Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ജനാധിപത്യമോ ഓർവെലിയൻ മൃഗാധിപത്യമോ?
cancel

ജോർജ് ഓർവെൽ പറഞ്ഞ മൃഗാധിപത്യം ഇന്ത്യയിലും എത്തിയോ? ജനാധിപത്യത്തെ ജനാധിപത്യ സംവിധാനങ്ങളിലൂടെത്തന്നെ എങ്ങനെ അട്ടിമറിക്കാമെന്ന് വർണിക്കുന്ന മൃഗരാജ്യ കഥയാണ് ഓർവലിന്‍റെ ‘ആനിമൽ ഫാം’. പന്നികളുടെ നേതാവായ നെപ്പോളിയൻ തെരഞ്ഞെടുപ്പിലൂടെ അധികാരമേറ്റശേഷം എതിർപാർട്ടി നേതാക്കളെയും എതിർപാർട്ടികളെയും വ്യവസ്ഥാപിതമായി ഇല്ലാതാക്കുന്നു. അധികാരം നിലനിർത്താൻ കണ്ട വഴി, ജനപ്രിയഭരണം നടത്തി തെരഞ്ഞെടുപ്പിൽ ജയിക്കുകയല്ല. സ്വേച്ഛാധിപത്യത്തിലേക്കുള്ള യാത്രയിൽ ജനാധിപത്യം പ്രതിബന്ധമാണ്; അതിനാൽ പ്രതിപക്ഷ നേതാക്കളെ ഒതുക്കുക, പ്രതിപക്ഷത്തെ തന്നെ ഇല്ലാതാക്കുക-ഇതാണവന്‍റെ തന്ത്രം. ശക്തമായ പ്രതിപക്ഷം ഉണ്ടെങ്കിലല്ലേ തെരഞ്ഞെടുപ്പിനെ ഭയക്കേണ്ടതുള്ളൂ. അങ്ങനെ നിർവീര്യമാക്കപ്പെട്ട പ്രതിപക്ഷവുമായി, ജനാധിപത്യത്തിന്‍റെ പുറംമോടികൾ നിലനിർത്തിക്കൊണ്ടുതന്നെ അവൻ സ്വേച്ഛാധിപത്യഭരണം യാഥാർഥ്യമാക്കുന്നു. ഇന്ത്യയിൽ ബി.ജെ.പി പയറ്റുന്ന തന്ത്രം ഏതാണ്ട് ഇതുതന്നെയാണ്. അതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് പഞ്ചാബിനെ ചുറ്റിപ്പറ്റി കഴിഞ്ഞദിവസം നടന്ന സംഭവങ്ങൾ. ആം ആദ്മി പാർട്ടി (എ.എ.പി) ക്കാരായ എം.പിമാരെ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് എടുത്തത് ഒറ്റപ്പെട്ട സംഭവമല്ല. “ഭരണഘടനയിൽ വ്യവസ്ഥ ചെയ്തപ്രകാരം”, താനും മറ്റു ചില എ.എ.പി എം.പിമാരും ബി.ജെ.പിയിൽ ലയിച്ചു എന്നാണ് കൂറുമാറ്റക്കാരുടെ നേതാവായ രാഘവ് ഛദ്ദ പ്രഖ്യാപിച്ചത്. ബി.ജെ.പിയുടെ വിഭാഗീയ രാഷ്ട്രീയത്തെ എതിർത്തുകൊണ്ട് എം.പിമാരായവർക്ക് അതേ പാർട്ടിയെ പുണരുന്നതിനും ന്യായം ഭരണഘടന തന്നെ! എ.എ.പിയുടെ പത്ത് രാജ്യസഭാ എം.പിമാരിൽ ഏഴുപേർ ബി.ജെ.പിയിൽ ലയിച്ച ഈ കൂറുമാറ്റത്തോടെ എൻ.ഡി.എയുടെ രാജ്യസഭാ അംഗബലം 145 ആയി ഉയരും. പാർലമെന്‍റിന്‍റെ ഉപരിസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷമാണ് ലക്ഷ്യം.

കൂറുമാറിയ ഏഴിൽ ആറുപേരും പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എം.പിമാരാണ്. അവിടത്തെ എ.എ.പിയെ പിളർത്തി പഞ്ചാബിൽ വേരോട്ടം ഉണ്ടാക്കുക, പഞ്ചാബിലും ഡൽഹിയിലും എ.എ.പിയെ ഇല്ലാതാക്കുക എന്നീ ലക്ഷ്യങ്ങളും ബി.ജെ.പിക്കുണ്ടെന്നാണ് കരുതേണ്ടത്. ‘ഓപറേഷൻ താമര’ എന്ന ബി.ജെ.പിയുടെ ജനാധിപത്യക്കൊല പരീക്ഷിച്ചു വിജയിച്ചതാണ്. അതിനായി സർക്കാർ ഏജൻസികളെ വരെ ഉപയോഗിക്കുന്നതായി പലരും ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്. എ.എ.പിയുടെ രാജ്യസഭയിലെ ഉപനേതാവായി അശോക് മിത്തലിനെ നിശ്ചയിച്ചതിന് പിന്നാലെ ഇ.ഡി അദ്ദേഹത്തിന്‍റെ സ്ഥാപനങ്ങളിൽ റെയ്ഡ് നടത്തിയിരുന്നു. അദ്ദേഹവും ഇപ്പോൾ ബി.ജെ.പിയിലേക്ക് ചാടി. കൂറുമാറിയശേഷം ഏജൻസികളുടെ വേട്ടയിൽനിന്ന് രക്ഷപ്പെട്ടവരുടെ പട്ടിക ചെറുതല്ല എന്ന് സ്വതന്ത്ര അന്വേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. 2014നുശേഷം ഏജൻസി വേട്ടക്ക് വിധേയരായതിൽപ്പിന്നെ ബി.ജെ.പിയിൽ ചേർന്ന 25 പ്രമുഖ പ്രതിപക്ഷ നേതാക്കളിൽ 23 പേരുടെ കാര്യത്തിലും അന്വേഷണം നിലച്ചതായാണ് കണ്ടെത്തൽ. സർക്കാർ ഏജൻസികളെ ഉപയോഗിച്ചുള്ള ഈ ‘വാഷിങ് മെഷീൻ’ തന്ത്രം, ‘ഓപറേഷൻ താമര’യുടെ രീതിശാസ്ത്രം തന്നെ. തെരഞ്ഞെടുത്ത ജനങ്ങളെയോ ജനസമ്മതിയുടെ അടിസ്ഥാനത്തിൽ രാജ്യസഭയിലേക്ക് പ്രതിനിധികളെ അയക്കുന്ന പാർട്ടികളെയോ ഒട്ടും ഗൗനിക്കാതെ എം.പിമാരെയും എം.എൽ.എമാരെയും മൊത്തക്കച്ചവടത്തിലൂടെ സ്വന്തമാക്കുന്ന രീതി, കൂറുമാറ്റ നിയമത്തെപ്പോലും മറികടക്കുന്നത്ര വ്യാപ്തി നേടിക്കഴിഞ്ഞിരിക്കുന്നു.

തങ്ങൾക്ക് സ്വന്തമായി വേരില്ലാത്ത പഞ്ചാബിൽ അധികാര ദുർവിനിയോഗവും കുതിരക്കച്ചവടവും വഴി ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബി.ജെ.പി, വർഷങ്ങളായി അധികാരത്തിലുള്ള ഗുജറാത്തിൽ മറ്റൊന്നാണ് പയറ്റുന്നത്: ജനാധിപത്യ പ്രതിപക്ഷങ്ങളെ ഇല്ലാതാക്കുന്ന തന്ത്രത്തിന്‍റെ മറ്റൊരു പതിപ്പ്. ഇന്നലെ വോട്ടെടുപ്പുനടന്ന തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൽ അത് കണ്ടു. അനേകം സീറ്റുകളിൽ (43 മുനിസിപ്പൽ സീറ്റ്, 385 നഗരപാലികാ സീറ്റ്, 51 ജില്ല പഞ്ചായത്ത് സീറ്റ്, 251 താലൂക്ക് പഞ്ചായത്ത് സീറ്റ്) മത്സരം നടന്നില്ല. എതിരാളികളില്ലാതെ മുൻകൂട്ടി വിജയിച്ചവരിൽ മഹാഭൂരിപക്ഷവും ബി.ജെ.പിക്കാരാണ്. പ്രതിപക്ഷ സ്ഥാനാർഥികളെ മത്സരത്തിൽനിന്ന് പിൻവലിപ്പിക്കാൻ ഭീഷണിയും കോഴയും ഇറക്കിയതായി ആരോപണമുണ്ട്. മത്സരത്തിൽനിന്ന് പിന്മാറാൻ ബി.ജെ.പി തനിക്ക് 30 ലക്ഷം രൂപ വാഗ്ദാനം ചെയ്തതായി അഹ്മദാബാദിലെ സ്ഥാനാർഥിയായ ഒരു കോൺഗ്രസുകാരി ആരോപിച്ചിട്ടുണ്ട്. ഭരണകക്ഷിക്കെതിരെ മത്സരിക്കുന്നതിനെ മുഖ്യമന്ത്രി ഭൂപന്ദ്ര പട്ടേൽ നിരുത്സാഹപ്പെടുത്തിയതായും പരാതിയുണ്ട്. ‘ഡബിൾ എൻജിൻ’ സിദ്ധാന്തത്തിലൂടെ പ്രധാനമന്ത്രി അടക്കമുള്ളവർ മുന്നോട്ടുവെക്കുന്ന വാദവും, ഒരേ കക്ഷിയുടെ കേന്ദ്രീകൃത ഭരണമാണ് ശ്രേഷ്ഠം എന്നാണല്ലോ.

പൗരന്മാർ ഭരണകർത്താക്കളെ തീരുമാനിക്കുന്നതാണ് ജനാധിപത്യം. പക്ഷേ പുതിയ വോട്ടർപട്ടിക പുതുക്കലും പരിശോധനയും സൂചിപ്പിക്കുന്നത് ഭരണകർത്താക്കൾ പൗരന്മാരെ നിശ്ചയിക്കുന്ന അവസ്ഥയെത്തി എന്നാണ്. ജനങ്ങൾ തെരഞ്ഞെടുത്തവർ, അവർ തിരസ്കരിച്ചവരുടെ പക്ഷത്തേക്ക് മാറുന്നതും കാണുന്നു- ‘ആനിമൽ ഫാമി’ൽ സൂചിപ്പിച്ച അധികാര കേന്ദ്രീകരണവും ദുർഭരണവും അതേപടി പുലരുന്ന പോലെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:editorialAAPopinionraghav chadhadefectedBJP
News Summary - Democracy or Orwellian tyranny?
Next Story