Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightEditorialchevron_rightബംഗാൾ രാഷ്ട്രീയത്തിലെ...

ബംഗാൾ രാഷ്ട്രീയത്തിലെ തെരുവ് കൈയാങ്കളികൾ

text_fields
bookmark_border
ബംഗാൾ രാഷ്ട്രീയത്തിലെ തെരുവ് കൈയാങ്കളികൾ
cancel

പശ്ചിമബംഗാളിൽ സുവേന്ദു അധികാരിയുടെ നേതൃത്വത്തിൽ ബി.ജെ.പി ഗവൺമെന്റ് ഭരണത്തിലേറിയതിൽ പിന്നെ മുഖ്യ രാഷട്രീയ പ്രതിയോഗികളായ തൃണമൂൽ കോൺഗ്രസ് (ടി.എം.സി) നേതാക്കളെ ​​തെരുവിൽ നേരിട്ട് കൈകാര്യം ചെയ്യുന്ന പ്രാകൃതരീതി, സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ സംഘർഷത്തിന് വഴിതുറന്നിരിക്കുകയാണ്. തൃണമൂൽ ജനറൽ സെക്രട്ടറി അഭി​ഷേക് ബാനർജിയെ സൗത്ത് 24 പർഗാന ജില്ലയിലെ സോനാർപൂരിൽ മേയ് 30ന് ശനിയാഴ്ച ഒരു കൂട്ടം കൈയേറ്റം നടത്തുകയും മുട്ടയെറിയുകയും ​ചെയ്തിരുന്നു.

മമത ബാനർജിയുടെ വലം​കൈയായ അഭിഷേകിനെതിരായ അതിക്രമത്തി​ൽ പ്രതിഷേധിച്ച് തൃണമൂലിന്റെ സംസ്ഥാന വ്യാപകമായ പ്രക്ഷോഭപരിപാടികൾ നടന്നുവരുന്നതിനിടെയാണ് ഞായറാഴ്ച പാർട്ടിയുടെ മുതിർന്ന നേതാവ് കല്യാൺ ബാനർജിയെ ഹൂഗ്ലി ജില്ലയിലെ ചാണ്ടിതാല പൊലീസ് സറ്റേഷനു സമീപം വടികളും കല്ലുകളുമായി ആക്രമികൾ അടിച്ചുവീഴ്ത്തിയത്. സംഭവത്തിനു പിന്നിൽ ബി.ജെ.പിയാണെന്ന് ടി.എം.സി ആരോപിക്കുമ്പോൾ സംഭവവുമായി ബന്ധമില്ലെന്നും മുൻ ഭരണകക്ഷിയിലെ നേതാക്കളോട് ജനം പ്രകടിപ്പിക്കുന്ന അസംതൃപ്തിയാണ് കൈയേറ്റങ്ങൾക്കിടയാക്കുന്നതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം.

അഭിഷേക് ബാനർജിക്കെതിരായ അതിക്രമത്തിനു ശേഷം വന്ന ഈ പ്രസ്താവന, ബി.ജെ.പി അണികൾക്ക് കൂടുതൽ വീര്യം പകർന്നുവെന്നതിന്റെ തെളിവാണ് തൊട്ടു പിറ്റേന്നാൾ കല്യാൺ ബാനർജിയെ ആക്രമികൾ തെരുവിൽ നേരിട്ടത്. തെരഞ്ഞെടുപ്പാനന്തര കലാപങ്ങൾ പതിവായ പശ്ചിമബംഗാളിൽ ഈ രാഷ്ട്രീയ സംഘട്ടനങ്ങൾ കൂടുതൽ സംഘർഷത്തിലേക്കു നീങ്ങുമോ എന്ന ആശങ്കയുയർന്നിട്ടുണ്ട്.

സംസ്ഥാനത്ത് കലാപാന്തരീക്ഷമുണ്ടാക്കി ടി.എം.സി പ്രവർത്തകരെ പേടിപ്പിച്ച് പാട്ടിലാക്കാമെന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഓരോ ഭരണമാറ്റത്തിലും രാഷ്ട്രീയ പ്രതിയോഗികളെ കായികമായി നേരിട്ട് ഒതുക്കുന്നത് ബംഗാൾ രാഷ്ട്രീയത്തിന്റെ പതിവാണ്. സിദ്ധാർഥ് ശങ്കർ റായിയുടെ ഭരണകാലം മുതൽ നിലവിലുള്ള നാട്ടുനടപ്പാണിത്. പിന്നീട് സി.പി.എം ഭരണത്തിൽ വന്നപ്പോഴും അവരെ മറിച്ചിട്ട് തൃണമൂൽ ഭരണം പിടിച്ചെടുത്തപ്പോഴുമൊക്കെ വാഴുന്ന കക്ഷിപരിവാരത്തിൽ നിന്ന് വീഴുന്നവർ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ആ ചരിത്രം ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു.

വാഴുന്നവർ ഈ ഭീഷണി രാഷ്ട്രീയത്തിലൂടെ ലക്ഷ്യമിടുന്നതെന്തോ അത് അവർ നേടിയെടുക്കുന്നുമുണ്ട്. ഇപ്പോൾ തന്നെ, മമത ബാനർജി വിളിച്ച എം.എൽ.എമാരുടെ യോഗത്തിൽ 86 അംഗബലത്തിൽ 20 പേർ മാത്രമാണ് സംബന്ധിക്കാനുണ്ടായത് എന്നത് അതിന്റെ ഒടുവിലെ തെളിവാണ്. സി.പി.എമ്മിൽ നിന്ന് ബി.​ജെ.പിയിലേക്കും തൃണമൂലിലേക്കുമൊ​ക്കെ ഉണ്ടായിരുന്നതു ​പോലൊരു ഒഴുക്ക് വൈകാതെ തൃണമൂലിൽനിന്നും പ്രതീക്ഷിക്കാവുന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. ആക്രമണങ്ങൾക്കു പിന്നിൽ തങ്ങളില്ലെന്നു പറയുമ്പോഴും അത് അഭിഷേക്-കല്യാൺബാനർജിമാർ അർഹിക്കുന്നു​ണ്ട് എന്നു തന്നെയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വവും മന്ത്രിമാരുമൊക്കെ നടത്തുന്ന പ്രസ്താവനകളുടെ ചുരുക്കം. ​

സംസ്ഥാനത്തെ അരക്ഷിതത്വത്തിലേക്കു നയിക്കുന്ന ക്രമസമാധാന പ്രശ്നമായി ഇത് മാറുമോ എന്ന ആശങ്കയൊന്നും ഭരണകക്ഷിക്ക് ഇല്ല. എന്നല്ല, സംഘ്പരിവാർ ഭരണത്തിലിരിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ പോലെ ത​ന്നെ സ്വന്തം രാഷ്ട്രീയലാഭം മാത്രമാണ് സുവേന്ദു അധികാരിയുടെ ​ബി.ജെ.പിക്കു മുന്നിൽ. അതു നേടിയെടുക്കാൻ പ്രതികാരരാഷ്ട്രീയത്തിന്റെ വഴി അവരെ സഹായിക്കുമെന്നതിനാൽ പ്രശ്നം കൂടുതൽ വഷളാകാനുമിടയുണ്ട്.

അഭിഷേകും കല്യാണും ആക്രമിക്കപ്പെട്ടത് തെരഞ്ഞെടുപ്പാനന്തര അതിക്രമങ്ങൾക്കിരയായ പാർട്ടി പ്രവർത്തകരെ സന്ദർശിക്കു​മ്പോഴും അതു സംബന്ധിച്ച് പൊലീസിൽ ബന്ധപ്പെടാൻ ശ്രമിക്കു​മ്പോഴുമാണ്. സ്വന്തം തട്ടകത്തിലാണ് അഭിഷേക് ​ആക്രമണത്തിനിരയായത്. ‘‘ഭരണാധികാരികൾ കൊലയാളികളായി മാറിയിരിക്കുന്നു, നാണക്കേട്’’ എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് മേധാവി മമത ബാനർജിയുടെ കമന്റ്. മുൻകൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണ് തനിക്കെതിരെ നടന്നതെന്നും തന്നെ അപായപ്പെടുത്താനാണ് അവർ ലക്ഷ്യമിട്ടതെന്നും അഭിഷേക് പറയുന്നു. കൊല്ലാനുള്ള നീക്കമാ​ണ് നടന്നതെന്ന് കല്യാൺ ബാനർജിയും ആരോപിക്കുന്നുണ്ട്.

അഭിഷേകിനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രികൾ ചികിത്സിക്കാൻ തയാറാകാതിരുന്നത് ബി.ജെ.പി സർക്കാറിന്റെ സമ്മർദം കൊണ്ടാണെന്നു മമത ആക്ഷേപിച്ചിരുന്നു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ സംസ്ഥാനഗവൺമെന്റിന്റെ ഭാഗത്തു നിന്നു കാര്യഗൗരവത്തിലുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല എന്നാണ് തൃണമൂലിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും ആരോപണം. ആക്രമണത്തിനെതിരെ തെരുവിലിറങ്ങാനാണ് മമതയുടെ പരിപാടി.തിങ്കളാഴ്ച ബ്ലോക്ക് തല പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചതിനു പുറമെ ഇന്ന്, തലസ്ഥാനത്ത് മുഴുദിന ധർണയും നടത്തുന്നുണ്ട്.

തെരുവിലെ രാഷ്ട്രീയത്തിൽ നിന്നാണ് മമത അധികാരത്തിന്റെ പടികളിലേക്ക് ചവിട്ടിക്കയറിയത്. ഇപ്പോൾ മൂന്നാമൂഴത്തിനു ശേഷം കേ​ന്ദ്രാധികാരത്തിന്റെ തിണ്ണബലത്തിൽ ബി.ജെ.പി അധികാരത്തിൽ നിന്നു പുറന്തള്ളി തെരുവിൽ തല്ലി​യൊതുക്കുമ്പോഴും അവിടെ നിന്നു തന്നെ അതിനെ എതിരിട്ട് ജയിക്കാനാണ് മമതയുടെ നീക്കം. നേതാക്കന്മാരെ ആക്രമണത്തിനിരയാക്കിയും പൊലീസിനെ ഉപയോഗിച്ച് അറസ്റ്റു ചെയ്തും യു.പി, അസം മോഡലിൽ അടിച്ചമർത്തൽ രാഷ്ട്രീയത്തിന് തുടക്കം കുറിച്ച ബംഗാളിലെ സുവേന്ദു അധികാരിയെ ചെറുത്ത്, മമത പിടിച്ചുനിൽക്കുമോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവരുടെയും പാർട്ടിയുടെയും മാത്രമല്ല, ബംഗാളി ജനതയുടെ തന്നെ സമാധാനവും സമാശ്വാസവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionconflictTMCbengal politicseditorial opinionBJP
News Summary - Street puppets in Bengal politics
Next Story