സന്നദ്ധ സംഘങ്ങൾക്കുമേൽ കേന്ദ്രത്തിന്‍റെ ബുൾഡോസർ
text_fieldsലഡാക്കിന്റെ പരിസ്ഥിതിക്കും സ്വയംഭരണത്തിനും വേണ്ടി ശബ്ദമുയർത്തിയ, കേന്ദ്രസർക്കാർ നയങ്ങളോട് പലപ്പോഴും ചേർന്നുനിന്നിട്ടുള്ള അന്തർദേശീയ പ്രസിദ്ധനായ വിദ്യാഭ്യാസ വിചക്ഷണൻ സോനം വാങ്ചുക്കിന് കാരാഗൃഹത്തിലേക്ക് സർക്കാർ വഴിതുറന്നത് വിദേശ സംഭാവന നിയന്ത്രണ ബില്ലിലെ (FCRA) ചില വകുപ്പുകളുടെ ‘സാധ്യത’ ഉപയോഗിച്ചുകൊണ്ടായിരുന്നു. ലഡാക്കിൽ കേന്ദ്ര സർക്കാർ താൽപര്യങ്ങൾക്കെതിരെ നിലപാടെടുക്കുകയും ജനകീയ പ്രക്ഷോഭത്തിന് പിന്തുണക്കുകയും ചെയ്തതോടെ ‘രാജ്യദ്രോഹ പ്രവർത്തന’ത്തിന് വിദേശഫണ്ട് ദുരുപയോഗം ചെയ്തു എന്ന് ആരോപിച്ച് കുരുക്കിലാക്കുകയായിരുന്നു. 2020 ലെ നിയമഭേദഗതിയാണ് വാങ്ചുക്കിനെ കുടുക്കിയതെങ്കിൽ അതിനേക്കാൾ കരാളമായ നിയമനിർമാണവുമായി കേന്ദ്രസർക്കാർ മുന്നോട്ടുവന്നിരിക്കുകയാണിപ്പോൾ. ലോക്സഭയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായി കഴിഞ്ഞ ദിവസം അവതരിപ്പിച്ച നിയമഭേദഗതികൾ സഭ നടപടികൾ പൂർത്തിയാക്കി നിയമമാകുന്നതോടെ സന്നദ്ധസംഘങ്ങളെ ഞെരിച്ചൊതുക്കാൻ പാകത്തിന് മൂർച്ചയേറിയ തേറ്റകളുള്ള മറ്റൊരു ഡ്രാകോണിയൻ നിയമംകൂടി പ്രാബല്യത്തിൽ വരും.
രാജ്യത്തെ സർക്കാറേതര സന്നദ്ധസംഘടന (എൻ.ജി.ഒ) പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന വിദേശ സംഭാവന നിയന്ത്രണനിയമ (എഫ്.സി.ആർ.എ) ത്തിൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ ഭേദഗതികൾ ജനാധിപത്യപരമായ വിയോജിപ്പുകളെ അടിച്ചമർത്താനും പൗരസമൂഹ സ്വാതന്ത്ര്യം തടയാനും ഇടയാക്കുമെന്ന ആശങ്കകളെ ബലപ്പെടുത്തുന്നു, ഭേദഗതിബിൽ അവതരിപ്പിച്ച ആഭ്യന്തര സഹമന്ത്രിയുടെ വാക്കുകൾ. നിലവിലെ നിയമത്തിൽ നിർബന്ധിത മതപരിവർത്തനത്തിനും രാജ്യതാൽപര്യത്തിന്റെ ആത്മാവിനു വിരുദ്ധമായ പ്രവർത്തനങ്ങൾക്കുമായി വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന സംഘടനകൾക്കെതിരെ നടപടിയെടുക്കാൻ ചില വിടവുകളുണ്ട്. ഈ മാറ്റങ്ങൾ സർക്കാറിനെ അതില്ലാതാക്കാൻ പ്രാപ്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്രൂരവും അപകടകരവും അതിലുപരി ഭരണഘടന നൽകുന്ന പൗരസ്വാതന്ത്ര്യത്തിന്‍റെ ലംഘനവുമാണ് പുതിയ ഭേദഗതിയെന്ന പ്രതിപക്ഷ വിമർശനത്തെ ശരിവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി-‘‘അതേ, ഈ ഭേദഗതികൾ അപകടകരം തന്നെയാണ്. പക്ഷേ, അത് നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കും വിദേശ ഫണ്ടുകൾ ദുരുപയോഗം ചെയ്ത് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കുമാണ്’’.
പുതിയ ഭേദഗതിപ്രകാരം, സന്നദ്ധസംഘങ്ങളുടെ എഫ്.സി.ആർ.എ അനുമതി റദ്ദാക്കപ്പെടുകയോ പുതുക്കപ്പെടാതിരിക്കുകയോ ചെയ്യുന്നതോടെ ‘പൊതുതാൽപര്യാർഥം’ ബാങ്ക് അക്കൗണ്ടുകൾ, പ്രവർത്തനങ്ങൾ, സ്ഥാപനങ്ങൾ, സ്ഥാവര ജംഗമ സ്വത്തുക്കൾ എന്നിവയുടെ നിയന്ത്രണം ഏറ്റെടുക്കാനും അവരുടെ ആസ്തികൾ കണ്ടുകെട്ടാനും ഒരു പ്രത്യേക അതോറിറ്റിയെ നിയമിക്കാൻ കേന്ദ്ര സർക്കാറിന് അധികാരം ലഭിക്കുന്നു. പുതിയ രജിസ്ട്രേഷൻ ലഭിച്ചിട്ടില്ലെങ്കിൽ കണ്ടുകെട്ടിയ സ്വത്തുക്കളെല്ലാം സ്ഥിരസ്വഭാവത്തോടെ വിൽക്കുകയോ സർക്കാർ സംവിധാനങ്ങൾക്ക് കൈമാറുകയോ ചെയ്യാം. വിദേശസഹായത്തിലുള്ള ആസ്തികളുടെ ഇടപാടുകൾ കേന്ദ്രത്തിന്‍റെ മുൻകൂർ അനുമതിയില്ലാതെ അനുവദിക്കില്ല. സർക്കാർ ആവശ്യപ്പെടുമ്പോൾ സംഘടനയുടെ ഭാരവാഹികൾ കെട്ടിടങ്ങളും സ്വത്തുവഹകളും രേഖകളും സർക്കാറിന് കൈമാറണം. കേന്ദ്രം നിശ്ചയിക്കുന്ന സമയപരിധിക്കുള്ളിൽ അനുമതി പുതുക്കിയില്ലെങ്കിൽ ആസ്തികൾ സ്ഥിരമായി അതോറിറ്റിയിൽ നിക്ഷിപ്തമാവുകയും ചെയ്യും. സ്വത്തവകാശം സംബന്ധിച്ച ആർട്ടിക്കിൾ 300-എക്ക് വിരുദ്ധമായ ഈ ഭേദഗതികൾക്ക് ഭരണഘടനപരമായ അംഗീകാരം ലഭിക്കുമോ എന്ന കാര്യത്തിൽ നിയമജ്ഞർക്ക് സംശയമുണ്ട്. പാർലമെന്റിന്റെ മേൽനോട്ടമില്ലാതെ തന്നെ ചട്ടങ്ങൾ രൂപവത്കരിക്കാനും ആസ്തികൾ കൈകാര്യം ചെയ്യാനും സർക്കാറിന് അമിതാധികാരം നൽകുന്ന പുതിയ ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും പ്രതിപക്ഷം ശക്തമായി വാദിക്കുന്നു.
അധികാരത്തിലേറിയ കാലം മുതൽ തന്നെ സന്നദ്ധസംഘടനകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ മോദി സർക്കാർ ബദ്ധശ്രദ്ധ പുലർത്തിയിട്ടുണ്ട്. 2010 ലെ നിയമത്തെ ഫണ്ട് വിനിയോഗത്തിന്‍റെ സുതാര്യത ഉറപ്പാക്കുക, ദുരുപയോഗം തടയുക എന്നീ ന്യായങ്ങളുടെ പേരിൽ ബി.ജെ.പി സർക്കാർ 2016, 2018, 2020 വർഷങ്ങളിൽ ഭേദഗതികൾ വരുത്തി നിലവിൽതന്നെ കർശനമാക്കിയിട്ടുണ്ട്. 2012ന് ശേഷം ഇതുവരെ 20,711 സംഘടനകളുടെ വിദേശ സംഭാവനാനുമതി റദ്ദാക്കപ്പെട്ടുകഴിഞ്ഞു. നിലവിൽ 16,026 സംഘടനകൾക്ക് മാത്രമാണ് എഫ്.സി.ആർ.എ ലൈസൻസുള്ളത്. എന്നാൽ, സർക്കാറിന് താൽപര്യമുള്ള സന്നദ്ധസംഘങ്ങൾക്ക് ഇളവുകൾ നൽകുന്ന ഇരട്ടത്താപ്പ് നിയമഭേദഗതിയിൽ അടങ്ങിയിരിക്കുന്നു. വിദേശ കമ്പനിയുടെ ഇന്ത്യൻ അനുബന്ധസ്ഥാപനത്തിൽ ഇന്ത്യക്കാരൻ 50 ശതമാനം അല്ലെങ്കിൽ അതിൽ കൂടുതൽ ഓഹരികൾ കൈവശം വെച്ചിരിക്കുന്ന വിദേശകമ്പനികളിൽനിന്ന് രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ട് സ്വീകരിക്കാൻ വഴിയൊരുക്കിയ 2020ലെ ഭേദഗതിക്ക് തത്തുല്യമായി സ്വത്ത് കണ്ടുകെട്ടാൻ അനിയന്ത്രിതാധികാരം കേന്ദ്രം നിയമപരമാക്കുമ്പോൾ തന്നെ ഫണ്ട് ദുരുപയോഗത്തിന് പിടിക്കപ്പെടുന്ന സംഘടനകളുടെ ചുമതലക്കാരുടെ തടവുശിക്ഷ അഞ്ചുവർഷത്തിൽ നിന്ന് ഒരു വർഷമാക്കി ചുരുക്കാനും തീരുമാനിച്ചിരിക്കുന്നു. സ്വന്തക്കാരെ വേഗത്തിൽ പുറത്താക്കാനും അനിഷ്ടക്കാരെ ഒരു തടസ്സവുമില്ലാതെ പാപ്പരാക്കാനും കഴിയുന്ന ഈ ഭേദഗതികൾ ജനാധിപത്യത്തിന്റെ അന്തസ്സത്തക്ക് വിരുദ്ധമാണ്. സർക്കാറിന്റെ പ്രത്യയശാസ്ത്രങ്ങളോട് വിയോജിക്കുന്നവരെ ലക്ഷ്യം വെച്ചുള്ള നിയമപരമായ ബുൾഡോസറാണ് ഈ നിയമ നിർമാണത്തിലൂടെ ഉരുവപ്പെടുന്നത്. ക്രൈസ്തവ, മുസ്‍ലിം മതവിഭാഗങ്ങളിലെ സന്നദ്ധസംഘങ്ങൾ അവരുടെ സാമൂഹിക, വിദ്യാഭ്യാസ, ജനസേവന പ്രവർത്തനങ്ങളെല്ലാം എപ്പോഴും സർക്കാറിന്‍റെ ദാക്ഷിണ്യത്തിലോ കടുത്ത നിയന്ത്രണത്തിലോ വിധേയമാകാൻ നിർബന്ധിതമാവുകയാണ്. വിയോജിപ്പുകളെ അടിച്ചമർത്താനുള്ള ഒരു രാഷ്ട്രീയായുധമായി എഫ്.സി.ആർ.എ മാറുന്നുവെന്നത് ഗൗരവതരമായ സ്ഥിതിവിശേഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

