Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightഇരകൾ കുഞ്ഞുങ്ങൾ

ഇരകൾ കുഞ്ഞുങ്ങൾ

text_fields
bookmark_border
ഇരകൾ കുഞ്ഞുങ്ങൾ
cancel

കഴിഞ്ഞ വർഷം, 2025ൽ, ലോകത്തു നടന്ന സായുധ സംഘർഷങ്ങളിൽ കാൽ ലക്ഷത്തോളം കുഞ്ഞുങ്ങളെ ബാധിച്ചതായി ​ഐക്യരാഷ്​ട്രസഭയുടെ റിപ്പോർട്ട്. ലോകത്തുടനീളം നടന്ന 38,558 അതിക്രമങ്ങളിൽ 24,174 കുട്ടികൾ ഇരയായെന്ന്, സായുധ സംഘർഷങ്ങളിലെ കുഞ്ഞുങ്ങൾക്കെതിരായ അതിക്രമം കുറക്കാൻ രൂപവത്കരിച്ച സമിതിയുടെ ഏറ്റവും ഒടുവിലത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നു. 14,224 കുഞ്ഞുങ്ങൾ കൊലക്കും ഗുരുതരമായ അംഗഭംഗത്തിനും വിധേയരായി. ഇതിൽ പകുതിയോളം ഫലസ്തീനിലായിരുന്നു. കഴിഞ്ഞ മുപ്പതുവർഷത്തിനിടെ നടന്ന ഏറ്റവും ഉയർന്ന അത്യാഹിത നിരക്കാണ് ഇതെന്ന് സമിതി ചൂണ്ടിക്കാണിക്കുന്നു. ഭരണകൂടമാണ് കഴിഞ്ഞവർഷ​ത്തെ മുഖ്യപ്രതി എന്ന അനിതര സാധാരണ വസ്തുതയും റിപ്പോർട്ടിൽ എടുത്തുപറയുന്നു. ഫലസ്തീൻ കഴിച്ചാൽ പിന്നെ കോംഗോ, നൈജീരിയ, മ്യാന്മർ, സോമാലിയ എന്നിവയാണ് തൊട്ടടുത്ത രാജ്യങ്ങൾ.

യുദ്ധത്തിലും സംഘർഷങ്ങളിലുമൊക്കെ ആദ്യമായും ഏറ്റവും കൂടുതലായും ഇരകളാകുന്നത് സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. ഈ വസ്തുത മനസ്സിലാക്കി അവർക്കായി കൂടുതൽ കരുതൽ സൃഷ്ടിക്കാനാവുമോ എന്ന​ു മുപ്പതു വർഷം മുമ്പ് നടത്തിയ പരീക്ഷണമായിരുന്നു സായുധ സംഘർഷങ്ങളിലെ കുട്ടികളുടെ കണക്കെടുപ്പ്. അതിനായി 1996ൽ രൂപം കൊടുത്ത പ്രത്യേക വേദിയാണ് ബുധനാഴ്ച നടേ പറഞ്ഞ റിപ്പോർട്ട് പുറത്തുവിട്ടത്. അന്നു ജനറൽ അസംബ്ലിയിൽ ഗ്രാസാ മഷേൽ അവതരിപ്പിച്ച റിപ്പോർട്ടിൽ യുദ്ധങ്ങളിലും സായുധ സംഘർഷങ്ങളിലും ​​കൂട്ടക്കുരുതികളിൽ പെട്ടുപോകുക മാത്രമല്ല കുഞ്ഞുങ്ങളെന്നും അവർ പ്രത്യേകം ഉന്നംവെക്കപ്പെടുന്നുണ്ടെന്നും ചൂണ്ടിക്കാണിക്കുകയുണ്ടായി.

1986-1996 ദശകത്തിൽ ലോകവ്യാപകമായി രണ്ടു ദശലക്ഷം കുഞ്ഞുങ്ങൾ സായുധ സംഘർഷങ്ങളിൽ കൊല്ലപ്പെട്ടു എന്നായിരുന്നു അന്നത്തെ റിപ്പോർട്ടിലെ കണക്ക്. ജീവിതകാലം മുഴുവൻ ജീവച്ഛവങ്ങളായി കഴിച്ചുകൂട്ടേണ്ടവർ അതിന്റെ മൂന്നിരട്ടി വരുമെന്നും. അന്നത്തെ അന്താരാഷ്ട്ര സമൂഹത്തിന്റെ ​ഞെട്ടലിൽ നിന്നാണ് ഈ വിഷയത്തിൽ പ്രത്യേകം പഠനവും വാർഷിക റിപ്പോർട്ടു​ം വേണമെന്നു വെച്ചത്. മൂന്നു പതിറ്റാണ്ടു പിന്നിടുമ്പോൾ പക്ഷേ, കാര്യങ്ങൾ കൂടുതൽ വഷളാവുകയാണ് എന്നു തെളിയിക്കുന്നു 2025ലെ അവലോകന റിപ്പോർട്ട്. മൂന്നു പതിറ്റാണ്ടുമുമ്പ് കൂട്ടക്കുരുതികൾക്കും കുഞ്ഞുങ്ങളെ തിരഞ്ഞുപിടിച്ചുള്ള കുരുതികൾക്കും ക്രൂരതകൾക്കും തുനിഞ്ഞിരുന്നത് വിമത കലാപ ഗ്രൂപ്പുകളും വംശീയ ഭീകരസംഘങ്ങളുമായിരുന്നു. എന്നാൽ, ഭരണകൂടങ്ങൾ തന്നെ അതിക്രമത്തിന് മേൽനോട്ടം വഹിക്കുന്നുവെന്നതാണ് മാറിയ പ്രതിഭാസം. ഇസ്രായേൽ തന്നെയാണ് അതിലെ പ്രധാന വില്ലൻ. ഇരകൾ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമുള്ള ഫലസ്തീൻ കുട്ടികളും.

യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ആ പരിഭവം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. കുട്ടികൾ​ക്കെതിരായ അതിഗുരുതരമായ അതിക്രമങ്ങൾ ഫലസ്തീനിൽ കൈയും കണക്കുമില്ലാതെ വർധിക്കുന്നത് ആശങ്കയുടെ ആഴം കൂട്ടുന്നുവെന്നും ഇസ്രായേൽ​ സേനക്കുപുറമെ അധിനിവിഷ്ട ഫലസ്തീനിലെ ഇസ്രായേലി കടന്നുകയറ്റക്കാരും അതിൽ കാര്യമായ പങ്കുവഹിക്കുന്നുവെന്നത് സ്ഥിതി കൂടുതൽ സങ്കീർണമാക്കുന്നുവെന്നും ഗുട്ടറസ് വ്യക്തമാക്കുകയുണ്ടായി. നിലവിൽതന്നെ സംഘർഷ മേഖലയിലെ ലൈംഗിക അതിക്രമങ്ങളുടെ പേരിൽ യു.എന്നിന്റെ പ്രത്യേക കരിമ്പട്ടികയിലാണ് ഇസ്രായേലിന്റെ സ്ഥാനം. ഈ കരിമ്പട്ടികയിൽ പെട്ടതുകൊണ്ട് ഉപരോധമൊന്നും പേടിക്കാനില്ല. പട്ടികയിൽ പെട്ടവർക്ക് ‘പേരുദോഷം’ വരുത്താമെന്നും അതു നീക്കിക്കിട്ടാനായി അവരെ ചർച്ചാമേശയിലേക്ക് കൊണ്ടുവരാൻ അത് ഉപയോഗിക്കാമെന്നുമാണ് യു.എൻ കണക്കുകൂട്ടൽ. എന്നാൽ, മനുഷ്യരാഹിത്യത്തിൽ ലോകത്തെ മൊത്തം തോൽപിച്ചുകഴിഞ്ഞ ഇസ്രായേലി​നുണ്ടാകുമോ വല്ല കുലുക്കവും! സയണിസ്റ്റ് ഭീകരതയെ തളക്കാൻ ഇതുകൊ​​​ണ്ടൊന്നും ആവില്ല എന്നു ഗുട്ടറസിനും യു.എന്നിനും ബോധ്യമില്ലാതെയല്ല. അന്താരാഷ്ട്ര സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നതിനാൽ വല്ലതും ചെയ്തെന്നു തന്നത്താൻ സമാധാനിപ്പിക്കാൻ ഇതുതകും എന്നുമാത്രം.

1996ൽ ഗ്രാസാ മഷേൽ തന്റെ റിപ്പോർട്ടിൽ തുറന്നുപറഞ്ഞ സത്യമുണ്ട്: ലോകത്തിന് ധർമവും നീതിയും നഷ്ടപ്പെട്ടിരിക്കുന്നു എന്ന വസ്തുത. അടിസ്ഥാന മാനവികമൂല്യങ്ങൾ നഷ്ടപ്പെട്ടിടത്താണ് കുഞ്ഞുങ്ങൾക്കു നേരെയുള്ള കുരുതിയും ബലാത്സംഗവും അംഗവിച്ഛേദനവും നടമാടുന്നത്. കുട്ടിപ്പട്ടാളമായി അവർ സൈനികവൃത്തിക്ക് നിർബന്ധിക്കപ്പെടുന്നത്. കുഞ്ഞുമക്കൾ അറുവറുതിക്ക് ഇരയായി മരിച്ചുവീഴുന്നത്. മാനവത മുങ്ങിത്താണു കിടക്കുന്ന അധഃപതനത്തിന്റെ ആഴമാണ് ഇത് വ്യക്തമാക്കുന്നതെന്ന് അന്നത്തെ റിപ്പോർട്ട് പരിതപിച്ചിരുന്നു. അതുകൊണ്ട് കൂടുതൽ ശ്രദ്ധ ഈ മേഖലയിൽ പതിപ്പിക്കാൻ വേണ്ടിയാണ് യു.എൻ സെക്രട്ടറി ജനറലിന്റെ കീഴിൽതന്നെ രൂപവത്കരിച്ചത്. എന്നാൽ, സ്ഥിതിഗതികൾ അത്യന്തം വഷളായ നിലയിലെത്തിയെന്നാണ് ബുധനാഴ്ച പുറത്തുവിട്ട കഴിഞ്ഞ വർഷത്തെ അവലോകന റിപ്പോർട്ട് വിലയിരുത്തുന്നത്.

ജനതയെ പൊതുവായ മൂല്യങ്ങളിലേക്ക് കൂട്ടിയോജിപ്പിക്കാനുതകുന്ന ഏകീകരണ ശക്തിയാണ് കുഞ്ഞുങ്ങൾ. എന്നാൽ, സമൂഹത്തെ കൂട്ടിയിണക്കാനുതകുന്ന ഈ കണ്ണിയെയാണ് സംഘർഷങ്ങളിലൂടെ പ്രതിലോമശക്തികൾ നശിപ്പിച്ചുകളയുന്നത്. ആ ദുശ്ശക്തികളുടെ കൈക്കു പിടിക്കാൻ കെൽപുള്ള സംവിധാനമാകേണ്ടിയിരുന്ന യു.എൻ തന്നെ ഇന്ന് അതീവ ദുർബലമായിരിക്കെ, സംഘർഷമുക്തമായ ഒരുലോകം കുഞ്ഞുങ്ങൾക്കെന്നല്ല, മുഴു ജനങ്ങൾക്കും തുറന്നുകിട്ടാൻ എന്തുവഴി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. അതുവരെ കുഞ്ഞുങ്ങൾക്കെതിരായ കൂട്ടക്കുരുതികളും കിരാതവൃത്തികളും റിപ്പോർട്ടുകളിലെ വെറും കണക്കുകളായി അവശേഷിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialopinionconflictWarChildrenpalstine
News Summary - The victims are children
Next Story