Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇറാൻ പ്രസിഡന്റിന്റെ അഭ്യർഥന മോദി കേൾക്കുമോ?

text_fields
bookmark_border
Masoud Pezeshkian Narendra Modi
cancel
camera_alt

ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി

‘പശ്ചിമേഷ്യയിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കാൻ ഇന്ത്യ ഇടപെടണം’-ഒടുവിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നേരിട്ടു തന്നെ അതു പറഞ്ഞിരിക്കുന്നു. മേഖലയിലും ആഗോളതലത്തിലും ഇന്ത്യക്കുള്ള ശേഷിയും സ്വാധീനവും കണക്കിലെടുത്താണ് ഷാങ്ഹായ് ഉച്ചകോടിക്കിടെയുള്ള കൂടികാഴ്ചയിൽ ഇറാൻ പ്രസിഡന്റിന്റെ അഭ്യർഥന.

യുദ്ധത്തിന്റെ പാതയിൽ നിന്ന് യു.എസിനെയും ഇസ്രാ​യേലിനെയും പിന്തിരിപ്പിക്കാൻ ഇന്ത്യക്കു കഴിയുമെന്ന് ഇറാൻ വിശ്വസിക്കുന്നു എന്നു വേണം ഇതിൽനിന്ന് മനസ്സിലാക്കാൻ. സമാധാനത്തിന്റെയും ചർച്ചകളുടെയും വഴികൾ ഇറാൻ അടച്ചുകളഞ്ഞിട്ടില്ല എന്നതും ഗുണകരമായി കാണാം.

പശ്ചിമേഷ്യയിലെ സംഘർഷം ചർച്ചകളിലൂടെയും നയതന്ത്ര മാർഗങ്ങളിലൂടെയും പരിഹരിക്കണമെന്ന് പറഞ്ഞ മോദി, പക്ഷേ വിഷയത്തിൽ ഇടപെടുന്ന കാര്യത്തെ കുറിച്ചു ഒന്നും പറഞ്ഞില്ല. പ്രശ്ന പരിഹാരത്തിനായി ഇന്ത്യ മുന്നിട്ടിറങ്ങണമെന്ന് നേരത്തെ ആവശ്യം ഉയർന്നിയിരുന്നു. എന്നാൽ, അത്തരം ഒരു നീക്കവും ഇതുവരെ ഉണ്ടായില്ല. ഈ ഘട്ടത്തിലാണ് മസൂദ് പെസെഷ്‌കിയാന്റെ അഭ്യർഥന വരുന്നത്.

ഇനിയും നമ്മളെന്തിന് മടിച്ചു നിൽക്കണം

പശ്ചിമേഷ്യൻ രാജ്യങ്ങളുമായി അടുത്ത തന്ത്രപ്രധാനമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. പശ്ചിമേഷ്യയിലെ ഏതു തരത്തിലുള്ള അനിശ്ചിതത്വവും ഇന്ത്യയെ വലിയ രൂപത്തിൽ ബാധിക്കും. പശ്ചിമേഷ്യയുമായുള്ള ഇന്ത്യയുടെ സാമ്പത്തിക ബന്ധവും ശക്തവുമാണ്. ഈ മേഖലയുമായി ഇന്ത്യക്ക് പ്രതിവർഷം ഏകദേശം 180 ബില്യൺ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരമുണ്ട്. 31 ബില്യൺ ഡോളറിലധികം വിദേശ നിക്ഷേപവും 52 ബില്യൺ ഡോളറിലധികം പ്രവാസി പണവും ജി.സി.സി രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നതായി യു.എൻ രക്ഷാ സമിതിയിൽ യു.എന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പർവതനേനി ഹരീഷ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.


ഏകദേശം ഒരു കോടി ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുകയും താമസിക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ മേഖലയിൽ സമാധാനം കൈവരിക്കുന്നതിനായി ഇടപെടാൻ ഇന്ത്യ ഇനിയും മടിച്ചു നിൽക്കരുത്. ഒരു മാസത്തെ ഇടവേളക്കുശേഷം യു.എസും ഇറാനും ആക്രമണങ്ങൾ പുനരാരംഭിച്ചിരിക്കെ പ്രത്യേകിച്ചും.

ഗൾഫ് മേഖല തളർന്നാൽ

യു.എസ്-ഇറാൻ സംഘർഷം അനിശ്ചിതമായി തുടരുന്നത് ഗൾഫ് മേഖലയെ സങ്കീർണ്ണമായ വെല്ലുവിളികളിലേക്കാണ് തള്ളിയിട്ടത്. തങ്ങൾ സ്വയം സൃഷ്ടിക്കാത്തതും എന്നാൽ പടിവാതിൽക്കൽ വികസിച്ചുകൊണ്ടിരിക്കുന്നതുമായ ഈ രാഷ്ട്രീയ, സുരക്ഷാ പ്രതിസന്ധി ഗൾഫ് രാജ്യങ്ങളുടെ സ്ഥിരത, വികസന നേട്ടങ്ങൾ, ഭാവി സാധ്യതകൾ എന്നിവ സതംഭനാവസ്ഥയിലാക്കി.

സംഘർഷത്തിൽ നേരിട്ട് പങ്കാളിയല്ലെങ്കിലും യുദ്ധത്തിന്റെ കെടുതികൾ ഏറ്റവും കൂടുതൽ ഏറ്റുവാങ്ങേണ്ടിവന്നത് ഗൾഫ് രാജ്യങ്ങളാണ്. ഹുർമുസ് പ്രതിസന്ധി ഈ രാജ്യങ്ങളിൽ നിന്നുള്ള എണ്ണ വിതരണത്തെയും ഇറക്കുമതിയേയും സാമ്പത്തിക രംഗത്തേയും നേരിട്ടു ബാധിച്ചു. തുടർച്ചയായ ആക്രമണങ്ങൾ സുരക്ഷക്കും സാമാധാനത്തിനും വികസനത്തിനും ക്ഷതമേൽപ്പിച്ചു.


ഗൾഫ് മേഖലയിലെ അനിശ്ചിതം ഈരാജ്യങ്ങളെ മാത്രമല്ല, ലോകത്തെ ആകമാനം നിശ്ചലമാക്കിയത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. സംഘർഷാവസഥ ആദ്യം ബാധിച്ചത് പ്രവാസികളെയാണ്. ഇന്ത്യയെ അതു വലിയ രൂപത്തിലാണ് ബാധിച്ചത്. ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധി പ്രവാസികളു​ടെ തൊഴിൽമേഖലയെ കാര്യമായി ബാധിച്ചു. ഇത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിന്റെ പ്രധാന താങ്ങായ പണമയക്കലിന് ഭീഷണി സൃഷ്ടിച്ചു. പ്രവാസികളുടെ തൊഴിൽ സുരക്ഷിതത്വം, വരുമാനത്തെ കുറിച്ച ആശങ്ക, ഭാവിയെ കുറിച്ച ആശങ്കകൾ എന്നിവയും മറ്റൊരു വശത്തുണ്ട്.

കൊല്ലപ്പെടുന്ന ഇന്ത്യക്കാർ

ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ് -ഇറാൻ സംഘർഷത്തിന് പിറകെ മധ്യപൂർവദേശത്ത് 10 നാവികർ ഉൾപ്പെടെ 16 ഇന്ത്യൻ പൗരന്മാർക്ക് ജീവൻ നഷ്ടമായതായാണ് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കണക്ക്. 75 ഇന്ത്യക്കാർക്ക് പരിക്കേറ്റു. ഏറ്റവും കൂടുതൽ പേർക്ക് പരിക്കേറ്റത് യു.എ.ഇയിലാണ് -32 പേർക്ക്.

യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിന് തിരിച്ചടിയായി ഗൾഫ് മേഖലയിലെ യു.എസ് സൈനിക ​താവളങ്ങളിലേക്കും ഹുർമുസ് കടലിടുക്കിലും മറ്റു മേഖലകളിലും ഇറാൻ നടത്തിയ ആക്രമണങ്ങളിലാണ് ഇന്ത്യക്കാരുടെ ജീവൻ നഷ്ടമായത്.


കുവൈത്തിൽ നാട്ടിലേക്കു തിരിക്കാൻ വിമാനത്താവളത്തിൽ നിൽക്കെയാണ് മധ്യപ്രദേശ് സ്വദേശി കൊല്ലപ്പെടുന്നത്. വൈദ്യുതി നിലയത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു തമിഴ്നാട് സ്വദേശിയും ഇവിടെ കൊല്ലപ്പെട്ടു.

അബുദബിയിൽ മിസൈൽ തടഞ്ഞതിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഒരു ഇന്ത്യക്കാരൻ മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിൽ നടന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങളിൽ മറ്റൊരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു. ഒമാനിലെ വ്യാവസായിക മേഖലയിലുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ മരിച്ചു. സംഘർഷത്തിന്റെ ആദ്യ ദിവസങ്ങളിൽ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് നാവികർ കൊല്ലപ്പെട്ടു. ഹുർമുസിന് സമീപം മരക്കപ്പലിന് തീപിടിച്ച് ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഉയരുന്ന എണ്ണ വില

പശ്ചിമേഷ്യൻ സംഘർഷം എണ്ണ വില കു​ത്തനെ ഉയർത്തി. അസംസ്‌കൃത എണ്ണയുടെ ഏകദേശം 90 ശതമാനവും എൽ.പി.ജിയുടെ 80 ശതമാനവും ഹുർമുസ് കടലിടുക്ക് വഴി എത്തുന്ന ഇന്ത്യക്ക് ഹുർമുസ് പ്രതിസന്ധി വലിയ തിരിച്ചടിയായി. ഇന്ധന ക്ഷാമത്തിനും വിലവർധനവിനും ഇത് കാരണമാക്കി. ഇതിനൊപ്പം രൂപയുടെ മൂല്യതകർച്ചയും എത്തിയതോടെ ഇന്ത്യൻ ജനത ശരിക്കും പൊറുതിമുട്ടി.

രൂക്ഷമായ എൽ.പി.ജി ക്ഷാമം കാരണം റെസ്റ്റോറന്റുകളുടെയും ഫാക്ടറികളുടെയും പ്രവർത്തനത്തെ ബാധിച്ചതിന് ഇതിനകം നാം സാക്ഷിയുമാണ്. എല്ലാ ഇനങ്ങൾക്കും വൻ വിലകയറ്റത്തിലേക്കും ഇത് നയിച്ചു.


ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തുന്ന രാജ്യങ്ങൾ എന്ന നിലയിൽ യു.എസുമായും ഇറാനുമായും സംസാരിക്കാനും സംഘർഷം ലഘൂകരിക്കാനും ഇന്ത്യ മുൻകൈ എടുക്കേണ്ട സമയമാണിത്. അനേകം ലക്ഷം ഇന്ത്യക്കാർ ഉപജീവനം നേടുകയും നമ്മുടെ സമ്പദ്‍വ്യവസ്ഥയെ താങ്ങിനിർത്തുകയും ചെയ്യുന്ന ഗൾഫ് രാജ്യങ്ങളെ ഓർത്തുമാത്രമല്ല അത്, യുദ്ധത്തിന്റെ കെടുതികൾ ലോകത്തുനിന്ന് തുടച്ചു നീക്കാനും ഇത് അനിവാര്യമാണ്. മസൂദ് പെസെഷ്‌കിയാന്റെ അഭ്യർഥന അതുകൊണ്ടു തന്നെ ഇന്ത്യ ഗൗരവത്തിൽ എടുക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Will PM Modi heed Iran President's request?
Next Story