അണ്ണാ ഹസാരെയുടെ പുനരവതാരമായി മാറുമോ?
text_fieldsസോനം വാങ്ചുകും അഭിജീത് ദിപ്കെയും ജന്തർമന്ദറിൽ
ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ പോലെ സി.ജെ.പിക്കും ആയുസ്സ് കുറവായിരിക്കും; എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ദീർഘകാലം നിലനിൽക്കാൻ കഴിയുന്ന സംഘടനകളെയും വ്യക്തികളെയും സൃഷ്ടിക്കാൻ അതിന് കഴിഞ്ഞേക്കും. ഉദാഹരണത്തിന്, വാങ്ചുക്, ജെൻ സി തലമുറയിൽപെട്ട ആളല്ലെങ്കിലും അദ്ദേഹത്തിന് അവർക്കിടയിൽ വലിയ വിശ്വാസ്യതയുണ്ട്
ഭരണകൂടത്തിന്റെ കാര്യക്ഷമതയില്ലായ്മയിലേക്കും അഴിമതിയിലേക്കും ശ്രദ്ധ ക്ഷണിക്കാൻ ഒരു പുതു സംഘടന രൂപവത്കരിക്കപ്പെടുന്നു. അത് ആദ്യം ഏതാനും പേരുടെയും, പിന്നീട് സമാനചിന്താഗതിക്കാരായ ആയിരക്കണക്കിനാളുകളുടെയും ശ്രദ്ധ നേടുന്നു. ജന്തർമന്തറിൽ പരസ്യ പ്രക്ഷോഭം നടത്താൻ പദ്ധതിയിടുന്നു. സർക്കാർ ഭീഷണിയിലാവുന്നു. ഇത് എവിടെയെങ്കിലും കേട്ടിട്ടുള്ളതുപോലെയുണ്ടോ?
2011ൽ അണ്ണാ ഹസാരെയുടെ ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനത്തിന്റെ വരവ് ഇപ്രകാരമായിരുന്നു. ഇപ്പോഴിതാ 15 വർഷങ്ങൾക്ക് ശേഷം, വെറും രണ്ടാഴ്ച മുമ്പ് മാത്രം രൂപവത്കരിക്കപ്പെടുകയും ഇതിനകം ദശലക്ഷക്കണക്കിന് ആളുകളുടെ പിന്തുണ നേടുകയും ചെയ്ത ‘കോക്രോച്ച് ജനതാ പാർട്ടി’യുടെ കാര്യവും സമാനമാണ്.
സമാനതകളുണ്ട്; വ്യത്യാസങ്ങളുമുണ്ട്
അന്ന് സോഷ്യൽ മീഡിയക്ക് ഇന്ത്യയിൽ ഇത്ര പ്രചുരപ്രചാരമില്ലായിരുന്നു. എന്നാൽ, ഇന്ന് സി.ജെ.പിക്ക് ദശലക്ഷക്കണക്കിന് അനുയായികളെ-ഇൻസ്റ്റഗ്രാമിൽ മാത്രം 22 ദശലക്ഷം പേരെ നേടിക്കൊടുക്കാൻ സഹായിച്ചത് സോഷ്യൽ മീഡിയയാണ്. ഇവരുടെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെട്ടു. ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ സമരത്തോട് മൻമോഹൻ സിങ്ങിന്റെ യു.പി.എ സർക്കാർ ഇങ്ങനെയല്ല പ്രതികരിച്ചത്; അവർ പ്രക്ഷോഭകരുമായി സംസാരിക്കാനും ഉൾക്കൊള്ളാനും പരമാവധി ശ്രമിച്ചു. പിന്നീട് പൂർണ നിഷ്ക്രിയത്വവും പാലിച്ചു. ഹസാരെ ഒരു ഗാന്ധിയൻ ആണെന്ന് പറയപ്പെട്ടിരുന്നു. എന്നാൽ, സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ യുവാവാണ്, തന്റെ തലമുറയുടെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്.
വലിയൊരു കൂട്ടം ‘സെലിബ്രിറ്റികൾ’ ഹസാരെക്കൊപ്പം ചേർന്നിരുന്നു; എന്നാൽ, മോദി സർക്കാർ വിയോജിപ്പുകളെ വെച്ചുപൊറുപ്പിക്കില്ലെന്ന് നന്നായി അറിയാവുന്നതുകൊണ്ട്, ലഡാക്കിലെ നേതാവായ സോനം വാങ്ചുക് ഒഴികെ മറ്റാരും ഇതുവരെ സി.ജെ.പിയെ പരസ്യമായി പിന്തുണച്ച് മുന്നോട്ട് വന്നിട്ടില്ല.
ബോസ്റ്റൺ കേന്ദ്രീകരിച്ച് സി.ജെ.പി രൂപവത്കരിച്ച ദലിത് സമൂഹത്തിൽനിന്നുള്ള ദിപ്കെ പറഞ്ഞത്, ജന്തർമന്തറിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ ഡൽഹിയിൽ ഇറങ്ങുമ്പോൾ താൻ അറസ്റ്റ് ചെയ്യപ്പെട്ടേക്കാം എന്നാണ്. അത് അദ്ദേഹത്തിന്റെ ചില അനുയായികളെ പരസ്യമായി രംഗത്തിറങ്ങുന്നതിൽനിന്ന് പിന്തിരിപ്പിച്ചേക്കും. യു.പി.എ സർക്കാറും മോദി സർക്കാറും തമ്മിലെ പ്രധാന വ്യത്യാസമാണിത്. അതേസമയം, പുതിയ തലമുറക്കാർ വൻതോതിൽ അണിനിരന്നാൽ അത് സർക്കാറിന് ശക്തമായ ഒരു സന്ദേശമാണ് നൽകുക. മോദി സർക്കാർ ഒരൽപം ആശങ്കയോടെയായിരിക്കും ഇതിനെ നോക്കിക്കാണുക. അത് അവർ പ്രതിഷേധങ്ങളോടും വിയോജിപ്പുകളോടും അസഹിഷ്ണുത കാണിക്കുന്നതുകൊണ്ട് മാത്രമല്ല.
കിരൺ ബേദി, അണ്ണാ ഹസാരെ, അരവിന്ദ് കെജ്രിവാൾ എന്നിവർ ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ’ പ്രസ്ഥാനത്തിന്റെ വേദിയിൽ
2014ലെ പൊതുതെരഞ്ഞെടുപ്പിൽ യു.പി.എ സർക്കാർ പരാജയപ്പെടുകയും നരേന്ദ്ര മോദി തന്റെ വെളുത്ത കുതിരപ്പുറത്ത് ഒരു രക്ഷകനെപ്പോലെ അധികാരത്തിലേക്ക് വരുകയും ചെയ്തതിനു ശേഷമാണ്, അണ്ണാ ഹസാരെയുടെയും അദ്ദേഹത്തിന്റെ പ്രക്ഷോഭത്തിന്റെയും പിന്നിലെ മാസ്റ്റർപ്ലാൻ എന്തായിരുന്നുവെന്ന് വെളിപ്പെട്ടത്. ഹസാരെയുടെ സമരപ്പന്തലിലെ ജനക്കൂട്ടം ആ പ്രക്ഷോഭത്തെ പിന്തുണച്ച് രംഗത്തിറങ്ങിയ ആർ.എസ്.എസ് കേഡറുകളായിരുന്നു എന്ന് പിന്നീട് വെളിപ്പെട്ടു.
ശേഷം, ഹസാരെ സംഘത്തിലെ പ്രധാനികൾ ഓരോരുത്തർക്കും ബി.ജെ.പി ഒന്നിനുപിറകെ ഒന്നായി പ്രതിഫലം നൽകി. സത്യസന്ധയായ പൊലീസ് ഉദ്യോഗസ്ഥ എന്ന പ്രതിച്ഛായയുണ്ടായിരുന്ന കിരൺ ബേദിയെ പോണ്ടിച്ചേരിയിൽ ഗവർണറായി അയച്ചു; അനുപം ഖേറിന്റെ ഭാര്യ കിരൺ ഖേറിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നൽകി വിജയിപ്പിച്ചു; അനുപം ഖേർ ബി.ജെ.പി നിലപാടുകളോട് ചേർന്നുനിൽക്കുന്ന ദി ആക്സിഡന്റൽ പ്രൈം മിനിസ്റ്റർ, കശ്മീർ ഫയൽസ് പോലുള്ള സിനിമകൾ നിർമിച്ചു. വമ്പൻ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ബാബ രാംദേവ് ശതകോടീശ്വരനായി മാറി. ഹസാരെ തന്റെ ഗ്രാമത്തിലേക്കുതന്നെ മടങ്ങിപ്പോയി.
2011ലെ ‘ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷനി’ൽനിന്നാണ് അരവിന്ദ് കെജ്‌രിവാൾ രൂപവത്കരിച്ച ആം ആദ്മി പാർട്ടിയും ഉയർന്നുവന്നത്. താൻ ഒരിക്കലും രാഷ്ട്രീയത്തിൽ പ്രവേശിക്കില്ലെന്ന് പറഞ്ഞയാളായിരുന്നു കെജ്‌രിവാൾ. ദീർഘകാലം ഡൽഹി ഭരിച്ചിരുന്ന ബി.ജെ.പിയെയും കോൺഗ്രസിനെയും പരാജയപ്പെടുത്തി ആം ആദ്മി പാർട്ടി അവിടെ ഭരണം പിടിച്ചു. അതിൽപിന്നെ കെജ്‌രിവാൾ മോദിയുടെ കണ്ണിലെ കരടായി മാറി. അതേസമയംതന്നെ, പല രാഷ്ട്രീയ നിലപാടുകളിലും ഹിന്ദുത്വ ആഭിമുഖ്യം പുലർത്തിയ അദ്ദേഹത്തിന് ബി.ജെ.പിയുടെ ബി-ടീം എന്ന ആരോപണവും നേരിടേണ്ടിവന്നു.
തീർച്ചയായും, ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ പ്രസ്ഥാനം അതിന്റെ ലക്ഷ്യം കൈവരിച്ചു -കോൺഗ്രസിന്റെ തലയറുക്കുകയും മോദി സർക്കാറിനെ അധികാരത്തിലേറ്റുകയും ചെയ്തു. അതുകൊണ്ടുതന്നെ ഇത്തരം ജനകീയ പ്രസ്ഥാനങ്ങളുടെ ശക്തി മോദിക്ക് നന്നായറിയാം; അദ്ദേഹത്തിന്റെ പരിവാറാണല്ലോ ആ ടൂൾകിറ്റ് നിർമിച്ചത്! ശ്രീലങ്കയിലും ബംഗ്ലാദേശിലും രാഷ്ട്രീയ മാറ്റങ്ങൾക്ക് കാരണമായ ജെൻ സി മുന്നേറ്റവും ഇതിനോട് ചേർത്തുവായിക്കണം.
ആപ്പിന്റെ മുഖമൂടിയോ?
സി.ബി.എസ്.ഇ, നീറ്റ് പരീക്ഷകളെ തകർച്ചയിലേക്ക് നയിച്ച ധർമേന്ദ്ര പ്രധാനെ രാജിവെപ്പിക്കുക എന്നതാണ് സി.ജെ.പി ഇപ്പോൾ മുന്നോട്ടുവെക്കുന്ന ആവശ്യം. എന്നാൽ, ഇത് എങ്ങോട്ടാണ് പോവുക എന്ന് ആർക്കറിയാം. എന്തായാലും ഒരു റിസ്ക് എടുക്കാൻ മോദി തയാറല്ല.
സി.ജെ.പി ആം ആദ്മി പാർട്ടിയുടെ മുഖംമൂടി മാത്രമാണെന്ന കിംവദന്തി ഇപ്പോൾതന്നെ പ്രചരിക്കുന്നുണ്ട്. അതിന് തെളിവുകളൊന്നുമില്ലെങ്കിലും കെജ്‌രിവാൾ ഒരു മികച്ച സംഘാടകനാണെന്ന് അറിയുന്നതിനാൽ മോദിയും സംഘവും തീർച്ചയായും ആ വഴിക്ക് ചിന്തിക്കും. സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യത്തിൽ പേരെടുത്തതാണ് മോദി സർക്കാർ -ലോകത്ത് ഏറ്റവുമധികം ടേക്ക്ഡൗൺ ഉത്തരവുകൾ നൽകുന്നത് ഇന്ത്യയിലാണെന്നതിനാൽ സർക്കാർ ഇപ്പോൾ പ്രതികരിച്ച രീതിയിൽ അതിശയിക്കാനൊന്നുമില്ല.
എന്നാൽ, സി.ജെ.പിയുടെ രൂപവത്കരണത്തിന് മറ്റൊരു വശവുമുണ്ട്. ഇതിന്റെ ജനപ്രീതി കോൺഗ്രസിനെ മാത്രമല്ല, ഇൻഡ്യ മുന്നണിയെപ്പോലും അപ്രസക്തമാക്കി പ്രതിപക്ഷ സ്ഥാനം കൈക്കലാക്കാനും ഒരു ബദൽ ശക്തിയായി ഉയരാനും സഹായിച്ചേക്കാം. ഇന്ത്യ എഗെയ്ൻസ്റ്റ് കറപ്ഷൻ പോലെ സി.ജെ.പിക്കും ഒരുപക്ഷേ ആയുസ്സ് കുറവായിരിക്കും; എന്നാൽ, ഇന്ത്യൻ രാഷ്ട്രീയത്തിൽ ദീർഘകാലം നിലനിൽക്കാൻ കഴിയുന്ന സംഘടനകളെയും വ്യക്തികളെയും സൃഷ്ടിക്കാൻ അതിന് കഴിഞ്ഞേക്കും. ഉദാഹരണത്തിന്, വാങ്ചുക്, ജെൻ സി തലമുറയിൽപെട്ട ആളല്ലെങ്കിലും ആ വിഭാഗത്തിനിടയിൽ അദ്ദേഹത്തിന് വലിയ വിശ്വാസ്യതയുണ്ട്. കൂടുതൽ അനുയായികളെ ആകർഷിക്കാൻ കഴിയുന്ന രീതിയിൽ അദ്ദേഹം ഉയർന്നുവന്നേക്കാം. സംഘടന ഇതിനകംതന്നെ ഒരു ഘടന ഉണ്ടാക്കാൻ തുടങ്ങിയിട്ടുണ്ട് -വക്താക്കളെ നിയമിച്ചുകഴിഞ്ഞു, വൈകാതെ ഭാരവാഹികളുമുണ്ടാവും. എന്തൊക്കെപ്പറഞ്ഞാലും സി.ജെ.പി ഇന്ത്യൻ യുവതയുടെ ശ്രദ്ധയാകർഷിച്ചുകഴിഞ്ഞു, ഈ ആകർഷണീയത ശാശ്വത സ്വാധീനമാക്കി മാറ്റാൻ കഴിയുമോ അതോ ഇന്ന് കണ്ട് നാളെ അപ്രത്യക്ഷമാവുന്ന വെറുമൊരു മീം ആയി ഒടുങ്ങുമോ എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.
(മുതിർന്ന മാധ്യമ പ്രവർത്തകനും ദ വയർ സ്ഥാപക എഡിറ്ററുമായ സിദ്ധാർഥ് ഭാട്ടിയ theindiacable.comൽ എഴുതിയത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

