പശ്ചിമേഷ്യയെ പാതാളത്തിലേക്ക് തള്ളുന്ന ഹൂതികൾ
text_fieldsസൗദി അറേബ്യയിലെ തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യമനിലെ ഹൂതി തീവ്രവാദികൾ നടത്തിയ ആക്രമണം പശ്ചിമേഷ്യയിലെ കാലുഷ്യം കൂടുതൽ കടുപ്പിച്ചിരിക്കുകയാണ്. തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിനുനേരെ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മൂന്ന് ആക്രമണങ്ങളാണ് നടന്നത്. ശനിയാഴ്ച നടന്ന ക്രൂയിസ് മിസൈൽ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെടുകയും മുന്നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ചയും ആവർത്തിച്ച ആക്രമണത്തിൽ ഒരു പാക് പൗരൻ കൊല്ലപ്പെട്ടു. തിരിച്ചടിയെന്നോണം യമൻ തലസ്ഥാനത്തെ വിമാനത്താവളത്തിനുനേരെ സൗദി നടത്തിയ ആക്രമണത്തിൽ ഒരു കുഞ്ഞ് കൊല്ലപ്പെട്ടതായി ഹൂതി നിയന്ത്രിത ആരോഗ്യ മന്ത്രാലയത്തിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞ മാസം മൂന്നു മുതൽ സൗദി നടത്തിയ വ്യോമാക്രമണങ്ങളിൽ 91പേർ കൊല്ലപ്പെട്ടതായി മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
ഇറാൻ പിന്തുണയോടെ ഹൂതികൾ നടത്തിവരുന്ന ആക്രമണം കനത്തതോടെ മേഖലയിലെ യുദ്ധമേഘങ്ങളുടെ വിസ്തൃതി വർധിക്കുകയാണ്. ഇറാനും അമേരിക്കയും തമ്മിലുള്ള അസ്വാരസ്യത്തിന് വിവിധ ഗൾഫ് രാജ്യങ്ങൾ കനത്ത വില നൽകേണ്ടിവരുന്ന സന്ദർഭത്തിൽ തന്നെയാണ് സൗദി അറേബ്യ കൂടി അസ്വാസ്ഥ്യത്തിലേക്ക് വലിച്ചിഴക്കപ്പെടുന്നത്. ഹൂതികളുടെ ആക്രമണത്തിന് സൗദി അറേബ്യയുമായി ചേർന്നുള്ള തിരിച്ചടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യ. യമനുമായുള്ള സംഘർഷത്തിൽ നേരിട്ട് ഇടപെടില്ലെന്നും ഇന്റലിജൻസ് പിന്തുണ മാത്രമേ ഉണ്ടാകുകയുള്ളൂ എന്ന നിലപാടിലായിരുന്നു ഇതുവരെ അമേരിക്ക. അതിൽനിന്നുള്ള പ്രസ്താവ്യമായ വ്യതിചലനമായി വേണം ട്രംപിന്റെ പുതിയ പ്രഖ്യാപനത്തെ കാണാൻ. അന്താരാഷ്ട്ര ബിസിനസ്, രാഷ്ട്രീയ ഉച്ചകോടികൾക്ക് റിയാദ് സാക്ഷ്യം വഹിക്കാനിരിക്കെയാണ് ഹൂതി ആക്രമണങ്ങൾ നടക്കുന്നത്.
കഴിഞ്ഞ ജൂലൈയിൽ യമൻ തലസ്ഥാനമായ സൻആയിലെ വിമാനത്താവളത്തിനുനേരെ നടന്ന ആക്രമണമാണ് നിലവിലെ സംഘർഷം മൂർച്ഛിക്കാനുള്ള കാരണം. അതിനു പിന്നിൽ സൗദി അറേബ്യയാണെന്ന് ആരോപിച്ച് ഹൂതികൾ തിരിച്ചടിക്കു തയാറെടുക്കുകയായിരുന്നു. എന്നാൽ, യമനിലെ ഔദ്യോഗിക ഗവൺമെന്റ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. അനധികൃത ഇറാനി വിമാനങ്ങൾ ലാൻഡ് ചെയ്യുന്നത് പ്രതിരോധിക്കാനായിരുന്നു അതെന്നും അവർ വെളിപ്പെടുത്തുകയുണ്ടായി. ഈ ആക്രമണത്തിനുശേഷം സൗദി വിമാനങ്ങൾക്ക് വ്യോമോപരോധവും ചെങ്കടലിൽ സൗദി കപ്പലുകളുടെ സഞ്ചാരത്തിന് തടസ്സവും നേരിടേണ്ടിവന്നു . ഇത് യമനിലെ ആഭ്യന്തരയുദ്ധം കൂടുതൽ രൂക്ഷതയിലേക്ക് നീങ്ങുകയാണെന്ന സൂചന നൽകി.
കഴിഞ്ഞ 12 വർഷമായി ഹൂതികൾ അധീനപ്പെടുത്തിയ പ്രദേശങ്ങളിൽ നിന്ന് അവരെ ഒഴിപ്പിക്കുമെന്ന് കഴിഞ്ഞയാഴ്ച യമൻ ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നു. അതിനു പിന്തുണയെന്നോണം സൻആയിൽ ബോംബാക്രമണം നടത്തുമെന്ന് സൗദി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ ഏറ്റവും ശക്തമായ വ്യോമശക്തിയാണ് സൗദി അറേബ്യ. ഹൂതി കേന്ദ്രങ്ങളിൽ നടത്തിയ ശക്തമായ ആക്രമണങ്ങളിലൂടെ റിയാദ് അത് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അതിനു പകരമെന്നോണം ‘ചെറുത്തുനിൽപ് അച്ചുതണ്ടി’ലെ അംഗമായ യമൻ, ഇറാന്റെ പിന്തുണയോടെ, ജിസാൻ മുതൽ ചെങ്കടൽ മേഖല വരെയുള്ള ഭാഗത്ത് നിരന്തരം സൗദിക്ക് ഭീഷണി സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. അതിനെതിരെ ശക്തമായ ചെറുത്തുനിൽപ് റിയാദിന് കൂടിയേ തീരൂ. ഹുർമുസ് കടലിടുക്ക് അടച്ചതോ നിയന്ത്രിതമായതോ സൗദിക്ക് കനത്ത ആഘാതമേൽപിക്കുന്നുണ്ട്. അതിനൊപ്പം ബാബുൽ മൻദബ് കൂടി ഉപരോധിക്കപ്പെട്ടാൽ പശ്ചിമേഷ്യയിലെ രാഷ്ട്രീയ, സാമ്പത്തികരംഗത്ത് അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങൾ ചെറുതാവില്ല.
ഇത് മുൻകൂട്ടിക്കണ്ട് ശക്തമായ പ്രതിരോധ നിര തീർക്കാനുള്ള ശ്രമത്തിലാണ് സൗദി അറേബ്യ. ഹൂതികൾ കണ്ണുവെച്ച യാമ്പുവിൽ സൈന്യം, റഡാർ സിസ്റ്റം അടക്കമുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളുമായി സുരക്ഷിതവലയം തീർക്കുമെന്ന് ഫ്രാൻസ് പ്രസ്താവിച്ചിട്ടുണ്ട്. തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങളുമായി ചേർന്ന് പുണ്യഭൂമികളുടെ സുരക്ഷിതത്വത്തിനുവേണ്ടി രൂപം കൊടുത്ത മക്ക സംയുക്ത പ്രതിരോധ കരാറിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാൻ സൗദി മുന്നിട്ടിറങ്ങിയിട്ടുണ്ട്. ഹൂതി വിമത തീവ്രവാദികൾ സൃഷ്ടിക്കുന്ന ഭീഷണി സൗദി അറേബ്യയെ മാത്രം ബാധിക്കുന്ന ഭീഷണിയല്ലെന്നും രാജ്യത്തിന്റെ ഊർജോപാധികളെ ഉന്നംവെക്കുന്നത് സൗദിയുടെ അന്താരാഷ്ട്ര പങ്കാളികളെക്കൂടി പ്രയാസത്തിലകപ്പെടുത്തുമെന്നും മേഖലയിലെ ശാക്തിക സന്തുലനത്തെ അവതാളത്തിലാക്കുമെന്നും തിരിച്ചറിഞ്ഞുള്ള പ്രതിരോധ ശ്രമങ്ങൾക്കാണ് സൗദി അറേബ്യയുടെ നേതൃത്വത്തിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇറാനും സൗദിയും തമ്മിലുള്ള കിടമത്സരമായിരുന്നു ഇത്രയും കാലം യമനെ മുൻനിർത്തി നടന്നുവന്നത്. എന്നാൽ, അമേരിക്കയുടെ ഇറാൻ ഇടപെടലോടുകൂടി ചിത്രം മാറിമറിഞ്ഞു.
അമേരിക്കൻ ആക്രമണത്തിന് തിരിച്ചടിയെന്നോണം ഇറാൻ ഉന്നമിട്ടത് യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ എന്നിവിടങ്ങളിലെ യു.എസ് ബേസുകളും ഒപ്പം എണ്ണ, ഊർജ, കപ്പൽ ഗതാഗത സംവിധാനങ്ങളുമാണ്. ലോകത്തെ ഏറ്റവും വലിയ ആയുധശക്തിയായിട്ടുകൂടി ഇക്കാര്യത്തിൽ സ്വന്തം വിശ്വസ്തരാജ്യങ്ങളെ രക്ഷിക്കാൻ അമേരിക്കക്ക് കഴിഞ്ഞില്ല എന്നതു മറ്റാരേക്കാളും അസ്വസ്ഥപ്പെടുത്തിയത് ഗൾഫ് രാഷ്ട്രങ്ങളെയാണ്. അതിനുള്ള പ്രതിവിധി തേടിയാണ് തുർക്കിയയെയും പാകിസ്താനെയും ചേർത്തുള്ള മക്ക കരാറിന് സൗദി മുന്നിട്ടിറങ്ങിയത്. സൈനിക സഹകരണം അടക്കമുള്ള അതിന്റെ സജീവമായ കർമാവിഷ്‍കാരത്തിനുള്ള പദ്ധതികളാണിപ്പോൾ ആരായുന്നത്. അതിനിടെ ഹൂതികൾ ആക്രമണം കടുപ്പിച്ചത് ഈ മുന്നേറ്റം ത്വരിപ്പിക്കാൻ ഇടയാക്കിയിട്ടുണ്ട്. എന്നാൽ, തുർക്കിയയും പാകിസ്താനും ചേർന്ന് അതിനു മുതിരുകയും ചൈനയും റഷ്യയും യൂറോപ്പും എണ്ണയിൽ കണ്ണുവെച്ച് ചായ്‍വുകളിലേക്ക് നീങ്ങുകയും ചെയ്യുമ്പോൾ പശ്ചിമേഷ്യ പ്രതിസന്ധിയുടെ ആഴത്തിലേക്ക് പതിക്കുകയാവും ചെയ്യുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

