Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_rightപ്രവചന ഹോമിയോപ്പതി...

പ്രവചന ഹോമിയോപ്പതി എന്ന കപടശാസ്ത്രം

text_fields
bookmark_border
പ്രവചന ഹോമിയോപ്പതി എന്ന കപടശാസ്ത്രം
cancel

ഇന്ത്യയിൽ അംഗീകരിക്കപ്പെട്ട വൈദ്യശാസ്ത്ര സമ്പ്രദായങ്ങളിൽ ഒന്നാണ് ഹോമിയോപ്പതി. ആയുഷ്, ആധുനിക വൈദ്യശാസ്ത്രം എന്നിവക്ക് സമാനമായ ചില നിയമങ്ങളും ചട്ടക്കൂടുകളും ഹോമിയോ ചികിത്സയിലും ബാധകമാണ്. നിയമംമൂലം സ്ഥാപിച്ച കൗൺസിൽ, സർവകലാശാലകൾ, കേന്ദ്ര ഗവേഷണ കൗൺസിൽ തുടങ്ങി വിവിധ ഏജൻസികൾക്ക് ഇതിനാവശ്യമായ നിയമനിർമാണം നടത്താൻ അധികാരമുണ്ട്. അവർ നടപ്പാക്കുന്ന നിയന്ത്രണങ്ങളുടെ പരിധിക്കുള്ളിൽനിന്ന് പ്രവർത്തിക്കാൻ മറ്റു ചികിത്സാസമ്പ്രദായങ്ങൾപോലെ ഹോമിയോശാസ്ത്രത്തിനും അതി​​െൻറ പ്രയോക്താക്കൾക്കും ഉത്തരവാദിത്തവുമുണ്ട്. പൊതുജനാരോഗ്യ രംഗത്തെ ഏതെങ്കിലും ശാസ്ത്രം ചട്ടങ്ങളുടെ പരിധി കടന്നാൽ പൊതുജനങ്ങൾക്കും ചോദ്യംചെയ്യാനാകും.

നിയമപരവും നൈതികവുമായ ചികിത്സ നടത്താൻ ചില മാനദണ്ഡങ്ങൾ പാലിക്കേണ്ടതാണ്. ഹോമിയോപ്പതി കൗൺസിൽ അംഗീകാരമുള്ള കോളജിൽ നിശ്ചിത വർഷങ്ങൾ നീണ്ടുനിൽക്കുന്ന പഠനം പൂർത്തിയാക്കണം. കൗൺസിലും യൂനിവേഴ്‌സിറ്റിയും അംഗീകരിച്ച സിലബസും പാഠ്യപദ്ധതിയും അനുസരിച്ച്​ മാത്രമായിരിക്കണം അധ്യാപനം. ഇപ്രകാരം പഠനം പൂർത്തിയാക്കിയാൽ പരിശീലനത്തിനു ശേഷം ഹോമിയോ കൗൺസിൽ രജിസ്ട്രേഷൻ നൽകും. രജിസ്‌ട്രേഷൻ ലഭിച്ചാൽ ഹോമിയോ പ്രാക്​ടീസിനുള്ള നിയമപരമായ അവകാശമായി. രജിസ്‌ട്രേഷൻ ഉള്ളവർ പഠിച്ച കാര്യങ്ങളും പുതിയ കണ്ടെത്തലുകളും പ്രാക്​ടീസ് ചെയ്യും എന്ന് നാം പ്രതീക്ഷിക്കുന്നു. അങ്ങനെയൊരു ഉറപ്പാണ് ലൈസൻസിങ് കൊണ്ടുദ്ദേശിക്കുന്നത്. എന്നാൽ, തങ്ങളുടെ സിലബസിൽ ഇല്ലാത്തതും അംഗീകൃത ടെക്​സ്​റ്റ്​ ബുക്കുകളിൽ ഇടം നേടാത്തതും ഗൗരവമായ പഠനങ്ങൾ നടന്നിട്ടില്ലാത്തതുമായ ചികിത്സകൾ രജിസ്‌ട്രേഷൻ ഉണ്ടെന്ന പേരിൽ നടത്തുന്നത് നിയമത്തി​​െൻറയോ നൈതികതയുടെയോ പരിധി കടക്കുന്നു. അത് സമൂഹം തിരിച്ചറിയേണ്ടതും ചർച്ച ചെയ്യേണ്ടതുംതന്നെ.

കഴിഞ്ഞ കുറെ നാളുകളായി കേരളത്തിൽ ഹോമിയോ പ്രാക്​ടീസി​​െൻറ മറവിൽ ക്ലിനിക്കുകൾ, ക്യാമ്പുകൾ എന്നിവ കേന്ദ്രീകരിച്ചു പ്രചരിപ്പിക്കുന്ന ചികിത്സയാണ് പ്രവചന ഹോമിയോപ്പതി (Predictive Homoeopathy). പ്രത്യേകിച്ച് ശാസ്ത്രീയാടിത്തറയോ, അക്കാദമിക്​ തലത്തിൽ പൊതുസമ്മതമോ ഇല്ലാത്ത ചികിത്സാരീതിയാണിത്. വലിയ വാഗ്ദാനങ്ങളും പ്രതീക്ഷകളുമാണ്​ ഇതി​​െൻറ പ്രചാരകർ നൽകുന്നത്. ഇന്ത്യയിൽ ഒരു യൂനിവേഴ്‌സിറ്റിയും ഇത് സിലബസിൽ ഉൾപ്പെടുത്തിയിട്ടില്ല. ഹോമിയോപ്പതി കൗൺസിൽ അംഗീകാരം നൽകിയിട്ടില്ല. നിലവാരമുള്ള ഒരു അക്കാദമിക് ഗ്രന്ഥത്തിലും ഇത് പരിഗണിക്കപ്പെട്ടിട്ടില്ല. ശാസ്ത്രീയമായ പഠനമോ തെളിവുകളോ ലഭ്യമല്ല. ഇതി​​െൻറ ഉപജ്ഞാതാക്കൾ പ്രചരിപ്പിക്കുന്ന അവകാശവാദങ്ങളും അനുഭവങ്ങളും മാത്രമാണ് അന്വേഷണത്തിൽ കിട്ടുന്നത്. അമേരിക്കൻ ജേണൽ ഓഫ് ഹോമിയോപ്പതിയിൽ ഇൗ വിഷയത്തിൽ ഏതാനും ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏറെയും അനുഭവങ്ങളുമായി ബന്ധപ്പെടുത്തി എഴുതിയവ; പഠനങ്ങൾ എവിടെയുമില്ല. അമേരിക്കയിൽ ഹോമിയോപ്പതിക്ക് അംഗീകാരമില്ലാത്തതിനാൽ ജേണൽ നടത്തുന്ന സ്ഥാപനത്തി​​െൻറ വക്താക്കൾ മറ്റു മേഖലകളിൽ പഠനം പൂർത്തിയാക്കിയവരാണ് എന്നതും ശ്രദ്ധേയം.

ഹെറിങ് സിദ്ധാന്തം എന്ന പേരിൽ അറിയപ്പെടുന്ന തത്ത്വങ്ങൾ പ്രയോഗിച്ചാൽ രോഗത്തെയും രോഗമുക്തിയെയും നന്നായി മനസ്സിലാക്കാനാകും എന്ന് പ്രവചന ഹോമിയോ ചികിത്സയുടെ പ്രയോക്താക്കൾ അവകാശപ്പെടുന്നു. ഹെറിങ് 19ാം നൂറ്റാണ്ടിലെ ഹോമിയോ ചികിത്സകനാണ്. ഹാനിമാ​​െൻറ പുസ്തകം 1845ൽ അമേരിക്കയിൽ പ്രസിദ്ധീകരിച്ചപ്പോൾ അതിന് അവതാരികയെഴുതിയത് ഹെറിങ് ആയിരുന്നു. അതിലദ്ദേഹം ഉന്നയിച്ച ഏതാനും ആശയങ്ങൾ ശ്രദ്ധിക്കപ്പെട്ടു. രോഗങ്ങൾ മുകളിൽനിന്ന്​ താഴേക്കും ഉള്ളിൽനിന്ന് പുറമേക്കും വ്യാപിക്കുന്നു. പ്രാധാന്യമേറിയ അവയവങ്ങളിൽനിന്ന് പ്രാധാന്യം കുറഞ്ഞവയിലേക്കും രോഗലക്ഷണങ്ങൾ വ്യാപിക്കും. രോഗമുക്തിയുണ്ടാകുന്നത് വിപരീതദിശയിലായിരിക്കും. രോഗത്തി​​െൻറ ഓരോ വർഷത്തിനും ഒരു മാസമെന്ന കണക്കിൽ സമയമെടുത്താണ് രോഗമുക്തിയുണ്ടാവുക. ഇതൊന്നും അദ്ദേഹം ത​​െൻറ സിദ്ധാന്തമായി കരുതിയില്ല. മാത്രമല്ല, 1875ൽ സ്വന്തം പുസ്തകം രചിച്ചപ്പോൾ ഇതിലൊരു ഘടകം മാത്രമാണ് എഴുതിയത്. രോഗലക്ഷണങ്ങൾ ഉയർന്നുവന്നതി​​െൻറ എതിർദിശയിലാണ് ഭേദപ്പെടുക എന്നുമാത്രം. അതായത്, 30 വർഷത്തിനിടയിൽ ഹെറിങ് തന്നെ അദ്ദേഹത്തി​​െൻറ വിശ്വാസങ്ങളെ മാറ്റി​െവക്കാൻ തീരുമാനിച്ചിരിക്കണം.

പിൽക്കാലത്ത് ഹോമിയോയിൽ വലിയ സ്വാധീനം ചെലുത്തിയ ക​െൻറ്​ 1911 ൽ ഹെറിങ് സിദ്ധാന്തമെന്ന പേരിൽ പഴയ വിശ്വാസങ്ങളെ തിരികെ കൊണ്ടുവന്നു. അക്കാലത്തുതന്നെ അത്​ എതിർക്കപ്പെട്ടിരുന്നുവെങ്കിലും 21ാം നൂറ്റാണ്ടിൽ പ്രവചന ഹോമിയോ ചികിത്സകർ അതിനു പുനർജീവൻ നൽകി. പ്രവചനപദ്ധതിയിൽ മറ്റൊരു ചേരുവ മനുഷ്യ ഭ്രൂണശാസ്ത്രത്തിൽനിന്നെടുത്ത ആശയശകലങ്ങളാണ്. ഏക കോശത്തിൽനിന്ന്​ പൂർണാരോഗ്യമുള്ള ശിശുവാകുന്നതു വരെയുള്ള എല്ലാ വികാസവും ഭ്രൂണശാസ്ത്രം കൃത്യമായി കണ്ടെത്തിയിട്ടുണ്ട്. ഭ്രൂണത്തിൽ നടക്കുന്ന മാറ്റങ്ങൾ മനസ്സിലാക്കാനും വേണ്ടിവന്നാൽ ഭ്രൂണത്തിൽതന്നെ ചികിത്സകൾ ചെയ്യാനും ആധുനികശാസ്ത്രത്തിനു കഴിയും. ആധുനികശാസ്ത്രത്തി​​െൻറ ഈ കൃത്യത ഉപേക്ഷിച്ച്​ ആദി ഭ്രൂണാവസ്ഥയിലെ ഏതാനും വാക്കുകൾ കടമെടുത്താണ് പ്രവചനസിദ്ധാന്തം രൂപവത്​കരിച്ചിട്ടുള്ളത്. എന്നാൽ, ഭ്രൂണകോശം അറിവുകളെ അതിലളിതവത്കരിച്ച ഇൗ നിർമിതി ഒരു ശാസ്ത്രീയതയുമില്ലാത്തതും ഫലരഹിതവുമാണ്​.

‘ഡോ. പ്രഫുൽ വിജയകറോടൊത്ത് രണ്ടാഴ്​ച’ എന്ന പേരിൽ കാറൽ റോബിൻസൺ 2008ൽ പ്രവചന ഹോമിയോ ചികിത്സയെ പ്രകീർത്തിച്ചെഴുതിയ ലേഖനം രസകരമാണ്. നടുവേദനയുള്ള രോഗിക്ക് ചികിത്സക്കിടെ കഴുത്തുവേദനയുണ്ടായാൽ രോഗം ഗുരുതരമാകുന്നുവെന്നർഥം. ഹെറിങ് നിയമമനുസരിച്ച്​ രോഗലക്ഷണം താഴെനിന്ന് മുകളിലേക്കു പോയാൽ രോഗം മോശമാകുന്നുവെന്ന്​ മനസ്സിലാക്കണം.

റിച്ചാർഡ് മസ്‌കോവിറ്റ്സ് 2014ൽ പ്രവചന ഹോമിയോ ചികിത്സയെക്കുറിച്ച്​ ലേഖനമെഴുതി. വളരെ അനുകമ്പയോടെ എഴുതപ്പെട്ടതാണെങ്കിലും ഹെറിങ് -ഭ്രൂണശാസ്ത്ര സങ്കൽപങ്ങൾ അമ്പേ തെറ്റിപ്പോകുന്ന അനേകം സന്ദർഭങ്ങൾ ലേഖനം ചൂണ്ടിക്കാണിക്കുന്നു. ഹോമിയോ ചികിത്സയിൽ ആസ്​ത്​മ ഭേദമായ രോഗിക്ക് സോറിയാസിസ് പ്രത്യക്ഷപ്പെടുന്നു. ഉള്ളിൽനിന്ന്​ പുറമേക്ക് രോഗം നീങ്ങിയാൽ ഹെറിങ് സിദ്ധാന്തമനുസരിച്ച്​ രോഗമുക്തി സൂചിപ്പിക്കുന്നു; എന്നാൽ, വിജയകർ അഭിപ്രായപ്പെടുന്നത് രോഗം ഗുരുതരമായി എന്നാണ്. ഭ്രൂണതത്ത്വമനുസരിച്ച്​ സോറിയാസിസ് അഗാധതയിലുള്ള കോശങ്ങളെ ബാധിക്കുന്നു എന്നതിനാലാണിത്​.

ചുരുക്കത്തിൽ, ഹസ്തരേഖ പോലെയോ ജ്യോതിഷം പോലെയോ ഒരു കപടശാസ്ത്രമെന്നതിനപ്പുറം പ്രാധാന്യം പ്രവചന ഹോമിയോപ്പതിക്കില്ല. ഉണ്ടെന്ന് കുറച്ചുപേർ നടിക്കുന്നു എന്നു കരുതി അത് ശാസ്ത്രമാകുന്നുമില്ല. ക്യാമ്പുകൾ സംഘടിപ്പിച്ച്​ ഭിന്നശേഷിയുള്ള കുട്ടികൾക്ക് രോഗമുക്തി വാഗ്‌ദാനം ചെയ്യുന്നത്​ നൈതികമല്ല. പൊതുജനങ്ങളെ പ്രെഡിക്​ടിവ് ഹോമിയോ പോലുള്ള ചികിത്സകളിൽനിന്ന്​ രക്ഷിക്കാനുള്ള നടപടികൾ ചിന്തിച്ചുതുടങ്ങണം.

Show Full Article
TAGS:homeopathy opinion columnist madhyamam 
News Summary - Homiopathy Columnist Madhyamam-Columnist
Next Story