ഭീകര വിരുദ്ധ യുദ്ധങ്ങള്‍കൊണ്ട് എന്തു നേടി?
text_fieldsനിരപരാധികളായ മനുഷ്യര്‍ പിടഞ്ഞു വീഴുകയോ ചിതറിത്തെറിക്കുകയോ ചെയ്യുന്ന ഭീകരാക്രമണങ്ങളുടെ വാര്‍ത്തകള്‍ കേട്ടാണ് ദിവസവും നാം ഉണരുന്നത്. ബഗ്ദാദില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ 213 പേരാണ് കൊല്ലപ്പെട്ടത്. പെരുന്നാള്‍ വസ്ത്രങ്ങള്‍ വാങ്ങാന്‍ വന്നവരാണ് ഇരകളായത്. അതിന് തൊട്ടു മുമ്പ് ബംഗ്ളാദേശില്‍ 20 പേര്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിലും ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിലും ചാവേറുകള്‍ എത്തി. പുണ്യഭൂമിയായ മദീനയില്‍ വരെ ഭീകരരത്തെി.
ഇറാഖ്, സിറിയ, അഫ്ഗാനിസ്താന്‍, പാകിസ്താന്‍, ലിബിയ, ലെബനാന്‍, യമന്‍, തുര്‍കി, ഫ്രാന്‍സ്, ബ്രസല്‍സ് തുടങ്ങി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ അടുത്തിടെയായി ഭീകരാക്രമണങ്ങള്‍ നടന്നു. അതിന്‍െറയെല്ലാം ഉത്തരവാദിത്തം ഐ.എസ് എന്ന ഭീകര സംഘം ഏറ്റെടുത്തതായും വാര്‍ത്തകള്‍ നമ്മകള്‍ കേള്‍ക്കുന്നു. അമേരിക്കയുടെ നേതൃത്വത്തില്‍ ഭീകര വിരുദ്ധ യുദ്ധം തുടങ്ങിയതിന് ശേഷമാണ് ഈ ആക്രമണങ്ങളൊക്കെ നടന്നത്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ചോദ്യം ഈ ഭീകര വിരുദ്ധ യുദ്ധങ്ങള്‍കൊണ്ട് ലോകത്തിന് എന്തു നേട്ടമുണ്ടായി എന്നാണ്?
രണ്ടു വര്‍ഷം മുമ്പു വരെ നമ്മളാരും അബൂബക്കര്‍ ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസിനെ കുറിച്ച് കേട്ടിട്ടുപോലുമില്ല. പൊടുന്നനെയാണ് ബഗ്ദാദിന്‍െറ തെരുവില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുന്നത്. ഈ സംഘമാണ് ഇപ്പോള്‍ ലോകത്തെ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ക്ക് മുമ്പ് അല്‍ഖാഇദയായിരുന്നു. അതിനും മുമ്പ് താലിബാനായിരുന്നു. റഷ്യ അഫ്ഗാനില്‍ അധിനിവേശം നടത്തിയപ്പോള്‍ അമേരിക്ക എല്ലാ അര്‍ഥത്തിലും പിന്തുണച്ചവരാണീ താലിബാന്‍കാര്‍. അങ്ങനെ ഭീകര സംഘങ്ങള്‍ മാറിമാറി വരുന്നു. ഈ സാഹചര്യത്തിലെങ്കിലും അമേരിക്കയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഭീകര വിരുദ്ധ യുദ്ധത്തിന്‍െറ ബാക്കി പത്രം എന്താണെന്ന് പരിശോധിക്കപ്പെടേണ്ടതില്ളേ?

2001 സെപ്റ്റംബര്‍ 11ന് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണത്തിന് ശേഷമാണ് അന്നത്തെ അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷ് ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുന്നത്. ഭീകരതക്കെതിരായ യുദ്ധം തുടങ്ങുന്നത് അല്‍ഖാഇദയില്‍ നിന്നാണെന്നും എന്നാല്‍ അത് അവിടെ അവസാനിക്കില്ളെന്നും അന്ന് അദ്ദേഹം അമേരിക്കന്‍ കോണ്‍ഗ്രസിന്‍െറ നടുത്തളത്തില്‍ നിന്നുകൊണ്ട് പ്രഖ്യാപിച്ചു. അവിടം മുതലാണ് വന്‍ സന്നാഹവും കാടിളക്കിയ പ്രചാരണവുമായി ഭീകര വിരുദ്ധ യുദ്ധം തുടങ്ങുന്നത്.
ലോകത്തെ ഏറ്റവും വലിയ ഭീകര ഭരണകൂടമാണ് ഭീകരതക്കെതിരെ യുദ്ധം പ്രഖ്യാപിച്ചതെന്ന തമാശ അവിടെ നില്‍ക്കട്ടെ. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം തന്നെ ദുരൂഹമാണെന്നും അമേരിക്കന്‍ ഭരണകൂടത്തിന്‍െറ അറിവോടെയാണിത് നടന്നതെന്നും പലരും ചൂണ്ടിക്കാട്ടിയതാണ്. ഏറ്റവും ഒടുവില്‍ സംഭവത്തിന് പിന്നില്‍ ബുഷ് ഭരണകൂടമായിരുന്നുവെന്ന് യു.എസ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്മെന്‍റ് ഏജന്‍സിയുടെ ഉദ്യോഗസ്ഥനായിരുന്ന കര്‍ട്ട് സോനന്‍ഫെല്‍ഡ് വെളിപ്പെടുത്തിയത് ജൂലൈ ഒന്നിനാണ്. ബ്രിട്ടനിലെ സണ്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്.

വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം നടന്നതിന് ശേഷം ഗ്രൗണ്ട് സീറോയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഇയാള്‍ക്ക് അനുവാദം നല്‍കിയിരുന്നു. എന്നാല്‍ ആ ദൃശ്യങ്ങള്‍ താന്‍ കൈമാറിയിട്ടില്ളെന്നും അമേരിക്കന്‍ ഭരണകൂടത്തിന് ഈ ആക്രമണത്തെക്കുറിച്ച് അറിയാമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. അല്‍പം കൂടി കടന്ന്, വിമാനം ഇടിക്കുകയോ അപകടമൊന്നും സംഭവിക്കുകയോ ചെയ്യാത്ത ‘വേള്‍ഡ് ട്രേഡ് സെന്‍റര്‍ 7’ എന്ന 47 നിലയുള്ള കെട്ടിടം 6.5 സെക്കന്‍ഡിനുള്ളില്‍ അത് നില്‍ക്കുന്നിടത്ത് തന്നെ കൃത്യമായി തകര്‍ന്നുവീണതെങ്ങനെയെന്നും അദ്ദേഹം ചോദിക്കുന്നു. ഇതിന് പുറമെ അന്ന് തകര്‍ന്ന ‘വേള്‍ഡ് ട്രേഡ് സെന്‍റര്‍ 4ല്‍’ ഒരു വാതിലിന്‍െറ കുറ്റിക്ക് ഒരു കുഴപ്പവും സംഭവിക്കാതെ അവശേഷിച്ചിരുന്നു. അതാരോ തുറക്കാന്‍ ശ്രമിച്ചതായും വ്യക്തമായിരുന്നു. ആ വാതിലിന് പിറകില്‍ ആയിരക്കണക്കിന് കിലോ സ്വര്‍ണവും വെള്ളിയുമായിരുന്നുവെന്ന വിവരം പുറത്തു വിട്ടത് ന്യൂയോര്‍ക് ടൈംസാണ്.
നമുക്ക് ഇതൊക്കെ വിടാം. ഇത്തരം സംശയങ്ങളും ചോദ്യങ്ങളും ഇപ്പോഴും അന്തരീക്ഷത്തില്‍ തങ്ങി നില്‍ക്കുന്നുണ്ട്. ദുരൂഹമായി തന്നെ അത് തുടരുകയും ചെയ്യും. ഏതായാലും 15 വര്‍ഷമായി ഈ യുദ്ധം തുടങ്ങിയിട്ട്. ഒരു യുദ്ധത്തിന്‍െറ ജയപരാജയങ്ങള്‍ പരിശോധിക്കാന്‍ ഈ കാലയളവ് ധാരാളം. ഏകദേശം ചെലവായ തുക 4.4 ട്രില്യന്‍ ഡോളറാണ്. ഒരു ട്രില്യന്‍ എന്നു പറഞ്ഞാല്‍ ഒരു ലക്ഷം കോടിയാണ്. ബാക്കി കണക്കു കൂട്ടുക. 2015 ഒടുവിലത്തെ കണക്കാണിത്. ഈ വര്‍ഷത്തെ കൂടി കൂട്ടുമ്പോള്‍ തുക ഇനിയും ഉയരും. ലക്ഷക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അതില്‍ നിരപരാധികളും കുട്ടികളും സ്ത്രീകളുമുണ്ട്.

ആളില്ലാ വിമാനമായ ഡ്രോണ്‍ ഉപയോഗിച്ച് അമേരിക്ക നടത്തിയ ആക്രമണങ്ങളില്‍ മാത്രം പാകിസതാന്‍, സോമാലിയ, ലിബിയ, ഇറാഖ്, സിറിയ, അഫ്ഗാന്‍ എന്നിവിടങ്ങളിലായി 2,561 പേര്‍ കൊല്ലപ്പെട്ടതായി ഒബാമ ഭരണ കൂടം തന്നെ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരിക്കുന്നു. അമേരിക്കയിലെ എല്ലാ മാധ്യമങ്ങളും ഈ വാര്‍ത്ത പ്രസിദ്ധീകരിക്കുകയും ചെയ്തു. 2009 മുതലുള്ള കണക്കാണിത്. ഇതില്‍ യുദ്ധ മേഖലയിലുള്ള കണക്ക് ഉള്‍പ്പെട്ടിട്ടില്ല. അതും കൂടി വരുമ്പോള്‍ മരിച്ചവരുടെ എണ്ണം ഇനിയും എത്രയോ ഇരട്ടിയാകും. ഭീകര വിരുദ്ധ യുദ്ധം തുടങ്ങിയതിന് ശേഷം തീവ്രവാദ സംഭവങ്ങളില്‍ 4500 ശതമാനം വര്‍ധനവുണ്ടായിയെന്നാണ് അമേരിക്ക തന്നെ പറയുന്നത്. 2002 മുതല്‍ 2014 വരെയുള്ള കണക്കാണിത്.
2003ലാണ് ഇറാഖില്‍ അമേരിക്കന്‍ അധിനിവേശം നടക്കുന്നത്. സദ്ദാം ഹുസൈന്‍െറ കീഴില്‍ കൂട്ട നശീകരണായുധ ശേഷിയുള്ള ആയുധങ്ങളുണ്ടെന്ന് ലോകത്തെ വിശ്വസിപ്പിച്ച് അതില്ളെന്നറിഞ്ഞിട്ടും അമേരിക്കന്‍ പട്ടാളം ഇറാഖിനെ ചുടല പറമ്പാക്കി. സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങള്‍ മരിച്ചു. സദ്ദാമിനെ തൂക്കിലേറ്റി. പിന്നീടുള്ള ഇറാഖിന്‍െറ ചരിത്രം എന്താണ്? 2003ന് മുമ്പ് ഇറാഖില്‍ എത്ര ചാവേര്‍ സ്ഫോടനങ്ങള്‍ നടന്നുവെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? കണക്കുകള്‍ കേട്ടാല്‍ നമ്മള്‍ ഞെട്ടും. കാരണം മരുന്നിന് ഒന്നു പോലും നടന്നതായി രേഖപ്പെടുത്തപെട്ടിട്ടില്ല എന്നത് തന്നെ. എന്നാല്‍ അധിനിവേശാനന്തര ഇറാഖിന്‍െറ സ്ഥിതിയെന്താണ്. 1892 ചാവേര്‍ സ്ഫോടനങ്ങളാണ് അവിടെ നടന്നത്. ഇതില്‍ കൊല്ലപ്പെട്ടത് 20000 ലധികം പേര്‍. അഫ്ഗാനില്‍ 2014ല്‍ മാത്രം 2643 അക്രമ സംഭവങ്ങളാണുണ്ടായത്. 2001ല്‍ തന്നെ ആദ്യം പോരാളികളും പിന്നീട് തീവ്രവാദ സംഘമെന്നും വിശേഷണം ചാര്‍ത്തപ്പെട്ട താലിബാനെ നിഷ്കാസനം ചെയ്ത നാട്ടിലാണിതെന്നു കൂടി ആലോചിക്കണം.

2001ല്‍ നിന്ന് 14 വര്‍ഷം പിറകോട്ട് പോയാല്‍ 1987ല്‍ പാകിസ്താനില്‍ ഒരു ചാവേര്‍ സ്ഫോടനം മാത്രമാണുണ്ടായതെന്നാണ് ലഭ്യമായ വിവരങ്ങള്‍. എന്നാല്‍ 2001ന് ശേഷമുള്ള 14 വര്‍ഷം കഴിഞ്ഞപ്പോള്‍ 486 ചാവേര്‍ സ്ഫോടനങ്ങളാണ് പാകിസ്താന്‍െറ വിവിധ ഭാഗങ്ങളിലുണ്ടായത്. ചിതറിത്തെറിച്ചത് 6000 പേരുടെ ശരീരങ്ങളാണ്. ജീവഛവമായി ജീവിക്കുന്നവര്‍ വേറെ. 2001 മുതല്‍ 2015 വരെ ഇതര രാജ്യങ്ങളില്‍ തീവ്രവാദ ആക്രമണങ്ങളുണ്ടായതിന്‍െറ കണക്കുകള്‍ ഇപ്രകാരമാണ്. സോമാലിയ 88, യമന്‍ 85, ലിബിയ 29, നൈജീരിയ 91, സിറിയ 165. ഭീകര വിരുദ്ധ പോരാട്ടം കൊണ്ട് ലോകത്ത അസമാധാനവും ഭീകരാക്രമണങ്ങളും കൂടിയന്നല്ലാതെ മറ്റൊരു ഗുണവുമുണ്ടായിട്ടില്ളെന്ന് ഈ കണക്കുകള്‍ നമ്മോട് പറയുന്നു.
ഓരോ തീവ്രസംഘങ്ങളുമുണ്ടാകുമ്പോള്‍ ആക്രമണങ്ങള്‍ മുറുകുന്നു. അവരെ തുരത്തിയെന്ന് അമേരിക്ക തന്നെ ലോകത്തെ അറിയിക്കുന്നു. എന്നാല്‍ തൊട്ടുടനെ അടുത്ത സംഘങ്ങളുണ്ടാവുന്നു. ഏറ്റവും ഒടുവില്‍ ഐ.എസിനെ നേരിടാന്‍ അല്‍ഖാഇദ പോരാളികളെ ഉപയോഗിക്കണമെന്ന് പറഞ്ഞത് മറ്റാരുമല്ല, അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സി.ഐ.എയുടെ മുന്‍ തലവനായ ഡേവിഡ് പെട്രോസാണ് എന്നതാണ് തമാശ. വെറുതെ പറയുകയല്ല അദ്ദേഹം ചെയ്തത്. അമേരിക്ക ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. സിറിയയിലുള്ള അല്‍ഖാഇദ നുസ്റ ഫ്രണ്ടിനെയാണ് വിളിക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അതിനദ്ദേഹം പറഞ്ഞ കാരണം അവര്‍ മിതവാദികളായ അല്‍ഖാഇദക്കാരാണെന്നാണ്. അപ്പോള്‍ അമേരിക്കക്ക് ആവശ്യമുണ്ടാകുമ്പോള്‍ അല്‍ഖാഇദയിലും മിതവാദികളുണ്ടാവുന്നു. അല്‍ഖാഇദ എന്ന ഭീകര സംഘം അഫ്ഗാന്‍ മലമടക്കുകള്‍ കേന്ദ്രമായാണ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് പ്രചരിപ്പിക്കപ്പെട്ടത്. വേള്‍ഡ് ട്രേഡ് സെന്‍റര്‍ ആക്രമണം അവര്‍ നടത്തിയതാണെന്നും ബുഷ് ഭരണകൂടം അസന്നിഗ്ധമായി പ്രഖ്യാപിച്ചു.

അല്‍ഖാഇദയെയും ഉസാമ ബിന്‍ലാദനെയും നശിപ്പിക്കുന്നതിന് വേണ്ടിയാണ് ഭീകര വിരുദ്ധപോരാട്ടം തന്നെ തുടങ്ങിയത്. എന്നാല്‍, അഫ്ഗാനില്‍ അമേരിക്ക തന്നെ കുടിയിരുത്തിയ അന്നത്തെ പ്രസിഡന്‍റ് ഹാമിദ് കര്‍സായി വര്‍ഷങ്ങള്‍ നീണ്ട ഭരണത്തിനൊടുവില്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍ അല്‍ഖാഇദ എന്നത് ഒരു കാല്‍പനിക കഥയാണെന്നാണ് വിശ്വസിക്കുന്നതെന്നും അങ്ങനെയൊരു വിഭാഗം അഫ്ഗാനില്‍ പ്രവര്‍ത്തിച്ചിരുന്നതായി തന്‍െറ ഭരണകാലത്ത് ഒരു റിപ്പോര്‍ട്ട് പോലും ലഭിച്ചിട്ടില്ളെന്നും തുറന്നു സമ്മതിച്ചിരുന്നു. അല്‍ഖാഇദയുടെ കേന്ദ്രമെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ട ഒരു രാജ്യത്ത് ഒമ്പത് വര്‍ഷത്തില്‍ കൂടുതല്‍ അധികാരത്തിലിരുന്ന ഒരു പ്രസിഡന്‍റാണിത് പറയുന്നതെന്നോര്‍ക്കണം. അപ്പോള്‍ ഇതൊക്കെയാണ് ഭീകര വിരുദ്ധ യുദ്ധത്തിന്‍െറ പുതിയ വര്‍ത്തമാനങ്ങള്‍. ഈ പുകമറക്കുള്ളില്‍ നിന്നുകൊണ്ട് ഏത് രാജ്യത്തെയും അവര്‍ ആക്രമിക്കും. നിരപരാധികളായ കുഞ്ഞുങ്ങളെയും സ്ത്രീകളെയും ബോംബിട്ട് കൊല്ലും. ആ കണക്കുകള്‍ ലക്ഷങ്ങള്‍ക്കും മേലെയാണ്. അത് നിസ്സംഗമായി നോക്കി നില്‍ക്കുന്ന ലോകം ബോംബുകള്‍ തീമഴ പെയ്യുന്ന മണ്ണില്‍ ദുരൂഹമായി മുളപൊട്ടുന്ന തീവ്രസംഘങ്ങളോടൊപ്പം ചേര്‍ന്ന് ചിലര്‍ നടത്തുന്ന ചെയ്തികളെ കുറിച്ചോര്‍ത്ത് നടുക്കം രേഖപ്പെടുത്തും. അതിനെല്ലാം കാരണം മതമാണെന്ന് വരെ കവടി നിരത്തി കണ്ടു പിടിക്കും. അപ്പോഴും തെരുവകളില്‍ കബന്ധങ്ങള്‍ വീണുകൊണ്ടേയിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
