ഡൽഹി എസ്.ഐ.ആറിന്റെ അപായ മണി
text_fieldsകേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ വോട്ടർപട്ടിക പ്രത്യേക അതിതീവ്ര പരിഷ്കരണ യജ്ഞം (എസ്.ഐ.ആർ) രാജ്യതലസ്ഥാനത്തേക്കു കടന്നപ്പോൾ അതിഗുരുതരവും അത്യന്തം പരിഹാസ്യവുമായ വിവരങ്ങളാണ് പുറത്തുവരുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കുടുംബവും, മുൻ ഉപപ്രധാനമന്ത്രിയും ബി.ജെ.പി അത്യുന്നതനേതാവുമായ എൽ.കെ അദ്വാനി, മുൻ ഉപരാഷ്ട്രപതി ജഗദീപ് ധൻകറും കുടുംബവും, പ്രമുഖ അഭിഭാഷകനും എം.പിയുമായ കപിൽ സിബൽ തുടങ്ങി, യജ്ഞത്തിന് നേതൃത്വം കൊടുക്കുന്ന തെരഞ്ഞെടുപ്പ് കമീഷണർ എസ്.എസ് സന്ധു വരെയുള്ളവർക്ക് കമീഷൻ നോട്ടീസ് അയച്ചിരിക്കുകയാണ്. വയസ്സ്, വിലാസം, പഴയ എസ്.ഐ.ആർ പട്ടികയുമായി ചേരുംപടി ചേരായ്ക ഇങ്ങനെ പലവിധ പൊരുത്തക്കേടുകളാണ് നോട്ടീസ് നൽകാനുള്ള കാരണങ്ങളായി രേഖപ്പെടുത്തിയിരിക്കുന്നത്.
പ്രമുഖരുടെയെല്ലാം ‘അസ്തിത്വം ചോദ്യം ചെയ്യപ്പെട്ട’ വിവരം പുറത്തായതോടെ തെരഞ്ഞെടുപ്പ് കമീഷൻ ഓട്ടയടപ്പ് വേലയുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ പേരുവിവരങ്ങൾ ബൂത്ത് ലെവൽ ഓഫിസർ രേഖാപരമായി സാധൂകരിച്ചു പ്രശ്നം തീർത്തു. കെജ്രിവാൾ അടക്കം മറ്റു പ്രമുഖരുടെ കാര്യത്തിലും ഇത്തരത്തിലുള്ള സമാശ്വാസ വാഗ്ദാനങ്ങളുമായി തെരഞ്ഞെടുപ്പ് കമീഷൻ മുന്നിട്ടിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ എസ്.ഐ.ആർ പട്ടികയിൽ പേര് ഉൾപ്പെടാതെ പോയവർക്കും കഴിഞ്ഞ പുനഃപരിശോധന സമയത്ത് പേരും രേഖകളും ലിങ്ക് ചെയ്യുന്നിടത്തു പൊരുത്തക്കേടുകൾ വന്നവർക്കുമാണ് നോട്ടിസ് അയക്കുന്നതെന്നാണ് കമീഷന്റെ പ്രതികരണം. നോട്ടിസ് ലഭിച്ചവർ ഒക്ടോബർ 29 നു മുമ്പായി അതിനുള്ള മറുപടിയും മതിയായ രേഖകളും സമർപ്പിക്കണമെന്നും ആ തിരുത്ത് ഉൾപ്പെടുത്തിയാവും നവംബർ നാലിന് പുതിയ പട്ടിക ഇറങ്ങുകയെന്നും കമീഷൻ വിശദീകരിക്കുന്നു. 33.13 ലക്ഷം വോട്ടർമാർക്ക് കമീഷൻ ഇങ്ങനെ നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് കമീഷൻ വെളിപ്പെടുത്തുന്ന വിവരം.
കേന്ദ്രത്തിലെയും വിവിധ സംസ്ഥാനങ്ങളിലെയും ഭരണം എന്നും കൈപ്പിടിയിലൊതുക്കുകയെന്ന ബി.ജെ.പി തന്ത്രത്തെ നിയമവിധേയമാക്കുന്ന ജോലിയാണ് എസ്.ഐ.ആറിലൂടെ തെരഞ്ഞെടുപ്പ് കമീഷൻ ചെയ്യുന്നതെന്ന് പ്രതിപക്ഷവും മുൻ മുഖ്യതെരഞ്ഞെടുപ്പ് കമീഷണറടക്കം വിദഗ്ധരും പ്രത്യക്ഷവും പരോക്ഷവുമായി ആക്ഷേപമുന്നയിച്ചുവരുന്നതാണ്. വിവിധ സംസ്ഥാനങ്ങളിൽ എസ്.ഐ.ആർ തയാറാക്കുന്ന ഘട്ടത്തിലേക്ക് കടന്നപ്പോഴൊക്കെ ഈ ആക്ഷേപത്തെ ശരിവെക്കുന്ന അനുഭവങ്ങളാണുണ്ടായത് എന്നു പറയാതെ വയ്യ. പൗരത്വം, വോട്ടവകാശം എന്നീ ജനാധിപത്യാവകാശങ്ങൾ ഭരണീയർക്ക് ലഭ്യമാക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്തത്തിൽ നിന്നു ഭരണകൂടം പിന്മാറുക മാത്രമല്ല, ആ ഉത്തരവാദിത്തം പൗരരുടെ മേൽ കെട്ടിയേൽപിക്കുകയും ചെയ്യുന്ന അതിവിചിത്ര ധർമമാണ് ബി.ജെ.പി ഭരണകൂടത്തിന്റേത്.
രാജ്യത്ത് പതിറ്റാണ്ടുകളോ നൂറ്റാണ്ടുകളോ ആയി ജീവിതം പതിപ്പിച്ച മനുഷ്യരെ മുഴുവൻ അവർ ഇന്നാട്ടുകാരായി ജീവിച്ചിരിക്കുന്നു എന്നതിന് തെളിവ് കൊണ്ടുവരാൻ എസ്.ഐ.ആർ യജ്ഞം നിർബന്ധിക്കുന്നു. അങ്ങനെ തെളിവ് ഹാജരാക്കുന്നവരെ ഉൾപ്പെടുത്താനുള്ള അതിതീവ്ര ശ്രമത്തിനു പകരം അതില്ലാതെ വരുന്നവരെ അടിയന്തരമായി പുറത്താക്കാനുള്ള ആവേശമാണ് കമീഷൻ കാണിക്കുന്നത്. അതുകൊണ്ടാണ്, സമൂഹത്തിലെ പാവങ്ങളും പാർശ്വവത്കരിക്കപ്പെട്ടവരെയും പുറന്തള്ളാനുള്ള ഒരു സംവിധാനമായി എസ്.ഐ.ആർ പരിണമിക്കുകയാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തുന്നത്. ‘റിപ്പോർട്ടേഴ്സ് കലക്ടീവി’ന്റെ വെളിപ്പെടുത്തലുകൾ ഇതിനെ സാധൂകരിക്കുന്നുണ്ട്.
പ്രമുഖരുടെ പേരുകൾ പുറത്തായതിലും ഗുരുതര പ്രശ്നങ്ങൾ ഡൽഹി എസ്.ഐ.ആറിൽ ഉണ്ടെന്ന് ‘റിപ്പോർട്ടേഴ്സ് കലക്ടീവ്’ കണ്ടെത്തി. തലസ്ഥാനത്തെ പകുതിയിലേറെ വോട്ടർമാർ (54.6 ശതമാനം) കരട് പട്ടികയിൽ നിന്നു ഒഴിവാക്കപ്പെടുകയോ, അപാകങ്ങളുടെ പേരിൽ നോട്ടീസ് കൈപ്പറ്റുകയോ ചെയ്തവരായി ഉണ്ട്. എസ്.ഐ.ആറിനു മുമ്പ് ഒരു കോടി 45 ലക്ഷം വോട്ടർമാരുണ്ടായിരുന്നതിൽ 47.6 ലക്ഷം പേർ സ്ഥലത്തില്ലാതെയോ, സ്ഥലം മാറിയോ, മരിച്ചോ അതുമല്ലെങ്കിൽ ഡ്യൂപ്ലിക്കേഷൻ വന്നോ പട്ടികയിൽ നിന്നൊഴിവായിരിക്കുന്നു. കരട് പട്ടികയിൽ അവശേഷിക്കുന്ന 31.6 ലക്ഷം വോട്ടർമാർക്ക് അപാകതകൾ കാണിച്ച് നോട്ടിസ് അയച്ചിട്ടുമുണ്ട്. അഥവാ 1.45 ലക്ഷം വോട്ടർമാരുള്ളതിൽ 79.2 ലക്ഷം പേരും എസ്.ഐ.ആർ പട്ടികയിൽ ഒന്നുകിൽ ഒഴിവാക്കപ്പെടാം. അല്ലെങ്കിൽ, തിരിച്ചറിയൽ രേഖ മാത്രമല്ല, മുൻ തലമുറ ബന്ധം തെളിയിക്കുക കൂടി ചെയ്യേണ്ട കഠിന യത്നത്തിൽ വിജയിക്കാതെ വന്നാൽ അങ്ങനെയും നീക്കം ചെയ്യപ്പെടാം.
ലിസ്റ്റിലെ വി.ഐ.പികൾ ഏതു വിധേനയും അന്തിമപട്ടികയിൽ കയറിക്കൂടാം. എന്നാൽ പാവങ്ങളുടെ കഥയോ? ഒരു പോളിങ് ബൂത്തിൽ നീക്കം ചെയ്യപ്പെടുന്നവർ രണ്ടു ശതമാനത്തിൽ കൂടിയാൽ എലക്ടറൽ രജിസ്ട്രേഷൻ ഓഫിസർ അത് വ്യക്തിഗതമായി പരിശോധിച്ച് പിഴവില്ലായ്മ ഉറപ്പുവരുത്തണം. എന്നാൽ ഡൽഹിയിലെ 70 നിയമസഭ നിയോജകമണ്ഡലങ്ങളിൽ ആകെയുള്ള 14,947 ബൂത്തുകളിൽ 639 എണ്ണത്തിൽ രണ്ടു ശതമാനത്തിലും കൂടുതലാണ് വെട്ടിമാറ്റൽ. 29 ബൂത്തുകളിൽ 70 ശതമാനം പേരെ ഒഴിവാക്കി. ഇതിൽ ഒമ്പതു ബൂത്തുകളിലും ഗവൺമെന്റ് കുടിയൊഴിക്കലിന്റെ ഭാഗമായി വീടുകൾ ഇടിച്ചുനിരത്തിയിട്ടുണ്ട്. അവിടെയുള്ള 10.015 വോട്ടർമാരിൽ 8,800 പേരും വെട്ടിമാറ്റപ്പെട്ടിരിക്കുന്നു. ഡൽഹിയിൽ ബി.ജെ.പി അധികാരമേറ്റു ആറു മാസം പിന്നിട്ടപ്പോൾ തന്നെ 23 കോളനികളിലെ 3000 വീടുകൾ പൊളിച്ചു നീക്കി.
15,000 പേർ ഭവനരഹിതരായി. പേരും മേൽവിലാസവും നഷ്ടപ്പെട്ട ഇവർ പട്ടികയിൽ കടന്നുകൂടില്ല എന്ന് ഏതാണ്ട് ഉറപ്പിക്കേണ്ട നിലയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്ന മട്ടിലാണ് വോട്ടർ പട്ടിക പരിഷ്കരണം എന്ന പരാതിയിൽ കഴമ്പുണ്ടെന്നു എസ്.ഐ.ആർ ഡൽഹിയിലും മറ്റിടങ്ങളിലും പുരോഗമിക്കുമ്പോൾ വ്യക്തമാവുന്നു. ഇന്ന്, ചൊവ്വാഴ്ച സുപ്രീം കോടതി ഇവരുടെ പരാതികൾ പരിഗണിക്കുമ്പോൾ പരിഹാരത്തിലേക്ക് വഴി തുറക്കുമോ, അതോ, ഈ വിഷയത്തിൽ കമീഷനും കേന്ദ്രസർക്കാറിനുമെതിരെ ഉയരുന്ന സംശയങ്ങളെ അത് ബലപ്പെടുത്തുമോ എന്നു കണ്ടറിയാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

