വ്യാപാരയുദ്ധത്തിന് അന്ത്യമാകുമോ?
text_fieldsദക്ഷിണ കൊറിയയിലെ ഗ്യോങ്ജുവിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷൻ (അപെക്) ഉച്ചകോടിയോടനുബന്ധിച്ച് ബൂസാനിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങും ചേർന്ന് നടത്തിയ ചർച്ചയിൽ ഇരു രാജ്യങ്ങളും തമ്മിലെ വ്യാപാരയുദ്ധത്തിന് താൽക്കാലികമായെങ്കിലും അയവ് വന്നിരിക്കുന്നു.
തീരുവയിലും കയറ്റുമതിയിലും ഇരുപക്ഷവും പരസ്പരം വിട്ടുവീഴ്ച ചെയ്ത് ധാരണയിലെത്തിയത് മാസങ്ങളായി ആഗോളതലത്തിൽതന്നെ നിലനിൽക്കുന്ന അനിശ്ചിതത്വങ്ങളെ ലഘൂകരിക്കുമെന്നതിൽ സംശയമില്ല. ചൈനീസ് ഉൽപന്നങ്ങൾക്ക് യു.എസ് ഏർപ്പെടുത്തിയ 20 ശതമാനം തീരുവ പകുതിയാക്കിയപ്പോൾ മറുവശത്ത്, അപൂർവ ധാതുക്കളുടെ (റെയർ എർത്ത് എലമെന്റ്സ്) കയറ്റുമതിക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ചൈന ഒരു വർഷത്തേക്ക് മരവിപ്പിച്ച് സന്ധി ചെയ്തു.
ചൈനക്ക് കമ്പ്യൂട്ടർ ചിപ്പുകൾ നൽകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കുമെന്നും ഇതുസംബന്ധിച്ച വ്യാപാര കരാറിൽ ഉടൻ ഒപ്പിടുമെന്നും ട്രംപ് വ്യക്തമാക്കിയത് പ്രത്യക്ഷത്തിൽ തന്നെ മഞ്ഞുരുക്കത്തിന്റെ ലക്ഷണമാണ്. നവംബർ ഒന്നു മുതൽ ചൈനക്കുമേൽ 100 ശതമാനം തീരുവ നടപ്പാക്കുമെന്നായിരുന്നു നേരത്തെ ട്രംപ് പ്രഖ്യാപിച്ചിരുന്നതെന്നോർക്കണം. അവിടെ നിന്ന്, നേരിട്ടുള്ള സംഭാഷണത്തിന്റെ ഒന്നാം ഘട്ടത്തിൽ തന്നെ ഇരു രാജ്യങ്ങളും സമവായത്തിലെത്തിയത് എന്തുകൊണ്ടും ശുഭോദർക്കമാണ്. ട്രംപിന്റെ രണ്ടാം വരവിൽ മുഖ്യപ്രതിയോഗിയുമായി നടത്തുന്ന ആദ്യ ചർച്ച എന്ന പ്രത്യേകതയും ബൂസാനിലുണ്ടായിരുന്നു. തുടർചർച്ചകൾക്കായി ഇരുപക്ഷവും കൈകൊടുത്ത് പിരിഞ്ഞതോടെ, അത് പുതിയ ഭൗമരാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പായിരിക്കുമോ എന്ന മറ്റൊരു ചോദ്യവും അവിടെ ബാക്കിയാകുന്നുണ്ട്.
ലോക സമ്പദ്‍വ്യവസ്ഥയെ തന്നെ പിടിച്ചുകുലുക്കിയതും ഏതാണ്ടെല്ലാ രാജ്യങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ ഇടപെടാനും ഇരയാക്കപ്പെടാനും നിർബന്ധിതരാവുകയും ചെയ്ത അത്യപൂർവ രാഷ്ട്രീയ-സാമ്പത്തിക അടിയന്തരാവസ്ഥക്കാണ് 2018ൽ തന്റെ ഒന്നാം ഊഴത്തിൽ ട്രംപ് വ്യാപാരയുദ്ധത്തിലൂടെ തുടക്കം കുറിച്ചത്. രാഷ്ട്രാന്തരീയ വ്യാപാരങ്ങൾ പരമാവധി സ്വതന്ത്രവും സുതാര്യവുമാക്കുക എന്ന ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) മൗലികലക്ഷ്യത്തെ സമ്പൂർണമായി നിരാകരിച്ച് ലോകരാഷ്ട്രങ്ങൾ തോന്നിയപടി ഇറക്കുമതി ചുങ്കങ്ങൾ ഏർപ്പെടുത്തിയതിനെയാണ് മാധ്യമങ്ങൾ വ്യാപാരയുദ്ധമെന്ന് വിശേഷിപ്പിച്ചത്. അലൂമിനിയത്തിനും സ്റ്റീലിനും യഥാക്രമം പത്തും 25ഉം ശതമാനം വീതം ഇറക്കുമതിത്തീരുവ വർധിപ്പിച്ചായിരുന്നു ഇതിന്റെ തുടക്കം. യു.എസിലെ ട്രംപിന്റെ ചങ്ങാതി മുതലാളിമാർക്ക് വൻലാഭം നേടിക്കൊടുക്കുന്നതിനോടൊപ്പം ഈ മേഖലയിൽ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ചൈനയെ തളർത്തുക എന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നിലെന്ന് വ്യക്തം.
പക്ഷേ, ഇരയാക്കപ്പെട്ടത് ചൈന മാത്രമായിരുന്നില്ല; ഈ മേഖലയിൽ വലിയ കയറ്റുമതി നിർവഹിച്ചിരുന്ന ആസ്ട്രേലിയ, ബ്രസീൽ ഒഴികെയുള്ള ഏതാണ്ടെല്ലാ രാജ്യങ്ങൾക്കും ഇത് തിരിച്ചടിയായി. വിഷയത്തിൽ ഡബ്ല്യു.ടി.ഒ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. യു.എസിൽനിന്നുള്ള 7000ത്തോളം ഉൽപന്നങ്ങളുടെ തീരുവ 25 ശതമാനം വർധിപ്പിച്ച് ചൈന പ്രതികാര നടപടികൾക്ക് തുടക്കമിട്ടതോടെ, അതുവരെയും ലോകം കാണാത്ത പുതിയൊരു യുദ്ധത്തിന്റെ സമാരംഭമാവുകയായിരുന്നു. പക്ഷേ, ട്രംപ് അധികാരമൊഴിഞ്ഞതോടെ, കാര്യങ്ങൾക്ക് അൽപം അയവുണ്ടായി. പക്ഷേ, രണ്ടാം വരവിൽ അയാൾ അങ്ങേയറ്റത്തെ ‘ആക്രമണോത്സുക’മനോഭാവത്തിലാണ് വ്യാപാരയുദ്ധത്തെ സമീപിച്ചത്. ‘പകരച്ചുങ്ക’ നടപടി ഇന്ത്യയടക്കമുള്ള ലോകത്തെ മിക്ക രാജ്യങ്ങളെയും പിടിച്ചുകുലുക്കി. ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ആദ്യം പ്രഖ്യാപിച്ചത് 25 ശതമാനം തീരുവയായിരുന്നു. പിന്നീട്, റഷ്യൻ എണ്ണ വാങ്ങുന്നെന്ന് കുറ്റപ്പെടുത്തി 25 ശതമാനം അധിക ‘പിഴച്ചുങ്ക’വും ഏർപ്പെടുത്തി കനത്ത പ്രഹരമേൽപിച്ചു. ട്രംപിന്റെ സ്വന്തം ‘സുഹൃത്ത്’ സാക്ഷാൽ പ്രധാനമന്ത്രി വിചാരിച്ചിട്ടും ഒരു ഇളവുമുണ്ടായില്ല. സമാനമായ നടപടികളിലൂടെ ലോകത്തെ വൻശക്തി രാജ്യങ്ങളെയെല്ലാം ട്രംപ് മുൾമുനയിൽ നിർത്തി.
ഇതിനിടയിലുണ്ടായ പലവിധ ആഭ്യന്തര തിരിച്ചടികളും അതിന്റെ പുറത്തുണ്ടായ സമ്മർദങ്ങളും ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ കനത്ത പ്രതിരോധം തീർത്തതുമാണ് ട്രംപിനെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് തോന്നുന്നു. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾ വിപണിതേടി യൂറോപ്യൻ രാജ്യങ്ങളുമായി ചർച്ച തുടങ്ങിയതും ട്രംപ് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മൂന്നുവർഷമായി ചർച്ചയിലുണ്ടായിരുന്ന ഇന്ത്യ-യു.കെ വ്യാപാര കരാർ ‘പകരത്തീരുവ’ക്ക് ശേഷം വേഗത്തിൽ യാഥാർഥ്യമായത് ഓർക്കുക. ഇന്ത്യക്ക് അതിജീവിക്കാൻ പുതിയൊരു വിപണി ആവശ്യമായിരുന്നു. അതിനുശേഷം, യൂറോപ്യൻ യൂനിയനുമായുള്ള വ്യാപാര ചർച്ചയും ഇന്ത്യ സജീവമാക്കി. അതോടൊപ്പം, ചൈനയുമായുള്ള അകൽച്ച കുറക്കാനുള്ള നയതന്ത്ര ഇടപെടലുകൾ വേറെയുമുണ്ട്.
സമാന്തരമായി റഷ്യയുമായി പുതിയ വ്യാപാര കരാറുകൾക്കും ഒരുങ്ങി. യൂറോപ്യൻ യൂനിയൻ, റഷ്യ, ചൈന തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ച് പുതിയ വ്യാപാര സഖ്യങ്ങൾ രൂപപ്പെടുന്നത് ക്ഷീണമായിരിക്കുമെന്ന് ട്രംപ് തിരിച്ചറിഞ്ഞെന്നും പറയാം. ഈ തിരിച്ചറിവാകാം, ചൈനയുമായൊരു സമവായത്തിന് തയാറാകാൻ ട്രംപിനെ പ്രേരിപ്പിച്ചത്. വ്യാപാരയുദ്ധത്തെ ഇത് ശമിപ്പിക്കുമെങ്കിലും മറ്റു ചില സങ്കീർണതകളിലേക്ക് ആഗോള രാഷ്ട്രീയത്തെ നയിക്കുമെന്ന് ഭയക്കേണ്ടിയിരിക്കുന്നു. ചൈനയുമായുള്ള ചർച്ചക്കുമുമ്പ്, തങ്ങളുടെ ആണവായുധങ്ങൾ മിനുക്കിയെടുക്കാൻ താൻ പെന്റഗണിനോട് ആവശ്യപ്പെട്ടെന്നാണ് ട്രംപ് വെളിപ്പെടുത്തിയത്. 33 വർഷം മുമ്പാണ് യു.എസ് ആണവായുധ പരീക്ഷണം നടത്തിയത്. റഷ്യ ആണവായുധ പരീക്ഷണത്തിനൊരുങ്ങുന്നെന്ന വാർത്തക്കുപിന്നാലെയായിരുന്നു ട്രംപിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. അപ്പോൾ, വ്യാപാരയുദ്ധം അവസാനിച്ചാലും മറ്റുദിശകളിൽ ബലപരീക്ഷണം തുടരുമെന്നുതന്നെ പ്രതീക്ഷിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

