വിധി യാഥാസ്ഥിതികം
അഡ്വ. കാളീശ്വരം രാജ്
സോജൻ ഫ്രാൻസിസ് കേസിലെ രണ്ടെണ്ണം ഉൾപ്പെടെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ച് നേരത്തേയും കോടതി വിധികളുണ്ടായിട്ടുണ്ട്. കലാലയ രാഷ്ട്രീയത്തിെൻറ പേരിൽ നടക്കുന്ന അക്രമ സംഭവങ്ങളെയും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളെയും അപലപിക്കാനും തള്ളിപ്പറയാനും തീർച്ചയായും കോടതിക്ക് അധികാരമുണ്ട്. എന്നാൽ, കലാലയങ്ങളിലെ സമാധാനപരമായ സംഘടന പ്രവർത്തനം അപ്പാടെ നിരോധിക്കണമെന്ന് പറയുന്നത് ശരിയല്ല. പൗരന്മാർക്കുള്ള എല്ലാ അവകാശങ്ങൾക്കും അർഹരായ പ്രായപൂർത്തിയായവരാണ് കലാലയങ്ങളിൽ വിദ്യാർഥികളായിട്ടുണ്ടാവുക. അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി സംഘം ചേരാനും ഭരണഘടന അവർക്ക് നൽകുന്ന അവകാശങ്ങൾ നിഷേധിക്കാനാവില്ല. ഇൗ അവകാശങ്ങൾ മറ്റുള്ളവരുടെ അവകാശങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുണ്ടോയെന്നാണ് പരിശോധിക്കേണ്ടത്. നിരോധനമല്ല, ന്യായമായ നിയന്ത്രണങ്ങൾ മാത്രം ഏർപ്പെടുത്താനേ കോടതിക്കും കഴിയൂ.
രാഷ്ട്രീയ പ്രവർത്തനവും പ്രതിഷേധങ്ങളും ജനാധിപത്യ വ്യവസ്ഥയിലെ സ്വാഭാവിക രീതികൾ മാത്രമാണ്. ഉദ്ബുദ്ധമായ രാഷ്്ട്രീയ ചിന്തകളും പ്രവർത്തനങ്ങളും പലപ്പോഴും മറ്റു മണ്ഡലങ്ങളിൽനിന്നുള്ളതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ ഉണ്ടാകുന്നത് കലാലയ അന്തരീക്ഷത്തിൽനിന്നാണ്. കലാലയങ്ങളിലെ രാഷ്്ട്രീയ പ്രവർത്തനങ്ങൾ ജനാധിപത്യത്തിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങൾക്ക് ലോകം മുഴുവൻ ഒേട്ടറെ ഉദാഹരണങ്ങളുണ്ട്. ഇന്ത്യയിലെ ജവഹർലാൽ നെഹ്റു സർവകലാശാല ഉദാഹരണമാണ്. യൂറോപ്പ്, അമേരിക്ക തുടങ്ങിയയിടങ്ങളിലും ഇത് പ്രകടമാണ്. ചൈനയിൽ പോലും ടിയാനൻമെൻ സ്ക്വയറിൽ വിദ്യാർഥികളാണ് പ്രക്ഷോഭവുമായി രംഗത്തു വന്നത്. വിദ്യാർഥി രാഷ്ട്രീയം പലപ്പോഴും ഗുണപരമായ മാറ്റങ്ങളുടെ അടിസ്ഥാനമാകുന്ന കാലഘട്ടത്തിൽ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം പാടില്ലെന്ന ഡിവിഷൻ ബെഞ്ച് ഉത്തരവ് യാഥാസ്ഥിതികമായിപ്പോയി.
( ഹൈകോടതി അഭിഭാഷകനും എഴുത്തുകാരനും)
കലാലയങ്ങളിൽ രാഷ്ട്രീയ
പ്രവർത്തനം തുടരണം
അഡ്വ. തമ്പാൻ തോമസ്
രാഷ്ട്രീയ േപ്രരിതമായ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ സമരത്തിെൻറയും മറ്റും മറവിൽ സമൂഹത്തിന് അസ്വസ്ഥതയുണ്ടാക്കുന്ന ഇന്നത്തെ സാഹചര്യം പരിശോധിച്ചാൽ ഏറെ പ്രസക്തമാണ് ഡിവിഷൻ ബെഞ്ചിെൻറ വിധി. എന്തെങ്കിലും ആവശ്യത്തിെൻറ പേരിൽ ഇന്ന് വിദ്യാർഥി സംഘടനകൾ സമരത്തിനിറങ്ങിയാൽ പൊലീസ് ബാരിക്കേഡ് വരെയായി ഒതുങ്ങിപ്പോകുന്നു.
ബാരിക്കേഡിന് മുകളിലേക്ക് ഒാടിക്കയറലും അതേ തുടർന്നുണ്ടാകുന്ന ലാത്തിയടിയും വെള്ളം ചീറ്റലും കൊണ്ട് ലക്ഷ്യം അവസാനിക്കുന്നു.
സമരങ്ങൾ വെറും ചടങ്ങും നാടകവുമായി മാത്രം മാറുന്നു. തങ്ങൾ നടത്തിയ സമരംകൊണ്ട് ഫലമുണ്ടായോയെന്ന് പോലും പരിശോധിക്കാതെ വീണ്ടും സമരങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു. രാഷ്ട്രീയ അതിപ്രസരം മൂലം മൂല്യശോഷണം നേരിടുകയാണ് വിദ്യാർഥി പ്രസ്ഥാനങ്ങൾ. ഇൗ സാഹചര്യത്തിൽ കോടതിവിധി എല്ലാവരെയും ഏറെ ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.
അതേസമയംതന്നെ കലാലയങ്ങളിൽ രാഷ്ട്രീയ പ്രവർത്തനം വേണ്ടെന്ന കോടതിയുടെ നിലപാടിനോട് യോജിക്കാനാവില്ല. സമാധാനപരമായ സംഘടനാ പ്രവർത്തനങ്ങളിൽനിന്ന് കലാലയങ്ങളെ മുക്തമാക്കാനാവില്ല. കേവലം പാഠപുസ്തകങ്ങൾ പഠിച്ച് പരീക്ഷ എഴുതുന്നതുകൊണ്ട് മാത്രം വിദ്യാഭ്യാസ ജീവിതം പൂർണമാകുന്നില്ല. രാജ്യത്തെ പൗരന്മാരെന്ന നിലയിൽ രാഷ്ട്രീയ ബോധവും ചിന്തയും ചർച്ചകളും സംവാദങ്ങളുമെല്ലാം വിദ്യാർഥികൾക്കിടയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അതിന് കോളജ് കാമ്പസുകളാണ് ഏറ്റവും ഉചിതമായ വേദി. അതിനാൽ, കാമ്പസുകളിൽ രാഷ്ട്രീയമേ വേണ്ടയെന്ന കോടതിയുടെ നിലപാട് അതിരുകടന്നതാണെന്ന കാര്യത്തിൽ സംശയമില്ല.
(മുൻ എം.പിയും ട്രേഡ് യൂനിയൻ
നേതാവും)
വിധി വസ്തുതകൾ മനസ്സിലാക്കാതെ
അഡ്വ. ടി. ആസഫലി
കേരളം ഇന്ന് വിദ്യാഭ്യാസത്തിെൻറ കാര്യത്തിൽ മുന്നിൽ നിൽക്കുന്നുണ്ടെങ്കിൽ അതിനു പിന്നിൽ വിദ്യാർഥി സംഘടനകൾ വഹിച്ച പങ്ക് വളരെ വലുതാണെന്നത് ആർക്കും തള്ളിക്കളയാനാവില്ല. വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകമായ മാറ്റങ്ങൾ സൃഷ്ടിച്ചത് വിദ്യാർഥി സംഘടനകളുടെ ശക്തമായ ഇടപെടൽകൊണ്ടാണ്.
സർവകലാശാലകളിലെ സെനറ്റ്, സിൻഡിക്കേറ്റ്, അക്കാദമിക് കൗൺസിൽ എന്നിവയിൽ വിദ്യാർഥി സംഘടനയുടെ ഇടപെടലിലൂടെ വിദ്യാർഥികൾക്ക് പ്രാതിനിധ്യം നേടിയെടുത്ത ഏഷ്യയിലെ ആദ്യ സർവകലാശാലകളാണ് കേരളയും കാലിക്കറ്റും.
അതിലൂടെ ഒേട്ടറെ കാര്യങ്ങൾ നേടിയെടുക്കാനായിട്ടുണ്ട്. സ്വകാര്യ എയ്ഡഡ് കോളജുകൾ സാധാരണക്കാർക്ക് പ്രാപ്യമാക്കിയതും ഫീസ് നിരക്ക് ഏകീകരിച്ചതും ബസുകളിൽ വിദ്യാർഥികൾക്ക് യാത്രസൗജന്യങ്ങൾ ലഭിച്ചതും വിദ്യാർഥി പ്രസ്ഥാനങ്ങളുടെ ശക്തമായ ഇടപെടലിലൂടെയാണ്. ആവശ്യങ്ങൾ നേടിയെടുക്കാൻ ചിലപ്പോൾ പിക്കറ്റിങ്ങും ധർണയും മറ്റു സമരങ്ങളുമൊക്കെ വേണ്ടിവരും. വിദ്യാർഥി സംഘടനകളുടെ സാന്നിധ്യം കാമ്പസുകളിൽ ഇല്ലെങ്കിൽ മാനേജ്മെൻറുകളുടേയും സർക്കാറിെൻറയും ഉദ്യോഗസ്ഥരുടേയും ചൂഷണങ്ങൾക്ക് വിധേയരാകുന്ന ഒരു സമൂഹമായി വിദ്യാർഥികൾക്ക് മാറേണ്ടിവരും. സാധാരണക്കാർക്ക് വിദ്യാഭ്യാസം കിട്ടാക്കനിയാകും. രാഷ്ട്രീയം ഒാരോ പൗരനും ഉണ്ടാവണം.
ഡോക്ടർക്കും എൻജിനീയർക്കും ജുഡീഷ്യറിയിലുള്ളവർക്കു വരെ രാഷ്ട്രീയം ഉണ്ടാകണമെന്നാണ് അഭിപ്രായം. രാഷ്ട്രീയം പഠിക്കുന്നതു തന്നെ കലാലയങ്ങളിൽനിന്നാണ്. കലാലയങ്ങളിൽ രാഷ്ട്രീയ സംഘടനകളുണ്ടെങ്കിലും ഉത്തരേന്ത്യയിലെ ചിലയിടങ്ങളിലുള്ള പോലെ പരീക്ഷ നടത്തിപ്പിൽ സംഘടനകളോ വിദ്യാർഥികളോ രക്ഷിതാക്കളോ നിയമം ലംഘിച്ച് ഇടപെടുന്ന രീതി ഇവിടെയില്ല. അതിനാൽ, കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിച്ചുകൊണ്ടുള്ള ഡിവിഷൻ ബെഞ്ച് ഉത്തരവ് വസ്തുതകൾ മനസ്സിലാക്കാതെയുള്ളതാണെന്ന് നിസ്സംശയം പറയാം.
(മുൻ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ)
വിദ്യാഭ്യാസ നിലവാരം ഉയർത്തും
ടി.പി.എം ഇബ്രാഹിം ഖാൻ
സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയെ ഗുണപരമായ പുതിയ തലത്തിലേക്ക് എത്തിക്കാൻ സഹായിക്കുന്ന വിധിയാണ് കോടതിയിൽനിന്ന് ഉണ്ടായിട്ടുള്ളത്. ഇത് വിദ്യാഭ്യാസത്തിെൻറ നിലവാരം ഉയർത്താൻ സഹായിക്കും. രാഷ്ട്രീയത്തിന് അതിെൻറതായ പ്രാധാന്യമുണ്ടെങ്കിലും കലാലയങ്ങളിലേക്ക് കക്ഷിരാഷ്ട്രീയമെത്തുേമ്പാൾ പഠനത്തെക്കാളുപരി രാഷ്ട്രീയത്തിന് മേൽെക്കെയുണ്ടാകുന്ന അവസ്ഥയാണുള്ളത്.
വിദ്യാർഥി രാഷ്ട്രീയം പേരിനും പ്രശസ്തിക്കും വേണ്ടി രാഷ്ട്രീയക്കാർ ഉപയോഗിക്കുന്ന അവസ്ഥയുണ്ട്. ഇതോടെ പഠനമെന്ന ലക്ഷ്യത്തിൽനിന്ന് വിദ്യാർഥികൾ വഴിമാറുന്നു. കക്ഷിരാഷ്ട്രീയത്തിെൻറ അതിപ്രസരം വന്നതോടെ കാമ്പസുകൾ സംഘർഷഭരിതമാവുകയും ചെയ്തു.
സംഘടനകൾ തമ്മിൽ അനാവശ്യ മത്സരങ്ങൾക്ക് പുറമെനിന്നുള്ള രാഷ്ട്രീയക്കാർ കുടപിടിക്കുകയാണ്.
പഠനത്തോടൊപ്പം രാഷ്ട്രീയം പാടില്ലെന്ന് കോടതി പറഞ്ഞിട്ടില്ല. പേക്ഷ, രണ്ടുംകൂടി ഒന്നിച്ച് കലാലയത്തിൽ വേണ്ടെന്നേ പറയുന്നുള്ളൂ. കോളജിന് പുറത്ത് വിദ്യാർഥികൾ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതിന് വിലക്കില്ല. രാഷ്ട്രീയ സംഘടനകളില്ലാതെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സ്റ്റുഡൻറ്സ് കാബിനറ്റും ലീഡറും വിദ്യാർഥികളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും നടക്കുമെന്നതിന് തെളിവാണ് സി.ബി.എസ്.ഇ സ്കൂളുകൾ. ഇതേ രീതിയിൽ കോളജ് കാമ്പസുകൾ മാറുന്നതിനും സമാധാനപരമായ പഠനാന്തരീക്ഷം ഉണ്ടാക്കുന്നതിനും കോടതിവിധി സഹായകമാകും.
(കേരള സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെൻറ്
അസോസിയേഷൻ പ്രസിഡൻറ്)