തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥികൾ ഉയർത്തുന്ന ചോദ്യങ്ങൾ 

കെ.എ. ഷാജി 
07:27 AM
27/12/2019
യനദൻ

തമിഴ്‌നാട്ടിൽ സേലത്തിനടുത്ത് പവലത്താനൂർ അഭയാർഥി ക്യാമ്പിൽ എത്തുമ്പോൾ യനദന് പ്രായം കഷ്​ടി ഒരു വയസ്സായിരുന്നു. സിംഹള വംശീയവെറി കരാളമായ അവസ്ഥയിൽ എത്തുകയും വടക്കൻ ശ്രീലങ്കയിലെ തമിഴ് സംസാരിക്കുന്ന ജനങ്ങളുടെ മേലുള്ള അധിനിവേശം ഏതാണ്ട് പൂർണമാവുകയും ചെയ്ത ദിനങ്ങളിൽ കൈക്കുഞ്ഞിനെയുമെടുത്ത് അയാളുടെ അച്ഛനും അമ്മയും രാത്രിയുടെ ഇരുട്ടിൽ രാമേശ്വരം വഴി മുക്കുവരുടെ ബോട്ടിൽ കടൽകടന്നു പോന്നതാണ്. അന്ന് നാലു വയസ്സുള്ള മൂത്തസഹോദരനും യനദനൊപ്പം ഉണ്ടായിരുന്നു. ശ്രീലങ്കൻ നാവികസേനയുടെ തോക്കിനിരയാകാതെ അവർ അതുവരെ കേട്ടുകേൾവി മാത്രമായിരുന്ന ഇന്ത്യയിലെത്തി. 

ഇപ്പോൾ യനദന് പ്രായം 28. ഇന്ത്യൻ പാർലമ​െൻറ്​ പൗരത്വ ഭേദഗതി നിയമം പാസാക്കിയതി​​െൻറ പിറ്റേദിവസം അയാൾ സേലം ജില്ല കലക്​ടറെ കാണാനെത്തി. ആവശ്യം കേട്ട് കലക്​ടർ ഞെട്ടി. ഹിന്ദുമതവിശ്വാസിയായിട്ടും അയൽരാജ്യമായ ശ്രീലങ്കയിൽ കടുത്ത വിവേചനത്തിനും പീഡനത്തിനും ഇരയായി നാടുവിടേണ്ടിവന്നിട്ടും തനിക്കും കുടുംബത്തിനും പുതുതായി പാസാക്കിയ നിയമം പൗരത്വം നിഷേധിക്കുന്നു. നിയമത്തി​​െൻറ പരിധിയിൽ ശ്രീലങ്കൻ തമിഴ് അഭയാർഥികൾ വരുന്നില്ല. പൗരത്വം കിട്ടുമെന്നുള്ള പ്രതീക്ഷയിലായിരുന്നു ഇതുവരെ. ഇപ്പോൾ അതസ്തമിച്ചു. തിരിച്ച്​ ശ്രീലങ്കയിലേക്കു പോകാൻ വയ്യ. ആഭ്യന്തരയുദ്ധം ഉറ്റവരെയെല്ലാം ഇല്ലാതാക്കി. സ്വത്തുവകകൾ അന്യാധീനപ്പെട്ടു. സത്യത്തിൽ പോകാൻ ഭൂമിയിൽ ഒരിടവുമില്ല. അതുകൊണ്ട് ജില്ല ഭരണകൂടം മുൻകൈയെടുത്ത് ത​​െൻറ ദയാവധം നടത്തിത്തരണം. കലക്​ടർ അപേക്ഷ സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ അയാൾ പുറത്തിറങ്ങി രണ്ടു കോപ്പിയെടുത്തു. ഒരെണ്ണം രാഷ്​ട്രപതി രാംനാഥ് കോവിന്ദിനും അടുത്തത് തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതിനും അയച്ചു. 

ഇത് യനദ​​െൻറ മാത്രം കഥയല്ല. 1983നും 2012നും ഇടയിൽ ആഭ്യന്തരയുദ്ധത്തിൽ എല്ലാം നഷ്​ടപ്പെട്ടവരായി തമിഴ്‌നാട്ടിലെത്തിയ 95,000 ശ്രീലങ്കൻ തമിഴ് വംശജരുടെ നിലവിലെ അവസ്ഥയുടെ പ്രതിനിധിയാണയാൾ. ജനിച്ച മണ്ണിലേക്ക് തിരിച്ചുവിളിക്കാൻ അവർക്കവിടെ ഒന്നും ശേഷിക്കുന്നില്ല. ബാല്യവും കൗമാരവും ഇന്ത്യയിൽ ചെലവിട്ട ഒരു വലിയനിര യുവത്വം പൗരത്വ നിയമമുണ്ടാക്കിയ കടുത്ത നിരാശയിൽ ഇന്ന് തമിഴ്‌നാട്ടിലെ ക്യാമ്പുകളിലുണ്ട്. അവരിൽ ബഹുഭൂരിപക്ഷവും ഹിന്ദുമതവിശ്വാസികൾ. വിശ്വാസങ്ങളിലും ആചാരങ്ങളിലും ജീവിതരീതിയിലും ഇന്ത്യയിലെ ഹിന്ദുക്കളിൽനിന്ന്​ ഒരു വ്യത്യാസവും ഇല്ലാത്തവർ. 

‘‘കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ഏറ്റവും കൂടുതൽ ഹിന്ദുക്കൾ കടുത്ത പീഡനത്തിനും വംശീയവെറിക്കും ഇരയായത് മുസ്​ലിം രാജ്യങ്ങളായ അഫ്ഗാനിസ്​താനിലോ പാകിസ്​താനിലോ ബംഗ്ലാദേശിലോ അല്ല; ബുദ്ധമതക്കാരായ സിംഹളർ ഭരിക്കുന്ന ശ്രീലങ്കയിലാണ്. അവിടെ ഹിന്ദുക്കളും മുസ്​ലിംകളും ഒരേപോലെ ഇന്നും കടുത്ത വിവേചനം നേരിടുന്നു. എന്നിട്ടും ഞങ്ങൾ പൗരത്വപ്പട്ടികക്ക്​ പുറത്തുനിൽക്കുന്നു. ഇന്ത്യയിലെ ഭരണാധികാരികൾക്ക്​ ഏറ്റവും വലിയ സൗഹൃദം വംശവെറിയുള്ള സിംഹളരോടാണുതാനും. ഞങ്ങളോട് കാണിച്ചത് കടുത്ത അനീതിയാണ്’’ -യനദൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം മുസ്​ലിംവിരുദ്ധതയും ദുഷ്​ടലാക്കുകളുംകൊണ്ട് രാജ്യമാകെ വലിയ പ്രതിഷേധം ഉണ്ടാക്കുമ്പോൾ ശ്രീലങ്കൻ തമിഴ്സമൂഹം പറയുന്നത് ഭൂരിപക്ഷം പീഡിതരായ ഹിന്ദുക്കളെപ്പോലും ആ നിയമം ഉൾക്കൊള്ളുന്നില്ല എന്നാണ്. 

തമിഴ്‌നാട്ടിൽ അങ്ങോളമിങ്ങോളമായി 107 ശ്രീലങ്കൻ തമിഴ് അഭയാർഥി ക്യാമ്പുകളാണുള്ളത്. അവയിലായി 60,000 പേർ ആർക്കും വേണ്ടാത്തവരായി ജീവിക്കുന്നു. ബാക്കിവരുന്നവർ ചുമടെടുത്തും കൂലിപ്പണി ചെയ്തും തമിഴ്‌നാടി​​െൻറ ഇതര ഭാഗങ്ങളിൽ ജീവിക്കുന്നു. തൊട്ടടുത്ത പൊലീസ് സ്​റ്റേഷനിൽ മാസത്തിൽ ഒരുതവണ പോയി ഒപ്പിടണം എന്നതൊഴിച്ചാൽ ഒരുവിധ സർക്കാർ ആനുകൂല്യവും ക്യാമ്പുകൾക്കു പുറത്തുള്ളവർക്കില്ല. രാജ്യത്ത് ക്യാമ്പുകളിൽ ജീവിക്കുന്ന ഏറ്റവും വലിയ അഭയാർഥിസമൂഹമാണ് ശ്രീലങ്കൻ തമിഴർ. 

പവലത്താനൂർ ക്യാമ്പിൽ മാത്രം 800 പേരുണ്ട്. നിയമം പാസാക്കപ്പെടുന്നതുവരെ ബി.ജെ.പിയുടെ സഖ്യകക്ഷിയും തമിഴ്‌നാട്ടിലെ ഭരണക്കാരുമായ ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത് ഉടൻ എല്ലാവർക്കും ഇന്ത്യൻ പൗരത്വം നൽകുമെന്നായിരുന്നു. ശ്രീലങ്കൻ തമിഴർക്ക് ഇരട്ട പൗരത്വം വാഗ്ദാനം ചെയ്ത് സംസ്ഥാനഭരണത്തിലെത്തിയ പാർട്ടി അതെല്ലാം വിഴുങ്ങുകയും അത്യന്തം വിവേചനപരമായ നിയമത്തിന്​ അനുകൂലമായി പാർലമ​െൻറിൽ വോട്ട് ചെയ്യുകയും ചെയ്തു. ഈ വിഭാഗത്തെകൂടി നിയമത്തി​​െൻറ പരിധിയിൽ കൊണ്ടുവരാനുള്ള പാർട്ടിയുടെ ആവശ്യം അമിത് ഷാ ഗൗനിച്ചതേയില്ല. യനദനും ക്യാമ്പിലെ അയാളുടെ സുഹൃത്തുക്കളും ഇപ്പോൾ കടുത്ത മാനസികസംഘർഷത്തിലാണ്.

തെങ്കാശിക്കടുത്ത് ചെങ്കോട്ടയിൽ​െവച്ചാണ് കന്തസാമിയെ കണ്ടത്. 43 വയസ്സായി. ഏഴു വയസ്സിൽ ശ്രീലങ്ക വിട്ടതാണ്. നിലവിൽ ഹോട്ടൽതൊഴിലാളിയായി ജോലി ചെയ്യുന്നു. പൗരത്വം ഇല്ലാത്തതിനാൽ ആധാർ കാർഡോ റേഷൻ കാർഡോ ഇല്ല. അതുകൊണ്ടുതന്നെ സർക്കാറി​െൻറ സൗജന്യ അരിപോലും ലഭിക്കുന്നില്ല. ഒരു ദിവസം പണിക്കു പോകാതിരുന്നാൽ ഭാര്യയും രണ്ടു കുഞ്ഞുങ്ങളും വൃദ്ധരായ മാതാപിതാക്കളും ഉള്ള കുടുംബം പട്ടിണിയിലാകും. വന്ന കാലത്ത് ക്യാമ്പിൽ പോകാനായില്ല; പുറത്തു ജീവിച്ചു. ഇനി പുതുതായി ക്യാമ്പിൽ പ്രവേശിക്കാനും ആകില്ല. 

നീലഗിരി ജില്ലയിൽ ഗൂഡല്ലൂരിനടുത്ത് കൊളപ്പള്ളിയിൽ കണ്ടുമുട്ടിയ ആർ. അമുത കമ്പ്യൂട്ടർ സയൻസ് ബിരുദധാരിണിയാണ്. ജനിച്ചതും ജീവിച്ചതും ക്യാമ്പിനു പുറത്താണ്. ‘‘എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ ഞങ്ങൾ ഇന്ത്യയിലെത്തിയതാണ്. ശ്രീലങ്ക എനിക്ക് കേട്ടറിവാണ്. അവിടെ ഞങ്ങൾക്ക് ആരുമില്ല. ഇന്ത്യക്കാരിയായാണ് ഇത്ര നാളും ജീവിച്ചത്. സർക്കാർ പൗരത്വം തരുന്നില്ലെങ്കിൽ അത് ഞങ്ങളിൽ ഉണ്ടാക്കുന്ന വിശ്വാസത്തകർച്ച വലുതാണ്’’ -അമുത പറഞ്ഞു. ക്യാമ്പുകളിലെ ജീവിതവും നരകസമാനമാണ്. ഓരോ സ്ത്രീ അന്തേവാസിക്കും മാസം 1000 രൂപ സർക്കാർ നൽകും. പുരുഷന്മാർക്ക് 750 രൂപയും കുട്ടികൾക്ക് 400 രൂപയുമാണ് നൽകുക. കുട്ടികൾക്ക് ക്യാമ്പിനടുത്തുള്ള സർക്കാർ പള്ളിക്കൂടങ്ങളിൽ പഠിക്കാം. പൗരത്വ ഭേദഗതി നിയമം വന്ന ശേഷം ക്യാമ്പുകളിലെ ഏറ്റവും വലിയ ആശങ്ക ശ്രീലങ്കയിലേക്ക് മടക്കിവിടുമോ എന്നതാണ്. ക്യാമ്പുകളിൽ തൊഴിലവസരങ്ങൾ പരിമിതമാണ്. തയ്യൽപോലുള്ള പണികളിൽ ചെറിയൊരു വിഭാഗം പരിശീലനം നേടിയിട്ടുണ്ട്. ഓരോ ക്യാമ്പിലും മൂന്നു തലമുറകളുണ്ട്. സ്വന്തമായി രാജ്യമില്ലാത്ത തലമുറകൾ. 

പൗരത്വം ആവശ്യപ്പെട്ട് 65 ശ്രീലങ്കൻ അഭയാർഥികൾ മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ചത് അടുത്തിടെയാണ്. ജില്ല കലക്ടർമാരോട് വിഷയം പരിശോധിച്ച് അനുഭാവപൂർണമായ തീരുമാനമെടുക്കാൻ കോടതി നിർദേശിച്ചതുമാണ്. അതനുസരിച്ച്​ അപേക്ഷകൾ നൽകാൻ അഭയാർഥികളോടും കോടതി പറഞ്ഞു. ഇപ്പോഴത്തെ നിയമ ഭേദഗതി വരുന്നത് ഈ വിഷയത്തിൽ കലക്​ടർമാർ തീരുമാനം എടുത്തുവരുന്ന സമയത്താണ്. പുതിയ നിയമം അനുഭാവപൂർണമായ തീരുമാനങ്ങളെ അസാധുവാക്കും. 

ശ്രീലങ്കയിലെ ഉറ്റവരുമായി പുനർബന്ധം സ്ഥാപിക്കാനായ കുറെയാളുകൾ ഇപ്പോൾ ഇവിടെ പൗരത്വം കിട്ടാത്ത അവസ്ഥയിൽ തിരികെ പോകാനും തയാറെടുക്കുകയാണ്. 10 വയസ്സിൽ ജാഫ്നയിൽനിന്നു പോന്ന എസ്. ഹരിചന്ദ്രൻ ചെന്നൈക്കു സമീപം ഗുമ്മിടി പൂണ്ടിയിലെ ക്യാമ്പ് വിട്ട് ജന്മനാട്ടിലേക്കു മടങ്ങാനുള്ള രേഖകൾ ശരിയാക്കിവരുകയാണ്. ‘‘ക്യാമ്പുകളിൽ ഇപ്പോഴും ഭയമാണ്. എല്ലായ്പോഴും ഞങ്ങൾ പൊലീസി​​െൻറയും സർക്കാറി​െൻറയും നിരീക്ഷണത്തിലാണ്. തൊട്ടടുത്ത ടൗണിൽപോലും സ്വതന്ത്രരായി നടക്കാൻ അനുവാദമില്ല. മാധ്യമങ്ങളോട് സംസാരിക്കാൻപോലും വിലക്കുണ്ട്. അടിസ്ഥാന അവകാശങ്ങൾ ഒന്നും ഇവിടെ ലഭ്യമല്ല. കടുത്ത വിവേചനമാണ് ഞങ്ങൾ നേരിടുന്നത്’’ -മണ്ഡപം ക്യാമ്പിലെ മാനിക്കാവാസഗം പറഞ്ഞു.

‘‘ഏറ്റവും കടുത്ത ദുരിതം അനുഭവിക്കുന്ന ഹിന്ദുക്കൾ ശ്രീലങ്കയിൽനിന്നുള്ള തമിഴരാണ്. അവരുടെ ദുരിതം കാണാതെ ഈ സർക്കാർ ഏതു ഹിന്ദുക്കളോടാണ് നീതി ചെയ്യുന്നത്. ഈ മനുഷ്യർ നേരിടുന്നത് കടുത്ത ചൂഷണമാണ്’’ -തമിഴ്‌നാട്ടിലെ പ്രമുഖ മനുഷ്യാവകാശപ്രവർത്തകനായ കൊളത്തൂർ മണി ചൂണ്ടിക്കാട്ടുന്നു. തമിഴ്നാട്ടിലുള്ള അഭയാർഥികളിൽ 25,000 പേർ കുട്ടികളാണ്. ഈ വിഭാഗത്തി​​െൻറ ജനനങ്ങളും മരണങ്ങളും വിവാഹങ്ങളും രജിസ്​റ്റർ ചെയ്യപ്പെടുന്നു​െണ്ടങ്കിലും സർട്ടിഫിക്കറ്റ് ചോദിച്ചാൽ ആർക്കും കൊടുക്കാറില്ല. രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള ആസ്തികൾ ഇവർ കൈവശംവെക്കരുത് എന്നും നിഷ്കർഷയുണ്ട്. 

രാജ്യസഭയിൽ പൗരത്വഭേദഗതി ബില്ലിന് അനുകൂലമായി 125ഉം എതിരായി 105ഉം വോട്ടുകളാണ് ഉണ്ടായത്. അനുകൂലിച്ചുവന്ന 11 വോട്ടുകൾ എ.ഐ.എ.ഡി.എം.കെയുടേതായിരുന്നു. തമിഴ്‍ അഭയാർഥികളെ മറന്ന് കേന്ദ്രത്തി​​െൻറ ഭീഷണിക്കു വഴങ്ങിയ പാർട്ടി നേതൃത്വത്തി​െനതിരെ തമിഴ്‌നാട്ടിൽ വ്യാപകമായ അസംതൃപ്തിയുണ്ട്. ഡി.എം.കെ അതു​െവച്ച് വലിയ പ്രചാരണം നടത്തുന്നുമുണ്ട്.ശ്രീലങ്കൻ അഭയാർഥിപ്രശ്നം എന്നും തമിഴ്‌നാട്ടിൽ വൈകാരികത ഉണർത്തുന്ന വിഷയമാണ്. ശ്രീലങ്കൻ തമിഴ് അഭയാർഥികളും പുറത്തുനിർത്തപ്പെടുന്നു എന്നത് വലിയ ചർച്ചയായി മാറുകയാണ്. മതങ്ങൾക്കും വംശങ്ങൾക്കും അതീതമായി നീതിതന്നെയാണ് ഇവിടെ നടപ്പാക്കപ്പെടേണ്ടത്.
 

Loading...
COMMENTS