Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightഅപരപ്രിയംchevron_rightവിശപ്പിന്റെ പേരിൽ...

വിശപ്പിന്റെ പേരിൽ കർതൃത്വ നിഷേധം

text_fields
bookmark_border
വിശപ്പിന്റെ പേരിൽ കർതൃത്വ നിഷേധം
cancel
ബാബരി മസ്ജിദ് തകർക്കാനായി ഹിന്ദുത്വർ മുറവിളികൂട്ടിക്കൊണ്ടിരുന്ന സന്ദർഭത്തിൽ ‘പള്ളിയല്ല മറിച്ച് പള്ളിക്കൂടമാണ് വേണ്ടത്’ എന്നതായിരുന്നു മുഖ്യധാര ഇടതുപക്ഷത്തിന്റെ മുദ്രവാക്യം

യൂറോപ്പിൽ വ്യാവസായിക വിപ്ലവത്തിന്റെ ആരംഭം കുറിച്ചതോടെ പുത്തൻ ഫാക്ടറികളും തൊഴിൽ സ്ഥാപനങ്ങളും ഉയർന്നുവന്നു. അവിടങ്ങളിൽ ജോലി ചെയ്യുന്നവരായി മാറിയത് പഴയ പ്രഭുത്വ വാഴ്ചയുടെ തകർച്ചയോടെ പുറമ്പോക്കിലേക്ക് വലിച്ചെറിയപ്പെട്ട കാർഷിക അടിയാളരും മറ്റു തരത്തിലുള്ള അനാഥരുമായിരുന്നു. ലാഭം കുമിഞ്ഞുകൂടുകയെന്ന മുതലാളിത്ത യുക്തി സർവശക്തമായിരുന്നതിനാൽ തൊഴിലാളികൾക്ക് നിർബന്ധിതമായ അടിമപ്പണിയാണ് ചെയ്യേണ്ടിവന്നത്. പതിനെട്ടും ഇരുപതും മണിക്കൂർ നീളുന്ന അധ്വാനശേഷിയുടെ ഊറ്റിയെടുക്കലിനായി രക്തരൂഷിതമായ നിയമങ്ങൾ തന്നെ ഭരണകൂടങ്ങൾ രൂപപ്പെടുത്തിയിരുന്നു. ഇപ്രകാരം കഠിനാധ്വാനത്തിനും സാമൂഹിക മർദനങ്ങൾക്കും വിധേയരായ തൊഴിലാളികളുടെ ദൈനംദിന ജീവിതാവസ്ഥയെ വേട്ടയാടിയിരുന്നത് നിതാന്തമായ ദാരിദ്ര്യവും ശുചിത്വമില്ലാത്ത ചുറ്റുപാടുകളും രോഗപീഡകളുമാണ്.

ഇതേസമയം, ഈ തൊഴിലാളികളുടെ പരിതാപകരമായ ജീവിതാവസ്ഥയുടെ കാരണക്കാർ അവർ തന്നെയാണെന്നാണ് വരേണ്യവർഗം എപ്പോഴും കുറ്റപ്പെടുത്തിയിരുന്നത്. കരുതലില്ലാത്ത ജീവിതവും മദ്യപാനശീലവും സമ്പാദ്യശീലമില്ലായ്മയും മൂലം അവർ നിത്യദാരിദ്ര്യത്തിൽ ആണ്ടുപോയി എന്ന മട്ടിലുള്ള ഗവൺമെന്റ് റിപ്പോർട്ടുകളാണ് മുതലാളിത്ത പക്ഷത്ത് നിന്നുമുണ്ടായത്. പിൽക്കാലത്ത്, തൊഴിലാളി സംഘടനകൾ രൂപപ്പെടുകയും അവയുടെ പ്രത്യയശാസ്ത്ര മണ്ഡലങ്ങൾ വികസിക്കുകയും ചെയ്തപ്പോഴാണ് മേൽപ്പറഞ്ഞതു പോലുള്ള മുൻവിധികൾ തിരോഭവിച്ചത്.

സമാനമായ വിധത്തിലല്ലെങ്കിലും ഇന്ത്യയിലെ ദലിത് ബഹുജനങ്ങളെയും മുസ്‍ലിംകൾ അടക്കമുള്ള ന്യൂനപക്ഷങ്ങളെയും പറ്റി ഒട്ടേറെ വരേണ്യവാദ കാഴ്ചപ്പാടുകളും മുൻവിധികളുമാണ് അധീശത്വശക്തികൾ നിർമ്മിച്ചിട്ടുള്ളത്. ദലിത് ബഹുജനങ്ങളെ പറ്റി പറയുകയാണെങ്കിൽ അവരെ ‘ഇല്ലായ്മ’കളിലൂടെ അടയാളപ്പെടുത്താനാണ് വരേണ്യർ ശ്രമിക്കുക. ഇത്തരത്തിലുള്ള കുറവുകളെ (lack) പ്രമേയമാക്കിയുള്ള പ്രശ്നമെന്താണെന്നു വെച്ചാൽ അതിന്റെ മറുപുറം അവരെ ദുർമാർഗ്ഗികളും മദ്യപാനികളും കുത്തഴിഞ്ഞ കുടുംബജീവിതം നയിക്കുന്നവരായും മറ്റുള്ളവരുടെ ചരടുവലികൾക്ക് അനുസരിച്ച് ചലിക്കുന്നവരുമായി മാത്രം കാണുക എന്നതാണ്. ഇതിലൂടെ അവർ സ്വയം നിർവ്വചിച്ചും നിർമ്മിച്ചും രൂപപ്പെടുത്തിയ കർത്തൃസ്ഥാനത്തെ നിരാകരിക്കുക എന്നതിനൊപ്പം അവയുടെ ദേശീയ പ്രതിനിധാനങ്ങളായ മഹാത്മാ ഫൂലേ സനാതന ഹൈന്ദവതക്ക് പ്രതിവ്യവഹാരം രൂപപ്പെടുത്തിയതും ഡോ. ബി. ആർ. അംബേദ്കർ ആധുനിക ഇന്ത്യയുടെ പുനർനിർമിതിക്കായി നൽകിയ അമൂല്യ സംഭാവനകളുമടക്കം മായ്ക്കപ്പെടുകയാണ്. തൽസ്ഥാനത്ത് സവർണ മേധാവിത്വത്തിന്റെ ദീനാനുകമ്പയും രക്ഷകപദവിയും സ്ഥിരീകരിക്കുകയാണ് ഫലം.

ദലിത് ബഹുജനങ്ങളെ ‘കുറവു’കളിലൂടെയാണ് വർണ്ണിക്കുന്നതെങ്കിൽ ഇന്ത്യയിലെ ഏറ്റവും വലിയ മതന്യൂനപക്ഷമായ മുസ്‍ലിം ജനതയെ ‘അമിത’മായി (excess) കാണുകയെന്നതാണ് ഉപരിവർഗം ചെയ്യുന്നത്. അതായത്, മുസ്‍ലിം ജനതയുടെ നിലനിൽപ്പിനെ അമിതമായ വ്യത്യസ്തതയായി ചിത്രീകരിക്കുകയെന്നതാണിത്. തൽഫലമായി ഏതു സമയവും ഭരണകൂട നിരീക്ഷണത്തിനും പൊതുബോധത്തിന്റെ ചോദ്യം ചെയ്യലിനും വിധേയരാകേണ്ട ‘മതമൗലികവാദി’കളോ ‘മതതീവ്രവാദി’കളോ ആയി മാറാൻ സാധ്യതയുള്ള ഒരു വിഭാഗമെന്ന നിലയിൽ അവരുടെ നിലനിൽപ്പ് തന്നെ സംശയനിഴലിലാകുന്നു. അതിനാൽ തന്നെ മുസ്‍ലിംകളുടെ ജനസംഖ്യയും അവർ പ്രസ്ഥാനങ്ങൾ രൂപപ്പെടുത്തുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങളും പത്രമാസികകളും ചാനലുകളും നടത്തുന്നതും അവരുടെ പുതുതലമുറ ഉന്നത വിദ്യാഭ്യാസം കൈവരിക്കുന്നതുമെല്ലാം അമിത വ്യത്യസ്തതയുടെ ഭാഗമായുള്ള അസ്വസ്ഥതകളാണ് ഭൂരിപക്ഷ പൊതുബോധത്തിൽ ഉളവാക്കുന്നത്. ഇതിനൊപ്പം അവർ മതേതര പ്രസ്ഥാനങ്ങളുമായും കീഴാള മൂവ്മെന്റുകളുമായും യോജിച്ചു പ്രവർത്തിക്കുന്നതും വലിയ കുഴപ്പമാണെന്ന മട്ടിലാണ് വരേണ്യവർഗം കാണുന്നത്.

ഈ കാര്യങ്ങൾ ഇവിടെ പറയാൻ കാരണം കേരളത്തിൽ സമീപ ദിവസങ്ങളിൽ നടന്ന ചില വിവാദങ്ങളെപ്പറ്റി പ്രതിപാദിക്കാനാണ്. 2026-ലെ കേരള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുമ്പോൾ ധനമന്ത്രി കെ. എൻ. ബാലഗോപാൽ ‘മതമല്ല പ്രശ്നം വിശപ്പാണ് പ്രശ്നം’ എന്ന ഒരു വാചകം ഉദ്ധരിച്ചിരുന്നു. അതിന് മുമ്പ് തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ ഇതേ വാചകം ഒരു പൊതുപരിപാടിയിൽ വെച്ച് പ്രഖ്യാപിക്കുകയും തുടർന്ന് മാർക്സിസ്റ്റ് മാധ്യമങ്ങളും അവയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളും അതിനെ വലിയ രീതിയിൽ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

യഥാർഥത്തിൽ സർക്കാറിന്റെ ഒരു നയപ്രഖ്യാപനമെന്നതിലുപരി ഈ വാചകം ഒരു രാഷ്ട്രീയ പ്രസ്താവനയായിട്ടാണ് പ്രചരിപ്പിക്കപ്പെട്ടതെന്ന് വ്യക്തമാണ്. മുസ്‍ലിംലീഗ് നേതാവ് കെ. എം. ഷാജി അവരുടെ പാർട്ടി പ്ലാറ്റ്ഫോമിൽ കുറെ നാൾ മുൻപ് നടത്തിയ ഒരു പ്രസംഗത്തിൽ “മതമാണ് മതമാണ് മതമാണ് പ്രശ്നം” എന്നൊരു വാചകമുണ്ടായിരുന്നു. ഈ വരിയെ അടർത്തിയെടുത്ത് അതിനൊരു ബദലായാണ് "മതമല്ല പ്രശ്നം എരിയുന്ന വയറിലെ തീയാണ് പ്രശ്നം" എന്ന ഉദ്ധരണി പ്രചാരണവാക്യമാക്കിയത് എന്നതാണ് വസ്തുത.

കെ. എം. ഷാജിയുടെ പ്രസംഗത്തിലും പിന്നീട് അദ്ദേഹം നൽകിയ വിശദീകരണങ്ങളിലും ഹിന്ദുത്വ വാഴ്ചയുടെ ഘട്ടത്തിൽ മുസ്‍ലിം ജനത അനുഭവിക്കുന്ന അപരവത്കരണത്തെയാണ് സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാണ്. മതപരമായ സ്വത്വത്തിന്റെ പേരിൽ മുസ്‍ലിംകൾ സർവ്വ തലങ്ങളിലും നേരിട്ടുകൊണ്ടിരിക്കുന്ന ഒറ്റതിരിക്കലിനെയും ഹിംസകളെയും ഒരു രാഷ്ട്രീയ പ്രവർത്തകൻ ചൂണ്ടിക്കാട്ടുന്നതിൽ അസാധാരണമായി ഒന്നുംതന്നെയില്ല. എന്നാൽ മതപരമായ സ്വത്വത്തെ മുൻനിർത്തിയുള്ള ഹിന്ദുത്വ കടന്നാക്രമണങ്ങളെ മായ്ച്ചുകളഞ്ഞ് തൽസ്ഥാനത്ത് ദാരിദ്ര്യമാണ്, ദാരിദ്യം മാത്രമാണ് മുസ്‍ലിംകൾ അനുഭവിക്കുന്ന ഏകപ്രശ്നമെന്ന തിരിച്ചിടൽ മുഖ്യമന്ത്രിയും ഇടതുപക്ഷ പ്രചാരണ സംഘങ്ങളും വരുത്തിത്തീർക്കുന്നത് കാണാം. വിശപ്പിന്റെ പേരിൽ ഹിന്ദുത്വ കടന്നാക്രമണങ്ങളെ പുറംവാതിലിലൂടെ അംഗീകരിച്ച് ഉറപ്പിക്കുന്ന അത്യന്തം പ്രതിലോമകരമായ ഇടപാടാണ് ഇത്തരം വാചാടോപങ്ങൾ എന്ന് സാരം. മറ്റൊരു കാര്യം, ഒരു മുസ്‍ലിം സംഘടനയോ നേതാവോ അവർ നേരിടുന്ന സ്വത്വപരമായ പ്രതിസന്ധികൾ പൊതുമണ്ഡലത്തിൽ ഉന്നയിച്ചാൽ അതിനെ മുസ്‍ലിംകളുടെ അമിത വ്യത്യസ്തതയുടെ ഫലമായുള്ള ഭീഷണിയായിക്കണ്ട് മുൻകരുതൽ എടുക്കണമെന്ന ആഹ്വാനവും ഈ വാചാടോപത്തിന് പിന്നിലുണ്ടെന്നതാണ്.

ശ്രീനാരായണ ദർശനവേദി ജാതി സെൻസസിനെ പ്രമേയമാക്കി കൊടുങ്ങല്ലൂരിൽ സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ ദലിത് നേതാവ് സണ്ണി എം കപിക്കാട് ഇതേ സംവാദത്തെ മറ്റൊരു വിധത്തിൽ പുനരാവിഷ്കരിക്കുകയുണ്ടായി. മുസ്‍ലിംകളുടെ പ്രശ്നം വിശപ്പാണെന്ന പ്രചാരണം ലഘൂകരണമാണെന്നു സൂചിപ്പിച്ച അദ്ദേഹം ആ ജനതക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യമാണ് വേണ്ടതെന്ന് തന്റെ പ്രസംഗത്തിലൂടെ വ്യക്തമാക്കി.

ഇതോടെ കേരളത്തിലെ ഇടതുപക്ഷ പ്രവർത്തകർക്കൊപ്പം ഒട്ടേറെ സവർണ-അവർണ ലിബറലുകളും തങ്ങളുടെ ഭൂതകാല സ്മൃതിയായി വിശപ്പിനെയും ദാരിദ്ര്യത്തെയും പുനരാവർത്തിച്ചുകൊണ്ട് രംഗത്തുവന്നു. മധ്യവർഗ പശ്ചാത്തലമുള്ള ദലിതനായ സണ്ണി സ്വയം മറന്നുകൊണ്ട് വിശപ്പിനെയും ദാരിദ്ര്യത്തെയും അവഹേളിക്കുകയാണെന്നും പാവപ്പെട്ടവരുടെ ഭക്ഷണമായ കപ്പയെ അവജ്ഞയോടെ കാണുകയാണെന്നുമുള്ള വിധത്തിലുള്ള വൻ എതിർപ്പാണ് തുടർന്ന് നടന്നത്. ദാരിദ്ര്യത്തെ തങ്ങളുടെ ഭൂതകാല സ്മൃതിയുമായി ചേർത്തു വെച്ചുകൊണ്ട് സമകാലീന കീഴാള-ന്യൂനപക്ഷ കർത്തൃത്വ രൂപീകരണങ്ങളെ വിദൂരമാക്കുകയെന്നത് പണ്ടേയുള്ള സവർണ മേധാവിത്വ തന്ത്രമാണ്.

ഇന്ത്യൻ ജനാധിപത്യത്തെ നിർമ്മിക്കുന്നതിൽ അത്യന്തം പ്രാധാന്യമുള്ള സാമുദായിക സംവരണത്തിന്റെ അന്തസ്സത്ത ചോർത്തിക്കളഞ്ഞ് അതിനെ വിശപ്പ് നിർമാർജന പദ്ധതിയായി ദുർവ്യാഖ്യാനിച്ച ചരിത്രമാണല്ലോ ഇടതുപക്ഷത്തിനുള്ളത്. സാമൂഹിക നീതിയെന്ന സങ്കൽപ്പത്തെ അട്ടിമറിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള, മുന്നാക്കക്കാരിലെ ദരിദ്രർക്ക് വേണ്ടിയാണെന്ന പേരിൽ നടപ്പാക്കിയ സവർണ സംവരണത്തിന്റെ ഇന്ത്യയിലെ ഉപജ്ഞാതാക്കളും ഇടതുപക്ഷക്കാർ തന്നെയായിരുന്നു.

അയ്യങ്കാളിയെപ്പോലുള്ളവർ നടത്തിയ വില്ലുവണ്ടി സമരം, കല്ലുമാല ബഹിഷ്ക്കരണം മുതലായവ ദലിത് ജനതകളുടെ ആത്മാഭിമാന പ്രകാശനമെന്ന നിലയിലാണ് ചരിത്രത്തിൽ ഇടംനേടിയത്. വൈക്കം സത്യഗ്രഹത്തിൽ ഇടപെട്ട പെരിയാർ ഇ.വി. രാമസ്വാമി നായ്ക്കർ പ്രഖ്യാപിച്ചത് പട്ടിക്കും പൂച്ചക്കും നടക്കാൻ നടക്കാൻ കഴിയുന്ന പൊതു വഴികളിലൂടെ കീഴളാർക്ക് അന്തസ്സോടെ നടക്കാൻ പറ്റണമെന്നാണ്. തമിഴ്നാട്ടിൽ അദ്ദേഹം ആരംഭം കുറിച്ച കീഴാള മുന്നേറ്റങ്ങൾ അറിയപ്പെട്ടതുതന്നെ ആത്മാഭിമാന സമരങ്ങളായാണ്. ഇത്തരം സമരങ്ങളിലൂടെ രൂപപ്പെട്ട കീഴാളരുടെ ആത്മാഭിമാനത്തെയും കർത്തൃത്വത്തെയും അദൃശ്യപ്പെടുത്തുക മാത്രമല്ല, അയ്യങ്കാളിയടക്കമുള്ള പൊതുവ്യക്തിത്വങ്ങളെ ചരിത്രത്തിൽ നിന്ന് മായ്ച്ചുകളയാനുമാണ് ദലിതരെ പട്ടിണിക്കാരും ഇല്ലായ്മക്കാരും വല്ലായ്മക്കാരുമായി മാത്രം പുനർനിർണയിച്ചുകൊണ്ടുള്ള ഇടതുപക്ഷ കൽപനകൾ ഉപകാരപ്പെടുക. ഇതിനെ ചോദ്യം ചെയ്യുന്നവർ ദരിദ്രരെ അവഹേളിക്കുന്നു എന്ന് വരുത്താനും എളുപ്പമാണല്ലോ.

ബാബരി മസ്ജിദ് തകർക്കാനായി ഹിന്ദുത്വർ മുറവിളികൂട്ടിക്കൊണ്ടിരുന്ന സന്ദർഭത്തിൽ ‘പള്ളിയല്ല മറിച്ച് പള്ളിക്കൂടമാണ് വേണ്ടത്’ എന്നതായിരുന്നു മുഖ്യധാര ഇടതുപക്ഷത്തിന്റെ മുദ്രവാക്യം. അതിന്റെ തുടർച്ചയിലുള്ള വഞ്ചനാത്മകമായ മറ്റൊരു വാചാടോപം മാത്രമാണ് ‘മതമല്ല എരിയുന്ന വയറിന്റെ തീയാണ് പ്രശ്നം’ എന്ന പ്രചാരണവും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:articleopinionBabri Masjid DemolitionBabari Masjid
News Summary - Denial of authority in the name of hunger
Next Story