രാഹുൽ വരുന്നു, എന്നിട്ട്​?

07:27 AM
26/11/2017
ഇനി ഒരാഴ്ച കഴിഞ്ഞാൽ കോൺഗ്രസിൽ ചരിത്രപ്രധാനമെന്നോ രേഖാപരമെന്നോ പറയാവുന്ന മാറ്റം നടക്കുകയാണ്. പരിശീലനകാലം 13 വർഷമായി ചുരുക്കി രാഹുൽ ഗാന്ധി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നു. 20 വർഷത്തോളമായി ആ പദവിയിലിരിക്കുന്ന സോണിയഗാന്ധി ‘രക്ഷാധികാരി’യായി പിൻവാങ്ങുന്നു. പ്രവർത്തകസമിതി പ്രഖ്യാപിച്ച സമയക്രമമനുസരിച്ച് തെരഞ്ഞെടുപ്പ് ഡിസംബർ 16നാണെങ്കിലും പത്രിക സമർപ്പിക്കുന്ന അവസാനദിവസമായ ഡിസംബർ നാലിനുതന്നെ, എതിരാളിയില്ലാതെ രാഹുൽ പ്രസിഡൻറായി സ്ഥിരീകരിക്കപ്പെടും. ഇതൊക്കെ ഒൗപചാരികതകൾ മാത്രം. നെഹ്​റുകുടുംബത്തിൽ നിന്നൊരു പൈതലെങ്കിലും കൂടെയില്ലെങ്കിൽ, നിലാവത്ത് അഴിച്ചുവിട്ട കോഴി മാതിരിയാണ് കോൺഗ്രസുകാർ. മുതിർന്ന നേതാക്കൾക്കു പോലും എവിടേക്ക് പോകണമെന്നോ, എന്തു ചെയ്യണമെേന്നാ ഒരു രൂപവും ഉണ്ടാവില്ല. അതുകൊണ്ടുതന്നെ രാഹുൽ വരുന്നതിലല്ല, ഇത്രയും വൈകിയതിലാണ് അമ്പരപ്പ്. രാഹുൽ വരുന്നതിലല്ല, ഇനി എന്തു ചെയ്യാൻ പോകുന്നു എന്നതിലാണ് ആകാംക്ഷ.
 
ഗുജറാത്തിലെ ​പ്രത്യാശകൾ
ഗുജറാത്തിൽനിന്ന്​ രാഹുലി​െൻറ മുഴക്കങ്ങൾ കേൾക്കാൻ സാധിക്കുന്നുണ്ട്. അവിടെ ബി.ജെ.പി വീണ്ടും ജയിച്ചാൽകൂടി കോൺഗ്രസ് വ്യക്തമായ നേട്ടമുണ്ടാക്കുമെന്ന കാര്യത്തിൽ ആർക്കുമില്ല സംശയം. അടുത്ത പൊതുതെരഞ്ഞെടുപ്പിലെ കോൺഗ്രസി​െൻറ സാധ്യതകൾ കൂടി വർധിപ്പിക്കുന്നതാകും ഗുജറാത്ത് ഫലം. രാഹുലി​െൻറ ചുമലിലേക്ക് പുതിയ ഭാരം അലങ്കാരമായി എടുത്തുവെക്കാൻ ഗുജറാത്ത് തെരഞ്ഞെടുപ്പുവേള കോൺഗ്രസ് ഉപയോഗിക്കുന്നതിലുമുണ്ട്​ അത്​ മുന്നിൽക്കാണുന്ന തന്ത്രം. ഗുജറാത്തിൽ വീറുറ്റ പോരാട്ടം നടത്തുക വഴി ഉണ്ടാവുന്ന മുന്നേറ്റം രാഹുലി​െൻറ നേതൃപാടവത്തിനുതെളിവായി കോൺഗ്രസ് ഉയർത്തിക്കാട്ടും. എന്നാൽ, അതുെകാണ്ടായില്ല. 133 വർഷം പിന്നിട്ട കോൺഗ്രസ്, അതി​െൻറ ഏറ്റവും മോശമായ ഘട്ടത്തിലൂടെ കടന്നുപോകുേമ്പാഴാണ് രാഹുൽ അമരത്തേക്ക് വരുന്നത്. രാഷ്​ട്രീയമായും സംഘടനപരമായും പ്രതിസന്ധിയിലാണ് പാർട്ടി. നൂറ്റാണ്ടുപിന്നിട്ട ചരിത്രത്തിനിടയിൽ പിളർപ്പുകളെ അതിജീവിച്ചിട്ടുണ്ട്്. മാനക്കേടുണ്ടാക്കിയ തെരഞ്ഞെടുപ്പു തോൽവികൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ, ഇന്ന് നേരിടുന്ന അസ്​തിത്വ പ്രതിസന്ധി മുെമ്പാരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ, വാഴിക്കലിനപ്പുറത്ത്, ഭീമാകാരമായ വെല്ലുവിളിയാണ് രാഹുലിനുമുന്നിൽ. 13 വർഷമായി എം.പിയായി പ്രവർത്തിക്കുന്ന രാഹുലിന്, യു.പി.എ സർക്കാർ രണ്ടുവട്ടം ഭരിച്ചതിനിടയിൽ, ഭരണനിർവഹണത്തി​െൻറ കൈത്തഴക്കം നേടാൻ പറ്റിയിട്ടില്ല. വിമുഖത കൊണ്ട് വേണ്ടെന്നുവെച്ചതാണ്. നെഹ്​റു മുതൽ നാലു പാർട്ടി പ്രസിഡൻറുമാരെ ഇതിനകം സംഭാവന ചെയ്​ത കുടുംബത്തിലാണ് ജനിച്ചുജീവിക്കുന്നത്. എന്നാൽ, അതിനൊത്ത അനുഭവപരിചയം അവകാശപ്പെടാനാവില്ല. ഒറ്റക്കക്ഷി ഭരണത്തിൽ നിന്ന് സഖ്യകക്ഷിഭരണത്തിലേക്ക് കോൺഗ്രസി​െൻറ പ്രതാപം മങ്ങിയപ്പോൾ, അമ്മ സോണിയ ഗാന്ധി നേടിയെടുത്ത സഖ്യകക്ഷി അനുനയ രീതികളിലും രാഹുലിന് അത്രത്തോളം കഴിവ് അവകാശപ്പെടാനാവില്ല. എല്ലാ സംസ്ഥാനങ്ങളിലും മെലിഞ്ഞൊട്ടുകയും ലോക്​സഭയിലെ അംഗബലം 44ലേക്ക് ചുരുങ്ങുകയും ചെയ്ത ദേശീയപാർട്ടിയാണിന്ന് കോൺഗ്രസെന്നിരി​െക്ക, അതിനെ സംസ്ഥാനങ്ങളിൽ വളർത്തി കേന്ദ്രത്തിൽ കോൺഗ്രസി​െൻറ പ്രതാപം വീണ്ടെടുക്കുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ രാഹുലിന് എത്രത്തോളം കഴിയുമെന്ന കടുത്ത സന്ദേഹവും ബാക്കി. 

മുഖ്യഎതിരാളി
എതിരാളിയോ? വർഗീയത മുതൽ കോർപറേറ്റ് അവിഹിതബന്ധം വരെ ഏതു തന്ത്രവും സമർഥമായി പ്രയോഗിക്കുന്ന ബി.ജെ.പിയെയാണ് രാഹുലും കോൺഗ്രസും വിവിധ പ്രതിപക്ഷ പാർട്ടികളും നേരിടേണ്ടത്. ഉള്ളു പൊള്ളയായ പെരുമ്പറ മുഴക്കമാണ് കേൾക്കുന്നതെങ്കിലും,  പ്രസംഗവേദികളെ കീഴ്​പ്പെടുത്താനുള്ള വാക്ചാതുരി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക കഴിവാണ്. തെരഞ്ഞെടുപ്പുകാലത്ത് ജാതി സമവാക്യങ്ങൾ തീർക്കുന്നതിലും, വർഗീയത അളവനുസരിച്ച് ചേർക്കുന്നതിലും ഉൾപ്പാർട്ടി പ്രശ്നങ്ങൾ ഞെരിച്ചുകളയുന്നതിലും മികവുള്ള കാര്യസ്ഥനായാണ് ബി.ജെ.പി അധ്യക്ഷസ്ഥാനത്ത് മോദി നിയോഗിച്ച അമിത്​ ഷാ പ്രവർത്തിച്ചുപോരുന്നത്. കോൺഗ്രസ് സഖ്യകക്ഷിഭരണത്തി​െൻറ അനിവാര്യതയിൽ നിൽക്കുേമ്പാൾ, ബി.ജെ.പിയെ ഒറ്റക്ക് കേവലഭൂരിപക്ഷം നേടാൻ പ്രാപ്തമാക്കിയ നേതാവാണ് മോദി. ആ നരേന്ദ്ര മോദിയെയാണ് 2019ൽ രാഹുൽ നേരിടേണ്ടത്. 
കോൺഗ്രസ് പ്രസിഡൻറാവുക എന്നത് അനായാസ കാര്യം. എന്നാൽ, പാർട്ടിയെ നയിക്കുക ദുഷ്കരമായ ചുമതലയാണ്. മോദിയുടെ പ്രധാന എതിരാളി എന്ന നിലയിൽ രാഹുൽ ഉയർന്നുവരണമെങ്കിൽ, കുറുക്കുവഴികളില്ല. വിവശത ബാധിച്ച പാർട്ടിയെ ആദ്യം െകട്ടിപ്പടുക്കുക തന്നെ വേണം. അവധികളും ഇടവേളകളുമില്ലാത്ത മുഴുസമയ പാർട്ടി നേതാവായി പ്രവർത്തിക്കേണ്ടി വരും. പാരകൾ ഒഴിവാക്കാൻ പാകത്തിൽ മുതിർന്ന നേതാക്കൾക്കും ചെറുപ്പക്കാർക്കും ഇടം കൊടുക്കണം. സോണിയയെ കാണുന്നതി​െനക്കാൾ വിഷമമാണ് രാഹുലുമായി കൂടിക്കാഴ്ച നടത്താനെന്ന നേതാക്കൾക്കിടയിലെ മർമരം തിരിച്ചറിഞ്ഞ്, പ്രവർത്തകരും നേതാക്കളുമായി കൂടുതൽ ഇടപഴകേണ്ടി വരും.   

ഇച്ഛാശക്തിയും രാഷ്​ട്രീയവിവേകവും
ദേശീയതലത്തിൽ മോദിയെ വെല്ലുവിളിക്കാനുള്ള അർപ്പണബോധവും ഇച്ഛാശക്തിയും രാഷ്​ട്രീയവിവേകവും രാഹുലിനുവേണം. യു.പി.എ സർക്കാറിനെതിരായ വികാരം മുതലാക്കാൻ സകല അടവുകളും തന്ത്രങ്ങളും ബി.ജെ.പിയും മോദിയും പ്രയോഗിച്ചിരുന്നു. എന്നാൽ, ഭരണത്തിലിരുന്നിട്ടുപോലും, മോദി പ്രയോഗിച്ച നവീന സാേങ്കതിക രീതികളൊന്നും ഉപയോഗപ്പെടുത്താൻ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ സാധിച്ചിരുന്നില്ല. എല്ലാം രാഹുലി​െൻറ കരങ്ങളിൽ ഏൽപിച്ചുകൊടുത്ത് നിരീക്ഷകരായി നിൽക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ഗീർവാണവും സ്തുതിയും നടത്തുന്നതിനുപകരം,  അവർ താ​േഴത്തട്ടിലേക്കിറങ്ങി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ രാഹുലിന് കഴിയുമോ? കഴിഞ്ഞ മൂന്നുവർഷമായി സോണിയ സ്വമേധയാ പിന്നാക്കംവലിഞ്ഞുനിൽക്കുന്നതിനാൽ, സ്വന്തം കഴിവ് പ്രകടമാക്കാൻ രാഹുലിന് യഥേഷ്​ടം അവസരം ലഭിച്ചിരുന്നു. സംഘടന ഉടച്ചുവാർക്കാൻ ചർച്ചകൾ പല തലത്തിൽ നടന്നതല്ലാതെ ധീരമായ ചുവടുവെപ്പുകളൊന്നും രാഹുൽ നടത്തിയില്ല. 

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ തന്നെയാണ് പ്രധാനമന്ത്രി സ്ഥാനാർഥിയായി മുൻനിരയിൽ നിന്നത്. എന്നാൽ, ഭരണവിരുദ്ധ വികാര​െത്തയും കോൺഗ്രസി​െൻറ സംഘടനപരമായ ഉദാസീനത​െയയും അതിജീവിക്കാനുള്ള നമ്പറുകൾ ഒന്നുമില്ലാതെയാണ് രാഹുൽ ഗാന്ധി തേരുതെളിച്ചത്. നരേന്ദ്ര മോദിയാക​െട്ട, വർഗീയതയും ചെറുപ്പക്കാരുടെ അഭിലാഷവും തുറുപ്പുചീട്ടാക്കി. 2019ലെ ലോക്സഭ തെര​െഞ്ഞടുപ്പിലേക്ക് കോൺഗ്രസിനെ ഒരുക്കിയിറക്കുകയെന്ന ദൗത്യം ഒട്ടും ലളിതമല്ല. പഴഞ്ചൻ കുതിരയെന്ന പഴഞ്ചൊല്ലിൽ നിന്ന് കോൺഗ്രസി​െൻറ അലകും പിടിയും മാറ്റി പുതിയ കാലഘട്ടം ആവശ്യപ്പെടുന്ന വിധത്തിലേക്ക് നയിക്കണം. സംഘ്പരിവാർ സംഘങ്ങളുടെ കൃത്യമായ പ്രവർത്തനത്തെ മറികടക്കാൻ, പാർട്ടി എണ്ണയിട്ട യന്ത്രമാകണം. അതി​െനക്കാൾ ഗൗരവപ്പെട്ട വിഷയം മറ്റൊന്നാണ്. യു.പി.എ സർക്കാറി​െൻറ മരവിപ്പോ, മോദിയുടെ വായ്ത്താരി ഉണ്ടാക്കുന്ന മടുപ്പിക്കലോ മറികടക്കുന്നവിധം പുതിയ ലക്ഷ്യങ്ങൾ തനിക്കുണ്ടെന്ന് വോട്ടർമാരെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ ബോധ്യപ്പെടുത്താൻ രാഹുൽ ഗാന്ധിക്ക് കഴിയണം. അതൊന്നുമില്ലാത്ത കൊട്ടുകുരവകളാണ് ഡിസംബറിലെ വാഴിക്കലിനൊപ്പം കോൺഗ്രസ് നടത്തുന്നതെങ്കിൽ പരാജയപ്പെട്ട നേതാവായി രാഹുലിനെ കാലം വിധിയെഴുതും. 
COMMENTS