പ്രകൃതിയെ മറന്ന വികസനത്തിന്റെ വില
text_fieldsകേരളത്തിൽ ഇപ്പോൾ പെയ്തിറങ്ങുന്ന അതിശക്തമായ മഴ പെട്ടെന്നുള്ള പ്രളയം, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, തീരദേശ വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങൾക്ക് കാരണമാകുകയാണ്. ഒരുകാലത്ത് നൂറു വർഷത്തിലൊരിക്കൽ മാത്രം പ്രതീക്ഷിച്ചിരുന്ന ദുരന്തങ്ങൾ ഇപ്പോൾ വർഷംതോറും ആവർത്തിക്കുന്നു.
പ്രളയവും മണ്ണിടിച്ചിലും ഉരുൾപൊട്ടലും വർധിച്ചതിന് അതിതീവ്ര മഴയുടെ വർധന, പശ്ചിമഘട്ടത്തിലെ വനനശീകരണവും മലഞ്ചെരിവുകളുടെ അസ്ഥിരതയും, കുന്നുകളും മലഞ്ചെരിവുകളും ഇടിച്ചുള്ള അനിയന്ത്രിത നിർമാണങ്ങൾ, നദികളുടെയും തോടുകളുടെയും സ്വാഭാവിക ഒഴുക്കിന് തടസ്സം സൃഷ്ടിക്കുന്ന കൈയേറ്റങ്ങളും നിർമാണങ്ങളും, നദികളിൽ അമിതമായി എക്കലും ചെളിയും അടിഞ്ഞുകൂടുന്നത് മൂലമുള്ള ജലവഹനശേഷിക്കുറവ്, തണ്ണീർത്തടങ്ങളും നെൽവയലുകളും വ്യാപകമായി നികത്തൽ, നഗരവൽക്കരണത്തെ തുടർന്ന് മഴവെള്ളം മണ്ണിലേക്ക് ഇറങ്ങാനുള്ള അവസരം കുറയൽ, അപര്യാപ്തമായ മഴവെള്ള ഡ്രെയിനേജ് സംവിധാനങ്ങൾ, അനധികൃത ഭൂവിനിയോഗ മാറ്റങ്ങൾ എന്നിങ്ങനെ നിരവധി ഘടകങ്ങൾ ചൂണ്ടിക്കാണിക്കാം. കെട്ടിടനിർമ്മാണത്തിനും ഭൂമി നിരപ്പാക്കുന്നതിനുമായി മേൽമണ്ണ് വ്യാപകമായി നീക്കം ചെയ്യുന്നത് ഇന്ന് കേരളം നേരിടുന്ന മറ്റൊരു ഗുരുതര പരിസ്ഥിതി പ്രശ്നമായിരിക്കുന്നു. മേൽമണ്ണ് നഷ്ടപ്പെടുന്നതോടെ മഴവെള്ളം മണ്ണിലേക്ക് ആഗിരണം ചെയ്യപ്പെടാതെ അതിവേഗത്തിൽ ഉപരിതലത്തിലൂടെ ഒഴുകുകയും, മണ്ണൊലിപ്പും നദികളിലെ ചെളി നിക്ഷേപവും വർധിക്കുകയും ചെയ്യുന്നു. അതുവഴി നദികളുടെ ജലവഹനശേഷി കുറയുകയും പ്രളയത്തിന്റെ തീവ്രത ഗണ്യമായി ഉയരുകയും ചെയ്യുന്നു.
കേരളത്തിലെ പ്രളയങ്ങൾ
കേരളത്തിൽ ഇപ്പോൾ നാല് തരം പ്രളയങ്ങളാണ് ഒന്നിച്ചു അനുഭവപ്പെടുന്നത്:
- നഗരപ്രളയം (Urban Flood): കോൺക്രീറ്റ് നിർമാണങ്ങളുടെ വ്യാപനവും അടഞ്ഞ മഴവെള്ളച്ചാലുകളും കാരണം മഴവെള്ളം ഒഴുകിപ്പോകാൻ കഴിയാതെ നഗരപ്രദേശങ്ങളിൽ രൂപപ്പെടുന്നു.
- അപ്രതീക്ഷിത പ്രളയം (Flash Flood): പശ്ചിമഘട്ടത്തിലും മലയോര മേഖലയിലും അതിതീവ്ര മഴയെ തുടർന്ന് ഏതാനുംമണിക്കൂറുകൾക്കുള്ളിൽ രൂപപ്പെടുന്ന അതിവേഗ പ്രളയമാണിത്. ഇത് പലപ്പോഴും മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും അതുവഴി വലിയ ജീവഹാനിക്കും കാരണമാകുന്നു.
- നദീ പ്രളയം (River Flood): നദികളിൽ എക്കലും ചെളിയും അടിഞ്ഞുകൂടി ജലവഹനശേഷി കുറയുകയോ അതിശക്തമായ മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുകയോ ചെയ്യുമ്പോൾ സംഭവിക്കുന്നത്.
- തീരദേശ പ്രളയം (Coastal Flood): കടൽക്ഷോഭം, ഉയർന്ന തിരമാലകൾ, ചുഴലിക്കാറ്റ്, വേലിയേറ്റം, സമുദ്രനിരപ്പുയർച്ച എന്നിവയുടെ ഫലമായി തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലാകുന്നത്.
- കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഈ നാല് തരം പ്രളയങ്ങളുടെയും തീവ്രത കേരളത്തിൽ വർധിച്ചുവരികയാണ്.
- കേരളത്തിലെ മണ്ണിടിച്ചിൽ
പശ്ചിമഘട്ടത്തിന്റെ പടിഞ്ഞാറോട്ടുള്ള കുത്തനെയുള്ള മലഞ്ചെരിവുകളാണ് കേരളത്തിലെ മണ്ണിടിച്ചിലിന് ഏറ്റവും സാധ്യതയുള്ള പ്രദേശങ്ങൾ. പൊതുവെ ഉരുൾപൊട്ടൽ എന്ന് വിളിക്കുന്ന ഈ ദുരന്തം പലതരം മണ്ണിടിച്ചിലുകളുടെ ഫലമാണ്.
നാല് തരത്തിലുള്ള മണ്ണിടിച്ചിലുകളാണ് കേരളത്തിൽ കണ്ടുവരുന്നത്:
- ഒഴുകുന്ന മണ്ണിടിച്ചിൽ (Debris Flow)
- മറിഞ്ഞുവീഴുന്ന മണ്ണിടിച്ചിൽ (Topple)
- നിരങ്ങിയിറങ്ങുന്ന മണ്ണിടിച്ചിൽ (Translational Slide)
- ചുഴിഞ്ഞിറങ്ങുന്ന മണ്ണിടിച്ചിൽ (Rotational Slide)
- ഇവയിൽ വെള്ളവും മണ്ണും പാറക്കല്ലുകളും മരങ്ങളും അതിവേഗത്തിൽ ചരിവിലൂടെ ഒഴുകിയിറങ്ങുന്ന ഒഴുകുന്ന മണ്ണിടിച്ചിലാണ് (Debris Flow) ഏറ്റവും അപകടകാരി.
ഉരുൾപൊട്ടലിന് ഒരൊറ്റ കാരണമല്ല ഉള്ളത്; പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ നിരവധി ഘടകങ്ങളുടെ സംയുക്തഫലമാണിത്. അതിതീവ്ര മഴയുടെ വർദ്ധന, കുത്തനെയുള്ള ചരിവുകൾ, കട്ടിയുള്ള അപക്ഷയമണ്ണും ലിത്തോമാർജ് (Lithomarge) കളിമണ്ണിന്റെ സാന്നിധ്യവും, വനനശീകരണം, മേൽമണ്ണ് നീക്കം ചെയ്യൽ, കുന്നുകളും മലഞ്ചെരിവുകളും മുറിച്ചുള്ള നിർമാണങ്ങൾ, അനിയന്ത്രിത ക്വാറി പ്രവർത്തനങ്ങൾ, നീർച്ചാലുകളുടെ നാശം, അശാസ്ത്രീയമായ ജലവിനിയോഗം എന്നിവ ചരിവുകളുടെ സ്ഥിരത നഷ്ടപ്പെടുത്തുകയും ഉരുൾപൊട്ടലിന് വഴിയൊരുക്കുകയും ചെയ്യുന്നു. ശാസ്ത്രീയമായ ഭൂവിനിയോഗവും ചരിവുകളുടെ സംരക്ഷണവും കർശനമായ വികസന നിയന്ത്രണങ്ങളും കൊണ്ട് മാത്രമേ ഭാവിയിൽ ഈ ദുരന്തത്തിന്റെ തീവ്രത ലഘൂകരിക്കാനാവൂ.
ദുരന്തസാധ്യത കുറക്കാൻ ചില നിർദേശങ്ങൾ:
- മേൽമണ്ണ് ഖനനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുക.
- അപകടസാധ്യതയുള്ള ചരിവുകളിൽ നിർമാണം നിരോധിക്കുക.
- തണ്ണീർത്തടങ്ങളും വയലുകളും സംരക്ഷിക്കുക.
- നഗരങ്ങളിൽ ശാസ്ത്രീയ മഴവെള്ള ഡ്രെയിനേജ് സംവിധാനം നടപ്പാക്കുക.
- വില്ലേജ് അടിസ്ഥാനത്തിൽ ജനങ്ങൾക്ക് ദുരന്തബോധവൽക്കരണവും മുൻകരുതൽ പരിശീലനവും നൽകുക.
- കുട്ടികളിൽ കൂടുതൽ അവബോധം വളർത്തുക.
- മഴമാപിനികൾ കൂട്ടി കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുക.
കേരളത്തിലെ ഓരോ ഗ്രാമപഞ്ചായത്തിലും തൊഴിൽരഹിതരായ ബിരുദധാരികളിൽ നിന്ന് ഒരാളെ ഗ്രാമ ദുരന്തനിവാരണ ഓഫീസർ ആയി നിയമിക്കുകയും, ഏകദേശം 2,000 പരിശീലനം ലഭിച്ച യുവജനങ്ങളടങ്ങുന്ന സംസ്ഥാനതല ദുരന്തസന്നദ്ധ സേന രൂപവത്കരിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
(കേരള സർവകലാശാല ജിയോളജി
പഠനവകുപ്പിൽ പ്രഫസറാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

