റുവാണ്ടയും കേരളവും  ആരോഗ്യപരിഷ്കാരവും

mobile_health

ഇപ്പോൾ ലഭ്യമാകുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ആരോഗ്യരംഗത്തു വിപ്ലവകരമായ മുന്നേറ്റം നടത്താനുള്ള അവസരം കേരളത്തി​​െൻറ സർക്കാർ ആരോഗ്യമേഖലക്കു നഷ്​ടമാകാം. ഡിജിറ്റൽ പ്രതലം ഉപയോഗിച്ചുകൊണ്ട്​ ഡോക്ടർമാരെ സ്മാർട്ട്ഫോൺ ബന്ധത്തിലൂടെ കാണാനും മറ്റു സേവനങ്ങൾ ലഭിക്കാനും ഉതകുന്ന ആപ്പുകൾ കേരളത്തിൽത്തന്നെ തയാറായിവരുന്നു. ചില സ്വകാര്യ ആശുപത്രികളും സ്​റ്റാർട്ട്-അപ്​ സ്​ഥാപനങ്ങളും ചേർന്നാണ്​ ലക്ഷ്യം കണ്ടെത്താൻ ശ്രമിക്കുന്നത്. ഫലപ്രദമായ ഹെൽത്ത്​ -ആപ്​ രൂപപ്പെടുത്തിയെടുക്കാൻ കഴിഞ്ഞാൽ സ്വകാര്യമേഖല സുപ്രധാനമായ നേട്ടമാകും കൈവരിക്കുക. ഇങ്ങനെ നമ്മുടെ പ്രാഥമിക ആരോഗ്യസേവനങ്ങളെ ഉടച്ചുവാർത്ത്​ മുന്നോട്ടുകുതിക്കാനുള്ള അവസരം നാം നഷ്​ടപ്പെടുത്തി എന്നും കരുതേണ്ടിവരും.
എന്താണ്​ ​പ്രാഥമികാരോഗ്യ സേവനങ്ങളിലെ ഡിജിറ്റൽ വിപ്ലവംകൊണ്ടുദ്ദേശിക്കുന്നത്? നവസാങ്കേതിക വിദ്യ മറ്റുമേഖലകളിലെന്നപോലെ ആരോഗ്യത്തിലും അതിനൂതനമാറ്റങ്ങൾ കൊണ്ടെത്തിക്കും. രണ്ടുതരം ടെക്​നോളജിയെങ്കിലും അതിപ്രധാനമായി കാണേണ്ടിയിരിക്കുന്നു. ഒന്ന്​,  പ്രാഥമികാരോഗ്യ കേ​ന്ദ്രത്തിലെ കഴിയുന്നത്രസേവനങ്ങൾ മുഖാമുഖസമ്പർക്കത്തിൽനിന്ന്​ സ്​മാർട്ട്ഫോൺ, വിഡിയോ എന്നിവയിലൂടെയുള്ള പരിചരണത്തിലേക്കു മാറ്റുക. ഇതോടൊപ്പം പല രക്തപരിശോധനകളും മരുന്നുകൾ നിശ്ചയിക്കുന്നതും ഇതേ സാങ്കേതികവിദ്യയിലൂടെ ചെയ്യാനാകും. രണ്ട്, ബിഗ്ഡാറ്റവിശകലനം വഴി സാമൂഹികാരോഗ്യരംഗത്തെ പ്രശ്നങ്ങൾ കണ്ടെത്താനും അവക്കു നേരിടുന്ന​ െചലവ്​ പരിമിതപ്പെടുത്താനും ആരോഗ്യത്തിനുള്ള നീക്കിയിരിപ്പ്​ ഗുണകരമായാണോ ചെലവാക്കപ്പെടുന്നതെന്നും കണ്ടെത്താനാകും. ചുരുക്കത്തിൽ, ബിഗ്ഡാറ്റ വിശകലനം ആരോഗ്യബജറ്റ്​ വിനിയോഗം കാര്യക്ഷമമാക്കും.

ഡിജിറ്റൽ ടെക്നോളജിയിലൂടെ ഡോക്ടറെ കാണാനുള്ള അവസരമുണ്ടാക്കിയാൽ നമ്മുടെ സ്വകാര്യമേഖലക്കു മുന്നേറാനുള്ള വൻ സാധ്യതയുണ്ടാകും. ഇപ്പോൾ സർക്കാർ സംവിധാനങ്ങളെ ആശ്രയിക്കുന്ന പലരും എളുപ്പവും സൗകര്യവും കണക്കിലെടുത്തു സ്വകാര്യസ്ഥാപനങ്ങളിലേക്ക്​ സ്​ഥിരമായിത്തന്നെ മാറാൻ സാധ്യതയുണ്ട്. ടെക്നോളജി രോഗികളുടെ ആരോഗ്യ-രോഗവിവരങ്ങൾ ക്ലൗഡ്കമ്പ്യൂട്ടിങ് വഴി സൂക്ഷിക്കുന്നതാകയാൽ ദീർഘകാലം ഉപയോഗിക്കാനാകും. രോഗതീവ്രത വർഗീകരിക്കാൻ ടെക്നോളജി മാനവശേഷിക്കതീതമായ കാര്യക്ഷമത പുലർത്തുന്നതാകയാൽ കൂടുതൽ വിശ്വസനീയവുമാണ്. തുടർചികിത്സക്കോ ഓപറേഷനുകൾക്കോ ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടതുണ്ടെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുടെ വിവരങ്ങൾ പല ഇടങ്ങളിൽ പങ്കു​െവക്കാനും എളുപ്പംകഴിയും. ഒന്നിൽകൂടുതൽ ആശുപത്രിയുമായി റഫറൽ സാധ്യമാക്കാനും എളുപ്പമാകും. തീർച്ചയായും, ഇതൊക്കെയാണ്​ സ്വകാര്യ ആശുപത്രികൾ നോട്ടം​ െവക്കുന്നത് എന്നതിൽ സംശയംവേണ്ട. നവസാങ്കേതികവിദ്യകൾ സംരംഭത്തിൽ കൊണ്ടുവരുക വഴി ബിസിനസ്​ ​​ഉത്തേജിപ്പിക്കുക എന്നത്​ തെറ്റായി കരുതാനാവില്ല. നമ്മുടെ സർക്കാർമേഖല ഇതിനു നേതൃത്വം എടുക്കാൻ അമാന്തിക്കരുത്​ എന്നുമാത്രം.

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തീവ്രപരിചരണം ആവശ്യമുള്ള രോഗികൾ വരുന്നത്​​ വിരളമായിമാത്രം. കേവലം സിൻഡ്രോമിക് ചികിത്സയാണ്​ മിക്കപ്പോഴും വേണ്ടിവരുക. രോഗലക്ഷണങ്ങൾ സൂക്ഷ്മമായി പരിഗണിച്ചു കൃത്യതയുള്ള രോഗനിർണയത്തിലെത്തുന്ന രീതിയാണിത്. ആരോഗ്യകേന്ദ്രങ്ങളിൽ 60 മുതൽ 70 ശതമാനം വരെ രോഗികൾക്കു ഇത്തരം ചികിത്സ മതിയാകും. ഡിജിറ്റൽ ടെക്നോളജി പ്രാവർത്തികമാക്കിയാൽ ആരോഗ്യ കേന്ദ്രങ്ങളിൽ തടിച്ചുകൂടി സേവനങ്ങൾക്കു മത്സരിക്കേണ്ട ആവശ്യം ഇല്ലാതാക്കാൻകഴിയും. ഈ ഒരൊറ്റ കാര്യംപോലും വലിയ ലാഭമുണ്ടാക്കാൻ പോന്നതാണ്. യാത്ര, കാത്തുനിൽപ്​ സമയം, രോഗിയുടെയും കൂട്ടുവരുന്നയാളി​​െൻറയും വരുമാന നഷ്​ടം, ആരോഗ്യപ്രവർത്തകരുടെ പ്രവർത്തന സമയം എന്നിങ്ങനെ കണക്കെടുത്താൽ ലാഭം ഊഹിക്കാവുന്നതേയുള്ളൂ. ഡിജിറ്റൽ പ്രതലത്തിൽ സംവദിക്കുമ്പോൾ ഡോക്ടറും രോഗിയുമായി ​െവർച്വൽ രീതിയിൽ കൂടിക്കാഴ്ച നടത്തുന്നു. ഇത്​ അതത്​ ആരോഗ്യകേന്ദ്രത്തിലെ ഡോക്ടർ തന്നെയാവണം എന്നില്ലല്ലോ. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ പ്രവർത്തിക്കാൻ സന്നദ്ധരായ ഡോക്ടർമാർ വിരളമാകുന്ന ഇക്കാലത്തു ​െവർച്വൽ സേവനങ്ങൾക്ക്​ പരിമിതമായ ആരോഗ്യപ്രവർത്തകർ ഉണ്ടായാൽ മതിയാകും. നേരിട്ടു കാണണം എന്നുള്ള പ്രശ്നങ്ങൾ മാത്രം കേന്ദ്രത്തിലെ ഡോക്ടർക്ക്​ പരിശോധിക്കാനുള്ള സമയം നിജപ്പെടുത്തി അങ്ങോട്ടയക്കാനും സാധിക്കും. ജില്ല ആസ്ഥാനത്തെ ആശുപത്രിയിൽ പോകണമെങ്കിൽ അവരെ നേരിട്ടങ്ങോട്ടയക്കാനാകും. അവർ പ്രാഥമികകേന്ദ്രത്തിൽവന്നു തടിച്ചുകൂടേണ്ടതുമില്ല.

സമഗ്രമായ പൊതുജനാരോഗ്യപ്രസ്ഥാനം നിലവിലുള്ള ബ്രിട്ടനിൽ 2018 ഓടെ ഡിജിറ്റൽ ആരോഗ്യസേവനങ്ങൾ വ്യാപകമായി ലഭ്യമാകുമെന്ന്​ ആരോഗ്യ സെക്രട്ടറി (മന്ത്രി) ജെറമി ഹണ്ട്​ പറയുകയുണ്ടായി. പല പ്രദേശങ്ങളിലും ഇ-ഹെൽത്ത്​  സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. അദ്ദേഹത്തി​​െൻറ അഭിപ്രായത്തിൽ ഡോക്ടർക്കു പകരം കമ്പ്യൂട്ടർ എന്ന നില പത്തുവർഷത്തിനുള്ളിൽ എത്താനാണ്​ സാധ്യത. അധികം വൈകാതെ പരിശോധന ശാലയിൽ എത്തുന്ന രക്തസാമ്പിളിൽനിന്ന്​ മൂന്നുലക്ഷം ഘടകങ്ങൾ പഠനവിധേയമാക്കാനാകും. ദേശീയ ആരോഗ്യസർവിസ്​ തലവൻ സൈമൺ സ്​റ്റീവൻസ്​ പറയുന്നത്​ അടുത്ത വർഷം മുതൽ ഇ-ഹെൽത്ത്​ രംഗത്തേക്ക്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉൾപ്പെടുത്താനുള്ള ബജറ്റ്​ നീക്കിയിരുപ്പുണ്ടാകും എന്നാണ്. മെഷീൻ ലേണിങ്​, എ.​െഎ തുടങ്ങിയ സങ്കേതങ്ങൾ ആരോഗ്യമേഖലയിലെത്താൻ ഇനി വൈകിക്കൂട എന്നാണ്​ പൊതു അഭിപ്രായം. ബ്രിട്ടൻ ഇക്കാര്യത്തിൽ ഒറ്റക്കല്ല എന്നു നാം ഓർക്കണം. മറ്റു യൂറോപ്യൻ രാജ്യങ്ങളും ഇതേ പാതയിലാണ്. ഉയർന്ന സാ​േങ്കതികവിദ്യകൾക്ക്​ കൂടുതൽ നിക്ഷേപങ്ങൾ വേണ്ടിവരുമെങ്കിലും ആദ്യചുവടുകൾക്കുള്ള ചെലവ്​ കേരളത്തി​​െൻറ ഇന്നത്തെ നിലയിൽവലുതാവില്ല. എന്നാൽ, സമയബന്ധിതമായ ആസൂത്രണം ഉണ്ടായില്ലെങ്കിൽ പത്തുവർഷം വേഗത്തിൽ കടന്നുപോകുകയും നാം പിറകിലാകുകയും ചെയ്യും.

എണ്ണത്തിൽ ഡോക്ടർമാരുടെ ക്ഷാമമില്ലാത്ത നാടാണ്​ കേരളം; എന്നാൽ, പൊതുമേഖലയിൽ വരാൻ അവർ മടിക്കുന്നു. ആരോഗ്യരംഗത്തെ മറ്റു സേവനങ്ങളിലുംഫലപ്രദമായ മാനവശേഷി വിന്യാസമല്ല നടക്കുന്നത്. അപ്പോൾ നിലവിലുള്ള സംവിധാനം കാര്യക്ഷമമാക്കുന്നതിന്​ പരിമിതികളുണ്ട്. ഗുണഭോക്താക്കളോട്​ സൗഹൃദമുള്ള തൊഴിൽ സംസ്കാരം സൃഷ്​ടിക്കാൻ ഭാരിച്ചചെലവും അധ്വാനവും സമയവും ആവശ്യമാണ്. അതിനാൽ, നവസാമൂഹിക മുന്നേറ്റങ്ങൾ പൊളിച്ചെഴുത്തിലൂടെ മാത്രമേ സാധ്യമാകൂ. ഡിസ്​റപ്​റ്റിവ്​ ടെക്നോളജി എന്നറിയപ്പെടുന്ന ഈ മാതൃകയാണ്​ ലോകമെമ്പാടും പരീക്ഷിക്കപ്പെടുന്നത്. ഇത്​ തടഞ്ഞുനിർത്താനാകാത്ത വിധം ടെക്നോളജി വളർന്നുകഴിഞ്ഞു. മൊബൈൽ ഫോൺ വഴി ലഭിക്കുന്ന ടാക്സി, വിഡിയോകൾ തത്സമയം പങ്കു​െവക്കാനും ലഭിക്കാനും ഉതകുന്ന ലൈവ്​ സ്​ട്രീമിങ്​ ഒക്കെ ഇതി​​​െൻറ ലഘു ഉദാഹരണങ്ങളാണ്.

ലോകത്തെ അതിശയിപ്പിച്ച മറ്റൊരു പൊളിച്ചെഴുത്തു സർ ജെയിംസ്​ ഡെയ്സൺ ഏതാനും ദിവസങ്ങൾക്കു മുമ്പു നടത്തിയ അറിയിപ്പാണ്. വാക്വം ക്ലീനർ ഡിസൈൻ ഉപജ്ഞാതാവായ അദ്ദേഹം വൈദ്യുതികാർ വാണിജ്യാടിസ്ഥാനത്തിൽ നിർമിക്കാനുള്ള സാങ്കേതികവിദ്യയുമായി ബഹുദൂരമെത്തിക്കഴിഞ്ഞു എന്നു പ്രഖ്യാപിക്കുകയുണ്ടായി. ബെൻസ്, ഔഡി, പോർഷെ മുതലായ അതികായന്മാർ അരങ്ങു കൈയടക്കിയ മേഖലയിൽ ഒരു പുതുമുഖം 2020ൽ കമ്പോളം കീഴടക്കാൻ തയാറാകുന്നു. ഇപ്രകാരം പരമ്പരാഗത വിശ്വാസങ്ങളെയും സാങ്കേതിക സിദ്ധാന്തങ്ങളെയും പൊളിച്ചെഴുതുന്നതിനാൽ ഡിസ്​റപ്​റ്റിവ്​ ടെക്നോളജി എല്ലാ വികസനത്തി​​െൻറയുംഅടിസ്ഥാന പ്രമാണമാണിപ്പോൾ.

ബിഗ്​ഡാറ്റ അനലിറ്റിക്സ് (വിശാലവിവരസാങ്കേതിക വിശകലനം: വി.വി.വി.) ആരോഗ്യരംഗത്തു വലിയ വിപ്ലവത്തിന്​ തുടക്കമാകാൻ ഒരുങ്ങുകയാണ്. ചികിത്സയുടെയും ആരോഗ്യസേവന മാനേജ്മ​െൻറ്​ ചെലവുകളും ലാഭകരമാക്കുക, പകർച്ചവ്യാധികൾ, രോഗാതുരതകൾ എന്നിവ പ്രവചിച്ചു യുക്തമായ ഇടപെടൽ സമയബന്ധിതമായി നടപ്പാക്കുക, ജീവിതഗുണമേന്മ മെച്ചപ്പെടുത്തുക എന്നിവയാണ്​ ഇൗ സാങ്കേതികവിദ്യ ചെയ്യുന്നത്. ഇപ്പോൾത്തന്നെ വി.വി.വി നിരവധി മേഖലകളിൽ അതി​​െൻറ വിരലടയാളം രേഖപ്പെടുത്തിക്കഴിഞ്ഞു. ഓരോ ആരോഗ്യകേന്ദ്രത്തിലും രോഗികളുടെ കാൽസ്പർശത്തി​​െൻറ സ്​റ്റാറ്റിസ്​റ്റിക്​സ്​ പരിശോധിച്ച്​ അടുത്ത 15 വർഷം എത്ര ആരോഗ്യപ്രവർത്തകർ ഏതൊക്കെ സമയം ആവശ്യമാണ്​ എന്ന്​ കൃത്യമായി കണ്ടെത്താനാകും.

ഇലക്ട്രോണിക്​ മെഡിക്കൽ റെക്കോഡുകളാണ്​ മറ്റൊരു ശ്രദ്ധേയമേഖല. രോഗികളുടെ ആരോഗ്യ-രോഗസൂചികകൾ ഡിജിറ്റൽ രീതിയിൽ ഉപയോഗിക്കപ്പെട്ടാൽ ജീവിതശൈലീരോഗങ്ങൾ ഉൾ​െപ്പടെ വിവിധ എപ്പിഡമിക്കുകൾ കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനാവും. സമയത്തിന്​ പ്രതിരോധ നടപടികൾ എടുക്കാനാവുന്നതിനാൽ ചെലവേറിയ ചികിത്സകൾ മാറ്റി​െവക്കാനോ ഒഴിവാക്കാനോ സാധിക്കും. മദ്യം, മയക്കുമരുന്നുകൾ എന്നിവയുടെ ദുരുപയോഗം തടയുന്നതിന്​ ഏറ്റവും നല്ല മാർഗം ഇതുതന്നെയാവും. കറുപ്പ് (ഒാപിയം) ഉപയോഗിക്കുന്നവരിൽ ഏതാണ്ട് 700 ലധികം സൂചനകൾ വി.വി.വി കണ്ടെത്തിയിട്ടുണ്ട്. ചുരുക്കത്തിൽ, വിശാല വിവരസാങ്കേതിക വിശകലനം ആരോഗ്യ മാനേജ്മ​െൻറിൽ ഒഴിവാക്കാനാവാത്ത ​െടക്​നോളജിയാണ്.
കേരളത്തി​​െൻറ ആരോഗ്യനിലവാരം ഇപ്പോൾതന്നെ ഇന്ത്യയിൽ ഏറ്റവും മുന്തിയനിലയിൽ ആണെല്ലോ, പിന്നെന്തിനാണ്​ നവ സാങ്കേതിക വിദ്യകൾ എന്ന ചോദ്യമുയരാം. നാമോർക്കേണ്ട ചിലതുണ്ട്. ആരോഗ്യത്തിൽ സർക്കാർ നിക്ഷേപം പരിമിതമാണ്, മറ്റ്​ പല രാജ്യങ്ങളുമായി താരതമ്യപ്പെടുത്തിയാൽ നാമമാത്രവും. അത്​ ഇനിവരുന്നകാലം കുറയാനാണ്​ സാധ്യത. വരാനിരിക്കുന്ന സാമ്പത്തിക ഞെരുക്കംകൂടി കണക്കിലെടുത്താൽ ആരോഗ്യസേവനരംഗം കൂടുതൽ കാര്യക്ഷമമാക്കുക എന്നതുമാത്രമാണ്​ പോംവഴി. പൊതുജനാരോഗ്യ സൂചികകൾ മെച്ചപ്പെട്ടതാണെങ്കിലും ഭരണകാര്യക്ഷമത മെച്ചപ്പെട്ടതാണെന്നു പറയാനാവില്ല. വളരെ വേഗം നവീകരിക്കപ്പെടേണ്ട രംഗമാണ്​ ആരോഗ്യം. അങ്ങനെയൊരു സമീപനമാണ്​ വികസിത രാജ്യങ്ങളും ആരോഗ്യത്തിൽ നമ്മെക്കാൾ കൂടുതൽ നിക്ഷേപിക്കുന്ന വികസ്വര രാജ്യങ്ങളും എടുത്തുകാണുന്നത്.

ആരോഗ്യ ഭരണത്തിലെ കാര്യക്ഷമത മറ്റ്​ പരാധീനതകളെ പരിമിതപ്പെടുത്താനുതകും. ഇതിനുദാഹരണമാണ്​ ​കേരളത്തെക്കാളും ദാരിദ്ര്യമുള്ള റുവാണ്ട എന്നരാജ്യം. കേരളത്തി​​െൻറ മൂന്നിലൊന്ന്​ ജനസംഖ്യയും ആഭ്യന്തരകലാപത്തിൽ സാമൂഹിക സാമ്പത്തിക അടിത്തറയിളകിയതുമായ രാജ്യമാണ്​ റുവാണ്ട. അവിടെ 2010ൽ ഉദ്ദേശം 600 ഡോക്​ടർമാരാണ്​ ഉണ്ടായിരുന്നത്. ആരോഗ്യത്തിൽ പ്രതിശീർഷ നിക്ഷേപം 21 ഡോളറിൽ (1990) നിന്ന് 135 ഡോളർ (2010) ആയി ഉയർന്നിരിക്കുന്നു. പ്രതിരോധമരുന്നുകൾ 85 ശതമാനം കുട്ടികളിൽ എത്തിക്കാനായി. പെൺകുട്ടികളിൽ 90ശതമാനംപേർക്കും ഗർഭാശയ കാൻസർ വാക്സിൻ നൽകിക്കഴിഞ്ഞു. ഏകദേശം 74 ശതമാനം പേർക്ക്​ ശുദ്ധജലവും 75 ശതമാനം പേർക്ക്​ സാനിറ്റേഷൻ സൗകര്യങ്ങളും കഴിഞ്ഞ പത്തുവർഷത്തിൽ നടപ്പാക്കിക്കഴിഞ്ഞു.16,000 പേർക്ക്​ ഒരു ഡോക്ടർ ഉള്ള നാട്ടിലാണ്​ ഇതു സംഭവിച്ചതെന്ന്​ നാം ഓർക്കണം. വികേന്ദ്രീകരിച്ച ആരോഗ്യ ഇൻഷുറൻസ്​ പദ്ധതിയാണ്​ അവിടെ നടപ്പാക്കിയിട്ടുള്ളത്.

റുവാണ്ട എന്ന രാജ്യത്തിന്​ സാധിക്കുന്നത്​ നമുക്ക്​ സാധിക്കാത്തതെന്ത്​ എന്ന ചർച്ച നാം എന്തുകൊണ്ട്​  അനുവദിക്കുന്നില്ല?  ആരോഗ്യരംഗത്തെ പരിഷ്കാരത്തിന്​ അമാന്തമരുത്.

COMMENTS