍ നിശ്ശബ്​ദരാക്കപ്പെടുകയും അടിച്ചമര്‍ത്തപ്പെടുകയും ചെയ്യുന്നു. 

കലാലയങ്ങളുടെ മഹത്ത്വം തിരിച്ചുപിടിക്കാന്‍ വിദ്യാർഥി സംഘടനകളെല്ലാം പുനരാലോചന നടത്തണം. അണികളെ രാഷ്​ട്രീയവത്​കരിക്കാനും അരാഷ്​ട്രീയതയില്‍ നിന്ന് വിമുക്തമാക്കാനും മുന്‍കൈ എടുക്കണം. എന്നാല്‍, മാത്രമേ കലാലയത്തി​​െൻറ അർഥമാഹാത്മ്യം സാക്ഷാത്​കരിക്കാനാകൂ. നാം അഭിമുഖീകരിച്ച ദുരനുഭവങ്ങള്‍ ഇനിയെങ്കിലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ അത് സാധ്യമാക്കിയേ മതിയാകൂ. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോന്‍ ‘ചോര തുടിക്കും ചെറു കൈയുകളേ, പേറുക വന്നീ പന്തങ്ങള്‍’ എന്നെഴുതിയത് ആശയത്തി​​െൻറ പന്തങ്ങളെ പേറുക എന്ന അർഥത്തിലാണ്, ആയുധങ്ങളെയല്ല. ആ തിരിച്ചറിവ് എല്ലാവര്‍ക്കുമുണ്ടാകട്ടെ.

(സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.എസ്​.എഫ് മുൻ സംസ്ഥാന സെക്രട്ടറിയുമാണ്​ ലേഖകൻ)

Loading...
COMMENTS