Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഗസ്സയിലെ പട്ടങ്ങളെ...

ഗസ്സയിലെ പട്ടങ്ങളെ പേടിക്കണോ​?

text_fields
bookmark_border
ഗസ്സയിലെ പട്ടങ്ങളെ പേടിക്കണോ​?
cancel

തകർന്ന കെട്ടിടങ്ങൾക്കു മുകളിൽ പാറികളിക്കുന്ന ഒരു പട്ടം, തെരുവിൽ നിന്ന് കുട്ടികളുടെ കൂട്ടം ആവേശപൂർവം ആകാശത്തേക്ക് ഉയർത്തിവിടുന്നവ, അല്ലെങ്കിൽ മറ്റൊരു തരത്തിൽ...ഫലസ്തീൻ കാഴ്ചകളിൽ പട്ടങ്ങൾ കടന്നുവരാത്ത ചിത്രങ്ങളില്ല. അത്രമേൽ ആ ജനതയുടെ ചരിത്രത്തോടും ജീവിതത്തോടും ഇഴുകിച്ചേർന്നതാണ് പട്ടങ്ങൾ.

ആ ചരിത്രത്തിലേക്കാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു രണ്ടു ദിവസം മുമ്പ് വിചിത്രമായൊരു തീരുമാനം പുറപ്പെടുവിച്ചത്. ഗസ്സയില്‍ നിന്നുള്ള പട്ടങ്ങള്‍ യുദ്ധായുധങ്ങളായി കണക്കാക്കുമെന്നും, ഡ്രോണുകള്‍, ബലൂണുകള്‍ എന്നിവ പറത്തുന്നത് തുടര്‍ന്നാല്‍ സൈനിക നടപടികള്‍ സ്വീകരിക്കുമെന്നുമായിരുന്നു മുന്നറിയിപ്പ്.

ഏതാനും ദിവസം മുമ്പ് ഇസ്രായേലിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ കണ്ട പട്ടങ്ങള്‍ക്കു നേരെ സൈന്യം വെടിയുതിർത്തിരുന്നു.പട്ടത്തില്‍ സ്ഫോടക വസ്തുക്കള്‍ ഉണ്ടാകാമെന്ന ഭയത്തിലായിരുന്നു ഇസ്രായേൽ സൈന്യത്തിന്റെ നടപടി. എന്നാൽ അപകടകരമായ ഒന്നും ആ പട്ടങ്ങളിൽ ഉണ്ടായിരുന്നില്ല. ഇസ്രായേലിന്റെ പ്രതികരണം അറിയാന്‍ ഹമാസ് നടത്തുന്ന തന്ത്രപരമായ നീക്കമാണ് അതിർത്തികളിൽ ദൃശ്യമാകുന്ന പട്ടങ്ങൾ എന്നാണ് നെതന്യാഹു അടക്കമുള്ളവരുടെ വിലയിരുത്തല്‍. തീപിടിപ്പിക്കുന്നതോ സ്ഫോടകസ്വഭാവമുള്ളതോ ആയ വസ്തുക്കൾ ഇവ വഹിച്ചേക്കാം എന്നും ഇക്കൂട്ടർ ഭയപ്പെടുന്നു.

ഗസ്സയിലെ കുരുന്നുകളുടെ വിനോദങ്ങളെ പോലും യുദ്ധമായി പ്രഖ്യാപിക്കുകയും, സ്വന്തം ആക്രമണങ്ങളെ ന്യായീകരിക്കാൻ ഇസ്രായേല്‍ പുതിയ വഴികൾ കണ്ടെത്തുകയാണെന്നുമാണ് ഹമാസിന്റെ ഇതിനോടുള്ള പ്രതികരണം.

പട്ടങ്ങൾ അപകടകാരികളോ?

പല വർണങ്ങളിൽ നീളൻ വാലുകളുമായി ആകാശത്ത് തെന്നിനീങ്ങുന്നവ, കെട്ടിടങ്ങൾക്കു മുകളിൽ അടയാളം ​പോലെ വാലിട്ടടിക്കുന്നവ, തെരുവിൽ നീളൻ നൂലിൽ ഉയർന്നു മേഘങ്ങൾക്കൊപ്പം തുഴയുന്നവ, കടൽത്തീരത്തെ കാറ്റിൽ പറയുന്നയർന്ന് സ്വയം സ്വാത​ന്ത്ര്യം പ്രഖ്യാപിക്കുന്നവ... ഫലസ്തീൻ ആകാശത്ത് പട്ടങ്ങൾ തെളിയാത്ത നേരങ്ങളില്ലായിരുന്നു ഒരുകാലത്ത്. ആകാശത്തുവെച്ച് ജീവൻ ലഭിച്ചെന്നപോലെ വർണ്ണാഭമായ രൂപങ്ങളിൽ അവ പറന്നു നടന്നു.

ഫലസ്തീൻ പതാകയുടെ നിറങ്ങളോ, ഇസ്‌ലാമിക ചിഹ്നങ്ങളോ ചിലതിൽ കാണും, ചെറുത്തുനിൽപ്പിന്റെ പ്രതീകങ്ങൾ മറ്റു ചിലതിൽ സഥാനം പിടിച്ചിട്ടുണ്ടാകും. ഫലസ്തീനികൾ വീട്ടിലുണ്ടാക്കുന്ന ഇത്തരം പട്ടങ്ങളുടെ നിറസാന്നിദ്ധ്യം കൊണ്ട് സുന്ദരമായിരുന്നു ഗസ്സയുടെ തെരുവുകളും തീരപ്രദേശങ്ങളും. വസന്തത്തിലും വേനൽക്കാലത്തിലും കടൽ കാറ്റിനൊപ്പം പട്ടങ്ങളും പാറികളിച്ചു. വീടിന്റെ മേൽക്കൂരകളിൽ തിളക്കമാർന്ന നിറങ്ങളിൽ ഉയർന്നു പക്ഷികളെ കൊതിപ്പിച്ചു.

മധ്യ ഗസ്സയിലെ അഭയാർത്ഥി ക്യാമ്പുകളിലെ കുടുംബങ്ങൾക്കിടയിൽ പട്ടം പറത്തൽ പതിവും കുട്ടികളുടെ സാധാരണമായ സന്തോഷങ്ങളിലൊന്നുമായിരുന്നു. അധിനിവേശത്തിനും ആക്രമണങ്ങൾക്കും പട്ടിണികൾക്കുമിടയിൽ കഴിഞ്ഞുകൂടുന്ന ഗസ്സയിലെ കുരുന്നുകളുടെ പരിമിതമായ ആഹ്ലാദങ്ങളിൽ ഒന്ന്. അതിനെ പോലും വിലക്കുന്ന നിലയിലേക്ക്, യുദ്ധായുധങ്ങളായി കണക്കാക്കുന്ന തരത്തിലേക്ക് എത്തിയിരിക്കുന്നു ഇപ്പോൾ.

യുദ്ധവും നിയന്ത്രണങ്ങളും കുട്ടികളെ ചെറിയ വിനോദങ്ങളിൽ നിന്ന് പോലും അകറ്റുകയാണ്. ഉപദ്രവകാരിയല്ലെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയുന്ന പട്ടങ്ങൾപ്പോലും ഇപ്പോൾ ഇസ്രായേലിന്റെ സുരക്ഷക്കും സ്ഥിരതക്കും ഭീഷണിയായി കണക്കാക്കപ്പെടുന്നു. സംശയത്തിന്റെ നിഴലിലാകുന്നു. ഇസ്രായേൽ ഇത് ആദ്യമായല്ല ഗസ്സയിലെ പട്ടങ്ങൾക്കു നേരെ തിരിയുന്നത്. 2023 ഒക്ടോബറിലെ ആക്രമണത്തിന് പിറകെ പട്ടം നിർമ്മിക്കാൻ ഉപയോഗിക്കുന്ന പശയും കടലാസും പോലുള്ള അടിസ്ഥാന വസ്തുക്കൾക്ക് പ്രദേശത്ത് നിയന്ത്രണമേർപ്പെടുത്തിയിരുന്നു.

ബലൂണുകൾ കാണാത്ത കുട്ടികൾ

പട്ടങ്ങൾക്ക് മാത്രമല്ല, മറ്റു പലതിലേക്കും ഇസ്രായേൽ ഈ വിലക്കുകൾ നീണ്ടിട്ടുണ്ട്. ഗസ്സയിലെ നീണ്ടുനിൽക്കുന്ന സംഘർഷത്തിൽ സാധാരണ വസ്തുക്കൾ പോലും എങ്ങനെയാണ് ഇഴചേർക്കപ്പെട്ടിരിക്കുന്നത് എന്നതിൻ്റെ ഉദാഹരമാണ് ഇവയെന്നാണ് കലാകാരിയും മൂന്ന് കുട്ടികളുടെ അമ്മയുമായ മൈസ യൂസഫ് പറയുന്നത്.

തൻ്റെ മകനുവേണ്ടി ബലൂണുകൾ വാങ്ങിയ കാര്യങ്ങൾ അവർ ഓർക്കുന്നു. 2014-ലെ യുദ്ധത്തിന് മുമ്പ്, ഏകദേശം രണ്ടു ഡോളർ വിലയുള്ള ഒരു ബാഗിൽ, "I love you", "Happy Birthday" എന്നിങ്ങനെ അച്ചടിച്ചവ ഉൾപ്പെടെ വിവിധ ആകൃതിയിലും നിറത്തിലുമുള്ള നൂറിലധികം ബലൂണുകൾ ഉണ്ടാകുമായിരുന്നു.

എന്നാൽ ഇപ്പോൾ ഇത്തരത്തിൽ അവ ലഭ്യമല്ല. ബലൂണുകൾ 'ഇരട്ട ഉപയോഗ' സാധ്യതയുള്ളവയായി (dual-use items) ഇസ്രായേൽ തരംതിരിച്ചതോടെ ഗസ്സയിലെ വിപണികളിൽ നിന്ന് അവ അപ്രത്യക്ഷമാവാൻ തുടങ്ങി. കുട്ടികളുടെ കളിപ്പാട്ടങ്ങളെന്ന നിലയിൽ വലിയ അളവിൽ അവ ഗസ്സയിലേക്ക് എത്തിയിരുന്നു. പെട്ടെന്നാണ് അവ വിപണിയിൽ നിന്ന് അപ്രത്യക്ഷമായത്.

അതിർത്തി കടന്ന് തീപിടിപ്പിക്കുന്ന വസ്തുക്കൾ എത്തിക്കാൻ ബലൂണുകളും പട്ടങ്ങളും ഉപയോഗിച്ചേക്കാമെന്ന ​ആശങ്കയിൽ നിന്നായിരുന്നു ഇസ്രായേലിന്റെ ഭീരുത്വം നിറഞ്ഞ ഈ നടപടി.

ബലൂൺ അന്വേഷിച്ച് വിപണിയിൽ ചെന്നാലും ഒരെണ്ണം പോലും കിട്ടാത്ത അവസ്ഥയായി പിന്നീട്. കച്ചവടക്കാർ അവ ഗോഡൗണുകളിൽ ഒളിപ്പിച്ചുവെച്ചിരിക്കുകയാണെന്ന് ആളുകൾ പറഞ്ഞു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അന്ന് അറിയില്ലായിരുന്നു എന്നും മൈസ യൂസഫ് പറഞ്ഞായി അറബ് ന്യൂസിന് റിപ്പോർട്ട് ചെയ്തു.

പട്ടങ്ങളും ബലൂണുകളും മാത്രമല്ല, അതിനപ്പുറത്തേക്കും ഇപ്പോൾ നിയന്ത്രണങ്ങൾ വ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്കായി കല-കരകൗശല ശിൽപ്പശാലകൾ നടത്തുന്ന ഒരാളെന്ന നിലയിൽ, പേപ്പർ, കളറിംഗ് പെൻസിലുകൾ തുടങ്ങിയവ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടേണ്ടി വരുന്നതായി മൈസ യൂസഫ് വ്യക്തമാക്കി. കത്രിക, പെൻസിൽ ഷാർപ്നർ, ലോഹം അടങ്ങിയ മറ്റ് വസ്തുക്കൾ എന്നിവയും നിയന്ത്രണങ്ങൾക്ക് വിധേയമാണ്. അവയെ 'ഇരട്ട-ഉപയോഗ' (dual-use) സാധനങ്ങളായി തരംമാറ്റാൻ കഴിയുമെന്നാണ് ഇസ്രായേൽ ന്യായം.

സാംസ്‌കാരിക ചിഹ്നം

ഫലസ്തീനികളെ സംബന്ധിച്ചിടത്തോളം പട്ടങ്ങൾ വലിയൊരു പാരമ്പര്യത്തിന്റെ തുടർച്ചയാണ്. പട്ടം നിർമ്മാണം ഇവർ തലമുറകളിലേക്ക് കൈമാറിവന്ന ഒന്നുമാണ്. അധിനിവേശകാലത്തും എല്ലാ അഭയാർത്ഥി ക്യാമ്പുകളിലും ഇവ പ്രചാരത്തിലുണ്ടായിരുന്നു. കാറ്റ് വീശാൻ തുടങ്ങിയാൽ ഉടൻ പട്ടം എടുത്ത് പറപ്പിക്കാൻ ശ്രമിക്കുന്ന ഒരു ജനത എത്രയോ കാലമായി ഫലസ്തീനിലും ഗസ്സയിലുമുണ്ട്.

ഫലസ്തീൻ ജനതയുടെ ജീവിതാനുഭവങ്ങളെയും യാഥാർത്ഥ്യങ്ങളെയും പാരമ്പര്യത്തെയും പ്രതിഫലിപ്പിക്കുന്ന ഒന്നാണത്. അതുകൊണ്ടു തന്നെ പട്ടങ്ങൾക്ക് ഇവിടെ ഒരു സാംസ്‌കാരികമായ പ്രാധാന്യവുമുണ്ട്.

സമാധാനത്തിന്റെ വെള്ളരി പ്രാവ്, കഫിയ, താക്കോൽ, ഒലീവ് മരം, തത്‍രീസ്, തണ്ണിമത്തൻ എന്നിവയെപ്പോലെ പട്ടവും ഒരു ഫലസ്തീൻ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഫസ്തീൻ ചെറുത്തുനിൽപ്പിന്റെയും പോരാട്ടത്തിന്റെ പ്രതീകങ്ങളിലൊന്നായും ഇതിനെ കാണാം. അവ ഇനിയും ആകാശത്ത് ഉയർന്നു പറക്കേണ്ടതുണ്ട്. കുട്ടികൾക്ക് അവരുടെബാല്യങ്ങൾ ആഹ്ളാദത്തോടെ ആഘോഷിക്കേണ്ടതുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazaopinionarticleskites
News Summary - Should Gazan Kites Be Feared
Next Story