യു.പിയിലെ വോട്ടുഗതി

മുലായം സിങ്ങും എല്‍.കെ. അദ്വാനിയും സോണിയ ഗാന്ധിയുമൊന്നും താരങ്ങളല്ല, വിഷയവുമല്ലാത്ത തെരഞ്ഞെടുപ്പാണ് യു.പിയില്‍ സമാപിക്കുന്നത്. കാലം അവരെയൊക്കെ പിന്തള്ളാന്‍ ശീലിച്ച് മുന്നോട്ടു പോവുകയാണ്. അവരെ മാത്രമല്ല, അഭിലാഷങ്ങളെയും പിന്തള്ളാന്‍ വോട്ടര്‍മാര്‍ ശീലിച്ചിരിക്കുന്നു. അമത്തേിയില്‍ രാംലീല മൈതാനത്തിനു സമീപം 30 കൊല്ലമായി സൈക്കിള്‍റിക്ഷ ചവിട്ടുന്ന രാംസ്വരൂപിനും അയോധ്യയിലെ ഹോട്ടലുടമയായ രാംരാജ് സിങ്ങിനും അഅ്സംഗഢിലെ ഉര്‍ദു എഴുത്തുകാരനായ ഉമര്‍ നദ്വിക്കും വാരാണസിയിലെ തുഴച്ചില്‍ തൊഴിലാളിയായ അജയിനും ഗൗരീഗഞ്ചിലെ നെയ്ത്തുകാരന്‍ മൊബീന്‍ ബാബുവിനുമൊക്കെ അഭിലാഷങ്ങളുണ്ട്. അവരുടെ രാഷ്ട്രീയ ചിന്തകള്‍ക്ക് പലതാണ് മാനങ്ങള്‍. അതേക്കുറിച്ച് വിശദീകരിക്കാന്‍തന്നെ അവരില്‍ പലര്‍ക്കും അറിഞ്ഞുകൂടാ. അവര്‍ക്കിടയില്‍ പക്ഷേ, സമാനമായൊരു മുഖമുണ്ട്. ആ മുഖങ്ങളില്‍ നിരാശയുടെ കരി കലങ്ങിയിരിക്കുന്നു. ഈ വോട്ടെടുപ്പില്‍ കാണുന്ന ആവേശച്ചോര്‍ച്ചയുടെ കാരണം അതാണ്. അതിനിടയില്‍ വികസനത്തിന്‍െറ മുദ്രാവാക്യമാണോ, വര്‍ഗീയതയുടെ കലമ്പലുകളാണോ, സമാധാനത്തിന്‍െറ അഭിനിവേശമാണോ, വിവേചനത്തിന്‍െറ അമര്‍ഷമാണോ, ജാതിയുടെ അടിയൊഴുക്കുകളാണോ ജയിക്കാന്‍ പോവുക എന്ന ചോദ്യത്തിന് ഉത്തരമാണ് യു.പി നിയമസഭ തെരഞ്ഞെടുപ്പു ഫലം.

നോട്ട് അസാധുവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ സൈക്കിള്‍റിക്ഷയിലിരുന്ന് ബീഡി ഊന്നിവലിച്ച് രാംസ്വരൂപ് ചിരിച്ചു. എന്നിട്ട് മടിയിലെ മുറുക്കാന്‍പൊതി അഴിച്ച് മടക്കിവെച്ച പത്തിന്‍െറ ഏതാനും മുഷിഞ്ഞ നോട്ടുകള്‍ കാണിച്ചു പറഞ്ഞു: ‘‘ചില്ലറ കരുതിവെച്ചിട്ടുണ്ട് സാബ്.’’ അഞ്ഞൂറും ആയിരവുമൊക്കെ വല്ലപ്പോഴും മാത്രം കണ്ടിട്ടുള്ള രാംസ്വരൂപിന് അസാധുവിന്‍െറ സാമ്പത്തികശാസ്ത്രമൊന്നും അറിഞ്ഞുകൂടാ. പക്ഷേ, മുമ്പ് ഓരോ ദിവസവും റിക്ഷ ചവിട്ടുമ്പോള്‍ കിട്ടിയത്ര ഇപ്പോള്‍ കിട്ടുന്നില്ളെന്ന പ്രശ്നമുണ്ട്. അതിന്‍െറ പേരില്‍ ബി.ജെ.പിയോടോ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടോ ദേഷ്യവുമില്ല. വോട്ടു ചെയ്യാന്‍ പോകും. ഹാത്തി (ആന) നോക്കി കുത്തും. അത്രതന്നെ. അത് എല്ലാ തെരഞ്ഞെടുപ്പിലും രാംസ്വരൂപ് ചെയ്തുവരുന്ന കാര്യം. പിന്നാക്കമായ തോരി ജാതിക്കാര്‍ക്ക് മെച്ചപ്പെട്ട പാര്‍ട്ടി മായാവതിയുടെ ബി.എസ്.പിയത്രെ. റായ്ബറേലിയില്‍ പലചരക്ക് കച്ചവടം നടത്തുന്ന ഹരിശ്ചന്ദ്രയും അങ്ങനത്തെന്നെ. ബനിയയായതുകൊണ്ട് ബി.ജെ.പിക്ക് വോട്ടു ചെയ്യുന്നതാണ് രീതി. പക്ഷേ, നോട്ട് അസാധുവാക്കിയത് ഹരിശ്ചന്ദ്രയെ ബാധിച്ചത് ചെറിയ തോതിലായിരുന്നില്ല. പണം സ്വരൂപിക്കാന്‍ പ്രയാസമായതുകൊണ്ട് മകളുടെ വിവാഹം ഒരു വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ്. ചെറുക്കന്‍ ഇതിനിടയില്‍ മനസ്സുമാറുമോ എന്നുതന്നെ ഉറപ്പില്ല. ഇത്തരത്തില്‍ പ്രതിസന്ധിയിലാക്കിയ നോട്ട് തീരുമാനത്തോട് അമര്‍ഷമുണ്ടെങ്കിലും, സാമുദായികമായ കെട്ടുപാടുകള്‍ മറികടന്നുള്ള സാഹസമൊന്നും ഹരിശ്ചന്ദ്ര ചെയ്യില്ല.

വാരാണസിയില്‍ തുഴച്ചില്‍ തൊഴിലാളിയായ അജയ്, ബി.ജെ.പിക്കാരനായ ഇളയച്ഛന്‍െറ വാക്കു കേള്‍ക്കില്ളെന്ന തീരുമാനത്തിലാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മോദിക്ക് വോട്ടു ചെയ്തതിന്‍െറ മെച്ചമാണ് വാരാണസിയിലെ വിവിധ ഗാട്ടുകളില്‍ കാണുന്ന ശുചിത്വത്തിന് കാരണമെന്ന് അജയിന്‍െറ ഇളയച്ഛന്‍ ഗൊരഖ്നാഥ് സാഹ്നി വിശ്വസിക്കുന്നു. ചൂലെടുത്ത് അടിച്ചുവാരിയതുകൊണ്ടുമാത്രം ശുചിത്വം വരില്ളെന്ന് അജയ് തിരിച്ചടിക്കും. പുറമെ കാണുന്നതുപോലെയല്ല. നദിയില്‍ വള്ളം തുഴയാന്‍തന്നെ വയ്യാത്തവിധം അടിയില്‍ അഴുക്ക് കെട്ടിക്കിടക്കുന്നു. ശുചിത്വഭാരതം ഫോട്ടോയെടുപ്പു പരിപാടി മാത്രമാണെന്ന് ഉറക്കെപ്പറയുന്ന അജയ് അഖിലേഷിനും സമാജ്വാദി പാര്‍ട്ടിക്കും വോട്ടു കൊടുക്കാനുള്ള പുറപ്പാടിലാണ്. അതൊക്കെ വോട്ടു കുത്തുന്ന നേരമാവുമ്പോഴേക്ക് മാറ്റിയെടുക്കുമെന്നും വാരാണസിയില്‍ താമര വിരിയിക്കുമെന്നുമാണ് ഗൊരഖ്നാഥിന്‍െറ നിശ്ചയം.

മുസ്ലിംകളെ രണ്ടാംതരം പൗരന്മാരായി കാണുന്ന ബി.ജെ.പിയുടെയും മോദിസര്‍ക്കാറിന്‍െറയും പെരുമാറ്റങ്ങളോട് കടുത്ത അമര്‍ഷമുണ്ട്, അഅ്സംഗഢിലെ ഉര്‍ദു മാസികയായ മാരിഫിന്‍െറ പത്രാധിപര്‍ ഉമര്‍ നദ്വിക്ക്. മുസ്ലിംമുക്ത ഭാരതമാണോ മോദിയും കേന്ദ്രസര്‍ക്കാറും ലക്ഷ്യമാക്കുന്നതെന്ന് അദ്ദേഹം ചോദിക്കും. വര്‍ഗീയ ധ്രുവീകരണം, ഭീകരതയുടെ പേരിലുള്ള മുസ്ലിംവേട്ട എന്നിവ മുതല്‍ യു.പിയില്‍ ബി.ജെ.പിക്ക് ഒരൊറ്റ മുസ്ലിം സ്ഥാനാര്‍ഥി പോലുമില്ലാത്തതു വരെയുള്ള കാര്യങ്ങള്‍ നദ്വി എടുത്തുകാട്ടി. ഇതിനെല്ലാമിടയിലും യു.പിയില്‍ ബി.ജെ.പി ഏറ്റവും വലിയ കക്ഷിയായി മാറിയാല്‍ അദ്ഭുതപ്പെടാനില്ളെന്ന സ്ഥിതിയാണ്. ബി.ജെ.പിക്ക് കിട്ടില്ളെന്ന് ഉറപ്പുള്ള വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ഹൈന്ദവ വോട്ട് പരമാവധി ബി.ജെ.പിയിലേക്ക് അടുപ്പിക്കുകയുമെന്ന തന്ത്രമാണ് ബി.ജെ.പി പരീക്ഷിക്കുന്നതെന്ന് നദ്വി വിലയിരുത്തുന്നു.

ഇങ്ങനെ, നാനാവിധമായ അഭിപ്രായങ്ങള്‍ക്കിടയില്‍ യു.പിയിലെ നിയമസഭ തെരഞ്ഞെടുപ്പു ചിത്രം മറ്റൊരു വിധത്തില്‍ തെളിഞ്ഞുകിടപ്പുണ്ട്. തരംഗങ്ങളില്ലാത്ത തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ മുമ്പെന്നത്തേക്കാള്‍ പല തട്ടിലാണ്. ഓരോ മണ്ഡലങ്ങളിലും ഓരോ സാഹചര്യങ്ങള്‍. അതതിടത്തെ ജാതി സമവാക്യങ്ങളിലൂടെ വോട്ട് സ്വന്തം പാളയത്തില്‍ അടുപ്പിക്കാന്‍ കെല്‍പുള്ളവര്‍ വിജയിക്കും. അക്കാര്യത്തില്‍ മറ്റു പാര്‍ട്ടികളെ ബി.ജെ.പി പിന്നിലാക്കിയെന്ന പ്രതീതി സൃഷ്ടിച്ചുകൊണ്ടാണ് അവസാനഘട്ട വോട്ടെടുപ്പിലേക്ക് യു.പി നീങ്ങുന്നത്. അതിനര്‍ഥം, ബി.ജെ.പി ഭരണം പിടിക്കുന്നു എന്നാണെന്ന് ഈ ഘട്ടത്തില്‍ പറയാനായിട്ടില്ല. ത്രിശങ്കു സഭയില്‍ ബി.ജെ.പി വലിയ ഒറ്റക്കക്ഷിയായാല്‍ അദ്ഭുതത്തിന് അവകാശമില്ല. ബി.ജെ.പിയെ അധികാരത്തില്‍നിന്നു മാറ്റിനിര്‍ത്താനുള്ള ശ്രമത്തില്‍ മായാവതി മുഖ്യമന്ത്രിക്കസേരയില്‍ എത്തില്ളെന്നും പറഞ്ഞുകൂടാ. രാഷ്ട്രീയം സാധ്യതകളുടെ കലയാണെന്നിരിക്കെ, ആര്‍.എല്‍.ഡി പോലുള്ള ചെറുകക്ഷികള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സാഹചര്യവും ഉരുത്തിരിയാം.

സമാജ്വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യം ഉണ്ടായപ്പോള്‍ അഖിലേഷിന് രണ്ടാമൂഴം കിട്ടാന്‍ പോകുന്നുവെന്ന പ്രതീതിയാണ് ഉയര്‍ന്നത്. ചെറുപ്പക്കാരായ അഖിലേഷും രാഹുലും നയിക്കുന്ന സഖ്യത്തെ ചെറുപ്പക്കാള്‍ ആവേശപൂര്‍വം സ്വീകരിക്കുമെന്നായിരുന്നു കണക്കുകൂട്ടല്‍. മുലായംശിവ്പാല്‍മാരുടെ ക്ളച്ചില്‍നിന്ന് മുക്തനായ അഖിലേഷ് യു.പിയുടെ വികസനമുഖമായും ചര്‍ച്ച ചെയ്യപ്പെട്ടു. ലോക്സഭ തെരഞ്ഞെടുപ്പില്‍ വികസന പുരുഷനായും യുവാക്കളുടെ അഭിലാഷമായും ഉയര്‍ത്തിക്കാണിക്കപ്പെട്ട നരേന്ദ്ര മോദിക്ക് യുവതാരങ്ങള്‍ പുതിയ വെല്ലുവിളിയാണ് ഉയര്‍ത്തിയത്. എന്നാല്‍, ഈ സഖ്യം മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടാന്‍ സാധ്യതയുണ്ടെന്ന നിലയാണിപ്പോള്‍. സഖ്യത്തിനുള്ളിലെയും സമാജ്വാദി പാര്‍ട്ടിയിലെയും പ്രശ്നങ്ങള്‍ ഒരു കാരണംതന്നെ. നേതൃനിരയുടെ സഖ്യം അണികള്‍ പൂര്‍ണതോതില്‍ ഏറ്റെടുത്തിട്ടില്ല. ശിവ്പാല്‍ യാദവിന്‍െറ പാരയും കോണ്‍ഗ്രസ്എസ്.പി സൗഹൃദ മത്സരങ്ങളുമൊക്കെയുണ്ട്. എന്നാല്‍, അതിനപ്പുറം, ക്രമസമാധാനവും സുരക്ഷിതത്വവും നല്‍കുന്നതില്‍ വന്ന വീഴ്ചകള്‍ അഖിലേഷിനെ വേട്ടയാടുന്നു. ജാതികളുടെ ഈറ്റില്ലത്തില്‍ വിജയിക്കുന്നത് വികസനത്തെക്കാള്‍, കണക്കറിഞ്ഞുള്ള ജാതിസമവാക്യങ്ങളാണ്. വര്‍ഗീയ ധ്രുവീകരണം ഇതിനെയെല്ലാം അപ്രസക്തമാക്കുമെന്ന് ബി.ജെ.പി ഒരിക്കല്‍ക്കൂടി കാണിച്ചുതരുന്നു.

നോട്ട് അസാധുവാക്കിയതിന്‍െറ നേട്ടം വിവരിക്കാനും രണ്ടര വര്‍ഷത്തെ കേന്ദ്രഭരണത്തിലെ വികസന പരിപാടികള്‍ എണ്ണിപ്പറയാനുമുള്ള ആദ്യഘട്ടങ്ങളിലെ ബി.ജെ.പി ശ്രമം വിലപ്പോയില്ല. അഴിമതിക്കാരുടെ കൂട്ടമാണ് എതിരാളികളെന്ന് വരുത്താനുള്ള ശ്രമവും ഏശിയില്ല. ബി.ജെ.പിയുടെ ഈ പരിഭ്രാന്തിക്കു പിന്നാലെയാണ് വര്‍ഗീയ വൈകാരികതയിലേക്ക് പ്രധാനമന്ത്രി അടക്കമുള്ളവര്‍ വോട്ടര്‍മാരെ തള്ളിവിട്ടത്. നാലാംഘട്ടം മുതല്‍ മറ്റെല്ലാ വിഷയങ്ങള്‍ക്കും മേല്‍ നാം കേള്‍ക്കുന്നത് ബി.ജെ.പി നേതാക്കളുടെ വര്‍ഗീയ പ്രസംഗങ്ങളാണ്. ഗ്രാമങ്ങളില്‍ ഖബര്‍സ്ഥാന്‍ മാത്രമല്ല, ശ്മശാനവും വേണമെന്ന ‘ന്യായം’ എടുത്തുകാട്ടിയത് പ്രധാനമന്ത്രിയാണ്. വൈദ്യുതി റമദാനില്‍ മാത്രമല്ല, ദീപാവലിക്കും മുടങ്ങാതെ കിട്ടണമെന്ന് അദ്ദേഹം പറഞ്ഞു. കസബ് പ്രയോഗത്തിലൂടെ അഖിലേഷ് പക്ഷപാതം കാട്ടുന്നതായി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ ആരോപിച്ചു. സാക്ഷി മഹാരാജിന്‍െറയും യോഗി ആദിത്യനാഥിന്‍െറയും വിദ്വേഷ പ്രസംഗങ്ങളും അലയടിച്ചു.
ഇതുവഴി രണ്ടുവിധത്തില്‍ വോട്ടിന്‍െറ ഗതി മാറിയിട്ടുണ്ടെന്നാണ് അനുമാനം.

ആദ്യഘട്ടത്തില്‍ സമാജ്വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തിന് അനുകൂലമായി തിരിഞ്ഞ് ബി.ജെ.പിയെ ആശങ്കപ്പെടുത്തിയ ഒരു പങ്ക് സവര്‍ണ വോട്ടുകള്‍ ബി.ജെ.പി പിടിച്ചുനിര്‍ത്തി. മായാവതിയുടെ ബി.എസ്.പിയിലേക്ക് പിന്നാക്ക വോട്ടുകളും നേരിയ തോതില്‍ ബ്രാഹ്മണ വോട്ടുകളും തിരിച്ചൊഴുകുന്നത് ഒരളവില്‍ തടയാന്‍ ശ്രമിച്ചു. ആദ്യപകുതിയില്‍ പൊതുവെ സമാജ്വാദി പാര്‍ട്ടികോണ്‍ഗ്രസ് സഖ്യത്തിനും, രണ്ടാം പകുതിയില്‍ ബി.എസ്.പിക്കുമായി മുസ്ലിം വോട്ടുകള്‍ ചിതറിപ്പിക്കുകയെന്ന തന്ത്രം പരീക്ഷിച്ചു. അതുവഴി ബി.ജെ.പിവിരുദ്ധ വോട്ടുകള്‍ ഒരു പാര്‍ട്ടിയില്‍ കേന്ദ്രീകരിക്കുന്ന സ്ഥിതി തകിടംമറിക്കാന്‍ ശ്രമിച്ചു. ഈ ധ്രുവീകരണ തന്ത്രം തിരിച്ചറിഞ്ഞെങ്കിലും, സ്വന്തം വോട്ട്ബാങ്കിനെ പിടിച്ചുനിര്‍ത്താന്‍ മായാവതിക്കും കോണ്‍ഗ്രസ്എസ്.പി സഖ്യത്തിനും എത്രകണ്ട് കഴിഞ്ഞിട്ടുണ്ട് എന്നതിനെ ആധാരമാക്കിയാവും ബി.ജെ.പിയുടെ മുന്നേറ്റ ഗതി. മായാവതിയെ കേള്‍ക്കാന്‍ ഗ്രാമങ്ങളില്‍ തടിച്ചുകൂടുന്നവര്‍ അവരുടെ വോട്ടര്‍മാരാണെങ്കില്‍ ബി.ജെ.പിക്ക് തോല്‍ക്കാതെ തരമില്ല. മറിച്ചാണെങ്കില്‍, മായാവതിക്ക് ഏറ്റവും വലിയ രണ്ടാംകക്ഷിയെന്ന ബഹുമതിയില്‍ ഒതുങ്ങാതെ പറ്റില്ല.

COMMENTS