അഭ്യൂഹങ്ങളുടെ പവാർ പ്ലേ
text_fieldsസാമൂഹിക പരിഷ്കരണങ്ങൾക്ക് തുടക്കംകുറിച്ച നാടെന്ന ഖ്യാതിയിൽ അഭിരമിച്ചിരുന്ന മഹാരാഷ്ട്ര ഇപ്പോൾ രാഷ്ട്രീയ അഭ്യൂഹങ്ങളും അപ്രതീക്ഷിത കൂറുമാറ്റ നാടകങ്ങളുമായി പുതു ചരിത്രമെഴുതുകയാണ്. ഉദ്ധവ് സർക്കാറിനെ അട്ടിമറിച്ച് സംസ്ഥാന ഭരണം പിടിക്കാനായി രണ്ടായി പിളർത്തിയ ശരദ് പവാറിന്റെ എൻ.സി.പിയെ വീണ്ടും ഒന്നാക്കാൻ ബി.ജെ.പി ചരട് വലിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ അഭ്യൂഹം. പാർലമെന്റിൽ അംഗബലം കൂട്ടുകയാണ് ലക്ഷ്യം. ആർ.എസ്.എസിന്റെയും മഹാരാഷ്ട്ര ബി.ജെ.പിയിലെ പഴമുറക്കാരുടെയും താൽപര്യങ്ങൾക്ക് വിരുദ്ധമാണ് ഈ നീക്കം. പ്രായോഗിക രാഷ്ട്രീയത്തിന്റെ ആശാനായ ശരദ് പവാർ, ഈ അഭ്യൂഹങ്ങൾക്കിടയിൽ മൗനം പുലർത്തുന്നത് ആശയക്കുഴപ്പം ഇരട്ടിപ്പിക്കുന്നുണ്ട്. താങ്കളുടെ ഉള്ളിലിരിപ്പ് എന്താണെന്ന് ആർക്കെങ്കിലും അറിയാൻ കഴിയുമോ എന്ന ചോദ്യത്തിന് ഒരിക്കൽ സരസമായി പവാർ പ്രതികരിച്ചത് ‘‘അതെനിക്കു പോലും അറിയില്ലല്ലോ’’ എന്നാണ്.
രണ്ട് എൻ.സി.പികളുടെയും ഷിൻഡെ പക്ഷ ശിവസേനയുടെയും നേതാക്കളും ബി.ജെ.പി തന്ത്രജ്ഞരും തമ്മിൽ ഒളിഞ്ഞും തെളിഞ്ഞും കൂടിക്കാഴ്ചകൾ തുടരുന്നതിനിടയിലാണ് ശരദ് പവാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മകൾ സുപ്രിയ സുലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും കൂടിക്കാഴ്ച നടത്തിയത്. അതിന്റെ തുടർച്ചയെന്നോണം ഇരുപക്ഷ എൻ.സി.പി നേതാക്കളും അമിത് ഷായെ കണ്ടു. എൻ.സി.പികൾ ലയിച്ച് എൻ.ഡി.എ പക്ഷത്ത് ചേരുമെന്ന തോന്നൽ ശക്തമായിരിക്കെ ഒറ്റവാക്യംകൊണ്ട് പവാറത് തണുപ്പിച്ചു; അങ്ങനെയൊരു ചോദ്യത്തിനേ പ്രസക്തിയില്ലെന്നായിരുന്നു പവാറിന്റെ പ്രതികരണം.
എട്ട് എം.പിമാരുള്ള പവാർ പക്ഷത്തെ ബി.ജെ.പിക്ക് വേണം. എന്നാലത് രണ്ട് എൻ.സി.പിയും ലയിച്ചിട്ടു മതിയെന്നാണ് ബി.ജെ.പിയുടെ ഉള്ളിലിരിപ്പ്. എന്നാൽ, ‘ശിവ്-ശാഹു-ഫുലെ-അംബേദ്കർ’ ഫിലോസഫി അടിത്തറയാക്കിയ ശരദ് പവാർ ബി.ജെ.പി സഖ്യത്തിന്റെ ഭാഗമാകുമോ എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഒരു പ്രത്യേക സാഹചര്യത്തിൽ ബി.ജെ.പി സഖ്യത്തിൽ ചേർന്നുവെങ്കിലും ഈ ഫിലോസഫി കൈവിടാതെയാണ് അജിത് പവാർ തന്റെ മരണംവരെയും തുടർന്നത്. അത് പലപ്പോഴും സഖ്യത്തിൽ അജിത് പവാറിന് പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. പ്രത്യക്ഷത്തിൽ രാഷ്ട്രീയ ഗുരുവായ പവാറുമായി വഴിപിരിഞ്ഞെങ്കിലും കുടുംബ കാരണവർ കൂടിയായ പവാറിന്റെ തണലിൽതന്നെയായിരുന്നു അജിത്. എൻ.സി.പി ലയന ചർച്ചക്ക് തുടക്കമിട്ടത് അജിതാണെന്നാണ് പറയപ്പെടുന്നത്. പവാർ പക്ഷത്തെ ജയന്ത് പാട്ടീലുമായി ലയന ചർച്ചകൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു. ലയനത്തിന്റെ വക്കിൽ എത്തിനിൽക്കെയാണ് ജനുവരി 28ന് ജന്മനാടായ ബാരാമതിയിൽ വിമാനം തകർന്ന് അജിതിന്റെ ജീവൻ പൊലിയുന്നത്. അതോടെ ലയന ചർച്ച വാദം അജിത് പക്ഷ നേതാക്കൾ തള്ളി. അങ്ങനെയൊന്ന് നടന്നിട്ടേയില്ല എന്നവർ വാദിച്ചു.
അജിത് മരണപ്പെട്ടതിന്റെ മൂന്നാം നാൾ ഉപമുഖ്യമന്ത്രി പദവും ഒരു മാസത്തിനു ശേഷം പാർട്ടി അധ്യക്ഷ പദവിയും അദ്ദേഹത്തിന്റെ വിധവ സുനേത്ര പവാർ ഏറ്റെടുത്തു. പാർട്ടി ഹൈജാക്ക് ചെയ്യപ്പെടുന്നത് തടയാനാകും തിരക്കിട്ട ഈ നീക്കങ്ങളെന്ന് കരുതപ്പെട്ടു. ലയന ചർച്ച നടന്നിട്ടുണ്ടെങ്കിൽ അതിനെ അട്ടിമറിക്കാൻ ആരാണ് ശ്രമിക്കുന്നതെന്ന ആശയക്കുഴപ്പവുമുണ്ടായി. പാർട്ടി ചുമതലയേറ്റ ഉടൻ, അജിത്തിന്റെ മരണത്തിനും താൻ ചുമതല ഏൽക്കുന്നതിനും ഇടയിലെ കാലയളവിൽ പാർട്ടി നടത്തിയ ആശയവിനിമയങ്ങളെല്ലാം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് കത്തയക്കുകയാണ് സുനേത്ര ആദ്യം ചെയ്തത്. അജിത് മരണപ്പെട്ട സാഹചര്യത്തിൽ പാർട്ടി വർക്കിങ്ങ പ്രസിഡന്റ് പ്രഫുൽ പട്ടേലിന് കൂടുതൽ അധികാരം നൽകുന്ന ഭേദഗതി ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് കമീഷനു നൽകിയത് റദ്ദാക്കാൻ ലക്ഷ്യമിട്ടായിരുന്നു ഇത്. സുനേത്ര തെരഞ്ഞെടുപ്പ് കമീഷന് അയച്ച പാർട്ടി ഭാരവാഹികളുടെ പട്ടികയിൽ ദേശീയ വർക്കിങ് പ്രസിഡന്റ് പ്രഫുല് പട്ടേലും മഹാരാഷ്ട്ര പ്രസിഡന്റ് സുനിൽ തട്ക്കരെയും പദവികളില്ലാത്ത വെറും ഭാരവാഹികൾ മാത്രമായി. അജിതിന്റെ മക്കൾ പാർത്ഥയും ജയും പാർട്ടിയുടെ നിയന്ത്രണം പിടിച്ചടക്കി. ശരദ് പവാറിന്റെ വലംകൈ ആയിരുന്നു പ്രഫുൽ പട്ടേൽ. അതുപോലെ അജിത്തിന്റെ നിഴലായിരുന്നു സുനിൽ തട്കരെ. സുനേത്രയെ അധ്യക്ഷയായി തെരഞ്ഞെടുക്കുകയും പാർട്ടി ഭരണഘടനയിൽ നാല് ഭേദഗതികൾ വരുത്തുകയും ചെയ്ത ദേശീയ എക്സിക്യൂട്ടിവ് യോഗത്തിന്റെ സാധുതയെ ചോദ്യംചെയ്ത് പാർട്ടി ദേശീയ സെക്രട്ടറി സച്ചിദാനന്ദ് സിങ് തന്നെ സുനേത്രക്ക് വക്കീൽ നോട്ടീസയച്ചു. ഭരണഘടനാ ഭേദഗതിയുമായി ബന്ധപ്പെട്ട രേഖകളും വിശദീകരണവും തേടി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ സുനേത്രക്ക് നോട്ടീസ് അയച്ചിരിക്കുകയാണിപ്പോൾ.
ലയന നീക്കത്തിന് തടസ്സം നിൽക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഇപ്പോഴുള്ള ഉത്തരം സുനേത്രയും മക്കളുമാണെന്നാണ്. സുനേത്രയെ മുന്നിലിരുത്തി പാർട്ടിയെ പൂർണമായും കൈയിലൊതുക്കാൻ പാർത്ഥ പവാർ ശ്രമിക്കുന്നതായാണ് വിവരം. പാർട്ടിയിലെ മുതിർന്ന നേതാക്കൾ പലരും അസ്വസ്ഥരാണ്. ബി.ജെ.പി സഖ്യ ഭരണത്തിലെ പ്രതിസന്ധികളും പാർട്ടിയിലെ പ്രതിസന്ധികളും മറികടക്കാനാകുംവിധത്തിലെ പുതിയ നയങ്ങൾ രൂപവത്കരിക്കാൻ പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോറിന്റെ സഹായം തേടിയിരിക്കുകയാണ് സുനേത്ര. കഴിഞ്ഞദിവസം പാർത്ഥക്കൊപ്പം ചാർട്ടേഡ് വിമാനത്തിലാണ് ഡൽഹിയിൽനിന്ന് പ്രശാന്ത് കിഷോർ പറന്നെത്തിയത്. സുനേത്രയുടെ വസതിയിൽ വെച്ച് മറ്റു നേതാക്കളുടെ സാന്നിധ്യമില്ലാതെ ആറുമണിക്കൂർ നീണ്ട ചർച്ചനടന്നു. ഈ കൂടിക്കാഴ്ചക്ക് വേണ്ടി വ്യാഴാഴ്ച ഔദ്യോഗിക പരിപാടികളെല്ലാം സുനേത്ര മാറ്റിവെച്ചിരുന്നു. എട്ട് എം.പിമാരുള്ള ശരദ് പവാർ പക്ഷത്തെ ഒപ്പംകൂട്ടാൻ ബി.ജെ.പി തീരുമാനിക്കുകയാണെങ്കിൽ ലയനത്തിന് വഴങ്ങേണ്ടിവരുമെന്ന് സുനേത്രക്ക് അറിയാം. അങ്ങനെ വന്നാൽ എന്തു നയം സ്വീകരിക്കണമെന്ന ചർച്ച കൂടിയാണിതെന്ന് വിലയിരുത്തപ്പെടുന്നു.
എന്നാൽ, എന്താണ് പവാറിന്റെ മനസ്സിലെന്ന് ആർക്കും പിടികിട്ടുന്നില്ല. ഒരേസമയം ബി.ജെ.പിയുമായും കോൺഗ്രസുമായും വിലപേശുകയാണ് പവാറെന്നാണ് സംശയം. പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കാനും മകൾക്കും തന്റെ വിശ്വസ്തർക്കും മുന്തിയ പരിഗണന ലഭിക്കാനും നടത്തുന്ന സമ്മർദ തന്ത്രങ്ങളായാണ് പവാർ-മോദി കൂടിക്കാഴ്ചകളെ ചിലർ കാണുന്നത്. എല്ലാം കലങ്ങിത്തെളിയാൻ കാത്തിരിക്കുകതന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

