Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightകൈക്കൂലി പിടിച്ചതിന്...

കൈക്കൂലി പിടിച്ചതിന് കണ്ണാടി തല്ലിപ്പൊളിക്കുന്നവർ

text_fields
bookmark_border
കൈക്കൂലി പിടിച്ചതിന് കണ്ണാടി തല്ലിപ്പൊളിക്കുന്നവർ
cancel

മുൻകാല നിയമസഭാ തെരഞ്ഞെടുപ്പുകളിൽനിന്ന് വ്യത്യസ്തമായി, വോട്ടെടുപ്പ് കഴിഞ്ഞതോടെ വിവിധ മുന്നണികളുടെയും നേതാക്കളുടെയും അനുയായികൾ ചില മാധ്യമ സ്ഥാപനങ്ങളെയും മാധ്യമപ്രവർത്തകരെയും ഉന്നമിട്ട് വ്യാപകമായ വിദ്വേഷ പ്രചാരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഓൺലൈനിലും ഓഫ്​ലൈനിലുമായി നടക്കുന്ന ഈ ആക്രമണം കേരളം പുലർത്തിപ്പോരുന്ന ജനാധിപത്യ പക്വതക്ക് ഒട്ടും യോജിച്ചതല്ല എന്ന് ആദ്യമേ പറയട്ടെ.

പണം നൽകി വോട്ട് വാങ്ങുക എന്നത് ജനാധിപത്യ സങ്കൽപത്തിന്റെ അട്ടിമറിയാണ്. വോട്ടർമാർക്ക് പണം നൽകി വോട്ട് വാങ്ങിയും എം.എൽ.എമാർക്ക് പണം നൽകി സഭയിൽ ഭൂരിപക്ഷം ഒപ്പിച്ചുമെല്ലാം രാജ്യത്തിന്റെ പല കോണുകളിൽ ഈ അട്ടിമറി അരങ്ങേറുന്നുണ്ട്. ആ പ്രവണതയോട് ‘നോ’ പറയുന്ന ജനത എന്നാണ് നമ്മൾ അഭിമാനപുരസ്സരം വിശ്വസിച്ചിരുന്നത്. സൂപ്പർ മാർക്കറ്റിലെ ഡിസ്‌കൗണ്ട് കാർഡിൽ പ്രലോഭിപ്പിച്ച് ജനങ്ങളുടെ വോട്ട് തട്ടിക്കാൻ നോക്കിയ വ്യവസായഗ്രൂപ്പിന്റെ അരാഷ്ട്രീയപാർട്ടിയെ പഞ്ചായത്ത് ഭരണത്തിൽനിന്നുപോലും ഇറക്കിവിടാൻ ഇവിടത്തെ ജനങ്ങൾ ജാഗ്രത കാണിച്ചു. അതിനിടയിലാണ് പണം നൽകി വോട്ട് സമാഹരിക്കാം എന്ന വ്യാമോഹവുമായി ഇക്കുറി ചിലർ സ്ഥാനാർഥി വേഷമണിഞ്ഞ് വന്നത്. ഏത് അഹിത മാർഗങ്ങൾ വഴിയും ജയം ഉറപ്പിക്കണമെന്ന കേന്ദ്രത്തിലെ ‘ബഡാ’ നേതാക്കളുടെ ഉപദേശപ്രകാരമാവാം, മറയില്ലാത്ത വർഗീയ പ്രചാരണങ്ങൾക്ക് പിന്നാലെ ഭക്ഷണക്കിറ്റും നോട്ടുകെട്ടുകളുമായി അവർ വോട്ടർമാരെ തേടി ഇറങ്ങിയത്.

ഇരിക്കുന്ന പദവിയുടെ അന്തസ്സും ഭരണഘടനയുടെ മൂല്യങ്ങളും അറിയുന്നവർ തെരഞ്ഞെടുപ്പ് കമീഷനിൽ ഉണ്ടായിരുന്നുവെങ്കിൽ, വർഗീയ പ്രചാരണങ്ങളുടെ പേരിൽത്തന്നെ അയോഗ്യരാക്കപ്പെടാൻ പോന്നവരായിരുന്നു പല സ്ഥാനാർഥികളും. കൊടിയ വർഗീയത വിളമ്പിയവരെ തടയാൻ വൈമുഖ്യം കാണിച്ച കേന്ദ്രകമീഷനെയാവാം സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനും മാതൃകയാക്കിയത്. വോട്ട് പിടിക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ കിറ്റുകൾ പിടിച്ചെടുത്തിട്ടും അതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. അതോടെയാവാം പണവും പാരിതോഷികങ്ങളും നൽകാൻ സ്ഥാനാർഥികൾക്ക് ധൈര്യം ഇരട്ടിച്ചത്. എന്തുതന്നെയായാലും പാലക്കാട് മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർഥിയുടെ പണവിതരണം വ്യക്തമായി കാമറയിൽ കുടുങ്ങി. പെരുമാറ്റച്ചട്ട ലംഘനം പിടിക്കാൻ കാമറ ഘടിപ്പിച്ച വാഹനങ്ങളുമായി സംസ്ഥാനമൊട്ടുക്ക് ചുറ്റിനടന്ന തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യേണ്ടിയിരുന്ന ജോലി മറ്റാരോ ചെയ്തു; ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് ലഭ്യമായി. ജനാധിപത്യത്തിന്റെ കാവൽജോലിക്കാരായ മാധ്യമങ്ങൾ ഒന്നടങ്കം വാർത്ത നൽകി.

ഇതിൽ കുപിതയായ സ്ഥാനാർഥിയും പരിവാരങ്ങളും വാർത്ത ആദ്യമായി പുറത്തുവിട്ട ‘മീഡിയവൺ’ റിപ്പോർട്ടർ സാജിദ് അജ്മലിനെതിരെ കടുത്ത ഭീഷണിയുമായി ഇറങ്ങിയിരിക്കുകയാണ്. കണ്ണാടി ഗ്രാമത്തിലെ വോട്ടിന് കൈക്കൂലി എപ്പിസോഡ് പുറത്തുകൊണ്ടുവന്ന കണ്ണാടി തല്ലിപ്പൊളിക്കാൻ ഒരുമ്പെടുന്നു അവർ. തങ്ങൾക്ക് ഇഷ്ടമില്ലാത്ത വാർത്ത നൽകുന്നവരെ കള്ളക്കേസിൽ കുടുക്കുകയും കായികമായി നേരിടുകയും ചെയ്യുന്ന ഉത്തരേന്ത്യൻ സംഘ്പരിവാർ ശൈലി കേരളത്തിലും ആവർത്തിക്കാനുള്ള പുറപ്പാടാവാം അത്. ആ നീക്കം ചെറുക്കാൻ പൗരസമൂഹവും നിയമ-നീതിപാലനസംവിധാനങ്ങളും മുന്നിട്ടിറങ്ങേണ്ടതുണ്ട്.

സംസ്ഥാനത്തെ ഭരണമുന്നണിയുടെ രീതിയെ ഒരു ചാനൽ ചർച്ചയിൽ വിമർശിച്ചു എന്നതിന്റെ പേരിൽ മാധ്യമപ്രവർത്തക സ്മൃതി പരുത്തിക്കാടിനെതിരെ സൈബർ സ്പേസിൽ നടക്കുന്ന സംഘടിത അധിക്ഷേപങ്ങൾ മര്യാദയുടെ സകല അതിരുകളെയും ലംഘിച്ചിരിക്കുന്നു. തെരഞ്ഞെടുപ്പ് ദിവസം രാത്രി വരെ സ്ത്രീ സുരക്ഷയെക്കുറിച്ചുള്ള പോസ്റ്റുകളും കാപ്സ്യൂളുകളും പ്രചരിപ്പിച്ചവരാണ് നേരം ഇരുട്ടിയതോടെ ഒരു വനിതക്കെതിരെ അപവാദങ്ങളുമായി ഓരിയിടുന്നത്.

സർക്കാറിന്റെ നയങ്ങളെ അനുകൂലിച്ചും എതിർത്തും ചാനൽ ഫ്ലോറുകളിൽനിന്ന് ശബ്ദങ്ങളുയരും, പത്രങ്ങളിൽ വാർത്തകൾ വരും. അഭിപ്രായസ്വാതന്ത്ര്യം ആരുടെയും ഔദാര്യമല്ല, ജനാധിപത്യ ഇന്ത്യയുടെ ഭരണഘടന നൽകുന്ന അവകാശമാണ്. ഭരണകൂട വാഴ്ത്തുകൾ മാത്രമേ സംപ്രേഷണം ചെയ്യാവൂ എന്ന സംഘ്പരിവാർ ശാഠ്യത്തിന്റെ കേരള എഡിഷൻ ആവരുതെന്ന് മുന്നണി നേതാക്കൾ അണികളെ പറഞ്ഞു മനസ്സിലാക്കണം.

പ്രതിപക്ഷ മുന്നണി പ്രവർത്തകരും മതസംഘടനകളുമൊന്നും ഇതിന് അപവാദമല്ല. ഈ തെരഞ്ഞെടുപ്പുകാലത്ത് പാർട്ടി മാറി യു.ഡി.എഫ് പാളയത്തിലെത്തിയ ഒരു സ്ഥാനാർഥി, തന്റെ ഉത്തരംമുട്ടിക്കുന്ന ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയോട് ലവലേശം മര്യാദയില്ലാതെ പ്രതികരിക്കുന്നത് നാം കണ്ടതാണ്. മാധ്യമങ്ങൾ സമ്പൂർണ ശരിയോ വിമർശനങ്ങൾക്ക് അതീതരോ ഒന്നുമല്ല. പക്ഷേ, ഇഷ്ടമില്ലാത്ത മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും വളഞ്ഞിട്ട് ആക്രമിക്കുന്ന രീതി ആരുടെ ഭാഗത്തുനിന്നായാലും വകവെച്ചുകൊടുക്കാനാവില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electioneditorialopinionassembly election
News Summary - People who break mirrors to take bribes
Next Story