രാം നാരായണിനോട് നാം ചെയ്തത്
text_fieldsകൊലപാതകം നടത്തിയതിന് ശേഷം അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരിൽ നാലാളും ആർ.എസ്.എസ് പ്രവർത്തകരോ അനുഭാവികളോ ആണ്. കൂടാതെ ചിലർ നേരത്തേ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. ഇനിയും സ്ത്രീകളടക്കം പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അറിയാൻ കഴിഞ്ഞു. അടിസ്ഥാനപരമായി സംഘ്പരിവാർ ആണ് ഈ ആക്രമണം നടത്തിയത് എന്ന് വ്യക്തം.
ഡിസംബർ 19ന് ഒരു പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടി തൃശൂരിലേക്ക് പോകുന്നതിനിടയിലാണ് ഈ കൊലപാതകത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞത്. അപ്പോഴാണ് അബ്ദുൽ ജബ്ബാർ വിളിക്കുന്നത്. അബ്ദുൽ ജബ്ബാർ മംഗലാപുരത്തു നടന്ന ആൾക്കൂട്ട കൊലപാതകത്തിന് ഇരയായ അഷ്റഫിന്റെ സഹോദരനാണ്. രാം നാരായണിന്റെ മൃതശരീരം വാളയാറിൽനിന്ന് തൃശൂർ മെഡിക്കൽ കോളജിൽ എത്തിയിട്ടുണ്ട് എന്നറിഞ്ഞപ്പോൾ അദ്ദേഹം അവിടെ എത്തിച്ചേർന്നതാണ്. സ്വന്തം സഹോദരന്റെ മൃതശരീരം അനാഥമായി കിടന്ന അനുഭവത്തിന്റെ ഓർമകളാവാം അദ്ദേഹത്തെ അതിന് പ്രേരിപ്പിച്ചത്. അബ്ദുൽ ജബ്ബാർ എന്നെ വിളിച്ചതിനു ശേഷമാണ് പൊതുപ്രവർത്തകരായ എന്റെ മറ്റു സുഹൃത്തുക്കളെ വിളിച്ച് കാര്യം പറയുന്നത്. അവർ എത്തുമ്പോൾ അവിടെ ഉണ്ടായിരുന്ന ഛത്തിസ്ഗഢ് സ്വദേശി പറഞ്ഞത് ‘‘25,000 രൂപ കൊടുക്കുകയാണെങ്കിൽ മൃതശരീരം ഛത്തിസ്ഗഢിലേക്ക് പാർസൽ ചെയ്യാം’’ എന്ന് പൊലീസ് പറഞ്ഞെന്നാണ്. മൃതശരീരം വാളയാറിൽനിന്ന് തൃശൂർ മെഡിക്കൽ കോളജിൽ എത്തിക്കാനുള്ള ആംബുലൻസിന്റെ വാടക ഈ ബന്ധുവിന്റെ കൈയിൽനിന്ന് പൊലീസ് വാങ്ങുകയും ചെയ്തിരുന്നു. ജബ്ബാറും മറ്റുള്ളവരും അവിടെ എത്തിയില്ലായിരുന്നെങ്കിൽ പൊലീസ് മൃതശരീരം ‘പാർസൽ’ ചെയ്തേനെ.
കൊലപാതകം നടത്തുന്നതിന്റെ വിഡിയോയിൽ ‘നീ ബംഗ്ലാദേശിയാണോ’ എന്ന് ആവർത്തിച്ചു ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ കാണാൻ കഴിയും. അപ്പോൾ രാം നാരായണൻ തന്റെ ഗ്രാമത്തിന്റെയും ജില്ലയുടെയും ഒക്കെ പേരുകൾ പറയുന്നുണ്ട്. എന്നാൽ, അതൊന്നും കേൾക്കാൻ കൊലപാതകികളായ സംഘ്പരിവാർ പ്രവർത്തകർ തയാറാവുന്നില്ല. ഈ വിഡിയോ കാണുന്ന ഏതൊരാൾക്കും അത് ഒരു വംശീയ വിദ്വേഷത്തിന്റെ പേരിൽ നടന്ന കൊലപാതകം ആണെന്ന് മനസ്സിലാക്കാം. എന്തുകൊണ്ടാണ് പൊലീസിന് അത്തരമൊരു സംഭവത്തിന്റെ ഗൗരവം മനസ്സിലാകാതിരിക്കുന്നത്? സാധാരണ കൊലപാതകം നടന്നാൽ രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ ആണ് ചെയ്തിരിക്കുന്നത്. ഇപ്പോൾ എസ്.പി പറയുന്നത് കളവു നടത്തി എന്ന ആരോപണം അന്വേഷിക്കും എന്നൊക്കെയാണ്. നമ്മുടെ നാട്ടിൽ തൊഴിൽ തേടി എത്തിയ ഒരു മനുഷ്യനോട് നമ്മൾ നടത്തിയ വലിയ കുറ്റം മരണ ശേഷവും തുടരുകയാണ്.
ആദ്യം രജിസ്റ്റർ ചെയ്തിരിക്കുന്ന എഫ്.ഐ.ആറുമായി മുന്നോട്ടു പോവുകയാണെങ്കിൽ കുടുംബത്തിന് ഒരു നീതിയും ലഭിക്കില്ല. രണ്ടു കുട്ടികളുള്ള ഒരു കുടുംബം അദ്ദേഹത്തിനുണ്ട്. അമ്മ വാതരോഗം വന്നു തളർന്നുകിടക്കുകയാണ്. വളരെ പ്രതിസന്ധികൾ നേരിടുന്ന ഒരു സാധാരണ കുടുംബമാണ് രാം നാരായണിന്റേത്. അവർക്ക് മതിയായ നഷ്ടപരിഹാരം കിട്ടിയില്ലെങ്കിൽ കുട്ടികളുടെ വിദ്യാഭ്യാസം ഒക്കെ വലിയ പ്രതിസന്ധിയിലാകും. അത് സംഭവിക്കാതെനോക്കേണ്ടത് നമ്മുടെ സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ആൾക്കൂട്ട കൊലപാതകമായി രജിസ്റ്റർ ചെയ്താൽ 2018ല് തഹ്സീന് പൂനാവാല നല്കിയ പൊതുതാല്പര്യ ഹരജി പരിഗണിച്ചുകൊണ്ടുള്ള ഉത്തരവില് സുപ്രീംകോടതി നൽകിയ മാര്ഗനിര്ദേശങ്ങള് പാലിക്കേണ്ടിവരും. അതോടൊപ്പം പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം അനുസരിച്ചുള്ള കേസും രജിസ്റ്റർ ചെയ്യപ്പെടണം. ആദ്യ ദിവസം ഈ സംഭവത്തിൽ നീതി ആവശ്യപ്പെട്ട് രൂപവത്കരിച്ച ആക്ഷൻ കൗൺസിൽ ഈ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. മനുഷ്യാവകാശ പ്രവർത്തകരും പല സംഘടനകളും അതിന്റെ ഭാഗമാവുകയും സംയമനത്തോടെ പ്രവർത്തിക്കുകയും ചെയ്തു. ഒരുപക്ഷേ, ജബ്ബാർ അവിടെ സമയോചിതമായി ഇടപെട്ടില്ലായിരുന്നെങ്കിൽ മൃതശരീരം ഛത്തിസ്ഗഢിലേക്ക് അയക്കുകയും കേസിന്റെ ഗൗരവം ഇല്ലാതായിപ്പോവുകയും ചെയ്യുമായിരുന്നു.
മരണം നടന്നതിന്റെ പിറ്റേ ദിവസമാണ് തൃശൂർ മെഡിക്കൽ കോളജിൽ ബോഡി പോസ്റ്റ്മോർട്ടം നടത്തി നാട്ടിലേക്ക് അയക്കാനുള്ള ശ്രമം നടക്കുന്നത്. അന്ന് വൈകീട്ടുതന്നെ ഞാൻ ജബ്ബാറിനെ കണ്ടു. തൊട്ട ദിവസം മനുഷ്യാവകാശ പ്രവർത്തകരുടെ പ്രതിഷേധം നടക്കുന്നുണ്ട്. അന്നെനിക്ക് എത്താനായില്ലെങ്കിലും ജബ്ബാറുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. പിറ്റേന്ന് രാവിലെത്തന്നെ ഞാൻ തൃശൂരെത്തി. ജബ്ബാറും എത്തി. രാം നാരായണന്റെ ബന്ധുക്കളെ കണ്ടു. അന്നായിരുന്നു കുടുംബം ഛത്തിസ്ഗഢിൽനിന്ന് തൃശൂരിൽ എത്തുന്നത്, ഉച്ചക്ക് രണ്ട് മണിയോടെ. ജനറൽ കമ്പാർട്ട്മെന്റിൽ മൂന്ന് ട്രെയിനുകൾ കയറിയിറങ്ങിയാണ് അവർ ചെറിയ കുട്ടികളോടൊപ്പം തൃശൂരിൽ എത്തുന്നത്. ശാരീരികമായും മാനസികമായും ഏറെ തളർന്ന അവസ്ഥയിൽ ആയിരുന്നു അവർ. വെൽഫെയർ പാർട്ടി ഓഫിസിലെത്തിച്ച് അവർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകിയ ശേഷമാണ് അവരെ മോർച്ചറിയിൽ എത്തിക്കുന്നത്. വളരെ വൈകാരികമായ രംഗങ്ങൾക്കാണ് സാക്ഷിയായത്. അവരുടെ കൂടെ ഉണ്ടായിരുന്ന ഒരാൾക്ക് കാര്യങ്ങളുടെ ഗൗരവവും നിയമവശങ്ങളുമൊക്കെ മനസ്സിലാക്കാൻ പറ്റുന്നുണ്ടായിരുന്നു. അദ്ദേഹം ഛത്തിസ്ഗഢിലെ അദ്ദേഹത്തിന്റെ സമുദായ നേതാവുമായും ആഭ്യന്തര മന്ത്രിയുമായുമൊക്കെ സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഛത്തിസ്ഗഢ് സർക്കാർ വളരെ കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു. അവിടത്തെ കലക്ടർ പാലക്കാട് കലക്ടറെ ബന്ധപ്പെടുകയും കാര്യങ്ങൾ അന്വേഷിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാൽ, മംഗലാപുരത്ത് അഷ്റഫ് കൊല്ലപ്പെട്ടിട്ട് മൃതദേഹം കേരളത്തിൽ എത്തിയപ്പോൾ അത് സ്വീകരിക്കാനോ കുടുംബത്തിനെ ആശ്വസിപ്പിക്കാനോ കേരള സർക്കാർ ഉണ്ടായിരുന്നില്ല എന്ന കാര്യം ഈ അവസരത്തിൽ ഞാൻ ഓർക്കുകയാണ്. അവസാനം അഷ്റഫിന്റെ ഉമ്മ അപേക്ഷ കൊടുത്തിട്ടാണ് ഭരണകൂടം അതിൽ ഇടപെടുന്നത്.
ഛത്തിസ്ഗഢിൽനിന്ന് ഈ കുടുംബം ഇവിടെ എത്തുമ്പോൾ ഭരണകൂടത്തിന്റെ ഒരു പ്രതിനിധിയെങ്കിലും തൃശൂരിൽ എത്തേണ്ടതായിരുന്നു. കുടുംബം എത്തിയപ്പോൾ പൊലീസ് മൃതദേഹം കുടുംബത്തിന് കൈമാറാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് ശരിയായ നിയമ നടപടികൾ പൂർത്തിയാക്കാതെ മൃതദേഹം സ്വീകരിക്കുകയില്ലെന്ന് കുടുംബം അറിയിച്ചത്. ആക്ഷൻ കൗൺസിലിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂ എന്ന തീരുമാനത്തിൽ എല്ലാവരും എത്തിച്ചേർന്നു. അപ്പോൾ കേരളത്തിലെ പല മാധ്യമ പ്രതിനിധികളും അവിടെ എത്തുന്നുണ്ട്. അവരിൽ ചിലർ ചോദിച്ചത് നഷ്ടപരിഹാര തുക ലഭിക്കാൻ വേണ്ടിയാണോ കാത്തിരിക്കുന്നത് എന്നായിരുന്നു.
ഉച്ചക്ക് മൂന്ന് മണിക്കാണ് കുടുംബം മോർച്ചറിയുടെ മുന്നിൽ എത്തുന്നത്. വൈകീട്ട് ഏഴു മണിയോടെ പാലക്കാട്ടുനിന്ന് ആർ.ഡി.ഒ വന്നു. കുടുംബത്തിന്റെ ആവശ്യങ്ങൾ സർക്കാറിനെ അറിയിക്കുമെന്നും മൃദദേഹം കുടുംബം ഏറ്റുവാങ്ങണം എന്നൊക്കെയാണ് ആദ്യം അദ്ദേഹം പറഞ്ഞത്. വാക്കാൽ ഉള്ള ഉറപ്പുകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് അപ്പോൾതന്നെ അദ്ദേഹത്തെ അറിയിച്ചു. രേഖാമൂലമുള്ള ഉറപ്പു തരാമെന്ന് ആർ.ഡി.ഒ പറഞ്ഞു. എഫ്.ഐ.ആർ പ്രശ്നം പരിഹരിക്കാം എന്നും കലക്റ്ററോട് സംസാരിച്ച ശേഷം തീരുമാനിച്ചു. നഷ്ടപരിഹാരത്തിന്റെ തീരുമാനം കാബിനറ്റ് യോഗം ചേർന്ന് മാത്രമേ എടുക്കാൻ പറ്റുകയുള്ളൂ എന്നും ഞങ്ങളെ അറിയിച്ചു.
രാത്രി 10 മണിക്ക് ശേഷമാണ് തൃശൂരിൽനിന്ന് കലക്ടറുടെ നിർദേശപ്രകാരം ഡെപ്യൂട്ടി കലക്ടർ എത്തുന്നത്. നേരത്തേ ആർ.ഡി.ഒ പറഞ്ഞ കാര്യങ്ങളൊക്കെ അദ്ദേഹവും ആവർത്തിക്കുകയും മിനിറ്റ്സ് ചെയ്യുകയും ചെയ്തു. നഷ്ടപരിഹാരം സംബന്ധിച്ച് തൃശൂരിൽനിന്നുള്ള മന്ത്രി കെ. രാജന്റെ ഉറപ്പില്ലാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്നു ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചു. മുഖ്യമന്ത്രി അപ്പോൾ ചെന്നൈയിൽ ആയിരുന്നു. അടുത്ത ദിവസം രാവിലെ അദ്ദേഹവുമായി സംസാരിച്ച ശേഷം കാര്യങ്ങൾ തീരുമാനിക്കാം എന്നായിരുന്നു അപ്പോൾ കിട്ടിയ വിവരം.
കൊലപാതകം നടത്തിയതിന് ശേഷം അറസ്റ്റു ചെയ്യപ്പെട്ട അഞ്ചുപേരിൽ നാലാളും ആർ.എസ്.എസ് പ്രവർത്തകരോ അനുഭാവികളോ ആണ്. കൂടാതെ ചിലർ നേരത്തേ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്. ഇനിയും സ്ത്രീകളടക്കം പതിനഞ്ചോളം പേരെ അറസ്റ്റ് ചെയ്യാനുണ്ടെന്നും അറിയാൻ കഴിഞ്ഞു. അടിസ്ഥാനപരമായി സംഘ്പരിവാർ ആണ് ഈ ആക്രമണം നടത്തിയത് എന്ന് വ്യക്തമാണ്. ഇവരുടെ പങ്ക് മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു എന്ന് മന്ത്രി എം.ബി. രാജേഷ് പറയുകയുണ്ടായി. ആരാണ് അറസ്റ്റു ചെയ്യപ്പെട്ടവരുടെ രാഷ്ട്രീയ പശ്ചാത്തലം മറച്ചുവെക്കാനുള്ള ശ്രമങ്ങൾ നടത്തുന്നത്? അത് നടത്തിയത് സർക്കാർതന്നെയാണ്. കേരളത്തിൽ ഒരു വംശീയ വിദ്വേഷ കൊലപാതകം നടന്നിട്ട് അഞ്ചു ദിവസം വേണ്ടിവന്നു കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാറിന് അതിൽ ഇടപെടാൻ. അഞ്ചു ദിവസം മൃതശരീരം മോർച്ചറിയിൽ കിടത്തേണ്ടിവന്നു എന്നത് ഗുരുതരമായ പ്രശ്നമാണ്. സർക്കാറിന്റെ കെടുകാര്യസ്ഥതയുടെ അങ്ങേത്തലയാണ് നമ്മൾ കണ്ടത്. ആൾക്കൂട്ട കൊലപാതകത്തിനു കേസെടുക്കാതെ വെറും കൊലപാതകമാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിൽ മുഴുവൻ ഭരണകൂട സംവിധാനങ്ങൾക്കും ഉത്തരവാദിത്തം ഉണ്ട്.
കേരളത്തിൽ നടക്കുന്ന ആദ്യത്തെ വംശീയ വിദ്വേഷ കൊലയല്ല ഇപ്പോൾ നടന്നിരിക്കുന്നത് എന്നും നേരത്തേ സമാന രീതിയിൽ നടന്ന ചില കൊലപാതകങ്ങൾ ആൾക്കൂട്ട കൊലപാതകമായി കണക്കാക്കാത്തതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്നും പലരും ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

