അതിജീവിതക്ക് നീതി ലഭിക്കുമോ?
text_fields2012 ഡിസംബറിൽ ഡൽഹിയിൽ നടന്ന കൂട്ടബലാത്സംഗത്തെ ആസ്പദമാക്കി ബ്രിട്ടീഷ് മാധ്യമപ്രവർത്തക ലെസ്ലി ഉദ്വിൻ സംവിധാനം ചെയ്ത ‘India’s Daughter’ എന്ന ഡോക്യുമെന്ററി, ഇന്ത്യയെ ഒരു നിമിഷം കൊണ്ട് തന്നെ ലോകത്തിന്റെ വിചാരണക്കളത്തിലേക്ക് എത്തിച്ചിരുന്നു. എന്നാൽ ആ വിചാരണ നേരിടാനുള്ള ധൈര്യം ഇന്ത്യൻ ഭരണകൂടത്തിനുണ്ടായില്ല. “ഇന്ത്യയുടെ മുഖം വികൃതമാക്കുന്നു” എന്ന പേരിൽ ഡോക്യുമെന്ററി നിരോധിക്കപ്പെട്ടു. മുഖം വികൃതമായതിന് കണ്ണാടി തകർക്കുന്ന സമീപനമാണ് അന്ന് സ്വീകരിച്ചത്. വർഷങ്ങൾ കഴിഞ്ഞിട്ടും മനോഭാവം മാറിയിട്ടില്ലെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മലയാള സിനിമാനടി അതിജീവിതയുടെ കേസ്.
അതിജീവിതയുടെ അനുഭവം ഒരു വ്യക്തിയുടെ ദുരനുഭവമായി മാത്രം കാണാനാവില്ല. അത് ജനാധിപത്യ ഇന്ത്യയിലെ സ്ത്രീകൾ നീതിക്കായി നേരിടുന്ന ദീർഘവും കഠിനവുമായ യാത്രയുടെ പ്രതീകമാണ്. ഒരു സ്ത്രീ പീഡനത്തിന് ഇരയായാൽ, അവൾക്ക് കോടതിയിൽ മാത്രം അല്ല, സമൂഹത്തിനുമുന്നിലും വീണ്ടും വീണ്ടും വിചാരണ നേരിടേണ്ടിവരുന്നു. അതിജീവിത നേരിട്ടത് ഒരു കുറ്റകൃത്യം മാത്രമല്ല; അധികാരവും സ്വാധീനവും ചേർന്ന ഒരു വ്യവസ്ഥയെയാണ്. സമൂഹമാധ്യമങ്ങളിലെ അപവാദപ്രചാരണങ്ങൾ, വ്യക്തിത്വഹത്യ, സിനിമാലോകത്തിന്റെ ഭീതിജനകമായ മൗനം, “എന്തിനാണ് ഇത്രയും കാലം കേസ് പിന്തുടരുന്നത്?” എന്ന ചോദ്യങ്ങൾ- ഇവയെല്ലാം തന്നെ നിയമപരമായ വിചാരണയെക്കാൾ ഭീകരമായ സാമൂഹിക പീഡനങ്ങളായി മാറി.
2012 India’s Daughter ഡോക്യുമെന്ററിയിൽ പ്രതിയായ മുകേഷ് സിംഗ് നടത്തിയ തുറന്നുപറച്ചിലുകൾ ഇന്ത്യൻ സമൂഹത്തിന്റെ സ്ത്രീ വിരുദ്ധ മനോഭാവത്തിന്റെ നേർചിത്രങ്ങളാണ്. “കുലീന സ്ത്രീകൾ രാത്രി പുറത്തിറങ്ങില്ല”, “സ്ത്രീകൾ സംയമനം പാലിച്ചിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു” തുടങ്ങിയ വാക്കുകൾ ഒരാളുടെ ചിന്ത മാത്രമല്ല, ഒരു സമൂഹത്തിന്റെ കൂട്ടബോധമാണ്. പത്ത് വർഷങ്ങൾക്കിപ്പുറം അതിജീവിതയുടെ കേസിനോട് സമൂഹം പ്രതികരിച്ച രീതി പരിശോധിച്ചാൽ, ആ ബോധം എത്രമാത്രം മാറിയിട്ടുണ്ട് എന്ന ചോദ്യം നാം സ്വയം ചോദിക്കേണ്ടിവരും.
ഇന്ത്യയിൽ സ്ത്രീകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളുടെ കണക്കുകൾ തന്നെ നമ്മുടെ സാമൂഹിക നിലപാടുകളുടെ തെളിവുകളാണ്. National Crime Records Bureau (NCRB) 2023-ലെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഇന്ത്യയിൽ സ്ത്രീകൾക്കെതിരായി 4,48,211 കേസുകളാണ് ഒരു വർഷത്തിനുള്ളിൽ മാത്രം രജിസ്റ്റർ ചെയ്തത്. ശരാശരി ഓരോ മൂന്ന് മിനിറ്റിലും ഒരു സ്ത്രീക്കെതിരെ കുറ്റകൃത്യം നടക്കുന്നു; ഓരോ ഇരുപത്തൊമ്പത് മിനിറ്റിലും ഒരു ബലാത്സംഗം. ഇരകളിൽ ഭൂരിഭാഗവും 18നും 30നും ഇടയിൽ പ്രായമുള്ളവരാണ്. കുറ്റവാളികളിൽ 94 ശതമാനവും ഇരയ്ക്ക് പരിചിതരായവരാണ്. ഇവ വെറും സംഖ്യകളല്ല; ഇത് ഒരു വ്യവസ്ഥയുടെ കുറ്റപത്രമാണ്. 2021-ൽ 13,539 കേസുകൾ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ ആയി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍, 2023-ൽ ഇത് 16,025 ആയി ഉയര്‍ന്നു. കൊച്ചി നഗരത്തില്‍ മാത്രം 2021-ല്‍ 531 കേസുകളായിരുന്നു സ്ത്രീകൾക്കെതിരെയുള്ളത്. 2023-ല്‍ 783 ആയി (47% വര്‍ധിച്ചു). ഈ കണക്ക് സൂചിപ്പിക്കുന്നത് കൂടുതല്‍ സ്ത്രീകള്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവെങ്കിലും സമാശ്വാസമോ നീതിയോ നേരത്ത് ലഭിക്കുന്നില്ല എന്നാണ്.
സ്ത്രീപീഡനം ഇന്ത്യയിൽ പലപ്പോഴും വ്യക്തിഗത കുറ്റകൃത്യമല്ല, ഭരണകൂട ഭീകരതയുടെ ആയുധമായിപോലും മാറിയിട്ടുണ്ട്. മണിപ്പൂരിൽ സൈനിക പീഡനങ്ങൾക്കെതിരെ സ്ത്രീകൾ വസ്ത്രം ഉപേക്ഷിച്ച് തെരുവിലിറങ്ങേണ്ടിവന്ന ചരിത്രമുണ്ട്. ഇറോം ഷർമിള പതിനാലു വർഷത്തിലേറെ നിരാഹാരം അനുഷ്ഠിച്ചു. ഗുജറാത്തിൽ ബിൽക്കീസ് ബാനുവിനെ പോലെ എത്ര സ്ത്രീകളെയാണ് ഭരണകൂടത്തിന്റെ മൗനവും നിയമപരിരക്ഷയും ചേർന്ന് ഇല്ലാതാക്കിയത്. ഈ പശ്ചാത്തലത്തിലാണ് സ്ത്രീ പീഡനത്തെ അരാഷ്ട്രീയ വിഷയമായി അവതരിപ്പിക്കുന്നത് ഏറ്റവും വലിയ കപടതയാകുന്നത്. ബിൽക്കീസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തവരെ ജയിൽ ശിക്ഷയിൽ നിന്ന് മോചിതരാക്കിയപ്പോൾ പൂമാലയണിച്ചാണ് വരവേറ്റത്. നിരപരാധികൾ ശിക്ഷിക്കപ്പെടുകയും കുറ്റവാളികൾ അനുമോദിക്കപ്പെടുകയും ചെയ്യുന്ന ലോകത്തിലെ തന്നെ ഏക രാജ്യം ഇന്ത്യയായിരിക്കും.
സൂര്യനെല്ലി, വിതുര, കിളിരൂർ, കവിയൂർ, കൊട്ടിയം, സൗമ്യ വധം തുടങ്ങിയ കേസുകള്‍ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിളിപ്പേരിനകത്ത് ഒളിഞ്ഞിരിക്കുന്ന നീതിനിഷേധങ്ങളുടെ നീണ്ട പട്ടികയാണ്.സിനിമയും മാധ്യമങ്ങളും സ്ത്രീയെ എങ്ങനെ ചിത്രീകരിക്കുന്നു എന്നതും ഈ പ്രശ്നത്തിന്റെ ഭാഗമാണ്. സ്ത്രീയെ അപമാനിക്കുന്ന ദൃശ്യങ്ങൾ സൃഷ്ടിക്കുകയും സാധാരണമാക്കുകയും ചെയ്യുന്ന സിനിമയും പരസ്യലോകവും, പിന്നീട് സ്ത്രീസുരക്ഷയെക്കുറിച്ച് വിലപിക്കുന്നത് വലിയൊരു വൈരുധ്യമാണ്.
അതിജീവിത ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയോട് ഉന്നയിക്കുന്ന ചോദ്യമാണ്.
അതിജീവിത ഇന്ന് ഒരു വ്യക്തിയല്ല, ഒരു ചോദ്യമാണ്. സ്ത്രീകൾക്ക് നിയമം തുല്യമായി ബാധകമാണോ? അധികാരമുള്ളവർ പ്രതികളായാൽ നീതി വഴിതെറ്റുന്നുണ്ടോ? ഒരു സ്ത്രീ സത്യം പറഞ്ഞാൽ അവൾ ഒറ്റപ്പെടേണ്ടിവരുമോ? India’s Daughter ഉന്നയിച്ച ചോദ്യങ്ങൾ തന്നെയാണ് അതിജീവിതയുടെ കേസും നമ്മോട് വീണ്ടും ചോദിക്കുന്നത്.
നീതിയെ അളക്കേണ്ടത് ഒരു വിധിന്യായത്തിലൂടെ മാത്രം അല്ല. ഒരു സ്ത്രീയെ വിശ്വസിക്കുന്നതിലൂടെയും, അവളുടെ മൗനത്തെ കുറ്റമാക്കാതിരിക്കുന്നതിലൂടെയും, അവൾ ഒറ്റയ്ക്കുനിൽക്കുമ്പോൾ കൈപിടിക്കുന്നതിലൂടെയുമാണ് യഥാർത്ഥ നീതി ആരംഭിക്കുന്നത്. അല്ലെങ്കിൽ, ഇന്ത്യയുടെ പുത്രിമാർ ഇനിയും നിര്ഭയകളായും അതിജീവിതകളായും ചരിത്രത്തിൽ ചേർക്കപ്പെടുന്നവരായി മാറിക്കൊണ്ടിരിക്കും.
thayyiba.s@gmail.com
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

