Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightലോക ക്രിമിനൽ കോടതി...

ലോക ക്രിമിനൽ കോടതി മരവിക്കരുത്

text_fields
bookmark_border
ലോക ക്രിമിനൽ കോടതി മരവിക്കരുത്
cancel

അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി)യിൽ നിന്ന് മുഖ്യ പ്രോസിക്യൂട്ടർ കരീം ഖാനെa പുറത്താക്കിയത് ആ കോടതിയുടെ പ്രവർത്തനത്തെ എങ്ങനെ, എത്രത്തോളം, ബാധിക്കും എന്ന ആശങ്ക ഉയർന്നിരിക്കുന്നു. ഒരു കീഴുദ്യോഗസ്ഥയുടെ പരാതിയിന്മേലുള്ള അന്തിമനടപടിയാണ് പിരിച്ചുവിടൽ. പരാതി ഉയർന്നപ്പോൾ ഐക്യരാഷ്ട്രസഭയുടെ സ്വതന്ത്ര അന്വേഷണസംഘം നടപടിയിലേക്ക് കടന്നു. അതിനുപിന്നാലെ, 2025 മേയിൽ ഖാൻ സ്വമേധയാ ചുമതലകളിൽനിന്ന് മാറിനിന്നു. കഴിഞ്ഞ ജൂണിൽ അസംബ്ലി ഓഫ് സ്റ്റേറ്റ് പാർട്ടീസ് (എ.എസ്.പി) എന്ന അംഗരാഷ്ട്രവേദിയുടെ നിർവാഹകസമിതി ഖാനെ സസ്പെൻഡ് ചെയ്തു; ജൂലൈ 14ന് എ.എസ്.പി ഭൂരിപക്ഷ വോട്ട് പ്രകാരം അദ്ദേഹത്തെ ഐ.സി.സി പ്രോസിക്യൂട്ടർപദവിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. ആരോപണങ്ങൾ ഖാൻ നിഷേധിച്ചിട്ടുണ്ട്.

ഉന്നതസ്ഥാനത്തിരിക്കുന്നവരിൽ നിന്നുണ്ടാകുന്ന അധാർമിക പ്രവൃത്തികൾക്ക് ശിക്ഷ നൽകേണ്ടത് ആവശ്യം തന്നെയാണ്. അതേസമയം, കരീം ഖാൻ മാറ്റിനിർത്തപ്പെടുന്നതോടെ മുടക്കം വരാൻ സാധ്യതയുള്ള അതിപ്രധാനമായ കേസുകൾ എന്തെല്ലാമാണെന്ന് പരിശോധിക്കുമ്പോൾ, കാര്യങ്ങൾ അത്ര ലളിതമല്ല എന്നും പറയേണ്ടിവരും. ഐ.സി.സിയുടെ 24 വർഷത്തെ ചരിത്രത്തിൽ ഇത്തരം ഒരവസ്ഥ ആദ്യമാണ്. അതാകട്ടെ ലോകത്ത് ഏറ്റവും കൂടുതൽ അസ്വസ്ഥത വിതക്കുന്ന യു.എസ്, റഷ്യ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളെ നീതിക്ക് മുന്നിൽ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഇടക്ക് വെച്ചും. ലോക കോടതിയുടെ പ്രവർത്തനങ്ങൾക്ക് തുരങ്കംവെക്കാൻ ബന്ധപ്പെട്ട രാജ്യങ്ങൾ പലനിലക്കും പരിശ്രമിക്കുന്നതിനിടയിലാണ് ഖാനെതിരെ ദുർവൃത്തി ആരോപണം വന്നത്. നീതി നടപ്പാക്കേണ്ടതുതന്നെ-വ്യക്തികൾക്കെതിരെ മാത്രമല്ല, ആയുധവും സ്വാധീനവുമുള്ള രാജ്യങ്ങൾക്കെതിരെയും. ഒന്ന് മറ്റൊന്നിന് തടസ്സമായിക്കൂടാത്തതാണ്. അഫ്ഗാനിസ്താനിൽ അമേരിക്കൻ സൈന്യവും സി.ഐ.എ ഉദ്യോഗസ്ഥരും ചെയ്ത യുദ്ധക്കുറ്റങ്ങൾക്ക് കേസ് നിലവിലുണ്ട്. ഗസ്സയിൽ യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളും ചെയ്തതിന് ഇസ്രായേൽ പ്രധാനമന്ത്രിക്കും പ്രതിരോധമന്ത്രിക്കുമെതിരെ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതാണ്. തങ്ങൾക്കെതിരെ നടപടിയെടുക്കാൻ ഈ കോടതിക്ക് അധികാരമില്ലെന്ന് വാദിച്ച് ഇസ്രായേൽ സമർപ്പിച്ച അപ്പീൽ തള്ളപ്പെടുകയായിരുന്നു. ഇസ്രായേൽ ഐ.സി.സിയുടെ ഭാഗമല്ലെങ്കിലും ഫലസ്തീൻ അംഗമാണ് എന്നത് നടപടിക്ക് നിയമസാധുത നൽകുന്നുണ്ട്. വാറന്റ് നടപ്പാക്കാൻ ബാധ്യസ്ഥരായ അംഗരാജ്യങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ ഐ.സി.സിക്ക് നടപടിയെടുക്കാം. ഹംഗറി പോലുള്ള ചില രാജ്യങ്ങൾക്കെതിരെ അത്തരം നിയമനടപടി തുടങ്ങിയിട്ടുണ്ടുതാനും. കുട്ടികളെ റഷ്യയിലേക്ക് കടത്തിക്കൊണ്ടുപോയതിനും സിവിലിയൻ കേന്ദ്രങ്ങളിൽ ബോംബിട്ടതിനും പ്രസിഡൻറ് പുടിൻ അടക്കമുള്ള റഷ്യൻ അധികൃതർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ, ഇസ്രായേലിനെതിരായ ആരോപണങ്ങളിന്മേൽ പ്രോസിക്യൂഷൻ നടപടി പുരോഗമിക്കെയാണ് മുഖ്യപ്രോസിക്യൂട്ടർ പുറത്താക്കപ്പെട്ടിരിക്കുന്നത്. ഇസ്രായേലി നേതാക്കൾക്കെതിരായ നിയമനടപടി അനിശ്ചിതത്വത്തിലാകും എന്നർഥം.

അന്താരാഷ്ട്രതലത്തിൽ നീതി നടപ്പാക്കാനും യുദ്ധക്കുറ്റവും വംശഹത്യയും അടക്കമുള്ള കൊടുംപാതകങ്ങൾ ചെയ്യുന്നവരെ ശിക്ഷിക്കാനുമുള്ള വേദിയാണ് ഐ.സി.സി. ഈ കോടതി കോംഗോയിലെയും മാലിയിലെയും ഈരണ്ടുപേരെ അടക്കം അഞ്ചുപേരെയെങ്കിലും ശിക്ഷിച്ചിട്ടുണ്ട്. ഒരാൾക്കെതിരായ കേസിൽ വിധി വരാനിരിക്കുന്നു. ആഫ്രിക്കൻ രാജ്യങ്ങളും ദരിദ്രരാജ്യങ്ങളുമാണ് കോടതിയുടെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നതെന്നും വൻ രാഷ്ട്രങ്ങൾ കോടതിക്കും നീതിക്കും പുറത്താണെന്നുമുള്ള പരാതി മുമ്പേ ഉള്ളതാണ്. തങ്ങൾക്കെതിരെ നടപടി തുടങ്ങിയതിന്റെ പേരിൽ ലോക കോടതിയുടെ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധമേർപ്പെടുത്തിയ രാജ്യമാണ് അമേരിക്ക. ഇസ്രായേൽ തുടക്കം മുതലേ ലോക കോടതിയുടെ ഇടപെടലും നടപടിയും തടസ്സപ്പെടുത്താൻ പലനിലക്കും ശ്രമിച്ചുവരുന്നു. കരീം ഖാൻ പുറത്താക്കപ്പെട്ടതോടെ അവർ ആഗ്രഹിച്ചതുതന്നെയാണ് നടന്നത്. നെതന്യാഹുവിനെതിരായ വാറന്റ് കരീം ഖാനാണ് പുറപ്പെടുവിച്ചതെങ്കിലും ജഡ്ജിമാർ അത് ശരിവെച്ചിട്ടുണ്ട്. കരീം ഖാന്റെ കീഴിലുണ്ടായിരുന്ന രണ്ട് പ്രോസിക്യൂട്ടർമാർക്ക് അത് തുടർന്ന് ഏറ്റെടുക്കാവുന്നതാണ്; പകരം മറ്റൊരു പ്രോസിക്യൂട്ടറെക്കൂടി നിയമിക്കുകയുമാകാം. പക്ഷേ അത്തരക്കാർ ഇപ്പോഴത്തെ അറസ്റ്റ് വാറന്റുകൾ പിൻവലിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്. ഇസ്രായേലി സമ്മർദവും അമേരിക്കയുടെ ഉപരോധഭീഷണിയും നീതിക്ക് മുന്നിലെ തടസ്സങ്ങളാണ്. ലോകകോടതിയുടെ പ്രസക്തിയാണ് ഇപ്പോൾ അനിശ്ചിതത്വത്തിലായിരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICCIsraelopinionInternational Criminal Courteditorial opinion
News Summary - ലോക ക്രിമിനൽ കോടതി മരവിക്കരുത്
Next Story