ഇന്ത്യ ഒന്നടങ്കം ജന്തർമന്തറിലേക്ക്
text_fieldsമതത്തിന്റെ പേരിൽ രാജ്യത്തെ ‘വിഭജിക്കുന്ന’ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹിയിലെ വിദ്യാർഥിക്കൂട്ടം ജന്തർമന്തറിൽ ‘യുനൈറ്റഡ് എഗൻസ്റ്റ് ഹേറ്റ്’ എന്ന പേരിൽ 2019 ഡിസംബർ ആദ്യവാരം തുടങ്ങിവെച്ച പ്രക്ഷോഭം രാജ്യമെങ്ങും പടർന്നത് വളരെപ്പെട്ടെന്നായിരുന്നു. ലാത്തികാണിച്ചും തോക്ക്ചൂണ്ടിയും അലീഗഢിലെയും ജാമിഅ മില്ലിയ്യയിലെയും ഡൽഹി സർവകലാശാലയിലെയും പ്രതിഷേധങ്ങളെ ഒതുക്കിക്കളയാനുള്ള ഭരണകൂടത്തിന്റെ സർവശ്രമങ്ങളും വിദ്യാർഥിപ്രക്ഷോഭകർ നിഷ്ഫലമാക്കി മുന്നേറിയപ്പോൾ ആ സമരത്തെ മുഖ്യധാരാ പാർട്ടികളും മനുഷ്യാവകാശസംഘടനകളും സിവിൽ സമൂഹവുമൊന്നായി ഏറ്റെടുത്തു.
ആ ബഹുജനപ്രക്ഷോഭത്തിന്റെ ‘ഉദ്ഘാടനം’ നിർവഹിക്കപ്പെട്ടതും ജന്തർമന്തറിൽ തന്നെയായിരുന്നു. ഡിസംബർ 19ന് അവിടേക്ക് ഇന്ത്യ മുഴുവൻ ഒഴുകിയെത്തി കേന്ദ്രസർക്കാറിനെതിരെ പുതിയ ജനകീയസമരത്തിന് തിരികൊളുത്തി; അതിനുശേഷം ശാഹീൻബാഗുകൾ രാജ്യത്താകമാനം ഉയർന്നതും അതിനെതിരെ സംഘ്പരിവാറിന്റെ ‘ഗോലി മാരോം സാലോം കൊ’ ആക്രോശങ്ങളുയർന്നതും ഡൽഹിയിൽ വംശഹത്യ നടന്നതും കോവിഡിന്റെ മറവിൽ ഭരണകൂടം പ്രക്ഷോഭം അടിച്ചമർത്തിയതുമെല്ലാം പിന്നീടുള്ള ചരിത്രം. ആ ചരിത്രം ഒരിക്കൽക്കൂടി ആവർത്തിക്കുകയാണോ? മറ്റൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ ഇന്ത്യ ഒരിക്കൽക്കൂടി ഇന്ന് ജന്തർമന്തറിലേക്ക് നീങ്ങുകയാണ്. അന്ന് പാർലമെന്റിലെ കൊടിയ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ കേന്ദ്ര സർക്കാറിന്റെ ഫാഷിസ്റ്റ് നടപടിക്കെതിരെയായിരുന്നു പ്രക്ഷോഭമെങ്കിൽ ഇപ്പോഴത് തെരഞ്ഞെടുപ്പ് കമീഷനെ കീഴ്പ്പെടുത്തി ജനാധിപത്യത്തെതന്നെ അട്ടിമറിക്കാനുള്ള ഭരണകൂട നീക്കത്തിനെതിരായ ജനകീയ ജാഗ്രതയായിട്ടാണ് ‘ചലോ ദില്ലി’ മുദ്രാവാക്യങ്ങളുമായി യുവജനങ്ങളും വിദ്യാർഥികളും ഇന്ന് ജന്തർമന്തറിലേക്ക് എത്തുന്നത്.
അവർക്കൊപ്പം, രാഷ്ട്രീയ അഭിപ്രായ ഭിന്നതകളെല്ലാം മാറ്റിവെച്ച് പ്രതിപക്ഷസഖ്യം ഒന്നടങ്കമുണ്ട് എന്നതും ചെറിയ കാര്യമല്ല. പതിവുപോലെ, ഭരണകൂടം അവരുടെ ഏകാധിപത്യ പ്രവണതകളും തലേനാൾ തൊട്ടേ തുടങ്ങിവെച്ചിരിക്കുന്നു. ഇന്റർനെറ്റ് റദ്ദാക്കിയും ഡൽഹിയിലെ മെട്രോ സ്റ്റേഷനുകൾ അടച്ചും സമരക്കാരെ ജന്തർമന്തറിലേക്ക് അടുപ്പിക്കാതിരിക്കാനാണ് പൊലീസ് നീക്കമെന്ന് തോന്നുന്നു. അതോടൊപ്പം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വിദ്യാർഥി നേതാക്കളെയും മനുഷ്യാവകാശ പ്രവർത്തകരെയുമെല്ലാം അധികാരികൾ അറസ്റ്റ് ചെയ്യുന്നുമുണ്ട്. എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്ന് പ്രക്ഷോഭകരും വ്യക്തമാക്കിയിട്ടുണ്ട്.
മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള ഈ പ്രക്ഷോഭം പെട്ടെന്നൊരു നാൾ രൂപപ്പെട്ടതല്ല. തെരഞ്ഞെടുപ്പ് കമീഷൻ എത്രമേൽ സ്വതന്ത്രമാണ് എന്ന ചോദ്യം വർഷങ്ങളായി നമുക്ക് മുന്നിലുള്ളതാണ്. തെരഞ്ഞെടുപ്പ് കമീഷൻ നിയമനംതന്നെയും മോദി സർക്കാർ, അട്ടിമറിച്ചതോടെ തീർത്തും സ്വതന്ത്രമായി പ്രവർത്തിക്കേണ്ടൊരു ഭരണഘടന സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ആളെ നിശ്ചയിക്കുന്നതുപോലും രാഷ്ട്രീയവിധേയത്വത്തിന്റെ മാനദണ്ഡത്തിലായി. ഈ വിധേയത്വം സൃഷ്ടിച്ച സംശയനിഴലിലാണ് സത്യത്തിൽ പ്രതിപക്ഷം ഇക്കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. തെരഞ്ഞെടുപ്പാനന്തരം, സാമാന്യം നല്ല പ്രകടനം കാഴ്ചവെച്ചതിനുശേഷവും ഈ സംശയം തെളിവുകളുടെ അടിസ്ഥാനത്തിൽ ഉയർത്തിപ്പിടിക്കുകയായിരുന്നു ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും സംഘവും.
2025 ആഗസ്റ്റ് ഏഴിന് വോട്ടുകൊള്ളയുടെ തെളിവുകൾ വാർത്തസമ്മേളനത്തിൽ രാഹുൽഗാന്ധി പുറത്തുവിട്ടതോടെ ഈ സംശയം ശരിയെന്നു വന്നു; 40 ദിവസത്തിനുശേഷം ‘വോട്ട് ചോരി’യുടെ കൂടുതൽ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയതോടെ തെരഞ്ഞെടുപ്പ് കമീഷന്റെ വിശ്വാസ്യത തന്നെയും സംശയനിഴലിലായി. വോട്ടുകൊള്ളയിലൂടെ ജനഹിതം അട്ടിമറിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ ഭരണകൂടത്തിന് എപ്രകാരമൊക്കെയാണ് കൂട്ടുനിന്നതെന്നാണ് പ്രതിപക്ഷം ആ രണ്ട് വാർത്തസമ്മേളനങ്ങളിലൂടെ തെളിയിച്ചത്. നിരവധി ആളുകളെ അവർപോലും അറിയാതെ സോഫ്റ്റ് വെയർ സഹായത്തോടെ വോട്ടർപട്ടികയിൽനിന്ന് വെട്ടിനീക്കിയെന്നാണ് വെളിപ്പെടുത്തലുകളുടെ മർമം. ബിഹാറിലും പശ്ചിമബംഗാളിലുമെല്ലാം പ്രത്യേക വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയകൾ പുരോഗമിക്കുന്നതിനിടയിലായിരുന്നു ഇതെന്നും ഓർക്കുക.
സ്വാഭാവികമായും എസ്.ഐ.ആറും വോട്ടുചോരിയുടെ അനുബന്ധ പ്രക്രിയയായി വിലയിരുത്തപ്പെട്ടു. ഇതെല്ലാം അന്തരീക്ഷത്തിൽ വലിയൊരു രാഷ്ട്രീയ ആരോപണമായി നിലനിൽക്കുമ്പോഴാണ് കമീഷനിലെ രണ്ട് അംഗങ്ങൾ ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണങ്ങൾ പുറത്തുവന്നത്. എസ്.ഐ.ആർ പ്രക്രിയക്കായി കമീഷന്റെ പ്രവർത്തനങ്ങളെത്തന്നെ ഗ്യാനേഷ് അട്ടിമറിച്ചുവെന്നായിരുന്നു ആരോപണങ്ങളുടെ രത്നച്ചുരുക്കം. ഇതോടെയാണ് കമീഷനെതിരായ ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് ഐക്യരൂപം കൈവന്നതും ഇപ്പോൾ കാണുംവിധത്തിലുള്ള ജനകീയ പ്രക്ഷോഭത്തിലേക്ക് വഴിമാറിയതും. ആ പ്രതിഷേധാഗ്നി ഇന്ന് ജന്തർമന്തറിലെത്തുമ്പോൾ അതു പുതിയൊരു ചരിത്രഘട്ടത്തെതന്നെ അടയാളപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
ഇതിനിടയിൽ, സുപ്രീംകോടതിയുടെ നിർണായകമായൊരു ഇടപെടൽ ശ്രദ്ധേയമായി. എസ്.ഐ.ആർ പ്രക്രിയയിൽ ഏറ്റവും വിവാദമായ കമീഷന്റെ ഒരു നടപടി ക്രമത്തിന് സുപ്രീംകോടതിയുടെ അനുമതിയുണ്ടായിരുന്നുവെന്നായിരുന്നു ഗ്യാനേഷ് കുമാറിന്റെ ന്യായം. അതായത്, വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ഫോറം ആറിൽ ചില മാറ്റങ്ങൾ കമീഷൻ കൊണ്ടുവന്നതിലൂടെ പലരും അയോഗ്യരായിരുന്നു. ഈ മാറ്റം പരമോന്നത നീതിപീഠത്തിന്റെ അനുമതിയോടെയായിരുന്നെന്നാണ് ഇത്രനാളും കമീഷനും ഗ്യാനേഷ് കുമാറുമെല്ലാം പറഞ്ഞിരുന്നത്. എന്നാൽ, അക്കാര്യം സുപ്രീംകോടതി തിരുത്തി: പരിഷ്കരിച്ച ഫോറം ആറിന് കോടതി ഒരിക്കലും അംഗീകാരം നൽകിയിട്ടില്ലെന്നാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. അതോടെ ആ കള്ളം പൊളിഞ്ഞു. അപ്പോൾ ആരുടെ ഒത്താശയോടെയാണ്, ആർക്കുവേണ്ടിയാണ് ഈ മാറ്റമെന്ന ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഈ ചോദ്യമിപ്പോൾ പ്രക്ഷോഭ മുദ്രാവാക്യങ്ങളിൽ അലയടിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ അതിനുള്ള ഉത്തരം നാം അറിയുകതന്നെ ചെയ്യും. അതുവരെ ഈ പോരാട്ടം തുടരട്ടെ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

