Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightദേശീയതയുടെ അകവും...

ദേശീയതയുടെ അകവും പുറവും

text_fields
bookmark_border
ദേശീയതയുടെ അകവും പുറവും
cancel

ബി.ജെ.പിയുടെ മുൻ ലോക്സഭാംഗവും പാഞ്ചജന്യം എന്ന ആർ.എസ്.എസ് പ്രസിദ്ധീകരണത്തി​െൻറ മുൻ പത്രാധിപരുമായ തരുണ്‍ വിജയ്‌ നടത്തിയ വംശീയ വിഭാഗീയത നിറഞ്ഞ പരാമര്‍ശങ്ങള്‍ വലിയ വിവാദമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടാക്കിയത്. തരുൺ വിജയ്‌ പറഞ്ഞ വാക്കുകളും അതുപറഞ്ഞ സന്ദര്‍ഭവും തമ്മിലുള്ള ബന്ധവും ശ്രദ്ധേയമായിരുന്നു. അല്‍ജസീറ ടി.വിയുടെ ഒരു ലൈവ് പരിപാടിയില്‍ ഇന്ത്യയിലെ ആഫ്രിക്കന്‍ വംശജര്‍ക്കുനേരെ തുടരത്തുടരെ നടക്കുന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ വംശീയ വിേവചനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു തരുണ്‍ വിജയ്‌.

ഒരു അന്താരാഷ്ട്ര ടി.വി ചാനല്‍ ഇന്ത്യയിൽ നിലനില്‍ക്കുന്ന വർണവിദ്വേഷം തുറന്നുകാട്ടുന്ന ചര്‍ച്ച നടത്തുന്നതിലുള്ള അസഹിഷ്ണുതയോടെയാണ് തരുണ്‍ വിജയ്‌ ആ പരിപാടിയില്‍ പങ്കെടുത്തത്. മറ്റുപല ദേശീയ നേതാക്കളെയുംപോലെ അത്തരത്തില്‍ ഒരു വർണ-വംശ വിവേചനചിന്ത ഇന്ത്യയില്‍ നിലനില്‍ക്കുന്നിെല്ലന്ന നിലപാടായിരുന്നു തരുണ്‍ വിജയ്‌ സ്വീകരിച്ചത്. ആ ചര്‍ച്ചയുടെ ഈ കേന്ദ്രവിഷയത്തില്‍ ഇന്ത്യയില്‍ ഇപ്പോഴും വലിയ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം. ഒരു വംശീയ-വർണ വിവേചനങ്ങളും ഇല്ലാത്ത, അപൂര്‍വമായി മാത്രം ചില ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ‘വിദേശികള്‍’ നേരിടേണ്ടിവരുന്ന, കേവലമായ ഒരു ക്രമസമാധാന പ്രശ്നത്തെ ഇത്രയൊക്കെ പെരുപ്പിക്കേണ്ടതിെല്ലന്ന നിലപാടാണ് ഇന്നും പല നേതാക്കള്‍ക്കുമുള്ളത്. അതുകൊണ്ടുതന്നെ തരുണ്‍ വിജയ്‌ എടുത്ത പൊതുവായ സമീപനത്തെക്കുറിച്ച് ഇവിടെ ആര്‍ക്കും വലിയ വേവലാതിയൊന്നും ഉണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇന്ത്യയില്‍ വംശീയ വിഭാഗീയതകള്‍ ഇല്ലെന്ന് സ്ഥാപിക്കാന്‍ നിരത്തിയ ഉദാഹരണങ്ങളില്‍ ചിലതാണ് വിവാദമായതും പിന്നീട് താന്‍ അവ പിന്‍വലിക്കുന്നുവെന്ന് ഖേദപ്രകടനം നടത്താനും ഇടയായത്.

ഇന്ത്യയിലെ വംശീയ സഹിഷ്ണുതക്ക് ഉദാഹരണമായി അദ്ദേഹം പറഞ്ഞത്, “ഞങ്ങള്‍ അസഹിഷ്ണുത നിറഞ്ഞവരായിരുന്നെങ്കില്‍ എങ്ങനെയാണ് ദക്ഷിണേന്ത്യ – തമിഴ്, കേരളം, കർണാടകമൊക്കെ-ഞങ്ങളുടെ ഭാഗമായി ഇരിക്കുന്നത്, ഞങ്ങൾ എങ്ങനെയാണ് അവര്‍ക്കൊപ്പം ജീവിക്കുന്നത്?’’ എന്നും ‘‘ഞങ്ങളുടെ ഇടയിലും കറുത്തവര്‍ ജീവിക്കുന്നുണ്ട്’’ എന്നുമായിരുന്നു. ഇത്തരത്തിലുള്ള ഒരു ഞങ്ങൾ‍-നിങ്ങൾ വേര്‍തിരിവില്‍ തെക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ത്യൻ യൂനിയനില്‍ നിലനില്‍ക്കുന്നത് ‘ഇന്ത്യയുടെ’ സഹിഷ്ണുതക്കുള്ള ഉദാഹരണമായതും ഇന്ത്യക്കാരില്‍ ചിലര്‍ കറുത്തവരാണല്ലോ എന്ന പരാമര്‍ശവുമാണ് സമൂഹമാധ്യമങ്ങളിലും മറ്റും ചര്‍ച്ചയായതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായതും. ഇതാണ് പലരെയും പ്രകോപിപ്പിച്ചതായി കാണാന്‍ കഴിയുന്നത്‌.

പരാമര്‍ശം വംശീയ വിഭാഗീയത നിറഞ്ഞതാണ്‌ എന്നകാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാൽ, വിമര്‍ശനങ്ങൾ അദ്ദേഹത്തി​െൻറ ഈ രണ്ട് ഉദാഹരണങ്ങളിലേക്കു മാത്രമായി ചുരുക്കുന്നത് ഇതിനടിസ്ഥാനമായ മറ്റുചില കേന്ദ്ര പ്രശ്നങ്ങളെ അവഗണിക്കാന്‍ കാരണമാകുന്നുവെന്നാണ് എനിക്ക് തോന്നിയത്. ഒന്ന് ഇന്ത്യന്‍ ദേശീയതയെക്കുറിച്ച് തരുണ്‍ വിജയ്‌ ഉയര്‍ത്തിപ്പിടിക്കുന്ന ധാരണയാണ്. മറ്റൊന്ന് ഇന്ത്യയില്‍ വംശീയ വിഭാഗീയതകള്‍ ഇല്ലെന്നും ഇന്ത്യക്കാര്‍ അങ്ങേയറ്റം സഹിഷ്ണുതയുള്ളവര്‍ ആണെന്നുമുള്ള നിലപാടാണ്. ഈ രണ്ടു വിഷയത്തിലുമുള്ള ചില സമവായങ്ങള്‍ കാപട്യം നിറഞ്ഞവയാണ് എന്നതാണ് പരമാർഥം.

ഇന്ത്യയിൽ അധികാരക്കൈമാറ്റം നടക്കുന്ന കാലത്ത് ഇന്ത്യയെ ഇന്ന് കാണുന്ന പോലെ ഒരൊറ്റ രാഷ്ട്രീയ യൂനിറ്റായി കാണുന്ന സമീപനം മാത്രമല്ല ഉണ്ടായിരുന്നത്. പാകിസ്താന്‍ അടക്കം ഏതാണ്ട് പതിനേഴു വ്യത്യസ്ത ദേശീയതകളുടെ- സ്വയംനിർണയന സ്വാതന്ത്ര്യത്തില്‍ അധിഷ്ഠിതമായ ഒരു സമുച്ചയം ആയായിരുന്നു പലരും ഇന്ത്യയെ വിഭാവനം ചെയ്തിരുന്നത്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും മറ്റുചില വ്യക്തികളുടെയും സംഘടനകളുടെയും വീക്ഷണം ഇതായിരുന്നു. കൃത്രിമമായ ഒരു വൈകാരിക ഉദ്ഗ്രഥന വ്യവഹാരത്തിലേക്ക് രാഷ്ട്രസങ്കൽപത്തെ ചുരുക്കാത്ത യാഥാർഥ്യബോധം പുലര്‍ത്തുന്ന ഒരു സമീപനമായിരുന്നു ഇത്. എന്നാല്‍, ഇത് നിരാകരിക്കപ്പെടുകയും പകരം ആ വാദത്തി​െൻറ അന്തഃസത്ത ഉള്‍ക്കൊള്ളാൻ ഉപരിപ്ലവമായിമാത്രം ശ്രമിക്കുന്ന, വിവിധ ദേശീയതകള്‍ക്ക് പരിമിതമായ നിയമനിർമാണ സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രീതിയില്‍ ഭാഷാടിസ്ഥാനത്തിലുള്ള ചെറുഭരണകൂടങ്ങളായി സംസ്ഥാനങ്ങളെ വീക്ഷിക്കുന്ന, അത്തരം സംസ്ഥാനങ്ങളുടെ, സ്വയംനിർണയാവകാശമില്ലാത്ത, ഒരു നിര്‍ബന്ധിത  ഫെഡറല്‍ സംവിധാനമായി ഇന്ത്യയെ കാണുന്ന സമീപനമാണ് സ്വീകരിക്കപ്പെട്ടത്.

എന്നാല്‍, ഈ ഇന്ത്യന്‍ യൂനിയന്‍ സങ്കൽപത്തിലെ അടിസ്ഥാനപ്രശ്നമായ വിവിധ ദേശീയതകളുടെ രാഷ്ട്രീയ-സാംസ്കാരിക സംയോജനം എന്നത് ഒരിക്കലും പൂർണമായിരുന്നുവെന്ന് വിശ്വസിക്കാന്‍ കഴിയില്ല. കാരണം, പൊതുവില്‍ ഒരു ഹിന്ദുത്വസാമ്രാജ്യ സങ്കൽപമാണ് ആ സംയോജനത്തി​െൻറ അടിസ്ഥാനമായി നിന്നിരുന്നതും ഇപ്പോഴും നില്‍ക്കുന്നതും എന്നതുതന്നെ. ഇന്ത്യൻ ദേശീയത എന്നൊന്ന് നിലനില്‍ക്കുന്നുണ്ട് എന്നതിനെ അലംഘനീയമായ വിശ്വാസമായി കരുതിപ്പോരുക മാത്രമാണ് ചെയ്യുന്നത്. ദേശീയ സ്വാതന്ത്ര്യസമരങ്ങളെ സ്ഥൂലമായി വീക്ഷിക്കുന്ന, കീഴാള ഉയിർത്തെഴുന്നേൽപുകളെയും ജന്മിത്വവിരുദ്ധ/ജാതിമേധാവിത്വവിരുദ്ധ സമരങ്ങളെയും അതി​െൻറ അധീശ വ്യവഹാരത്തിന് കീഴ്പ്പെടുത്തുന്ന, ചരിത്ര രീതിയെത്തന്നെ കീഴാള ചരിത്രപഠനരീതി (subaltern historiography) വെല്ലുവിളിച്ചത് ഇപ്പോഴും ദഹിച്ചിട്ടില്ലാത്തവര്‍ ധാരാളമുണ്ട്. രണ്ടു കാര്യങ്ങള്‍ ഇവിടെ എടുത്തുപറയേണ്ടതായി ഉണ്ട്. ഒന്ന്, തുടക്കംമുതല്‍ തന്നെ വിവിധ ദേശീയതകളുടെ നാമമാത്രമായ സ്വാതന്ത്ര്യങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ, ഫെഡറല്‍ സംവിധാനത്തോട് അസഹിഷ്ണുത പുലര്‍ത്തുന്ന, കൂടുതല്‍ ശക്തമായ യൂനിറ്ററി ഘടനയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുന്ന പ്രവണത ദേശീയ നേതൃത്വത്തില്‍ പ്രബലമായിരുന്നു എന്നതാണ്. നെഹ്റുവി​െൻറയും ഇന്ദിര ഗാന്ധിയുടെയും കാലത്തുതന്നെ ഇക്കാര്യം സുവ്യക്തമായിരുന്നു. ഇതിനോടുള്ള എതിര്‍പ്പുകള്‍ പലപ്പോഴും കക്ഷിരാഷ്ട്രീയ ചേരിതിരിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമായിരുന്നു. ഇപ്പോള്‍ സംസ്ഥാനങ്ങളുടെ പരിമിതമായ നിയമനിർമാണ-ധനകാര്യ സ്വാതന്ത്ര്യങ്ങള്‍കൂടി കവര്‍ന്നെടുത്തു ഫെഡറല്‍ സംവിധാനത്തെ പൂർണമായും അസ്ഥിരപ്പെടുത്തുന്ന സമീപനത്തിന് ദേശീയതയുടെ പേരിൽ കൂടുതല്‍ കൂടുതല്‍ സ്വീകാര്യത ഉണ്ടാവുന്നതായാണ് കാണുന്നത്.

രണ്ടാമതായി, സാംസ്കാരികമായും വൈകാരികമായുമുള്ള സംയോജനം ഉണ്ടാകുന്നത് തുല്യതയുടെ അടിസ്ഥാനത്തിലുള്ള രാഷ്ട്രീയ സമവായത്തിൽനിന്നാണ് എന്ന വസ്തുത ഇന്ത്യയില്‍ എക്കാലത്തും വിസ്മരിക്കപ്പെട്ടിരുന്നു എന്നതാണ്. അതുണ്ടായില്ല എന്നതുകൊണ്ടുതന്നെ വിവിധ ദേശീയതകളുടെയും ആദിവാസി മേഖലകളുടെയും രാഷ്ട്രീയ^സാമ്പത്തിക സ്വയംനിർണയാവകാശത്തെക്കുറിച്ചുള്ള വ്യാകുലതകളെ ഉള്‍ക്കൊള്ളാന്‍ ഈ പ്രമുഖ ദേശീയത വ്യവഹാരത്തിന് ഒരിക്കലും കഴിഞ്ഞിട്ടില്ല. പല തലങ്ങളിലുള്ള ഒരു ഹിന്ദുത്വവികാരം കൊണ്ട് രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും ആ ഹിന്ദുത്വംതന്നെ മുഖ്യ അജണ്ടയായ ബി.ജെ.പി-ആർ.എസ്.എസ് സംയുക്തവും ചേര്‍ന്ന് സൃഷ്ടിച്ച കപടദേശീയത വ്യവഹാരം അടിസ്ഥാനപരമായ വ്യത്യസ്തതകളെ മൂടിെവക്കാനും അതേക്കുറിച്ച് സംസാരിക്കുന്നവരെ ആക്രമിക്കാനുമാണ് ശ്രമിച്ചിട്ടുള്ളത്. ഇതിപ്പോഴും ശക്തമായി തുടരുന്നു. തരുണ്‍ വിജയ്‌ പ്രതിനിധാനം ചെയ്യുന്നത് ഈ സമീപനത്തി​െൻറ ഒരു ധാരയെത്തന്നെയാണ്.

ഇന്ത്യക്കുള്ളില്‍ ദലിത്-ആദിവാസി വിഭാഗങ്ങളോടുള്ള സമീപനത്തിൽ വംശീയവിദ്വേഷത്തി​െൻറ ശക്തമായ സ്വാധീനമുണ്ട് എന്നത് ഉപരിപ്ലവമായ വാദങ്ങളിലൂടെ നിരാകരിക്കുകയാണ് വിവിധ കേന്ദ്രനേതൃത്വങ്ങള്‍ ചെയ്തിട്ടുള്ളത്. തരുണ്‍ വിജയ്‌ നടത്തിയ പരാമര്‍ശങ്ങള്‍ ഒരർഥത്തില്‍ ഈ ചരിത്ര യാഥാർഥ്യത്തെ അതി​െൻറ പരിചിതമായ ചില സംയമനങ്ങളില്ലാതെ തുറന്നുകാട്ടി എന്നേയുള്ളൂ. ഇന്ത്യയില്‍ കലാശാലകളിലും പുറത്തും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാർഥികളും തൊഴിലാളികളും നേരിടുന്ന വംശീയാധിക്ഷേപങ്ങളും ആക്രമണങ്ങളും വിരല്‍ചൂണ്ടുന്നത് വംശീയത ഇന്ത്യയില്‍ ശക്തമായി നിലനിൽക്കുന്നു എന്നതിലേക്കാണ്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തില്‍ തൊഴിലിനായി എത്തുന്നവരോടുള്ള ‘മലയാളി’ സമീപനത്തിലുമുണ്ട് പ്രകടമായ വംശീയച്ചുവ.

ജാതിവിവേചനത്തെ ഒരു വംശീയ പ്രശ്നമായിക്കൂടി കാണേണ്ടതുണ്ട് എന്ന സമീപനമാണ് പല ദലിത്‌-ആദിവാസി സംഘടനകളും സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് ശരിയാണെന്നതാണ് തരുണ്‍ വിജയ്‌ നടത്തിയ പരാമര്‍ശങ്ങളുടെ വെളിച്ചത്തില്‍ ഉണ്ടായ സംവാദങ്ങളും ബോധ്യപ്പെടുത്തുന്നത്. അദ്ദേഹത്തിേൻറത് എന്തോ വസ്തുതക്ക് നിരക്കാത്ത വാദമായിപ്പോയി എന്നുപറയുന്നവര്‍ കടുത്ത വർണ-വംശ വിവേചനങ്ങളുടെ ഇന്ത്യനവസ്ഥയെ മൂടിെവക്കാന്‍ ശ്രമിക്കുന്നവരാണ്. തരുണ്‍ വിജയ്‌ മാത്രമല്ല വംശീയവാദി. നമ്മുടെ ദേശീയതയുടെ അടിസ്ഥാനഘടനയില്‍ ശക്തമായി നിലനില്‍ക്കുന്ന  സവർണ ഹിന്ദുത്വസാമ്രാജ്യവാദം തന്നെയാണ് തരുണ്‍ വിജയ്‌ നടത്തിയ പരാമര്‍ശത്തില്‍ കൂടുപൊളിച്ചു പുറത്തുചാടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tarun Vijay
News Summary - tarun vijay
Next Story