Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightടെലിവിഷൻ രാമായണവും ...

ടെലിവിഷൻ രാമായണവും ഹിന്ദുത്വ അജണ്ടയും

text_fields
bookmark_border
ramayanam
cancel

കൊറോണ ഭീതിയിൽ കഴിയുന്ന ഇന്ത്യൻ മനസ്സിൽ മാനവികതയുടെ ഉദാത്ത മൂല്യങ്ങളല്ല, ഹിംസാത്മകതയും പരവിദ്വേ ഷവുമാണ് അത് കുത്തിവെക്കുന്നത്. 32 വർഷം മുമ്പ് ഈ സീരിയൽ പ്രക്ഷേപിച്ച ആക്രമണോത്സുക പ്രത്യയശാസ്ത്രം പുതുതലമുറയി ൽകൂടി കുത്തിവെക്കാനുള്ള ഈ ഫാഷിസ്​റ്റ്​ തന്ത്രം ജനാധിപത്യവാദികൾ തിരിച്ചറിയേണ്ടതുണ്ട്.

കോവിഡ്-19 രോഗപ് രതിരോധത്തി​​െൻറ ഭാഗമായി വീടുകളിൽ കഴിയുന്നവർക്കുമേൽ കൊറോണ വൈറസിനെക്കാൾ മാരകമായ ഹിന്ദുത്വ അജണ്ട ആസൂത്രിതമായി അടിച്ചേൽപിക്കാനുള്ള ശ്രമത്തിലാണ്​ കേന്ദ്രസർക്കാർ. 1987 മുതൽ 18 മാസക്കാലം ദൂരദർശനിലൂടെ പ്രദർശിപ്പിച്ച രാമായണ പരമ ്പര ‘പൊതുജന ആവശ്യാർഥം’ വീണ്ടും പ്രദർശിപ്പിക്കുകയാണെന്നാണ് വാർത്തവിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്​ദേകർ പറഞ്ഞത്.

1987ൽ രാജീവ്​ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് രാമായണ പരമ്പര ദൂരദർശനിൽ പ്രദർശിപ്പിച്ചത്. ഹിന ്ദു വോട്ടായിരുന്നു രാജീവി​​െൻറ ലക്ഷ്യമെങ്കിലും പരമ്പര ഗുണം ചെയ്തത് ബി.ജെ.പിക്കായിരുന്നു. സംഘ്പരിവാർ, രാമായണ ടെലിവിഷൻ പരമ്പരയിലൂടെ രൂപപ്പെട്ട ഹൈന്ദവ പുനരുദ്ധാനമനസ്സിനെ കൃത്യമായി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇതേപ്പറ്റി നിരവധി പഠനങ്ങൾ ഉണ്ടായിട്ടുണ്ട്. ചരിത്ര പണ്ഡിത റൊമില ഥാപർ, ന്യൂയോർക്ക് യൂനിവേഴ്സിറ്റിയിലെ പ്രഫ. അരവിന്ദ്​ രാജ് ഗോപാൽ എന്നിവർ ‘ടെലിവിഷൻ രാമായണ’ത്തോട് അക്കാലത്ത് സാമാന്യ ജനത പുലർത്തിയ സമീപനവും തുടർന്ന് ഹിന്ദുത്വവാദത്തിന് അതെങ്ങനെ സഹായകമായി എന്നും വിശദീകരിക്കുന്നുണ്ട്.
ഒരു സാദാ ടെലിവിഷൻ സീരിയൽ കാണുന്ന രീതിയിലായിരുന്നില്ല, ക്ഷേത്രത്തിൽ പോകുന്നതുപോലെ, കുളിച്ചു കുറിതൊട്ട് ഭക്ത്യാദരപൂർവം ടെലിവിഷനു മാല ചാർത്തി തൊഴുകൈയോടെ രാമായണ സീരിയൽ കണ്ട അമ്മൂമ്മമാരെപ്പറ്റിയും ടെലിവിഷൻ പൂജാദികർമങ്ങൾക്ക് വിധേയമാക്കപ്പെട്ടതും അരവിന്ദ്​ രാജഗോപാൽ പറയുന്നുണ്ട്. ഒരുതരം അനുഷ്ഠാനപരത രാമായണ പരമ്പര കാണുന്ന രീതിയിൽ അന്ന് പ്രകടമായിരുന്നു. സീരിയൽ ആരംഭിക്കുന്ന സമയത്തിനനുസരിച്ച് തീവണ്ടി സമയം ക്രമീകരിച്ചതും ഓടുന്ന ബസുകൾ നിർത്തിയിട്ട് ചാനൽ കണ്ടിരുന്നതും അന്ന് വാർത്തകളിലുണ്ടായിരുന്നു.

ഈ സീരിയലിൽ രാമവേഷം ചെയ്ത അരുൺഗോകുലിനെ അങ്ങാടികളിലും മറ്റും ആളുകൾ രാമനായി സങ്കൽപിച്ച് കാൽതൊട്ടു വന്ദിച്ചിരുന്നുവത്രെ. ഈ ഭക്തപ്രേക്ഷകർ രാമായണ സീരിയൽ കണ്ടത് പതിവ് രീതിയിൽനിന്ന് വ്യത്യസ്തമായി, യാഥാർഥ്യം കൺമുമ്പിൽ കാണുകയാണെന്ന പ്രതീതിയോടെയായിരുന്നു. തങ്ങളുടെ സ്വീകരണമുറികളിലേക്കും പൂജാമുറികളിലേക്കും ദേവീദേവന്മാർ ഇറങ്ങി വരുന്നതായാണ് അവർക്കനുഭവപ്പെട്ടത്. ഈയൊരു മനോനിലയെ സംഘ്​പരിവാർ സമർഥമായി ഉപയോഗപ്പെടുത്തിയതി​​െൻറ ഭാഗമായിരുന്നു എൽ.കെ. അദ്വാനിയുടെ രഥയാത്ര. ‘രഥയാത്ര’ പോലുള്ള ബിംബങ്ങൾ അബോധത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു ജനതയെ എൽ.കെ. അദ്വാനി നടത്തിയ വർഗീയതേരോട്ടം അതിവേഗം കീഴടക്കി.

രാമായണ സീരിയലി​​െൻറ ഒടുവിലൊരിടത്ത് രാമൻ ജന്മഭൂമിയിൽനിന്ന് കുറച്ച് മണ്ണെടുത്ത് യാത്ര തിരിക്കുന്ന ഒരു രംഗമുണ്ട്. വാസ്തവത്തിൽ വാല്​മീകി രാമായണത്തിൽ ഇല്ലാത്ത ഭാഗമാണത്. ഇത്തരം കൂട്ടിച്ചേർക്കലുകൾ വളരെ ആസൂത്രിതമായിരുന്നു എന്ന് പിന്നീട് തെളിഞ്ഞു. ‘അയോധ്യയിലേക്ക് ഒരു ഇഷ്​ടികയും ഒരു കല്ലും’ തുടങ്ങിയ സംഘ്പരിവാർ കാമ്പയിനുകൾ ഓർക്കുക. സൂക്ഷ്മാർഥത്തിൽ, ബാബരി മസ്ജിദ് തകർക്കുന്നതിൽപോലും ഈ സീരിയൽ സ്വാധീനിച്ചിട്ടുണ്ട്​. ക്ഷേത്രനിർമാണത്തിന് നിയമസാധുത കിട്ടിയ വർത്തമാനകാലത്തും രാമായണ സീരിയലി​​െൻറ ഹാങ്ങോവർ പരിവാറിനെ വിട്ടു പോയിട്ടില്ല. മോദി-അമിത്​ ഷാമാർ അവർക്ക് അബോധത്തിൽ രാമ- ലക്ഷ്മണന്മാരെ പോലെ രക്ഷകരാണ്. ടെലിവിഷൻ രാമായണം വാല്മീകി രാമായണത്തെ ‘ആധികാരിക പാഠ’മായി അവതരിപ്പിക്കുമ്പോൾ, ഫലത്തിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളവും ഏഷ്യൻ രാജ്യങ്ങളിൽ പലേടത്തും നിലനിൽക്കുന്ന അസംഖ്യം രാമായണ പാഠങ്ങളെ റദ്ദുചെയ്യുന്നതും രാമായണത്തെ ഒരൊറ്റ പാഠത്തിലേക്ക് ചുരുക്കുകയുമാണ് ചെയ്യുന്നത്. ഇത് രാമായണങ്ങൾക്കു മേലുള്ള കടന്നുകയറ്റമാണെന്ന് റൊമില ഥാപർ സമർഥിക്കുന്നു.

ശ്രീരാമദാസ ഗൗഡർ ‘ഹിന്ദുത്വം’ എന്ന ഗ്രന്ഥത്തിൽ 19 മഹർഷിമാർ രചിച്ച രാമായണങ്ങളുടെ രത്നച്ചുരുക്കം നൽകിയിട്ടുണ്ട്. അതിൽ കാലത്തെ അതിജീവിച്ച ക്ലാസിക് രചനയാണ് വാല്​മീകി രാമായണം. ഇവ കൂടാതെ ബൗദ്ധരാമായണ കൃതികളായ ‘ബൗദ്ധ ദശരഥജാതകം’, ‘ബൗദ്ധ അനാമകം ജാതകം’, ഇന്തോനേഷ്യയിലും മലേഷ്യയിലും ഫിലിപ്പീൻസിലും മറ്റും മുസ്​ലിം രാമായണപാഠങ്ങൾ, ഇന്ത്യയിലെ നിരവധി ദലിത്-ആദിവാസി വിഭാഗങ്ങൾക്കിടയിലെ രാമായണ വാമൊഴിരൂപങ്ങൾ, സ്ത്രീപക്ഷ രാമായണപാഠങ്ങൾ, രാവണനെ നായകനായും രാമനെ പ്രതിനായകനുമായി ചിത്രീകരിക്കുന്ന ഒട്ടേറെ രാമായണ പാഠങ്ങൾ തുടങ്ങി രാമായണത്തിന്​ നിരവധി വകഭേദങ്ങളുണ്ട്​. ‘രാമകഥ ഉത്ഭവവും വളർച്ചയും’ എന്ന വിഖ്യാതഗവേഷണപ്രബന്ധത്തിൽ മുന്നൂറ് രാമായണങ്ങളെ ഫാദർ കാമിൽ ബുൽക്കെ ആഴത്തിൽ വിശകലനം ചെയ്യുന്നുണ്ട്​.

ടെലിവിഷൻ രാമായണം ബഹുസ്വരമായ ഈ പാഠ വൈവിധ്യത്തെയാണ് റദ്ദുചെയ്യുന്നതെന്ന് റൊമില ഥാപർ ചൂണ്ടിക്കാട്ടുന്നു. പകരം സംഘ്പരിവാറി​​െൻറ ആക്രമണോത്സുക ദേശീയസങ്കൽപത്തിന്​ അനുരൂപനായ വില്ലുകുലച്ചുനിൽക്കുന്ന രാമനെയാണ് അവർ പ്രതിഷ്ഠിക്കുന്നത്. രമിപ്പിക്കുന്ന രാമനു പകരം ആക്രമണോത്സുകനായ രാമനെയാണ് സീരിയൽ രാമായണം പ്രതിഷ്ഠിക്കുന്നത്. കൊറോണ ഭീതിയിൽ കഴിയുന്ന ഇന്ത്യൻ മനസ്സിൽ മാനവികതയുടെ ഉദാത്ത മൂല്യങ്ങളല്ല, ഹിംസാത്മകതയും പരവിദ്വേഷവുമാണ് അത് കുത്തിവെക്കുന്നത്. 32 വർഷം മുമ്പ് ഈ സീരിയൽ പ്രക്ഷേപിച്ച ആക്രമണോത്സുക പ്രത്യയശാസ്ത്രം പുതുതലമുറയിൽ കൂടി കുത്തിവെക്കാനുള്ള ഈ ഫാഷിസ്​റ്റ്​ തന്ത്രം ജനാധിപത്യവാദികൾ തിരിച്ചറിയേണ്ടതുണ്ട്.

Show Full Article
TAGS:ramayanam Hinduthwa Ramayana serial opinion malayalam news 
News Summary - Television ramayanam and hinduthwa agenda-Opinion
Next Story