Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവേണം ജാതിമുക്ത

വേണം ജാതിമുക്ത പെൺമതിൽ

text_fields
bookmark_border
വേണം ജാതിമുക്ത പെൺമതിൽ
cancel

ജാതിസംഘടനകളെ പങ്കെടുപ്പിച്ച്​ എൽ.ഡി.എഫ്​ നിർമിക്കാൻ പോകുന്ന വനിതാ മതിൽ പദ്ധതിയെ വിമർശിച്ച്​ രംഗത്തുവന്ന വി. എസ്​. അച്യുതാനന്ദ​​​െൻറ വാക്കുകൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിലോമ പ്രസ്ഥാനങ്ങളായി മാറിക്കഴിഞ്ഞ ജാതിസംഘടന കളെ കൂട്ടുപിടിച്ച്​ വർഗസമരത്തി​​​െൻറ പാതയിൽ മുന്നോട്ടുപോകാനാവില്ല എന്ന അനുഭവപാഠത്തെ മുൻനിർത്തിയാണ് വി.എസ്​ ത​​​െൻറ വിമർശനം ഉന്നയിക്കുന്നത്. എന്നാൽ, സംഘ്​പരിവാറിനെതിരെ ആവുന്നത്ര ജനപിന്തുണ ആർജിക്കാനുള്ള ഒരു വിശാല ലക് ഷ്യമാണ് വനിതാ മതിലിനുള്ളതെന്നു വാദിച്ച്​ വി.എസി​​​െൻറ വിമർശനത്തെ അവഗണിക്കുകയാണ് എൽ.ഡി.എഫ്​ നേതൃത്വം ചെയ്യുന് നത്.
ഈ രണ്ടു വാദമുഖങ്ങളെയും പരസ്പര വിരുദ്ധങ്ങളാക്കുന്നത് സംഘ്​പരിവാറിനെതിരായ സമരത്തോടുള്ള അവയുടെ വ്യത്യസ് ത സമീപനങ്ങളാണ്. സംഘ്​പരിവാറിനെതിരായ സമരത്തെ വർഗസമരത്തിൽനിന്ന് മാറ്റിനിർത്തി കാണരുതെന്നും സംഘ്​പരിവാറിനെ നേ രിടേണ്ടത് വർഗസമരത്തിലൂടെയാണെന്നുമുള്ള സമീപനമാണ് വി.എസി​​​െൻറ നിലപാടി​​​െൻറ മർമം.

ജാതിസംഘടനകളെ കൂട്ടുപിട ിച്ചാണെങ്കിലും സംഘ്​പരിവാറിനെതിരായ ബഹുജന കൂട്ടായ്മ വിജയിപ്പിക്കുകയാണ് വേണ്ടതെന്ന് വാദിക്കുന്ന എൽ.ഡി.എഫ്​ ന േതാക്കൾ വർഗസമരത്തെ അതിലേക്ക് വലിച്ചിഴക്കേണ്ടതില്ലെന്ന സമീപനമാണ് കൈക്കൊള്ളുന്നത്. അവരെ സംബന്ധിച്ചിടത്തോളം വർഗ സമരത്തിൽനിന്ന് വേറിട്ടുനിൽക്കുന്ന ഒന്നാണ് സംഘ്​പരിവാറിനെതിരായ ബഹുജന മുന്നേറ്റം. ഇതോടൊപ്പം തന്നെ വനിതാ മതിലി​​​െൻറ സാക്ഷാത്​കാരത്തിന് ജാതിസംഘടനകളെ ഒരു ശങ്കയുമില്ലാതെ കൂടെക്കൂട്ടുന്നതിന് അവർ കണ്ടെത്തുന്ന യുക്തി, ജാതിസംഘടനകൾ കേരളീയ നവോത്ഥാനത്തി​​​െൻറ പാരമ്പര്യം പേറുന്ന സംഘടനകളാകുന്നു എന്നതാണ്. അതിനാൽ ഈ രണ്ടു വ്യത്യസ്‍ത നിലപാടുകളുടെയും രാഷ്​ട്രീയ ഉള്ളടക്കമെന്തെന്ന് വിശദമായി പരിശോധിക്കേണ്ടിയിരിക്കുന്നു.

Women


വർഗസമരമെന്നു കേൾക്കുമ്പോൾ കമ്യൂണിസ്​റ്റുകാർപോലും മുഖംചുളിക്കുന്ന കാലമാണിത്. നിശ്ചയമായും വർഗസമരത്തെ പഴയ തരത്തിലുള്ള സാമ്പത്തികവാദപരമായ ലഘൂകരണത്തിലേക്ക് വെട്ടിച്ചുരുക്കുന്നത് തികച്ചും യാന്ത്രികമായ രീതിയാണ്. എന്നാൽ, ഭരിക്കുന്നവരുടെ അധികാരവും ഭരിക്കപ്പെടുന്നവരുടെ അധികാരവും തമ്മിലുള്ള സംഘർഷാത്മകമായ അധികാര ബന്ധമാണ് വർഗസമരമെന്ന് മനസ്സിലാക്കാൻ ശ്രമിച്ചാൽ എക്കാലത്തെയും രാഷ്​ട്രീയത്തി​​​െൻറ കേന്ദ്രം വർഗസമരമാണെന്ന യാഥാർഥ്യം വെളിപ്പെടാൻ പ്രയാസമില്ല. ഈ സന്ദർഭത്തിൽ നമ്മുടെ എൽ.ഡി.എഫ്​ നേതൃത്വം പറയുന്നതുപോലെ ഇന്ത്യൻ റിപ്പബ്ലിക്കി​​​െൻറ ഭരണം ബി.ജെ.പിയുടെ നേതൃത്വത്തിൽ വർഗീയ ഫാഷിസ്​റ്റ്​ ശക്തികൾ കൈയടക്കിയിരിക്കുന്ന ഇന്ന് വർഗസമരത്തെക്കാൾ അതിനെ തുരത്താൻ ബഹുജനങ്ങളെ അണിനിരത്തുകയല്ലേ വേണ്ടത് എന്ന ചോദ്യം ഉയർന്നുവരാനിടയുണ്ട്. ഈ ചോദ്യം ചോദിക്കുമ്പോൾ ബി.ജെ.പി ഭരണത്തിലെത്തി എന്നതുകൊണ്ട് ഇന്ത്യൻ ഭരണവർഗങ്ങളും ഭരിക്കപ്പെടുന്ന ബഹുഭൂരിപക്ഷം വരുന്ന കീഴാള ബഹുജനതയും തമ്മിലുള്ള വൈരുധ്യം അപ്രധാനമായിക്കഴിഞ്ഞു എന്നൊരു ധാരണ അതിനുപിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

യഥാർഥത്തിൽ ബി.ജെ.പി നയിക്കുന്ന വർഗീയ ഫാഷിസ്​റ്റ്​ ഭരണം ഇന്ത്യൻ ഭരണവർഗങ്ങളുടെ ഏറ്റവും പുതിയ മുഖമാണ്. മുതലാളിത്ത ആഗോളീകരണത്തി​​​െൻറ കാലത്തെ ഇന്ത്യൻ മുതലാളിത്തത്തി​​​െൻറ മുഖം. ഒരർഥത്തിൽ ഏറ്റവും നഗ്നവും ഭീകരവുമായ മുഖം. ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ കർഷക ജനസാമാന്യത്തെ കടക്കെണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവീഴ്ത്തുന്നതും ആദിവാസിക​ളെയും ദലിതരെയും വംശനാശത്തിലേക്ക് അടുപ്പിക്കുന്നതും സ്ത്രീകളെ ലൈംഗിക അടിമത്തത്തിലേക്ക്‌ താഴ്ത്തുന്നതുമായ ഒരു ഭരണം ഇതിനു മു​െമ്പാരിക്കലും ഉണ്ടായിട്ടില്ല. അതുകൊണ്ട് ബി.ജെ.പി സർക്കാറിനെതിരെ ഉയർന്നുവരുന്ന എല്ലാ ജനകീയ പ്രക്ഷോഭങ്ങളും അവയുടെ അന്തസ്സത്തയിൽ ഇന്ത്യൻ ഭരണവർഗങ്ങൾക്കെതിരായ വർഗസമരത്തി​​​െൻറ ഭാഗമാണ്. സംഘ്​പരിവാറി​​​െൻറ വർഗീയ ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തിനെതിരായ സമരങ്ങളെ ഇന്ത്യൻ ഭരണവർഗങ്ങളും കീഴാള ബഹുജനസഞ്ചയങ്ങളും തമ്മിലുള്ള വൈരുധ്യത്തിൽനിന്ന് മാറ്റിനിർത്തിക്കാണാൻ ആവില്ല എന്നർഥം. പ്രത്യയശാസ്ത്ര പുകമറകൾ നീക്കി അതിനപ്പുറമുള്ള വർത്തമാന യാഥാർഥ്യം നമുക്ക് നേരിട്ട് കാണാൻ കഴിയണം.
അതിനുവേണ്ടത് സംഘ്​പരിവാറി​​​െൻറ വർഗീയ ഫാഷിസ്​റ്റ്​ രാഷ്​ട്രീയത്തിനെതിരായ ജനകീയ സമരങ്ങളെ ഇന്ത്യൻ കീഴാള ജനസഞ്ചയം നടത്തുന്ന വർഗസമരത്തിൽനിന്ന് വേർപെടുത്തിക്കാണാതിരിക്കുക എന്നതാണ്.

അതുപോലെതന്നെ തെരഞ്ഞെടുപ്പു രാഷ്​ട്രീയത്തിലെ വിജയങ്ങളെയും പരാജയങ്ങളെയും കേവലം പാർട്ടികളുടെ ജയങ്ങളും പരാജയങ്ങളും മാത്രമായി കാണുന്ന ഉപരിപ്ലവ സമീപനം ഉപേക്ഷിക്കുകയും വേണം.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സാമൂഹിക പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തിൽ സ്ത്രീശക്തിയുടെ സൂചകമായി ഒരു പെൺമതിൽ തീർക്കുക എന്ന ആശയം നിശ്ചയമായും സ്വാഗതം ചെയ്യപ്പെടേണ്ട ഒന്നാണ്. പ്രതിലോമ ശക്തികൾക്കെതിരെ കേരളീയ നവോത്ഥാനത്തി​​​െൻറ പൈതൃകം ഉയർത്തിപ്പിടിക്കാനുള്ള ശ്രമവും അർഥവത്താണ്. എന്നാൽ, അതിനുവേണ്ടി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ആലോചനയോഗത്തിൽ ക്ഷണിക്കപ്പെട്ടവർ കേരളത്തിലെ ജാതിസംഘടനകളിലെ നേതാക്കളായിരുന്നു. ജാതിസംഘടനകളാണ് കേരളീയ നവോത്ഥാനത്തി​​​െൻറ പൈതൃകം പേറുന്ന പ്രസ്ഥാനങ്ങൾ എന്ന ധാരണയുടെ അടിസ്ഥാനത്തിലാവണം അവയുടെ നേതാക്കളെ ക്ഷണിച്ചുവരുത്തിയത്. ഈ ധാരണയനുസരിച്ച് കേരളീയ നവോത്ഥാനം അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ രൂപപ്പെട്ട ഒരു ലിബറൽ സാമൂഹിക പരിഷ്കരണ പ്രസ്ഥാനം മാത്രമാണ്. ജാതിസംഘടനകളിലൂടെയാണ് നവോത്ഥാന പൈതൃകം തുടരുന്നതെന്ന് കരുതുന്നവരുടെ ധാരണ ജാതിസംഘടനകൾ ആ ദൗത്യം ഏറ്റെടുത്തു മുന്നോട്ടുകൊണ്ടുപോകുന്നു എന്നാണ്. യഥാർഥത്തിൽ നവോത്ഥാനത്തിൽ പ്രവർത്തിച്ച വിപ്ലവകരമായ രാഷ്​ട്രീയ ഉള്ളടക്കത്തെയെല്ലാം ചോർത്തിക്കളയുന്ന ഒരു പൊതുധാരണയാണിത്.

sabarimala


ആചാരപരവും സാമ്പത്തികവുമായ മേലാളന്മാരുടെ അടിച്ചമർത്തലിനും ചൂഷണത്തിനും എതിരായ സമരങ്ങളിലൂടെയാണ് വൈകുണ്ഠ സ്വാമികൾ കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇൗ പ്രസ്ഥാനം കൊളോണിയൽ മേലാളന്മാർക്കും അവരുടെ സാമന്തന്മാരായ പ്രാദേശിക മേലാളന്മാർക്കും എതിരെ ഒരേസമയം പ്രവർത്തിക്കുന്ന ഒന്നായിരുന്നു. കൊളോണിയൽ മേധാവികളെ ‘വെൺ നീചന്മാർ’ (വെളുത്ത നീചന്മാർ) എന്നും തിരുവിതാംകൂർ രാജാവിനെയും ആശ്രിത വൃന്ദത്തെയും ‘കരിനീചന്മാർ’ (കറുത്ത നീചന്മാർ) എന്നുമാണ് വൈകുണ്ഠ സ്വാമികൾ വിളിച്ചത്. അത്രമാത്രം ധീരവും വിപ്ലവകരവുമായ ഒരു കീഴാള ജനാധിപത്യ സമര സംഘടനയായിരുന്നു വൈകുണ്ഠ സ്വാമികൾ നയിച്ച നവോത്ഥാന പ്രസ്ഥാനം. പിന്നീട് ശ്രീനാരായണഗുരു തുടങ്ങി​െവച്ച വിപ്ലവകരമായ എല്ലാ പ്രവർത്തനങ്ങളുടെയും പ്രചോദനകേന്ദ്രം വൈകുണ്ഠ സ്വാമികൾ ആയിരുന്നു. ജാതിക്കും മതത്തിനും അതീതമായ മുദ്രാവാക്യങ്ങളും കണ്ണാടിപ്രതിഷ്ഠയുമെല്ലാം വൈകുണ്ഠ സ്വാമികളിൽ നിന്നാണ് നാരായണഗുരു കൈക്കൊണ്ടത്.

ശ്രീനാരായണഗുരുവി​​​െൻറ നേതൃത്വത്തിൽ രൂപംകൊണ്ട എസ്.എൻ.ഡി.പി യോഗവും കേരളത്തിലെ അടിച്ചമർത്തപ്പെടുന്ന കീഴാളജനതയുടെ മോചനം ലക്ഷ്യം​െവച്ചുള്ളതായിരുന്നു. അക്കാലത്ത് കയറും കൊപ്രയും മറ്റും കയറ്റുമതി ചെയ്തും കള്ളുവിറ്റും പഴയ നാടുവാഴികളെക്കാൾ സമ്പന്നരായിത്തീർന്ന ഈഴവ മുതലാളിമാരുടെ സഹായത്തോടെയാണ് തുടക്കത്തിൽ ഡോ. പൽപുവും നാരായണഗുരുവും കുമാരനാശാനും യോഗത്തെ മുന്നോട്ടുനയിച്ചത്. എന്നാൽ, ക്രമേണ ആ പ്രമാണിമാർ യോഗത്തിൽ മേൽക്കൈ നേടുകയും യോഗത്തെ അവരുടെ ജാതിസംഘടനയാക്കി മാറ്റുകയും ചെയ്തു. ഇതിൽ മനംനൊന്താണ് നാരായണഗുരു യോഗവുമായുള്ള എല്ലാബന്ധവും വേർപെടുത്തുകയും ഈ നാടുവിട്ടുപോകാൻതന്നെ തീരുമാനിക്കുകയും ചെയ്തത്. കുമാരനാശാനെ അവർ യോഗത്തി​​​െൻറ സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കി. ഡോ. പൽപുവിനെ അവർ ഒറ്റപ്പെടുത്തുകയും ഒഴിവാക്കുകയും ചെയ്തു. ഡോ. പൽപു ഈ ഈഴവ മുതലാളിമാർക്കിട്ട പേര് അടിയിലൂടെ കിഴങ്ങു തോണ്ടിത്തിന്നുന്ന ‘പെരുച്ചാഴികൾ’ എന്നായിരുന്നു. ഇങ്ങനെ ജാതിസംഘടനയായി മാറിയ എസ്.എൻ.ഡി.പി യോഗമാണ് വെള്ളാപ്പള്ളി നടേശ​​​െൻറ നേതൃത്വത്തിൽ ഇന്നും തുടരുന്നത്. അതിന് ശ്രീനാരായണൻ ഉയർത്തിപ്പിടിച്ച കീഴാള നവോത്ഥാനത്തി​​​െൻറ പാരമ്പര്യം അവകാശപ്പെടാനേ ആവില്ല.

കേരളീയ കീഴാള നവോത്ഥാന പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു പെൺമതിലി​​​െൻറ പ്രവർത്തനങ്ങൾ നിശ്ചയമായും അഭിനന്ദനം അർഹിക്കുന്നു. എന്നാൽ, ആ മതിൽ അവസരവാദ രാഷ്​ട്രീയത്തിൽ മുഴുകിനിൽക്കുന്ന, വിഭാഗീയത വളർത്തുന്ന ജാതി മത സംഘടനകൾക്ക് സമൂഹത്തിൽ രാഷ്​ട്രീയ മാന്യതയും സാധൂകരണവും നേടാൻ സഹായിക്കുന്ന ഒന്നായിരിക്കരുത്. സംഘ്​പരിവാർ വിരുദ്ധ ജനാധിപത്യ ശക്തികൾ പടുത്തുയർത്തുന്ന ഒരു പെൺമതിൽ ആയിരിക്കണം അത്. സമകാലിക ലോകരാഷ്​ട്രീയത്തിൽ വിപ്ലവശക്തിയായി മാറിക്കഴിഞ്ഞ സ്ത്രൈണ രാഷ്​ട്രീയത്തി​​​െൻറ ശക്തികളുമായി കണ്ണിചേർക്കപ്പെട്ട ഒരു മതിലായിരിക്കണം അത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:opinionmalayalam newswomen wall
News Summary - women wall- opinion
Next Story