Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightഇത്​ മാധ്യസ്​ഥ വിധി

ഇത്​ മാധ്യസ്​ഥ വിധി

text_fields
bookmark_border
ayodhya-case-verdict
cancel

ബാബരി മസ്​ജിദ് നിലകൊണ്ട 2.77 ഏക്കർ ഭൂമിയുടെ ഉടമസ്​ഥർ ആരാണ് എന്ന് തീരുമാനിക്കാനായിരുന്നു 70വർഷം നീണ്ട അയോധ്യ ക േസ്​ അഞ്ചംഗ ഭരണഘടന ബെഞ്ച് 40 ദിവസം തുടർച്ചയായി കേട്ടതെങ്കിലും കൃത്യമായ ഒരുത്തരം നൽകാതെ, ഒരു മാധ്യസ്​ഥൻെറ റോളി ലേക്ക് പരമോന്നത നീതിപീഠം കടന്നുചെന്നത് വരുംനാളുകളിൽ നിയമവിദ്യാർഥികൾക്ക് ഗവേഷണം നടത്താൻ നല്ലൊരു വിഷയമാണ്​ . ഈ വിധിയാണ് രാജ്യം കാത്തിരുന്നതെങ്കിൽ ജസ്​റ്റീസ്​ ഖലീഫുള്ളയുടെ നേതൃത്വത്തിലുള്ള മൂന്നംഗ മാധ്യസ്​ഥ സമിതിക്ക ് കുറച്ചുകൂടി സമയം നീട്ടിക്കൊടുത്താൽ മതിയായിരുന്നു. 470 വർഷത്തെ ചരിത്ര പ്രാധാന്യമുള്ള ഒരു പള്ളി നിലകൊണ്ട സ്​ ഥലം ക്ഷേത്രം നിർമിക്കാൻ വിട്ടുകൊടുത്ത കോടതി ഉത്തരവിന് വരുംദിവസങ്ങളിൽ എന്തെല്ലാം വ്യാഖ്യാനങ്ങൾ ചമക്കപ്പെട ുമെന്ന് ഇപ്പോൾ പറയാനാവില്ല. കോടതിയുടെ ഏത് വിധിയും സ്വീകരിക്കാനും രാജ്യത്ത് സമാധാന ഭംഗം സംഭവിക്കാതിരിക്കാനും എല്ലാ വിഭാഗങ്ങളും നിശ്ചയിച്ചുറപ്പിച്ചത് കൊണ്ട് അത്യാഹിതങ്ങൾ ഉണ്ടാവില്ലെന്ന് നമുക്ക് സമാധാനിക്കാം. പക്ഷേ, പുരാവസ്​തുഗവേഷകരുടെ കണ്ടെത്തലി​ൻെറ അടിസ്​ഥാനത്തിൽ ഭൂമിയുടെ ഉടമസ്​ഥാവകാശം തീരുമാനിക്കാനാവില്ലെന്ന വലിയൊരു നിയമതത്വം പ്രഖ്യാപിച്ച ന്യായാസനം എന്തുകൊണ്ട് തർക്കസ്​ഥലം 1949ൽ പള്ളിക്കകത്ത് നിയമം ലംഘിച്ച് വിഗ്രഹം കൊണ്ടിട്ടവർക്ക്, 1992ൽ പള്ളി തച്ചുതകർത്ത് നിയമവാഴ്ചയെ വെല്ലുവിളിച്ചവർക്ക്, അല്ലെങ്കിൽ അവരുമായി അടുത്ത് പ്രവർത്തിക്കുന്നവർക്ക് കൈമാറി എന്ന ചോദ്യത്തിന് വിധിന്യായം മുഴുവൻ വായിച്ചുനോക്കണം.

2010ൽ അലഹബാദ് ഹൈകോടതി ചെയ്ത തെറ്റ് സുപ്രീംകോടതി തിരുത്തിയ രീതി നിയമവൃത്തങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. അലഹബാദ് ഹൈകോടതി തർക്കസ്​ഥലം മൂന്നായി വിഭജിച്ച് ഒരു ഓഹരി സുന്നി വഖഫ് ബോർഡിന് നൽകിയിരുന്നു. കേസിലെ മുഖ്യ ഹിന്ദുകക്ഷിയായ നിർമോഹി അഖാരക്കും രാംലാലക്കും മറ്റു രണ്ടു വിഹിതം കൊടുത്തപ്പോൾ ഇത് കോടതി തീർപ്പല്ല, ഒരു തരത്തിലുള്ള ഒത്തുതീർപ്പ് ഫോമുലയാണെന്ന് വിലയിരുത്തപ്പെട്ടു. ഇപ്പോൾ മുഴുവനും രാമവിഗ്രഹത്തിന് നൽകിയതോടെ, 49ൽ പള്ളിയിൽ കുടിയേറിയ ദൈവത്തിന് ശാശ്വത ഇരിപ്പിടമായി എന്നതിൽ സമാധാനിക്കാം. കേന്ദ്രസർക്കാർ രൂപവത്കരിക്കുന്ന ഒരു ട്രസ്​റ്റായിരിക്കുമത്രെ ക്ഷേത്രനിർമാണം നടത്തുക. അതിനർഥം ഇതുവരെ അയോധ്യയിൽ വിവിധ മതസ്​ഥാപനങ്ങൾ കൈകാര്യം ചെയ്യുന്ന നിർമോഹി അഖാരയിൽനിന്നും പൂർണമായ വിടുതൽ വാങ്ങി ആർ.എസ്​.എസിൻെറ കൈകളിലേക്ക് ക്ഷേത്രനിർമാണ ചുമതല ഏൽപിക്കാൻ അവസരം കൈവന്നിരിക്കുന്നു എന്നുതന്നെ. മുമ്പേ സംഘ്പരിവാർ മുന്നോട്ടുവെച്ച ഒരാശയമാണ്, സർക്കാർ തലത്തിൽ ട്രസ്​റ്റുണ്ടാക്കി രാമക്ഷേത്രം എത്രയും പെട്ടെന്ന് സാക്ഷാത്കരിക്കണമെന്നത്​. ഇന്നത്തെ രാഷ്ട്രീയ കാലാവസ്​ഥയിൽ അതെല്ലാം ക്ഷിപ്രസാധ്യമാണല്ലൊ.

ayodhya-case-verdict

അയോധ്യയിൽ തന്നെ കണ്ണായ സ്​ഥലത്ത് പള്ളി നിർമിക്കാൻ അഞ്ച് ഏക്കർ സ്​ഥലം സുന്നി വഖഫ്ബോർഡിന് നൽകാനാണ് വിധി. 1990കളിൽനടന്ന വിവിധ മാധ്യസ്​ഥ ചർച്ചകളിൽ ഇതിനെക്കാൾ വലിയ ഓഫറുകൾ സർക്കാർ മുന്നോട്ട് വെച്ചിരുന്നു. കാഞ്ചികാമകോടി പീഠം അധിപതി 1990കളിൽ നടത്തിയ അനുരഞ്ജന ചർച്ചകളിലും ഇതുക്കു മീതെയുള്ള ഓഫറുകൾ മുന്നോട്ടുവെച്ചതാണ്. അപ്പോഴെല്ലാം, വഖഫ് ചെയ്ത ഒരു പള്ളി നിലനിന്ന സ്​ഥലത്ത് ഒരുക്ഷേത്രം സ്​ഥാപിക്കുന്നതിലെ മതകീയവശങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുസ്​ലിം നേതൃത്വം ഒഴിഞ്ഞുമാറിയത്. അയോധ്യയിലാണ് ശ്രീരാമ​ൻെറ ജന്മസ്​ഥലം എന്ന വിശ്വാസത്തെ മാനിക്കാനും വിദേശികളടക്കമുള്ള സഞ്ചാരികൾ അത്തരം വിശ്വാസത്തെ ഊന്നിപ്പറഞ്ഞതും എടുത്തുകാട്ടിയ കോടതി, പള്ളിക്ക് പുറത്തുള്ള ഛബുത്രയിൽ അല്ല 1857വരെ ഉൾമുറ്റത്തും ആരാധന നടത്തിയിരുന്നുവെന്ന വാദത്തെ അംഗീകരിച്ചുകാണുന്നു. അയോധ്യയുടെ ചരിത്രവും രാമജന്മഭൂമിയുമായി ബന്ധപ്പെട്ട മിഥ്യകളുമൊക്കെ ആഴത്തിൽ പരിശോധിക്കാൻ കോടതികൾക്ക പരിമിതികളുണ്ടെന്ന് മുമ്പേ പ്രശസ്​ത ചരിത്രകാരന്മാരും പുരാവസ്​തു ഗവേഷകരും ഓർമപ്പെടുത്തിയതാണ്. ബാബരി മസ്​ജിദിനടിയിൽ ക്ഷേത്രാവിശിഷ്​ടം കണ്ടെത്തിയിട്ടുണ്ടെന്ന് ചീഫ് ജസ്​റ്റീസി​ൻെറ വിധിയിൽ എടുത്തുപറയുന്നുണ്ട്. യഥാർഥ പുരാവസ്​തു ഗവേഷകർ അംഗീകരിക്കാത്ത കാര്യമാണത്. വിശ്വാസത്തിൻെറയോ അനുമാനങ്ങളുടെയോ മുകളിൽ ചരിത്രം രചിക്കുന്നതും അതിൻെറ അടിസ്​ഥാനത്തിൽ വിധി പ്രഖ്യാപിക്കുന്നതും സുരക്ഷിതമായ ഇടപാടല്ല.

ayodhya-court

1528ൽ ബാബർ ചക്രവർത്തിയുടെ സേനാധിപൻ മീർബഖി സ്​ഥാപിച്ച മസ്​ജിദിൽ 1855വരെ ഒരു തർക്കവുമുണ്ടായിട്ടില്ലെന്ന് എല്ലാവരും സമ്മതിക്കുന്നു. സുന്നികളും ഹനുമാൻ ഗഢ്ഗിലെ ഭക്തരും തമ്മിൽ തർക്കമുണ്ടായപ്പോൾ അന്നത്തെ അവധ് നവാബ്​ വാജിദ് അലി ഷായാണ് പ്രശ്നം ഒത്തുതീർപ്പാക്കുന്നത്. 1859ൽ ബ്രിട്ടീഷ്​ ഭരണാധികാരികൾ പള്ളിക്കും പുറത്തെ ഛബുത്രക്കും ഇടയിൽ വേലി കെട്ടുന്നത് കുഴപ്പം ഒഴിവാക്കാനാണ്​. ഒരിക്കലും പള്ളിക്കകത്താണ് രാമ​ൻെറ ജന്മസ്​ഥലം കുടികൊള്ളുന്നതെന്ന് അയോധ്യയിലെ രാമഭക്തർ വാദിച്ചിട്ടില്ല. 1949ൽ മലയാളിയായ കെ.കെ നായർ എന്ന ജില്ല മജിസ്ട്രേറ്റും ഗരഖ്പൂരിലെ സ്വാമിമാരും ഹിന്ദുമഹാസഭയുടെ നേതാക്കളും ചേർന്നുണ്ടാക്കിയ ഗൂഢാലോചനയാണ് പള്ളിക്കകത്ത് ഡിസംബർ 23ന് രാത്രി രാമവിഗ്രഹം കൊണ്ടിടുന്നതിൽ കലാശിച്ചത്. അതോടെയാണ് ഫൈസാബാദ് കോടതി ഇത് തർക്കസ്​ഥലമായി പ്രഖ്യാപിക്കുന്നത്. എൺപതുകളുടെ രണ്ടാം പാദത്തിൽ, ഇന്ദിരാ ഗാന്ധിയുടെ വിയോഗം സൃഷ്​ടിച്ച രാഷ്ട്രീയപ്രതിസന്ധിഘട്ടത്തിൽ, ആ തർക്കം കുഴിമാടത്തിൽനിന്ന് കുത്തിപ്പൊക്കിയാണ് വി.എച്ച്.പി രാമക്ഷേത്ര പ്രക്ഷോഭത്തിന് തുടക്കം കുറിക്കുന്നത്.

വർഗീയ, വൈകാരിക വികാരം ഉദ്ദീപിപ്പിക്കാൻ രാമ​ൻെറ പേര് രാഷ്ട്രീയ ആയുധമാക്കി മാറ്റാം എന്ന് കണ്ടപ്പോഴാണ് 1989ലെ പാലംപൂർ സമ്മേളനത്തോടെ ബി.ജെ.പി രാഷ്ട്രീയ അജണ്ടയായി അതേറ്റെടുക്കുന്നത്. അവരുടെ പോരാട്ടം വിജയിച്ചുവെന്ന് സുപ്രീംകോടതി വിധി തെളിയിക്കുന്നു. കഷ്​ടനഷ്​ടങ്ങൾ പെരുത്തും സഹിച്ച മുസ്​ലിംകൾക്ക് അഞ്ചേക്കർ സ്​ഥലം പകരം ലഭിച്ചു. വരും ദിവസങ്ങളിൽ ഈ കോടതിവിധി നിഷ്​പക്ഷമായി അപഗ്രഥിക്കുന്നതോടെ, നമ്മുടെ മതേതര സംവിധാനത്തി​ൻെറ ആധാരശില എത്ര കണ്ട് ഭദ്രമാണെന്ന് വിലയിരുത്തപ്പെടാതിരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionayodhya casemalayalam newsarticlesBabari verdict
News Summary - Babari case verdict-Opinion
Next Story