ദുരിതങ്ങളുടെ എരിതീയിൽ എണ്ണയൊഴിക്കരുത്
text_fieldsഅഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പുകൾ കഴിഞ്ഞ ദിവസം പൂർത്തിയായപ്പോൾ ഇന്ത്യക്കാരുടെ ഉദ്വേഗം പത്താം തീയതി വരാനിരിക്കുന്ന വോട്ടെടുപ്പു ഫലത്തിലല്ല. അവരെ അസ്വസ്ഥപ്പെടുത്തുന്നതത്രയും ഇത്രനാൾ പിടിച്ചുവെച്ച ഇന്ധനവില നിയന്ത്രണം സർക്കാർ എടുത്തുകളയുന്നതോടെ വാണം കണക്കെ കുതിക്കാനിടയുള്ള വിലവർധനയുടെ ആശങ്കയാണ്. ഇന്ത്യയിൽ ഇന്ധനവില നിയന്ത്രണം സ്വകാര്യകമ്പനികൾക്കു തീറെഴുതിയതിൽ പിന്നെ അതിനെ പിടിച്ചുകെട്ടാനുള്ള ആയുധമൊന്നും ഗവൺമെന്‍റിന്‍റെ കൈയിലില്ല.
എന്നുതന്നെയല്ല, അതിനെ കയറഴിച്ചുവിടുന്നതാണ് പുതിയ സർക്കാർ നയം. ആകപ്പാടെ അവരുടെ മൂക്കുകയറിൽ ഗവൺമെന്‍റ് പിടികൂടുന്നത് തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തുമ്പോഴാണ്. വിലക്കയറ്റം മൂലമുള്ള ജനരോഷം വോട്ടെടുപ്പിൽ പ്രതിഫലിക്കാതെ നോക്കാൻ അവർ കമ്പനികളുമായി ധാരണയിലെത്തുന്നു. കമ്പനികൾക്കാകട്ടെ, കച്ചവടം വിഘ്നം കൂടാതെ നടന്നുകിട്ടാൻ ഭരണകൂടത്തിന്‍റെ താൽപര്യങ്ങൾ പരിഗണിക്കേണ്ടിയും വരും. ഇങ്ങനെയുള്ള ഗവൺമെന്‍റ്-കോർപറേറ്റ് പരസ്പര സഹായസഹകരണമാണ് ഇന്ധനവില നിർണയത്തിൽ ഏതാനും വർഷങ്ങളായി നടന്നുവരുന്നത്. അതുകൊണ്ട്, തെരഞ്ഞെടുപ്പു കഴിയാൻ അക്ഷമയോടെ കാത്തിരിക്കുകയാണ് കമ്പനികൾ; പെട്രോൾ, ഡീസൽ വില ഒന്നു വർധിപ്പിക്കാൻ.
കഴിഞ്ഞ നാലു മാസമായി വർധനയില്ലാത്തതിനാൽ വന്നുചേർന്ന നഷ്ടം മുഴുവൻ എത്രയും വേഗം ജനത്തിൽനിന്ന് ഈടാക്കാനുള്ള തിടുക്കത്തിലാണ് എണ്ണക്കമ്പനികൾ. പെട്രോളിനും ഡീസലിനും ലിറ്ററിന് 15 രൂപ വർധിപ്പിച്ചു കിട്ടണമെന്നാണ് അവരുടെ ആവശ്യം. അത് ഒറ്റയടിക്കു കൂട്ടുന്നതിനുപകരം പ്രതിദിനം അമ്പതു പൈസ ലിറ്ററിന് എന്ന തോതിൽ വില വർധിപ്പിക്കാനാണ് കമ്പനികൾ ആലോചിക്കുന്നത്. തിടുക്കത്തിൽ കഴുത്തു ഞെരിക്കേണ്ട, പയ്യപ്പയ്യേ ശ്വാസംമുട്ടിച്ചാൽ മതി എന്ന മട്ട്.
മോങ്ങാനിരുന്നവന്റെ തലയിൽ തേങ്ങ വീണതുപോലെയായി വില വർധിപ്പിക്കാൻ തക്കം പാർത്തിരിക്കുന്ന കമ്പനികൾക്ക് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം. അധിനിവേശത്തെ തുടർന്ന് അന്താരാഷ്ട്രവിപണിയിൽ എണ്ണയുടെ വില ബാരലിനു 140 യു.എസ് ഡോളർ എന്ന കഴിഞ്ഞ 13 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരിക്കുന്നു. ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിലിനു വില മാർച്ച് ഒന്നിനു ബാരലിനു 111 യു.എസ് ഡോളർ എന്ന നിരക്കിലെത്തി. നാലു മാസം മുമ്പ് വിലവർധന മരവിപ്പിക്കുന്ന സമയത്ത് ഇത് 81.5 ഡോളർ ആയിരുന്നു. റഷ്യൻ അധിനിവേശത്തെ തുടർന്ന് അമേരിക്കയും യൂറോപ്യൻരാഷ്ട്രങ്ങളും പ്രഖ്യാപിച്ച ഉപരോധം അന്താരാഷ്ട്രതലത്തിൽ നിരക്കുവർധനക്ക് ആക്കം കൂട്ടി. ആഗോള എണ്ണ വിപണിയിലേക്കുള്ള പത്തു ശതമാനം സംഭാവനയും റഷ്യയുടേതാണ്. എന്നാൽ, റഷ്യയിൽ നിന്ന് എണ്ണയും വാതകവും വളരെക്കുറച്ചു മാത്രമേ ഇന്ത്യ വാങ്ങുന്നുള്ളൂ.
അതിനാൽ, റഷ്യയിൽനിന്നുള്ള ഇറക്കുമതിയിലെ മാറ്റം ഇന്ത്യയെ വലുതായൊന്നും ബാധിക്കാനിടയില്ല. അതേസമയം, എണ്ണവിലയിലെ വർധന ഇന്ത്യയെ പ്രതിസന്ധിയിലാഴ്ത്തും. നമുക്കു വേണ്ട എണ്ണയുടെ 85 ശതമാനം വിദേശത്തുനിന്നു വാങ്ങുന്നതാണ്. അതുകൊണ്ട്, അവിടെയുണ്ടാകുന്ന മാറ്റങ്ങളുടെ അലയൊലി ഇന്ത്യൻ വിപണിയെ അസ്ഥിരപ്പെടുത്തും. കേന്ദ്ര എണ്ണ മന്ത്രാലയത്തിനു കീഴിലുള്ള പെട്രോളിയം പ്ലാനിങ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) നൽകുന്ന വിവരമനുസരിച്ച് മാർച്ച് ഒന്നിന് ഇന്ത്യ വാങ്ങുന്ന ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളർ എത്തി. ഇതുകൂടി ചേർത്തുവെക്കുമ്പോൾ എണ്ണവിലയിൽ ക്രമാതീതമായ വർധന തന്നെ ആശങ്കിക്കേണ്ട നിലയാണ്.
രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി കൂടുതൽ വഷളാവുകയാണ് എന്ന സന്ദേശമാണ് രൂപയുടെ കൂടി വരുന്ന മൂല്യത്തകർച്ച. തിങ്കളാഴ്ച രൂപയുടെ മൂല്യം ഡോളറിന് 76.98 രൂപ എന്ന അതിദയനീയ നിലയിലെത്തിയിരിക്കുകയാണ്. ഇന്ധന വിലയിലെ വർധന പണപ്പെരുപ്പം കൂട്ടാനും രൂപയുടെ മൂല്യത്തിൽ കൂടുതൽ ഇടിവിനും ഇടയാക്കും. ഊർജമേഖലയുടെ സ്പന്ദനങ്ങളെ ആശ്രയിച്ചുനിൽക്കുന്ന സാധന, സേവനങ്ങളുടെയൊക്കെ വിലവർധന അതിന്‍റെ സ്വാഭാവികഫലമായിരിക്കും. ഇന്ത്യയുടെ റീട്ടെയിൽ പണപ്പെരുപ്പം റിസർവ് ബാങ്ക് വരച്ച അതിരടയാളവും കടന്നുകഴിഞ്ഞ ഏഴുമാസത്തെ ഉയർന്ന നിലയിലാണ്. ഈ ഒരു ഗുരുതരാവസ്ഥ കേന്ദ്രസർക്കാർ എങ്ങനെ പിടിച്ചുകെട്ടും എന്നതിനു ഒരു നിശ്ചയവുമില്ലൊന്നിനും എന്നതാണ് നില.
എല്ലാം കൂടി ഭാരം മുഴുവൻ ജനത്തിന്‍റെ തലയിൽ കെട്ടിവെക്കപ്പെടുകയാണ്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധിയിൽ തൊഴിലില്ലായ്മ, ഉള്ള തൊഴിലിൽ തന്നെ സുരക്ഷിതത്വവും മതിയായ വേതനവുമില്ലായ്മ, നാൾക്കുനാൾ ഏറിവരുന്ന വിലക്കയറ്റം, കാർഷിക ഉൽപാദനത്തിലും വിപണനത്തിലും കുത്തനെയുണ്ടായ തകർച്ച- ഇതെല്ലം കൂടി തകർത്തുകളഞ്ഞ ശരാശരി ഇന്ത്യക്കാരന്‍റെ മേലാണ് എണ്ണവിലക്കയറ്റത്തിന്‍റെ ഇടിത്തീകൂടി വന്നുപതിക്കുന്നത്. ഒരു ദുരന്തമൊഴിവാക്കാൻ ഭരണകൂടംതന്നെ മനസ്സുവെക്കണം. നിക്ഷിപ്ത രാഷ്ട്രീയതാൽപര്യം മുൻനിർത്തി നാലുമാസത്തേക്കു നടപ്പിൽവരുത്താവുന്ന നിയന്ത്രണങ്ങളെ, ജനക്ഷേമം മുൻനിർത്തി, ജനങ്ങളുടെ മുതുകൊടിക്കാതെയുള്ള നീക്കുപോക്കുകൾക്കു ഭരണകൂടം തയാറാവണം. എണ്ണവില വർധനയിൽ നികുതിയിളവു വരുത്തുന്നതടക്കമുള്ള ഉപായങ്ങൾ കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങൾ പരീക്ഷിക്കാറുണ്ട്.
തെരഞ്ഞെടുപ്പ് പരീക്ഷണത്തിൽ പരാജയമൊഴിവാക്കാൻ കാണിക്കുന്ന ഔത്സുക്യം ജനത്തെ അഗ്നിപരീക്ഷക്കിരയാക്കി തോൽപിക്കാതിരിക്കാൻ രാഷ്ട്രീയ, ഭരണനേതൃത്വം കാണിക്കുമെങ്കിൽ അൽപം ആശ്വാസമായേനെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

