Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightമോദിവാഴ്​ചയുടെ പരിണതി

മോദിവാഴ്​ചയുടെ പരിണതി

text_fields
bookmark_border
nehru-savarkar
cancel
camera_alt??????????? ???????, ??.??. ?????????

അഞ്ചു കൊല്ലത്തെ കാലാവധി പൂര്‍ത്തിയാക്കാന്‍ ആറു​ മാസം മാത്രം ബാക്കിനില്‍ക്കെ നരേന്ദ്ര മോദി പ്രധാനമന്ത്രിയെ ന്ന നിലയില്‍ ഒരു സമ്പൂർണ പരാജയമാണെന്ന് രാഷ്​ട്രീയ എതിരാളികള്‍ക്കു മാത്രമല്ല, സമൂഹമാധ്യമങ്ങളില്‍ അദ്ദേഹത്തിന് സ്തുതിഗീതം പാടിയിരുന്ന ഭക്തജനങ്ങള്‍പോലും തിരിച്ചറിഞ്ഞുതുടങ്ങിയിരിക്കുന്നു. അധികാരത്തിലേറിയ ഉടന്‍ പ്രഖ്യാപിച്ചതും 3000 കോടിയോളം രൂപ ചെലവാക്കി നിർമിച്ചതുമായ സര്‍ദാര്‍ പട്ടേല്‍ പ്രതിമ യാഥാർഥ്യമായപ്പോള്‍ ഭക്തജനങ്ങളുടെ ആഹ്ലാദപ്രകടനം കണ്ടില്ല. രാജ്യത്തി​​െൻറ ഐക്യത്തി​​െൻറ പ്രതീകമായി വിഭാവനം ചെയ്യപ്പെട്ട പ്രതിമ ഒരു കപടരാഷ്​ട്രീയത്തി​​െൻറ ഭാഗമായിരുന്നു, ജനസംഘത്തി​​െൻറ കാലം മുതല്‍ സംഘ്​ പരിവാര്‍ മതനിരപേക്ഷകനായ ജവഹര്‍ലാല്‍ നെഹ്​റുവിനെതിരെ ഹിന്ദുവായ വല്ലഭ ഭായി പട്ടേലിനെ നിരന്തരം ഉയർത്തിക്കാട്ടിയിരുന്നു. പ​േക്ഷ, കൂറ്റന്‍ പ്രതിമയിലൂടെ പട്ടേലിനെ ഹിന്ദുത്വമൂര്‍ത്തിയാക്കി മാറ്റാമെന്ന മോദിയുടെ കണക്കുകൂട്ടല്‍ തെറ്റി. കോൺഗ്രസുകാര്‍ പട്ടേല്‍ തങ്ങളുടെ പാർട്ടിക്കാരനായിരുന്നു എന്നു നിരന്തരം പറഞ്ഞുകൊണ്ടിരുന്നു.

ഗാന്ധിവധത്തെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയായിരുന്ന പട്ടേല്‍ ആര്‍.എസ്.എസിനെ നിരോധിച്ചതും ഹിന്ദുത്വത്തി​​െൻറ ഉപജ്ഞാതാവായ വി.ഡി. സവര്‍ക്കറി​​െൻറ നേതൃത്വത്തിലുള്ള ഒരു ചെറു സംഘമായിരുന്നു വധത്തിനു പിന്നില്‍ എന്ന പട്ടേലി​​െൻറ പ്രസ്താവം മതനിരപേക്ഷചേരി വ്യാപകമായി പ്രചരിപ്പിച്ചതും മോദിക്കും ബി.ജെ.പിക്കും ഏറെ ദോഷംചെയ്തു.
കര്‍ഷകരും മറ്റു നിരവധി ജനവിഭാഗങ്ങളും ദുരിതം അനുഭവിക്കുന്ന സമയത്താണ് പ്രതിമ നിർമിച്ചത്. അതിനു ചെലവാക്കിയ തുകകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനകരമാകുന്ന പലതും ചെയ്യാനാകുമായിരുന്നെന്നുള്ള വിമര്‍ശനവും പ്രതിമ പദ്ധതിയെ അദ്ദേഹത്തിനു ദോഷകരമാക്കി മാറ്റി. ഇതില്‍നിന്ന് പ്രതിപക്ഷ കക്ഷികള്‍ മനസ്സിലാക്കേണ്ടത് വസ്തുതകള്‍ നല്ലതുപോലെ അവതരിപ്പിച്ചാല്‍ മോദിയുടെ പൊതുവേദികളിലെ മാസ്മരിക പ്രകടനങ്ങളുടെ സ്വാധീനത്തില്‍പെട്ടവരും കാര്യങ്ങള്‍ ഗ്രഹിക്കുമെന്നാണ്.

ലോകത്തിലെ ഏറ്റവും ഉയരംകൂടിയ പ്രതിമ നമ്മുടെ നാട്ടിലാണെന്നത്‌ അഭിമാനത്തോടെ പറയാനാവുന്ന കാര്യംതന്നെയാണ്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും അത് കാണാന്‍ സഞ്ചാരികള്‍ വരും. പ​േക്ഷ, വിഭവദാരിദ്ര്യം അനുഭവിക്കുന്ന ഒരു നാട്ടിലെ ഭരണാധികാരി പണം വിവേകപൂർവം വിനിയോഗിക്കേണ്ടതുണ്ട്. ദേശീയ ​െഎക്യം ഊട്ടിയുറപ്പിക്കേണ്ടത്‌ ഒരാവശ്യംതന്നെ. അതിനുള്ള ഉത്തമ മാര്‍ഗം എല്ലാ വിഭാഗം ജനങ്ങള്‍ക്കും നീതിയും തുല്യതയും ഉറപ്പാക്കി രാജ്യത്തി​​െൻറ ഭാഗമാണെന്നതില്‍ അഭിമാനിക്കുന്ന സാഹചര്യം സൃഷ്​ടിക്കുകയാണ്. ഭരണഘടന വാഗ്ദാനം ചെയ്യുന്ന അവകാശങ്ങള്‍ ഉറപ്പാക്കാനുള്ള കടമ അതി​​െൻറ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുന്നവര്‍ക്കുണ്ട്. യഥാർഥത്തില്‍ ഭരണാധികാരിയുടെ പ്രാഥമിക ചുമതലയാണത്.

ഈ ചുമതല നിര്‍വഹിക്കുന്നതില്‍ മോദിയോളം അലംഭാവം കാട്ടിയ മറ്റൊരു പ്രധാനമന്ത്രി സ്വതന്ത്രഭാരതത്തി​​െൻറ ചരിത്രത്തിലില്ല. അദ്ദേഹം അധികാരത്തിലെത്തിയ നാള്‍ മുതല്‍ അദ്ദേഹത്തി​​െൻറ പാര്‍ട്ടിയുടെ പിന്നിലെ ചാലകശക്തിയായ ആര്‍.എസ്.എസി​​െൻറ സ്വാധീനത്തിലുള്ള നിരവധി സംഘടനകള്‍ പല സംസ്ഥാനങ്ങളിലും പ്രധാനമായും ദലിതര്‍ക്കും മതന്യൂനപക്ഷങ്ങൾക്കുമെതിരെ സംഘടിതമായി ആക്രമണങ്ങള്‍ നടത്തിവരുകയാണ്. ആ സംഭവങ്ങളില്‍ ഒന്നിനെയും മോദി അപലപിച്ചിട്ടില്ല. ബി.ജെ.പി അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പൊലീസ് അക്രമികളെ സംരക്ഷിക്കുകയും ഇരകളെ കുറ്റവാളികളാക്കുകയുമാണ് ചെയ്യുന്നത്. ആദ്യനാളുകളില്‍ മോദി നടത്തിയ പ്രകടനങ്ങളിലെ കാപട്യങ്ങള്‍ ഇപ്പോള്‍ പകല്‍വെളിച്ചംപോലെ വ്യക്തമാണ്. പാര്‍ലമ​െൻറ്​ മന്ദിരത്തി​​െൻറ പടി തൊട്ടുനമസ്കരിച്ചുകൊണ്ടാണ് അദ്ദേഹം അതിനുള്ളില്‍ ആദ്യം പ്രവേശിച്ചത്. പ​േക്ഷ, സഭകളില്‍ ഏറ്റവും കുറച്ചു സമയം മാത്രം ചെലവഴിച്ച പ്രധാനമന്ത്രിയാണദ്ദേഹം.

ഭരണനിര്‍വഹണത്തില്‍ ഒരുകാലത്ത് മന്ത്രിസഭക്കുണ്ടായിരുന്ന പങ്ക് ഇപ്പോള്‍ നിര്‍വഹിക്കുന്നത് പ്രധാനമന്ത്രിയുടെ ഒാഫിസാണ്. അത് പ്രവർത്തിക്കുന്നതെങ്ങനെയെന്ന്​ ഈയിടെ സി.ബി.ഐയിലുണ്ടായ മാറ്റങ്ങളുടെ കഥയില്‍നിന്നു വായിച്ചെടുക്കാം. മോദി ഗുജറാത്തില്‍നിന്ന് കൊണ്ടുവന്ന ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അഴിമതിക്ക് കേസ് ചാര്‍ജ് ചെയ്തപ്പോള്‍ കാബിനറ്റ് സെക്രട്ടറി സി.ബി.ഐ തലവനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെന്‍ട്രല്‍ വിജിലന്‍സ് കമീഷണര്‍ക്ക് കത്തെഴുതി. മന്ത്രിസഭയുടെ ഒരു സമിതി അർധരാത്രി യോഗം ചേര്‍ന്നു കമീഷണറുടെ ശിപാര്‍ശപ്രകാരം രണ്ട്​ ഉദ്യോഗസ്ഥന്മാരെയും സസ്പെൻഡ്​ ചെയ്ത്​ മറ്റൊരാളെ നിയമിക്കുകയും നേരം വെളുക്കുംമുമ്പ് അയാള്‍ ചാര്‍ജെടുക്കുകയും ചെയ്യുന്നു. അഴിമതിക്കെതിരെ നടപടിയെടുക്കേണ്ട സി.ബി.ഐ, സി.വി.സി എന്നീ സ്ഥാപനങ്ങളെ മോദി ചട്ടുകങ്ങളാക്കി എന്നതിന് ഇതില്‍പരം എന്തു തെളിവ് വേണം?

ആവശ്യമായ തയാറെടുപ്പ് കൂടാതെ മോദി ധിറുതിപിടിച്ച് നടപ്പാക്കിയ നോട്ടുനിരോധനവും വിൽപന-സേവന നികുതിയും സമ്പദ്​വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്ന വസ്തുത കള്ളക്കണക്കുകള്‍ അവതരിപ്പിച്ച് മറയ്​ക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ആഭ്യന്തരകാര്യങ്ങളിലെന്നപോലെ വിദേശ കാര്യങ്ങളിലും മോദി ഒരു വലിയ പരാജയമാണ്. മോദി നല്ലതൊന്നും ചെയ്തില്ലേ എന്നു ചോദിച്ചാല്‍ അതിനുള്ള മറുപടി അവ ദോഷകരമായ പ്രവര്‍ത്തനങ്ങളെ മറികടക്കാന്‍ പര്യാപ്തമല്ല എന്നാണ്. വസ്തുതകള്‍ ശരിയായ രീതിയില്‍ ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാനുള്ള കഴിവ് പ്രതിപക്ഷകക്ഷികൾക്കുണ്ടെങ്കില്‍ മോദിവാഴ്ച തീര്‍ച്ചയായും 2019ല്‍ അവസാനിപ്പിക്കാനാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vd savarkarmodi govtMalayalam Articlejawahar lal Nehru
News Summary - Modi Govt Jawahar lal Nehru VD Savarkar -Malayalam Article
Next Story