സംഘർഷഭരിതമായ ഇറാൻ
text_fieldsപോയവർഷം ഡിസംബർ അവസാനത്തിൽ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിൽ അഭൂതപൂർവമായ വിലക്കയറ്റത്തിനും അവശ്യസാധനക്ഷാമത്തിനുമെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭം ഇതെഴുതുമ്പോഴും വൻ ജീവനഷ്ടത്തിനും കലാപത്തിനും വഴിവെച്ചുകൊണ്ട് തുടരുകയാണ്. ജീവഹാനിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ ഇന്റർനെറ്റ് സൗകര്യങ്ങളുടെ അഭാവത്തിൽ ലഭ്യമല്ലെങ്കിലും 109 സുരക്ഷാ ഉദ്യോഗസ്ഥരും 544 സിവിലിയന്മാരും ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് പുറത്തുവന്ന ഒരു കണക്ക്. ഇറാനി റിയാലിന്റെ വൻ തകർച്ചയാണ് ജനജീവിതത്തെ അത്യന്തം ദുരിതമയമാക്കിയതെന്ന് വാർത്തകളിൽ കാണുന്നു. 2025 തുടക്കത്തിൽ ഒരു യു.എസ് ഡോളറിന് ഏഴുലക്ഷവും വർഷം പകുതിയായപ്പോൾ ഒമ്പത് ലക്ഷവുമായി റിയാലിന്റെ വിലയിടിഞ്ഞത് തിങ്കളാഴ്ചയോടെ 14 ലക്ഷത്തിലേക്ക് കൂപ്പുകുത്തിയപ്പോൾ അവശ്യസാധന വില വാനോളം ഉയർന്നുവെന്ന് പറയേണ്ടതില്ലല്ലോ. മുൻ വർഷത്തേക്കാൾ ഭക്ഷ്യസാധനവില 72 ശതമാനമായി കുതിച്ചുയർന്നുവെങ്കിൽ ജനസാമാന്യം തെരുവിലിറങ്ങിയത് സ്വാഭാവികം. ആണവ സമ്പുഷ്ടീകരണം ആരോപിച്ച് യു.എൻ രക്ഷാസമിതി ഇറാനെതിരെ ഏർപ്പെടുത്തിയ സാമ്പത്തികോപരോധം 2025 സെപ്റ്റംബറിൽ തുടരാൻ തീരുമാനിച്ചതും 2025 ജൂണിൽ ഇസ്രായേലുമായി നടത്തിയ 12 ദിവസത്തെ യുദ്ധവും രാജ്യത്തിന്റെ സാമ്പത്തിക തകർച്ചക്കുള്ള മുഖ്യകാരണങ്ങളാണ്. ആണവനിലയങ്ങൾ ലക്ഷ്യമാക്കി ഇസ്രായേൽ നടത്തിയ വ്യോമാക്രമണം നിഷ്ഫലമാക്കുന്നതിൽ ഇറാൻ വിജയിച്ചുവെങ്കിലും കനത്ത നാശനഷ്ടങ്ങൾ തന്മൂലം നേരിടേണ്ടിവന്നതും സമ്പദ്വ്യവസ്ഥയുടെ തകർച്ചക്ക് ആഴംകൂട്ടി.
പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന നയം തുടർന്നാൽ സൈനികമായി ഇടപെടുമെന്ന യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയോട് യുദ്ധത്തിനും ചർച്ചക്കും ഒരുപോലെ തങ്ങൾ തയാറാണെന്നാണ് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അറാഗ്ശി പ്രതികരിച്ചിരിക്കുന്നത്. ഒമാന്റെ മധ്യസ്ഥതയിൽ ഒരൊത്തുതീർപ്പിനുള്ള സാധ്യത തുറന്നതായുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നു. ഇറാൻ ചർച്ചകൾക്ക് സന്നദ്ധമാണെന്നറിയിച്ചതായി ട്രംപും പറയുന്നു. ട്രംപിന്റെ വാക്കുകൾ എത്രത്തോളം വിശ്വാസ്യമാണെന്ന് ആർക്കും ഉറപ്പിക്കാനാവാത്ത സാഹചര്യത്തിൽ സ്വതേ അസ്വസ്ഥഭരിതമായ പശ്ചിമേഷ്യൻ അന്തരീക്ഷം പൂർവാധികം വിനാശകരമായ ഒരു യുദ്ധത്തിൽ കലാശിക്കുമോ എന്ന് ലോകം ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നത്. ഇപ്പോഴത്തെ പ്രക്ഷോഭം ഇറാനിൽ സൈനികമായി ഇടപെടാനുള്ള അമേരിക്കയുടെ കുത്സിത ശ്രമമാണെന്ന് ഇറാൻ ആരോപിക്കുന്നതിൽ ശരിയില്ലെന്ന് വിശ്വസിക്കാൻ ഗതകാല സംഭവങ്ങൾ സഹായിക്കുന്നില്ല.
ജന്മദേശത്തിന്റെ സ്വതന്ത്രമായ അസ്തിത്വത്തിനുവേണ്ടി ഗസ്സയിൽ ഹമാസ് ആരംഭിച്ച പോരാട്ടത്തെ ചോരയിൽ മുക്കിക്കൊല്ലാൻ ഇസ്രായേൽ രണ്ടുവർഷത്തിലേറെക്കാലം വർഷിച്ചുവന്ന തീമഴ ആദ്യന്തം യു.എസ് പങ്കാളിത്തത്തോടെയായിരുന്നുവല്ലോ. ആ ഘട്ടത്തിൽ ഹമാസിനോടൊപ്പം നിന്ന ഒരേയൊരു രാജ്യം ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ആയിരുന്നുവെന്ന സത്യം ലോകം കണ്ടതാണ്. മറ്റുള്ളവരൊക്കെ സമാധാനത്തിനായി അധരസേവ നടത്തിയതല്ലാതെ പ്രയോഗത്തിൽ ഫലസ്തീനെയും ഗസ്സയെയും സഹായിക്കാൻ ധൈര്യപ്പെട്ടില്ല. പ്രതികാരദാഹിയായ സയണിസ്റ്റ് രാഷ്ട്രം ട്രംപിന്റെ സഹകരണത്തോടെ ഇറാനെതിരെ ആക്രമണം അഴിച്ചുവിട്ടപ്പോൾ, തെൽ അവീവിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ട് ഇസ്രായേലിനെ ഞെട്ടിക്കാൻ ആ രാജ്യത്തിന് കഴിഞ്ഞു. അന്നുമുതൽ അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിലെ നിലവിലെ സർക്കാറിനെ തൂത്തെറിഞ്ഞ് തങ്ങളുടെ പാവ സർക്കാറിനെ കുടിയിരുത്താൻ കരുനീക്കങ്ങൾ നടത്തിവരുകയാണ്. അതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ഇറാനിലെ ആഭ്യന്തര കലാപമെന്ന ആയത്തുല്ലാ ഖാംനഈയുടെയും ഇറാൻ ഭരണകർത്താക്കളുടെയും ആരോപണം തള്ളിക്കളയാനാവില്ല. ഒപ്പം റഷ്യയുമായും ചൈനയുമായും സൗഹൃദം പുലർത്തുന്ന ഇറാന്റെ നയതന്ത്രവും യാങ്കി-സയണിസ്റ്റ് കൂട്ടുകെട്ടിനെ അസ്വസ്ഥമാക്കുന്നു.
1979ൽ അമേരിക്കൻ പാവയായ മുഹമ്മദ് റിസാഷാ പഹ്ലവിയെ രാജ്യഭ്രഷ്ടനാക്കി ജനകീയ വിപ്ലവത്തിലൂടെ അധികാരം പിടിച്ച ആയത്തുല്ലാ ഖുമൈനിയുടെ അനന്തരഗാമികളിൽ നിന്ന് ഇറാനെ തിരിച്ചുപിടിക്കാനുള്ള യു.എസ് ഗൂഢതന്ത്രങ്ങളും ഇപ്പോൾ മറനീക്കി പുറത്തുവന്നുകഴിഞ്ഞു. സ്ഥാനഭ്രഷ്ടനായ ഷായുടെ പുത്രൻ റിസാ പഹ്ലവി പുതിയ അവതാരമായി രംഗപ്രവേശം ചെയ്യുന്നതും തെരുവ് പ്രക്ഷോഭങ്ങൾക്ക് പിന്തുണ പ്രഖ്യാപിക്കുന്നതും അതിന്റെ വ്യക്തമായ തെളിവാണ്. എന്നാൽ, ഒരു കാരണവശാലും ഇതംഗീകരിക്കാൻ കഴിയില്ലെന്നാണ് ആത്മീയ നേതാവ് ഖാംനഈയുടെ നേതൃത്വത്തിൽ ഇറാനിലെ ജനകീയ സർക്കാറിന്റെ സുദൃഢ നിലപാട്. ജനാധിപത്യപരവും സമാധാനപൂർണവുമായ പ്രക്ഷോഭങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീർച്ചയായും പ്രസക്തിയും ന്യായീകരണവുമുണ്ട്. അതിലൂടെ ജനപിന്തുണ നഷ്ടപ്പെട്ട ഭരണകൂടങ്ങളെ താഴെ ഇറക്കുന്നതും കുറ്റകരമല്ല. എന്നാൽ, അത്യന്തം കുത്സിതമായ നീക്കങ്ങളിലൂടെ ഒരു സ്വതന്ത്ര രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നതും അട്ടിമറി സംഘടിപ്പിക്കുന്നതും യുദ്ധഭീഷണി മുഴക്കുന്നതും ലോകം അംഗീകരിച്ച രാജ്യാന്തര ബന്ധങ്ങൾക്കും ഐക്യരാഷ്ട്ര പ്രമാണങ്ങൾക്കും കടകവിരുദ്ധമാണ്. ചരിത്രത്തിലുടനീളം ഇന്ത്യയുമായി സുഹൃദ്ബന്ധം പുലർത്തിവരുന്ന ഇറാനോടുള്ള കടപ്പാടും ഗുണകാംക്ഷയും നമ്മുടെ സർക്കാർ തുറന്ന് പ്രകടിപ്പിക്കേണ്ട ഘട്ടമാണിതെന്നുകൂടി ഓർമിപ്പിക്കട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
