Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒരുമിച്ചു ചുവടുവെക്കാം പുതു ലോകക്രമത്തിലേക്ക്‌

text_fields
bookmark_border
ഒരുമിച്ചു ചുവടുവെക്കാം പുതു ലോകക്രമത്തിലേക്ക്‌
cancel
ഉച്ചകോടി, യു.എ.ഇയും ഇറാനും തമ്മിലെ മഞ്ഞുരുക്കത്തിനും വേദിയാക്കി മാറ്റാൻ പ്രയത്നിച്ചു എന്നതിൽ ഇരു രാജ്യങ്ങളുടെയും പൊതു സുഹൃത്ത് കൂടിയായ ഇന്ത്യക്ക് തീർച്ചയായും അഭിമാനിക്കാം

ഇന്ത്യ ആതിഥേയത്വം വഹിച്ച പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി സാമ്രാജ്യത്വ അധീശത്വത്തിൽ പൊറുതിമുട്ടിയ ലോകത്തിന് പലവിധത്തിലും പ്രത്യാശയേകിക്കൊണ്ടാണ് കൊടിയിറങ്ങിയത്. അംഗസംഖ്യ പതിനൊന്നായി വിപുലീകരിച്ച ശേഷമുള്ള ഈ കൂട്ടായ്മ കേവലമൊരു സാമ്പത്തിക വേദിയല്ല, മറിച്ച് ഗ്ലോബൽ സൗത്തിന്റെ കൂട്ടായ രാഷ്ട്രീയശബ്ദമാണെന്ന പ്രതീതി രൂപപ്പെട്ടിരിക്കുന്നു. രണ്ടാം ലോകയുദ്ധ ശേഷം രൂപപ്പെട്ട പാശ്ചാത്യ കേന്ദ്രീകൃത അധികാരഘടനകൾക്കും ഡോളർ അധീശത്വത്തിനും ബദലായി കൂടുതൽ ജനാധിപത്യപരമായ ഒരു ബഹുധ്രുവ ലോകക്രമം രൂപപ്പെടേണ്ടതുണ്ടെന്ന ആഹ്വാനമാണ് ഉച്ചകോടി മുന്നോട്ടുവെച്ചത്. ഐക്യരാഷ്ട്രസഭ രക്ഷാസമിതിയും അന്താരാഷ്ട്ര നാണയനിധിയും ഉൾപ്പെടെയുള്ള ആഗോളവേദികളിലെ കാലഹരണപ്പെട്ട ഘടന അടിയന്തരമായി പൊളിച്ചെഴുതണമെന്നതാണ് രാഷ്ട്രനേതാക്കൾ സംയുക്തമായി നടത്തിയ ന്യൂഡൽഹി പ്രഖ്യാപനത്തിന്റെ കാതൽ.

ബ്രിക്സ്, ലോകജനസംഖ്യയുടെ ഏതാണ്ട് പകുതിയെയും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു പങ്കിനെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. എന്നാൽ, കോടിക്കണക്കിന് മനുഷ്യരുടെ ജീവിതത്തെ ബാധിക്കുന്ന നിർണായക നയതീരുമാനങ്ങളിൽ ഗ്ലോബൽ സൗത്തിന് ഇന്നും നീതിപൂർവകമായ പങ്കാളിത്തമില്ല. വെറും വർത്തമാനങ്ങൾക്കപ്പുറം യു.എൻ പരിഷ്കരണത്തിന് കൃത്യമായ സമയപരിധി വേണമെന്ന ആവശ്യവും, സമ്പന്നരാജ്യങ്ങളുടെ സാമ്പത്തിക ഉപരോധങ്ങൾക്കെതിരെയുള്ള കൂട്ടായ നിലപാടും ശ്രദ്ധേയമായി. പടിഞ്ഞാറൻ ധനകാര്യ സംവിധാനങ്ങളുടെ ഉപരോധ ഭീഷണികൾക്കുമുന്നിൽ പതറാതെ സ്വന്തം കറൻസികളിൽ വ്യാപാരം നടത്താനുള്ള തീരുമാനങ്ങളും, സാധാരണ ജനങ്ങളെയും വികസ്വര രാജ്യങ്ങളുടെ വിപണികളെയും തളർത്തുന്ന ഏകപക്ഷീയ നിയന്ത്രണങ്ങൾക്കെതിരെയുള്ള ചെറുത്തുനിൽപും പ്രതീക്ഷ നൽകുന്നു. ലോകവ്യാപാര സംഘടനയുടെ ചട്ടങ്ങൾ ലംഘിച്ചുകൊണ്ടുള്ള ഏകപക്ഷീയമായ താരിഫുകൾക്കും സാമ്പത്തിക ഉപരോധങ്ങൾക്കുമെതിരെ ഉയർന്ന സംയുക്ത നിലപാട് ഓരോ സ്വതന്ത്ര പരമാധികാര നാടിന്റെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതാണ്. പേരെടുത്തു പറയുന്നില്ലെങ്കിലും ഇത് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ യുദ്ധങ്ങളെ ലക്ഷ്യമിട്ടാണെന്ന് പകൽപോലെ വ്യക്തം.

സമാധാനകാംക്ഷ, പരസ്പര സഹകരണം, പങ്കാളിത്തത്തോടെയുള്ള സുസ്ഥിര വികസനം എന്നീ മൂല്യങ്ങളായിരുന്നു ഉച്ചകോടിയുടെ അന്തസ്സത്ത എന്ന് പറയാം. അതിർത്തി കടന്നുള്ള ഭീകരവാദത്തിനെതിരെയും ഭീകരവാദ ഫണ്ടിങ്ങിനെതിരെയും കർശനനടപടികൾ ആവശ്യപ്പെട്ട ഉച്ചകോടി, യു.എ.ഇയും ഇറാനും തമ്മിലെ മഞ്ഞുരുക്കത്തിനും വേദിയാക്കി മാറ്റാൻ പ്രയത്നിച്ചു എന്നതിൽ ഇരുരാജ്യങ്ങളുടെയും പൊതു സുഹൃത്ത് കൂടിയായ ഇന്ത്യക്ക് തീർച്ചയായും അഭിമാനിക്കാം. ഉച്ചകോടിക്കിടെ ഇറാൻ പ്രസിഡന്റ് മസ്ഊദ് പെസഷ്കിയാനും അബൂദബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാനും തമ്മിൽ നടന്ന കൂടിക്കാഴ്ചക്ക് മുൻകൈയെടുക്കാൻ ഇന്ത്യക്ക് സാധിച്ചു. കഴിഞ്ഞുപോയതെല്ലാം മറക്കാമെന്നും യു.എ.ഇയോടോ മറ്റേതെങ്കിലും അറബ് രാജ്യങ്ങളോടോ ശത്രുതയില്ലെന്നും ഇറാൻ പ്രസിഡന്റ് അഹിംസയുടെയും ചേരിചേരാ നയത്തിന്റെയും ഈ മണ്ണിൽനിന്ന് വ്യക്തമാക്കുകയും ചെയ്തു.

നാലുമാസം മുമ്പ് ബ്രിക്സ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിനുശേഷം സംയുക്ത പ്രഖ്യാപനം സാധിക്കാതെ പോയത് ഇറാനും യു.എ.ഇയും ഉയർത്തിയ ഭിന്നസ്വരങ്ങളുടെ പേരിലായിരുന്നു എന്നോർക്കുക. ഇരുരാജ്യങ്ങൾ തമ്മിൽ കടുത്ത ഭിന്നത നിലനിൽക്കെ ഒരു സംയുക്ത പ്രഖ്യാപനം ഉറപ്പാക്കാനായതിനെ ഇന്ത്യയുടെ നയതന്ത്രവിജയമെന്നാണ് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു വിശേഷിപ്പിച്ചത്. അതേസമയം ഇന്ത്യൻ പ്രധാനമന്ത്രിയുടെയും, റഷ്യയുടെയും ചൈനയുടെയും രാഷ്ട്രത്തലവന്മാരുടെയും ഉച്ചകോടി പ്രസംഗങ്ങൾ താരതമ്യം ചെയ്ത്, നയതന്ത്ര ഭാഷ മിനുക്കാൻ ചെലുത്തിയ ശ്രദ്ധ നിലപാട് പ്രകടിപ്പിക്കുന്നതിൽ ഇന്ത്യ പുലർത്തിയോ എന്ന് സംശയം കൂറുന്ന നിരീക്ഷകരുമുണ്ട്. ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യാ യുദ്ധത്തെയും ദുരിതാശ്വാസ സംവിധാനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളെയും ശക്തമായി അപലപിച്ച ഉച്ചകോടി ദ്വിരാഷ്ട്ര പ്രശ്നപരിഹാരം എന്ന നിലപാട് ആവർത്തിച്ചു. പകർച്ചവ്യാധി പ്രതിരോധത്തിന് അംഗരാജ്യങ്ങൾക്കിടയിൽ പൊതുമുന്നറിയിപ്പ് സംവിധാനവും, ചെറുകിട-ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ പോർട്ടലും, മികച്ച ഗതാഗത മാതൃകകൾക്കായി അർബൻ മൊബിലിറ്റി ഹബും ആവിഷ്കരിക്കാനുള്ള തീരുമാനം പങ്കുവെപ്പിന്റെയും കരുതലിന്റേതുമാണ്.

നമ്മുടെ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതുപോലെ നമ്മുടെ സംരംഭകർ, കർഷകർ, ഗവേഷകർ, സ്ത്രീകൾ, യുവജനങ്ങൾ, സാധാരണ പൗരർ എന്നിവരും ബ്രിക്സ് സഹകരണത്തിന്റെ പങ്കാളികളാകണം. ബ്രിക്സിനുള്ളിൽ വികസിപ്പിച്ചെടുക്കുന്ന പരിഹാരങ്ങൾ ബ്രിക്സ് രാജ്യങ്ങൾക്കു മാത്രം പ്രയോജനപ്പെടുന്നവയാകരുത്; അവ ഗ്ലോബൽ സൗത്ത് രാജ്യങ്ങളുടെ ആവശ്യങ്ങൾക്കനുസൃതമായി മാറ്റിയെടുക്കാനും ഏവർക്കും പ്രാപ്യമാക്കാനും സാധിക്കണം.

പ്രഖ്യാപനങ്ങൾ എത്ര മനോഹരമായ ഭാഷയിൽ നടത്തിയാലും, അവ സാധാരണ മനുഷ്യരുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാത്തിടത്തോളം വെറും വാക്കുകൾ മാത്രമാണ്. ഡോളറിന്റെ ആധിപത്യം തകർക്കുമെന്നും പട്ടിണിയും ഉപരോധങ്ങളും ഇല്ലാത്ത മറ്റൊരു ലോകം സാധ്യമാക്കുമെന്നും മുമ്പും ലോകവേദികളിൽ മുഴങ്ങിക്കേട്ടതാണ്. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രായോഗിക ചുവടുകൾ എന്ന് തുടങ്ങുമെന്നതിലേക്കാണ് ലോകജനത ഉറ്റുനോക്കുന്നത്; ആ പ്രതീക്ഷകളെ നേതൃത്വം നിരാശപ്പെടുത്താതിരിക്കട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Let's step together towards a new world order
Next Story