കേരള ജംഇയ്യതുൽ ഉലമ: നൂറ്റാണ്ടിന്റെ വൈജ്ഞാനിക ഗരിമ
text_fieldsമലയാളക്കരയിലെ മുസ്ലിം നവോത്ഥാന വഴിയിൽ നിർണായക സ്വാധീനം ചെലുത്തിയ സംവിധാനമാണ് മുസ്ലിം ഐക്യസംഘവും അതിന്റെ കൈവഴിയായി രൂപപ്പെട്ട ജംഇയ്യതുൽ ഉലമയും. മഖ്ദി തങ്ങൾ, ഹമദാനി തങ്ങൾ, വക്കം മൗലവി മുതലായവർ തുടങ്ങിവെച്ച പോരാട്ടങ്ങളാണ് 1922ൽ കേരള മുസ്ലിം ഐക്യസംഘ രൂപവത്കരണത്തിന് പ്രചോദനമായത്. അറിവില്ലായ്മകൊണ്ടാണ് മുസ്ലിം സമൂഹം എല്ലാ രംഗങ്ങളിലും പിന്നാക്കം നിൽക്കുന്നതെന്ന് തിരിച്ചറിഞ്ഞ ഐക്യസംഘം സമുദായത്തിന് പണ്ഡിതരുടെ സേവനങ്ങൾ കൃത്യമായി ലഭ്യമാക്കാൻ മുന്നിട്ടിറങ്ങി.
നാട്ടിലെ പ്രമുഖ ദർസുകളിൽനിന്ന് പഠനം പൂർത്തിയാക്കിയവരും തമിഴ്നാട്ടിലെ ബാഖിയാതുസ്സ്വാലിഹാത്, ജാമിഅ ദാറുസ്സലാം, ഉത്തർപ്രദേശിലെ ജാമിഅ ദാറുൽ ഉലൂം ദയൂബന്ദ് തുടങ്ങിയ ഉന്നത ദർസുകളിൽ പഠനം നടത്തിയവരുമായ അനേകം പണ്ഡിതർ മലയാളക്കരയിലുണ്ടായിരുന്നെങ്കിലും കൂട്ടായ്മയോ കൂടിച്ചേരാനുള്ള അവസരമോ ഇല്ലാതെ അവർ സ്വന്തം തട്ടകങ്ങളിൽ കഴിയുകയായിരുന്നു.
1924ൽ ആലുവയിൽ നടന്ന കേരള മുസ്ലിം ഐക്യസംഘം വാർഷിക സമ്മേളനത്തിന് മുന്നോടിയായി മണപ്പാട്ട് കുഞ്ഞഹമ്മദ് ഹാജിയും ഇ.കെ. മൗലവിയും കാസർകോട് മുതൽ തിരുവനന്തപുരം വരെ സഞ്ചരിച്ച് അഞ്ഞൂറിലേറെ പണ്ഡിതരെ ക്ഷണിച്ചുവരുത്തി. അവരുടെ സാന്നിധ്യത്തിൽ 1924 മേയ് 10,11,12 തീയതികളിൽ വെല്ലൂർ ബാഖിയാത്ത് പ്രിൻസിപ്പൽ അബ്ദുൽ ജബ്ബാർ ഹസ്രത്തിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വെച്ച് കേരള ജംഇയ്യതുൽ ഉലമ നിലവിൽ വന്നു. ഐക്യസംഘം കൂടുതൽ സാമൂഹിക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ മത, സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ വലിയ മുന്നേറ്റത്തിന് ജംഇയ്യതുൽ ഉലമയുടെ രൂപവത്കരണം കാരണമായി.
കെ.എം. മൗലവിയുടെ നേതൃത്വത്തിൽ കേരള ജംഇയ്യതുൽ ഉലമയുടെ മുഖപത്രമായി അൽ മുർശിദ് മാസിക 1935ൽ പ്രസിദ്ധീകരണം ആരംഭിച്ചു. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ബോധവത്കരണം നടത്തിയ അൽ മുർശിദ് മാസിക ഖുർആനും നബിചര്യയും സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ വിശദീകരിച്ചു.
1947ൽ ചാലിലകത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പുത്രൻ എം.സി.സി. അബ്ദുറഹ്മാൻ മൗലവി മികച്ച മത വിദ്യാഭ്യാസം നൽകുന്നതിനായി മലപ്പുറം ജില്ലയിലെ പുളിക്കലിൽ മദീനത്തുൽ ഉലൂം (നോളജ് സിറ്റി) സ്ഥാപിച്ചു. പ്രഗല്ഭരായ അധ്യാപകരും മികച്ച ഗ്രന്ഥശേഖരവും ചർച്ചകളും സംവാദങ്ങളും മദീനത്തുൽ ഉലൂം കാമ്പസിനെ അതുല്യമാക്കി. ഇവിടെ നിന്ന് ബിരുദം നേടിയ മദനിമാർ കേരളത്തിലെ സാമൂഹിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിൽ തിളക്കമാർന്ന സംഭാവനകളാണ് അർപ്പിച്ചിട്ടുള്ളത്.
1950ൽ കെ.എം. മൗലവി പ്രസിഡന്റും എൻ.വി. അബ്ദുസ്സലാം മൗലവി ജനറൽ സെക്രട്ടറിയുമായി സമൂഹത്തിലെ എല്ലാ വിഭാഗത്തെയും ഉൾക്കൊള്ളുന്ന കേരള നദ്വത്തുൽ മുജാഹിദീൻ-കെ.എൻ.എം രൂപവത്കരിച്ചപ്പോൾ കേരള ജംഇയ്യതുൽ ഉലമ മുജാഹിദ് പ്രസ്ഥാനത്തിന് വൈജ്ഞാനിക നേതൃത്വം നൽകുന്ന സഭയായി മാറി.
കേരള ജംഇയ്യതുൽ ഉലമ 1968ൽ സ്ഥാപിച്ച മോങ്ങം അൻവാറുൽ ഇസ്ലാം വനിത അറബിക് കോളജ് മുസ്ലിം സ്ത്രീകളുടെ നവോത്ഥാന മുന്നേറ്റത്തിൽ വലിയ പങ്കാണ് വഹിച്ചത്. ഇന്ന് യു.ജി.സിയുടെ ഉന്നത ഗ്രേഡുള്ള കേരളത്തിലെ ഏക സർക്കാർ എയ്ഡഡ് വനിത അറബിക് കോളജാണിത്.
കേരളത്തിൽ അറബിക് കോളജ് പ്രസ്ഥാനത്തിന് പ്രചോദനം നൽകിയത് കേരള ജംഇയ്യതുൽ ഉലമയുടെ വിദ്യാഭ്യാസ കേന്ദ്രങ്ങളാണെന്ന് ആർക്കും മനസ്സിലാക്കാൻ കഴിയുന്ന വസ്തുതയാണ്. ജനങ്ങളെ ശരിയായ വിശ്വാസത്തിലേക്കും കർമസരണിയിലേക്കും വഴിനടത്താൻ വൈജ്ഞാനിക ഉൾക്കനമുള്ള പണ്ഡിതർ അറബിക് കോളജുകളിൽനിന്നുണ്ടായി. അറബി ഭാഷയും സാഹിത്യവും പഠിച്ചവർക്ക് രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ അറബിക് കോളജ് പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് ചെറുതല്ല.
മുസ്ലിം സമൂഹത്തിനിടയിലുണ്ടാകുന്ന മതപരമായ അഭിപ്രായ ഭിന്നതകളിൽ വിശുദ്ധ ഖുർആനിന്റെയും തിരുനബിയുടെ ചര്യയുടെയും അടിസ്ഥാനത്തിൽ മതവിധി പുറപ്പെടുവിപ്പിക്കുന്നതിൽ കേരള ജംഇയ്യതുൽ ഉലമയുടെ പങ്ക് സുവിദിതമാണ്.
കേരള ജംഇയ്യതുൽ ഉലമ ഫത്വ ബോർഡ് ഓരോ വിഷയങ്ങളും കൃത്യമായി പഠിച്ച് ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുന്നു. വിശുദ്ധ ഖുർആനിന്റെയും അതിന്റെ പ്രായോഗിക വിശദീകരണമായ പ്രവാചകചര്യയുടെയും പഠനത്തിനും ഗവേഷണത്തിനും വേണ്ടി കേരള ജംഇയ്യതുൽ ഉലമ വിപുലമായ പദ്ധതികളാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
എടവണ്ണ ജാമിഅ നദ്വിയ്യ, പുളിക്കൽ ജാമിഅ സലഫിയ്യ എന്നിവ കേന്ദ്രീകരിച്ച് ഇത്തരം ഗവേഷണങ്ങളും പഠനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. പുതുതലമുറയെ മതനിരാസത്തിലേക്കും അധാർമികതയിലേക്കും നയിക്കുന്ന പ്രവണതകളെ വൈജ്ഞാനികമായി പ്രതിരോധിക്കാൻ ചെറുപ്പക്കാരായ പ്രബോധകർക്ക് കൃത്യമായ പരിശീലനവും കേരള ജംഇയ്യതുൽ ഉലമ നൽകിവരുന്നു.
സർവശക്തനായ നാഥന്റെ കാരുണ്യത്താൽ നൂറ്റാണ്ടിനിപ്പുറവും കൂടുതൽ കരുത്തോടെ കർമവീഥിയിൽ മുന്നോട്ടുനീങ്ങുകയാണ് കേരളത്തിലെ ആദ്യത്തെ പണ്ഡിത കൂട്ടായ്മ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

