Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightഅഴിമതി ...

അഴിമതി സംസാരിച്ചുതീർക്കേണ്ടതല്ല

text_fields
bookmark_border
Loknath-Behra
cancel

പൊലീസ്‌ നവീകരണപദ്ധതിയുടെ നടത്തിപ്പിലുണ്ടായ ക്രമക്കേടുകൾ സംബന്ധിച്ച കംട്രോളർ ആൻഡ് ഓഡിറ്റർ ജനറലി​​െൻറ റിപ് പോർട്ടിലെ വെളിപ്പെടുത്തലുകൾ ചാനലുകളിലും പുറത്തും വലിയ ചർച്ചാവിഷയമായിട്ടുണ്ട്. സാധാരണഗതിയിൽ ഇത്തരത്തിലുള് ള ചർച്ചകൾ സംസാരിച്ചുതീർക്കലിലാണ് അവസാനിക്കുന്നത്. അതോടെ ക്രമക്കേടിന് ഉത്തരവാദികളായവരും അവരുടെ പങ്കാളികളും സംരക്ഷകരും രക്ഷപ്പെടുന്നു. ഈ വിഷയത്തിൽ അതുണ്ടാകാൻ പാടില്ല. സി.എ.ജി റിപ്പോർട്ടുകൾ സമർപ്പിക്കുന്നത് ബന്ധപ്പെട് ട സർക്കാറുകൾക്കാണ്. കേന്ദ്രസർക്കാർ റിപ്പോർട്ടുകൾ പാർലമ​െൻറിലും സംസ്ഥാന സർക്കാറുകൾ നിയമസഭയിലും വെക്കുന്നു. പ ിന്നീട് സഭകളുടെ പബ്ലിക്​ അക്കൗണ്ട്സ് കമ്മിറ്റികൾ അവ പരിശോധിക്കുന്നു. പതിവിനു വിരുദ്ധമായി ഈ റിപ്പോർട്ട് സർക്ക ാർ സഭയിൽ വെക്കുന്നതിനുമുമ്പ് മാധ്യമങ്ങൾക്കു ചോർത്തിനൽകി എന്നൊരു ആരോപണം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉന്നയിച്ചിട്ടുണ്ട്. ഇതിനുമുമ്പ് ഒരിക്കലെങ്കിലും റിപ്പോർട്ട് സഭയിലെത്തുംമുമ്പ് മാധ്യമങ്ങൾക്ക് ലഭ ിച്ചിരുന്നു.

അന്ന് സംസ്ഥാനത്തെ അക്കൗണ്ടൻറ്​ ജനറൽ ഒരു പ്രമുഖ രാഷ്​ട്രീയനേതാവി​​െൻറ ബന്ധുവായിരുന്നു. നിയമസ ഭയിൽ വെക്കുന്നതിനുമുമ്പ് പൊതുജനങ്ങൾ വിവരം അറിയുന്നതുകൊണ്ട് ആരുടെ താൽപര്യവും ഹനിക്കപ്പെടുന്നില്ല. അതിനാൽ ചോർത്തൽ ആരോപണത്തെ ഒരു വലിയ പ്രശ്നമായി കാണേണ്ടതില്ല.സി.എ.ജി റിപ്പോർട്ടുകൾ ഏകപക്ഷീയമായി തയാറാക്കുന്നവയല്ല. ക്രമക്കേടുകൾ കണ്ടെത്തുമ്പോൾ ഓഡിറ്റർമാർ ബന്ധപ്പെട്ട വകുപ്പി​​െൻറ ശ്രദ്ധ അതിലേക്ക് ക്ഷണിക്കുന്നു. അങ്ങനെ വകുപ്പിന് കാര്യങ്ങൾ വിശദീകരിക്കാൻ അവസരം ലഭിക്കുന്നു. ആ വിശദീകരണംകൂടി കണക്കിലെടുത്തുകൊണ്ടാണ് റിപ്പോർട്ടിന് അന്തിമരൂപം നൽകുന്നത്. പിന്നെയും റിപ്പോർട്ടിനെക്കുറിച്ച് ആക്ഷേപങ്ങളുണ്ടാകാം. പക്ഷേ, അത് വസ്തുതകളെക്കുറിച്ചാകില്ല, അവയിൽ നിന്നു സി.എ.ജി എത്തുന്ന നിഗമനങ്ങളെക്കുറിച്ചാകും. രാജ്യത്ത് വലിയ ഒച്ചപ്പാടുണ്ടാക്കുകയും മൻമോഹൻ സിങ് സർക്കാറി​​െൻറ പ്രതിച്ഛായ കളങ്കപ്പെടുത്തുകയും ചെയ്ത 2ജി സ്പെക്ട്രം വിൽപന സംബന്ധിച്ച റിപ്പോർട്ടിൽ സർക്കാറിനുണ്ടായെന്ന്‌ അന്നത്തെ സി.എ.ജി അനുമാനിച്ച നഷ്​ടം അത്യുക്തി കലർന്നതായിരുന്നെന്ന് പല നിരീക്ഷകരും പിന്നീട് വിലയിരുത്തുകയുണ്ടായി.

കേന്ദ്രം ആവിഷ്കരിച്ചതും 1969-70 മുതൽ രാജ്യമൊട്ടുക്ക് നടപ്പാക്കിവരുന്നതുമായ പൊലീസ്‌ നവീകരണപദ്ധതിയുടെ കേരളത്തിലെ നടത്തിപ്പ് സംബന്ധിച്ച പഠനത്തിലാണ് സി.എ.ജി ക്രമക്കേടുകൾ കണ്ടെത്തിയത്. റിപ്പോർട്ട് പിണറായി വിജയൻ മുഖ്യമന്ത്രിയും ലോക്നാഥ് ബെഹ്‌റ ഡി.ജി.പിയുമായശേഷമുള്ള കാലത്തെ പ്രവർത്തനം സംബന്ധിച്ചതല്ല, 2013-14 മുതൽ 2017-18 വരെയുള്ള അഞ്ചു കൊല്ലക്കാലത്തെ പ്രവർത്തനം സംബന്ധിച്ചതാണ്. ഇതിൽ മൂന്നു കൊല്ലത്തിലധികം ഉമ്മൻ ചാണ്ടിയായിരുന്നു മുഖ്യമന്ത്രി. രമേശ് ചെന്നിത്തല പൊലീസി​​െൻറ ചുമതലയുള്ള ആഭ്യന്തരമന്ത്രിയും. പിണറായി വിജയൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായിരുന്നത് രണ്ടു കൊല്ലത്തിനു താഴെ. എന്നിട്ടും പ്രതിക്കൂട്ടിൽ പിണറായിയും അദ്ദേഹം നിയമിച്ച ഡി.ജി.പിയും മാത്രമാണ്. രമേശ് ചെന്നിത്തലക്ക്​ അവരുടെ നേരെ വിരൽചൂണ്ടാനാകുന്നു.

സേനയുടെ കാര്യക്ഷമത വർധിപ്പിക്കുകയും അതിനെ ആന്തരികസുരക്ഷക്കും ക്രമസമാധാന പരിപാലനത്തിനുമുള്ള വെല്ലുവിളികൾ നേരിടാൻ സജ്ജമാക്കുകയുമാണ് പൊലീസ്‌ നവീകരണപദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യം. പദ്ധതിയുടെ നിലവിലുള്ള അവസ്ഥ വിലയിരുത്താനാണ് ഓഡിറ്റർമാർ നടത്തിപ്പ് പരിശോധിച്ചത്.അവരുടെ പ്രധാന കണ്ടെത്തലുകളിലൊന്ന് തിരുവനന്തപുരത്തെ സ്‌പെഷൽ ആംഡ് പൊലീസ് (എസ്.എ.പി) ബറ്റാലിയനിലെ ആയുധങ്ങൾ പരിശോധിച്ചപ്പോൾ രേഖപ്രകാരം ഉണ്ടാകേണ്ട 25 തോക്കുകളും കുറെയേറെ വെടിയുണ്ടകളും അവിടെ ഇല്ലായിരുന്നു എന്നതാണ്. അത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഏതാനും വ്യാജ ഉണ്ടകൾ നിരത്തി ഓഡിറ്റർമാരെ തെറ്റിദ്ധരിപ്പിക്കാനും ശ്രമം നടന്നു.

സർക്കാർ ഈ റിപ്പോർട്ട് 2019ൽതന്നെ അച്ചടിച്ചിരുന്നു. ഇപ്പോൾ ക്രൈംബ്രാഞ്ചി​​െൻറ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥൻ എല്ലാം എണ്ണി തിട്ടപ്പെടുത്തി തോക്കുകളും ഉണ്ടകളുമെല്ലാം ഭദ്രമെന്ന് അവകാശപ്പെടുന്നു. അദ്ദേഹത്തി​​െൻറ സേവനപാരമ്പര്യവും രാഷ്​ട്രീയബന്ധവും സംബന്ധിച്ച് പൊതുമണ്ഡലത്തിലുള്ള വിവരങ്ങൾ വെച്ചുനോക്കുമ്പോൾ ഈ കണക്കെടുക്കലിനെ സംശയത്തോടെയേ വീക്ഷിക്കാനാകൂ. അതിനിടെ, സി.എ.ജി റിപ്പോർട്ടിൽ പരാമർശിച്ച ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ എസ്.എ.പി ക്യാമ്പിൽനിന്ന് എന്തൊക്കെയോ പിടിച്ചെടുത്തതായും വാർത്ത വന്നിട്ടുണ്ട്. ഈ ഘട്ടത്തിൽ പൊലീസ് അധികൃതർ കാണാതായ സാധനങ്ങൾ ഹാജരാക്കിയാൽ മാത്രം പോരാ. ഓഡിറ്റ് പരിശോധന സമയത്ത് പൊലീസിന് ഹാജരാക്കാൻ കഴിയാഞ്ഞ വസ്തുക്കൾ ഇപ്പോൾ പൊങ്ങിവന്നിട്ടുണ്ടെങ്കിൽ അന്ന് അവ എന്തുകൊണ്ട് ഹാജരാക്കാനായില്ല, ഇപ്പോൾ എവിടെനിന്ന് എങ്ങനെ പൊങ്ങിവന്നു തുടങ്ങിയ ചോദ്യങ്ങൾക്കും ഉത്തരം നൽകേണ്ടതുണ്ട്.

ഓഡിറ്റർമാർക്ക്​ കാണാതായത് തിരിച്ചുകിട്ടിയാൽ കണക്ക് ശരിയാകും. പക്ഷേ, അവയുടെ അപ്രത്യക്ഷപ്പെടലും പ്രത്യക്ഷപ്പെടലും അതോടെ നിയമവിധേയമാകില്ല. രണ്ടും ആഴത്തിലുള്ള അന്വേഷണം ആവശ്യപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളാകാം. പൊതുസമൂഹത്തിനു താൽപര്യമുള്ള മറ്റൊരു പ്രശ്നവും ഈ വിഷയത്തിലുണ്ട്. സമീപകാലത്ത്‍ കേരള പൊലീസ്‌ ഏതാനും ഏറ്റുമുട്ടൽ കൊലകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇവയിൽ ചിലതെങ്കിലും വ്യാജ ഏറ്റുമുട്ടലുകളായിരുന്നെന്ന് ഭരണമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ ആരോപിച്ചിട്ടുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് നിരായുധനായിരുന്ന നക്സലൈറ്റ് നേതാവ് എ. വർഗീസിനെ പൊലീസ്‌ വെടിവെച്ചുകൊന്നിട്ട് ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് വരുത്തിത്തീർക്കാൻ ശവശരീരത്തിനടുത്ത് ഒരു തോക്ക് വെച്ചത് പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്. ഈ പശ്ചാത്തലത്തിൽ പൊലീസ്‌ രേഖകളിലുള്ള തോക്കുകളുടെ പ്രത്യക്ഷപ്പെടലും അപ്രത്യക്ഷപ്പെടലും അതീവ ഗൗരവത്തോടെ കണ്ടേ മതിയാകൂ.

പുതിയ വാഹനങ്ങൾ വാങ്ങുന്നത് നിരോധിച്ചിരിക്കെ അഞ്ചു കൊല്ലക്കാലത്ത് 269 മോട്ടോർ വാഹനങ്ങൾ വാങ്ങിയതാണ്​ സി.എ.ജി എടുത്തുപറയുന്ന മറ്റൊരു ക്രമക്കേട്. അതിൽ നാൽപതെണ്ണം ആഡംബരവാഹനങ്ങളാണ്. അവയിൽ ചിലതിൽ ഇപ്പോൾ ഉയർന്ന ഉദ്യോഗസ്ഥന്മാർ ചെത്തിനടക്കുന്നു. പൊലീസ്‌ സ്​റ്റേഷനുകൾക്ക് വേണ്ടത്ര വാഹനങ്ങളില്ലാതിരിക്കെ ഓപറേഷനൽ ചുമതകളില്ലാത്ത വിഭാഗങ്ങൾക്ക് വാഹനങ്ങൾ നൽകിയതായും സി.എ.ജി ചൂണ്ടിക്കാണിക്കുന്നു.

സംസ്ഥാന പൊലീസ് മേധാവി നടത്തിയ മറ്റൊരു ഗുരുതരമായ ക്രമക്കേട് അപ്പർ സബോർഡിനേറ്റ് ജീവനക്കാർക്ക് ക്വാർട്ടേഴ്സ് പണിയാൻ അനുവദിച്ച 2.81 കോടി രൂപ വകമാറ്റി തനിക്കും എ.ഡി.ജി.പിമാർക്കും വില്ലകൾ പണിയാൻ ഉപയോഗിച്ചു എന്നതാണ്. സി.എ.ജി റിപ്പോർട്ട് പരിശോധിക്കാൻ മുഖ്യമന്ത്രി നിയോഗിച്ച ആഭ്യന്തര വകുപ്പ് സെക്രട്ടറി ഞൊടിയിടയിൽ തന്നെ ഒരു ക്രമക്കേടുമില്ലെന്ന് പ്രഖ്യാപിച്ചു. ക്വാർട്ടേഴ്‌സ് നിർമാണത്തിന്​ അനുവദിച്ച പണം ലാപ്സാകുന്നത് ഒഴിവാക്കാൻ വില്ലകൾ നിർമിച്ചെന്നാണ് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നത്. യഥാർഥത്തിൽ വകമാറ്റി പണം ചെലവാക്കാൻ ഉദ്യോഗവൃന്ദം മെനഞ്ഞെടുത്ത തന്ത്രം വെളിപ്പെടുത്തുകയാണ് അദ്ദേഹം ചെയ്തത്. സ്​റ്റാഫ് ക്വാർട്ടേഴ്‌സ് നിർമാണത്തിനുള്ള മുന്നൊരുക്കം യഥാസമയം ചെയ്യാതിരിക്കുക, അതേസമയം പണം അനുവദിച്ചിട്ടില്ലാത്ത വില്ല പണി തുടങ്ങാൻ തയാറായിരിക്കുക. അപ്പോൾ പണം ലാപ്സാകുമെന്ന വാദം ഉയർത്തി വില്ലകൾ കെട്ടാം.
കീഴ്ജീവനക്കാർക്ക് താമസസൗകര്യം ഒരുക്കാൻ അനുവദിച്ച പണം ഉപയോഗിച്ച് വല്യേമാന്മാർക്ക് വില്ലകൾ ഉണ്ടാക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നതിനു സി.പി.എമ്മിന്​ എന്ത് ന്യായീകരണമാണാവോ നൽകാനുള്ളത്? ഒന്നിനു പിറകെ ഒന്നായി പൊലീസിന് വീഴ്ച സംഭവിച്ചതായി പലതവണ ഏറ്റുപറയേണ്ടിവന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ഒരു വീഴ്ചയുടെ പേരിൽ ആഭ്യന്തരവകുപ്പ് മറ്റൊരു മന്ത്രിയെ ഏൽപിക്കാൻ ഇ.എം.എസ്. നമ്പൂതിരിപ്പാടിനോട് ആവശ്യപ്പെട്ട പാർട്ടിയുടെ നേതാക്കൾക്ക് ഇന്ന് വീഴ്ചകളുടെ പരമ്പര നോക്കിനിൽക്കാനേ കഴിയുന്നുള്ളൂ.ക്രമക്കേടുകളുടെ ഗുണഭോക്താക്കൾ നടത്തുന്ന അന്വേഷണങ്ങൾ വിശ്വാസയോഗ്യമല്ല. സി.എ.ജി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന ക്രമക്കേടുകളിൽ പലതും അഴിമതിയുടെ നിർവചനത്തിൽപെടുന്നതാണ്. സൂചിമുന നീളുന്നത് ഡി.ജി.പിയിലേക്കും. ഈ വിഷയം ഒരു കേന്ദ്ര ഏജൻസിതന്നെ അന്വേഷിക്കണം.

Show Full Article
TAGS:Police department scam opinion kerala news 
News Summary - Scam in kerala police-Opinion
Next Story