പ്രതീക്ഷ ജനിപ്പിച്ച് ഇറാൻ-യു.എസ് ചർച്ച
text_fieldsഒമാൻ മാധ്യസ്ഥ്യത്തിൽ ഇറാനും അമേരിക്കയും തമ്മിൽ നടക്കുന്ന ആണവ നിരായുധീകരണ ചർച്ച നാലാം റൗണ്ട് പിന്നിട്ടപ്പോൾ ഇരുപക്ഷവും കൂടുതൽ പ്രതീക്ഷയും ആത്മവിശ്വാസവും പ്രകടിപ്പിച്ചത് ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന പിരിമുറുക്കം അയയുന്നതിന്‍റെ സൂചനയായി വിലയിരുത്തപ്പെടുന്നു. മസ്കത്തിൽ ഞായറാഴ്ച ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ഷിയും അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പശ്ചിമേഷ്യാ ദൂതൻ സ്റ്റീവ് വിറ്റ്കോഫും തമ്മിൽ നടന്ന ചർച്ച വിഷമകരമെങ്കിലും പ്രയോജനപ്രദം എന്ന് ഇറാൻ വിശേഷിപ്പിച്ചപ്പോൾ മുന്നോട്ടുള്ള വഴി സംബന്ധിച്ച് കൃത്യമായ ധാരണകൾ ഉരുത്തിരിയുന്നതായി അമേരിക്കയും പ്രതികരിച്ചു. ഇരുവിഭാഗത്തിനും മറുപക്ഷത്തിന്‍റെ ധാരണകൾ പരസ്പരം മനസ്സിലാക്കാനും അഭിപ്രായഭേദങ്ങൾക്ക് യുക്തിസഹവും വസ്തുനിഷ്ഠവുമായ പരിഹാരവഴികൾ ആരായാനും സംഭാഷണം ഉപകരിച്ചു എന്ന് ഇറാൻ വിദേശ മന്ത്രാലയ വക്താവ് ‘എക്സി’ൽ കുറിച്ചു. അഞ്ചാംവട്ട ചർച്ച ഒമാൻ തീരുമാനമനുസരിച്ച് പിന്നീട് നടക്കും. ഇറാനുമായി ബറാക് ഒബാമ ഭരണകൂടം എത്തിയ ആണവകരാർ ഒന്നാം വട്ടം ഭരണത്തിലേറിയ ട്രംപ് അസാധുവാക്കി, ആ രാജ്യത്തിനെതിരെ ഉപരോധമേർപ്പെടുത്താനുള്ള നീക്കങ്ങളുമായി മുന്നോട്ടുപോകുന്നതിന്‍റെ ഭാഗമായാണ് മാസങ്ങൾക്കു മുമ്പേ നിരായുധീകരണ ചർച്ച തുടങ്ങിവെച്ചത്. ഇറാൻ സമ്പൂർണമായി ആണവ നിരായുധീകരണത്തിനു വിധേയമാകണമെന്നും സമ്പുഷ്ടീകരണത്തിനുള്ള യുറേനിയം ഇറക്കുമതി ചെയ്യുന്ന വിധത്തിലേക്ക് രാജ്യം മാറണമെന്നുമാണ് ട്രംപിന്‍റെ നിലപാട്. ചർച്ചയിലെ യു.എസ് പങ്കാളിത്തം സംബന്ധിച്ച അനിശ്ചിതത്വം നീങ്ങാൻ സമയമെടുത്തതിനാൽ മേയ് ആദ്യവാരം നിശ്ചയിച്ച ചർച്ച ഞായറാഴ്ചയിലേക്ക് മാറ്റിവെക്കുകയായിരുന്നു. ചർച്ചക്കൊടുവിൽ ഇരുവിഭാഗവും പ്രതീക്ഷ പ്രകടിപ്പിച്ചത് മഞ്ഞുരുക്കത്തിന്‍റെ ലക്ഷണമാകുമോ എന്നു നിരീക്ഷകർ ഉറ്റുനോക്കുന്നതും അതുകൊണ്ടാണ്.
സിവിലിയൻ ആവശ്യങ്ങൾക്കായുള്ള യുറേനിയം സമ്പുഷ്ടീകരണത്തിന് ഇറാന് നിയമപരമായ അവകാശമുണ്ടെന്നും അത് അപഹരിക്കുന്ന ഒരു കരാറിനും വഴങ്ങില്ല എന്നുമാണ് തെഹ്റാന്റെ നിലപാട്. ഇക്കാര്യം ചർച്ചക്കുമുമ്പ് വിദേശമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു. അക്കാര്യത്തിൽ ഏറെ നേട്ടമുണ്ടാക്കിയ രാജ്യമാണ് തങ്ങളുടേത്. അതിന് ആണവ ശാസ്ത്രജ്ഞന്മാരിൽ കുറേ പേരുടെ ചോര വിലയായി നൽകിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. അതിനാൽ അത് കൈവിടാൻ ഇറാൻ തയാറല്ല. 2015 ലെ ആണവകരാർ അതിന് സാധുത നൽകുകയും ചെയ്തതാണ്. അതേസമയം അമേരിക്കയുടെ പ്രധാന ആവശ്യമായ അണുബോംബ് വികസന നിരോധത്തിൽനിന്ന് ഒരിക്കലും പിറകോട്ടു പോകില്ലെന്ന് ഇറാൻ ഉറപ്പുനൽകുന്നുമുണ്ട്. എന്നാൽ, ഇറാൻ ആണവപദ്ധതി പൂർണമായും നിശ്ചലമാക്കുകയാണ് ലക്ഷ്യമെന്ന് അമേരിക്കൻ ദൂതൻ വിറ്റ്കോഫ് ആവർത്തിച്ചു. നതാൻസ്,ഫോർദോ, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ആണവപദ്ധതികൾ ഉപേക്ഷിക്കണമെന്ന് അവർ നിഷ്കർഷിക്കുന്നു. ഇറാൻ സമ്പുഷ്ടീകരിക്കപ്പെട്ട യുറേനിയം പുറമേ നിന്നു ഇറക്കുമതി ചെയ്താൽ മതിയെന്നാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോയുടെ പക്ഷം. ഇറാൻ ഇപ്പോൾ 60 ശതമാനം യുറേനിയം സമ്പുഷ്ടീകരണം നടത്തുന്നുണ്ട്. അത് 90 ശതമാനത്തിൽ കവിയുമ്പോൾ അണുബോംബ് നിർമാണത്തിലേക്ക് നീങ്ങും. എന്നാൽ, ആയുധനിർമാണത്തിന് ഇറാനു പരിപാടിയില്ലെന്ന് അന്താരാഷ്ട്ര ആണവോർജ ഏജൻസി ഉറപ്പുപറയുന്നുണ്ട്.
ഇറാന്‍റെയും അന്താരാഷ്ട്ര ആണവോർജ ഏജൻസിയുടെയും ഉറപ്പൊന്നും ട്രംപ് ഗൗനിക്കുന്നില്ല. അദ്ദേഹം രണ്ടാം ഊഴത്തിൽ ഭരണത്തിലിരുന്നു വൈകാതെ ഒപ്പിട്ട ഉത്തരവുകളിലൊന്ന് ഇറാന്‍റെ ആണവായുധ ഭീഷണി നേരിടാൻ ‘പരമാവധി സമ്മർദം’ പ്രയോഗിക്കാനാണ്. ഏറെ വിഷമത്തോടെയാണ് ഇത്തരമൊരു തീരുമാനത്തിലെത്തുന്നത് എന്നുപറഞ്ഞ ട്രംപ്, ആണവായുധം നിർമിക്കാത്ത മഹത്തായ രാജ്യമായാണ് ഇറാനെ കാണുന്നതെന്നുകൂടി പറഞ്ഞുവെച്ചു. എന്നാൽ, തെഹ്റാനെതിരായ ട്രംപിന്‍റെ ഗീർവാണങ്ങൾ അപ്പടി കാര്യമായെടുത്ത ‘രാജഭക്തർ’ അദ്ദേഹത്തെയും കവിഞ്ഞു മുന്നോട്ടുപോയി. അങ്ങനെ അതിരുവിട്ടതിന്‍റെ ഫലം കൂടിയായിരുന്നു ദേശീയ സുരക്ഷ ഉപദേഷ്ടാവ് ആയിരുന്ന മൈക് വാട്ട്സിന്റെ സ്ഥാനചലനം. ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായി ചേർന്ന് ഇറാനെ അടിക്കാൻ ഏകപക്ഷീയമായി പ്ലാൻ ചെയ്തു എന്ന ആരോപണമാണ് മൈക്കിനെതിരെ ഉന്നയിക്കപ്പെട്ടത്. പെട്ടെന്നൊരു സൈനികനീക്കത്തിന് ഒരുക്കമല്ലാത്തതുകൊണ്ടു കൂടിയാണ് ഒമാൻ മധ്യസ്ഥതയിലെ ചർച്ചക്ക് ട്രംപ് ഉത്സാഹം കാണിച്ചത്. അപ്പോഴും ഇറാനെ വിരട്ടിനിർത്താൻ എല്ലാ വഴിയും ആലോചിക്കുന്നുണ്ട് ലോകപൊലീസ്. ഇറാന്‍റെ എണ്ണ കയറ്റുമതി സംപൂജ്യമാക്കി വറ്റിച്ചുകളയുമെന്നാണ് അതിൽ പ്രധാനം. ഉപരോധ ഭീഷണിക്കിടയിലും ചൈനയടക്കം ചില രാജ്യങ്ങൾക്ക് ഇറാൻ എണ്ണ നൽകുന്നുണ്ട്. അതും നിർത്താനുള്ള വഴി തേടുകയാണ് ഒരു ചൈനീസ് കെമിക്കൽ ഗ്രൂപ്പിനെയും മൂന്ന് തുറമുഖ ടെർമിനൽ ഓപറേറ്റർമാരെയും കരിമ്പട്ടികയിൽപെടുത്തി തീട്ടൂരമിറക്കിയതിലൂടെ. ഇങ്ങനെ പല രീതിയിൽ ഇറാനെ മെരുക്കാനും വഴക്കാനും നോക്കുന്നതിനിടെ, നടന്നുവരുന്ന ഉഭയകക്ഷി ചർച്ചകളിൽ ഇരുവിഭാഗവും പ്രതീക്ഷ പ്രകടിപ്പിക്കുമ്പോൾ അത് ശുഭലക്ഷണം തന്നെയായി കരുതുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

