സമസ്ത: പാരമ്പര്യ പ്രൗഢിയുടെ ഒരുനൂറ്റാണ്ട്
text_fieldsമലയാളി മുസ്‍ലിം സമൂഹത്തിന്റെ ചരിത്രത്തെ അത്യഗാധമായി സ്വാധീനിച്ച 1921ലെ മലബാർ കലാപാനന്തരം മത-സാമൂഹിക-രാഷ്ട്രീയ-സാമ്പത്തിക മേഖലയിൽ വന്നുഭവിച്ച നിസ്സഹായവും നിഷ്ക്രിയവുമായ സാഹചര്യത്തെ അതിജീവിക്കാൻ ഒട്ടേറെ പ്രസ്ഥാനങ്ങൾ സമുദായത്തിനകത്ത് രൂപംകൊണ്ടു. എന്നാൽ, അവയിലേറ്റവും ജനകീയ പിന്തുണയും വിപുലമായ കർമപദ്ധതികളുമായി പ്രവർത്തനരംഗത്ത് പ്രൗഢിയോടെ നൂറ്റാണ്ടിന്റെ പാരമ്പര്യത്തോടെ ശതാബ്ദം പൂർത്തിയാക്കാൻ സൗഭാഗ്യമുണ്ടായിരിക്കുന്നത് സമസ്ത കേരള ജംഇയ്യതുൽ ഉലമാ എന്ന ആധികാരിക മതപണ്ഡിത സഭക്കാണ്.
ശൈഖ് സൈനുദ്ദീൻ മഖ്ദൂമും മമ്പുറം തങ്ങളുമുൾപ്പെടെ ഉന്നതശീർഷരായ പൂർവസൂരികൾ പരിചയപ്പെടുത്തിയ പാരമ്പര്യ ഇസ്ലാമിനെ വരുംതലമുറകൾക്കുകൂടി അനുഭവിക്കാവുന്ന തരത്തിൽ സംരക്ഷിച്ചുനിർത്തുകയായിരുന്നു സംഘടനയുടെ ആത്യന്തികലക്ഷ്യം. പാരമ്പര്യ ഇസ്ലാമിന്റെ ആദർശ സംരക്ഷണം, മതപ്രബോധനം, അവകാശ സംരക്ഷണം, വിദ്യാഭ്യാസ-ശാകതീകരണ പ്രവർത്തനങ്ങൾ, അധർമത്തിനും അനൈക്യത്തിനും അന്ധവിശ്വാസത്തിനുമെതിരായ പോരാട്ടം ഉൾപ്പെടെ സമഗ്രമായൊരു പണ്ഡിത പ്രസ്ഥാനത്തിനു സ്ഥിരം സംവിധാനം രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് 1926 ജൂൺ 26ന് (ഹിജ്റ വർഷം 1344-ദുൽഹിജ്ജ 14) വരക്കൽ മുല്ലക്കോയ തങ്ങളുടെ ആശീർവാദത്തോടെ പാങ്ങിൽ അഹ്മദ് കുട്ടി മുസ്‍ലിയാരുടെ നേതൃത്വത്തിൽ സമസ്ത രൂപംകൊള്ളുന്നത്. സൂക്ഷ്മതയാർന്ന ജീവിതവും ജ്ഞാനപ്രസരണവും ജീവിത സപര്യയാക്കിയ അനേകം പണ്ഡിതരിലൂടെ സംഘടന മലയാളി മുസ്ലിമിന്റെ ഏറ്റവും വലിയ ഇസ്ലാമിക പ്രസ്ഥാനമായി വളർന്നു.
കേരള മുസ്‍ലിംകളുടെ സാർവത്രിക മതവിദ്യാഭ്യാസം ലക്ഷ്യമാക്കി 1951 മാർച്ച് 25ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് രൂപീകരിക്കപ്പെട്ടതോടെ സംഘടന കൂടുതൽ ജനകീയമായി. കേരളത്തിനകത്തും പുറത്തും വൈജ്ഞാനിക നവോത്ഥാന മേഖലയിൽ വലിയ മുന്നേറ്റങ്ങൾക്കുതന്നെ നൂറുവർഷത്തിനിപ്പുറം സമസ്തയിലൂടെ വഴിയൊരുങ്ങിയിരിക്കുന്നു. മദ്റസകൾ, പള്ളിദർസുകൾ, ബോർഡിങ് മദ്റസകൾ, മതവിദ്യാഭ്യാസത്തിനൊപ്പം ഭൗതിക പഠനവും സമന്വയിപ്പിച്ചുനൽകുന്ന സ്ഥാപനങ്ങൾ, എൻജിനീയറിങ് കോളജുകൾ, വനിത കോളജുകൾ തുടങ്ങി സമുദായത്തിന്റെ ഭാവിഭാഗധേയം നിർണയിക്കുന്ന സകല വൈജ്ഞാനിക മുന്നേറ്റങ്ങൾക്കും നെടുനായകത്വം വഹിക്കാൻ സംഘടനക്ക് സാധിച്ചിട്ടുണ്ട്. ഇരുപതിലേറെ സംസ്ഥാനങ്ങളിൽ സ്ഥാപനങ്ങളും ഓഫ് കാമ്പസകളുമുള്ള ദാറുൽഹുദാ ഇസ്ലാമിക സർവകലാശാലയടക്കം നിരവധി വിദ്യാകേന്ദ്രങ്ങളാണ് സംഘടനയുടെ വൈജ്ഞാനിക പ്രസരണ മേഖലയിൽ പുതിയ വാതായനങ്ങൾ തുറന്നുനൽകിയത്. പ്രവർത്തന മേഖലയിൽ കാലോചിത പരിഷ്കരണങ്ങൾ വരുത്താൻ എല്ലാകാലത്തും തയാറായ സമസ്തക്കുകീഴിൽ വനിത വിദ്യാഭ്യാസ മേഖലയിലും ഒട്ടേറെ ചുവടുവെപ്പുകളുണ്ടായി. ഫാളില, ഫളീല, സഹ്റാവിയ്യ, വഫിയ്യ, മഹ്ദിയ്യ തുടങ്ങിയ ഡസനിലധികം പണ്ഡിത വനിത കോഴ്സുകൾ സമൂഹത്തിനു സമർപ്പിക്കാനും സംഘടനക്കു സാധിച്ചു.
മതത്തെ പ്രതിസന്ധിയിലാക്കുന്ന എതു വിഷയങ്ങളെയും കാലാനുസൃതമായ ശൈലികൾ സ്വീകരിച്ച് പ്രതിരോധിക്കുക എന്നത് സമസ്തയുടെ പ്രഖ്യാപിത നയമാണ്. മതവിദ്യാഭ്യാസത്തോടൊപ്പം ഭൗതിക വിദ്യാഭ്യാസത്തിനും ഊന്നൽ നൽകണമെന്ന് സമസ്തയുടെ ഭരണഘടനയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‍ലിംകളുടെ ഭൗതിക നിലനിൽപിനാവശ്യമായ കാര്യങ്ങൾ ചെയ്യലും സമൂഹമെന്ന നിലക്ക് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കലും സമസ്തയുടെ ബാധ്യതയാണ്. വിശ്വാസപരമായ വെല്ലുവിളികൾ അതിജീവിക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടത്തുക എന്നത് അതിൽ ഒന്ന് മാത്രമാണ്. എന്നാൽ, ഇതുമാത്രമാണ് സമസ്തയുടെ സ്ഥാപിതലക്ഷ്യം എന്ന രീതിയിൽ സമീപകാലത്തായി ചിലർ സ്വാർഥതാൽപര്യങ്ങൾക്കുവേണ്ടി ദുർവ്യാഖ്യാനം നടത്തുന്നുണ്ട്. ഭരണഘടനയിൽ മുന്നോട്ടുവെച്ച പ്രധാന അഞ്ച് ഉദ്ദേശ്യങ്ങളിലെ മൂന്നും നാലും കാര്യങ്ങൾ സമകാലിക സാഹചര്യത്തിൽ അതിപ്രസക്തമാണ്. മുസ്‍ലിം സമുദായത്തിന്റെ അവകാശ സംരക്ഷണത്തിനായി നിലകൊള്ളുക, മത വിദ്യാഭ്യാസത്തോടൊപ്പം മതേതര വിദ്യാഭ്യാസവും േപ്രാത്സാഹിപ്പിക്കുക എന്നിവയാണത്. രൂപീകൃതകാലം മുതൽ ഇന്നുവരെ സ്വന്തം നിലപാടുകളിലും സമുദായത്തിന്റെ സർവതോൻമുഖമായ മേഖലകളിലും പ്രവർത്തിച്ച സംഘടന എക്കാലത്തും സ്വീകരിക്കേണ്ട ശൈലിയും അതുതന്നെയാണ്.
മതപരമായും സാമൂഹികമായും ക്രിയാത്മകമായി പ്രവർത്തിക്കുമ്പോഴും സ്വന്തമായ ഒരു രാഷ്ട്രീയനയം രൂപവത്കരിക്കാതിരിക്കാനും എല്ലാകാലത്തും സമസ്ത ബദ്ധശ്രദ്ധ പുലർത്തി. സംഘടന പ്രവർത്തകർക്ക് അനിസ്‍ലാമികമല്ലാത്ത, യഥാർഥ വിശ്വാസിയായി ജീവിക്കുന്നതിനു തടസ്സംനിൽക്കാത്ത ഏതു രാഷ്ട്രീയ പാർട്ടിയിലും പ്രവർത്തിക്കാം എന്നതാണ് നിലപാട്. കേരളീയ മുസ്‍ലിംകളിൽ, വിശിഷ്യ മലബാറിൽ ബഹുഭൂരിപക്ഷവും അംഗങ്ങളായ മുസ്‍ലിംലീഗുമായി ചേർന്നുനിൽക്കുന്ന പ്രായോഗിക കീഴ്വഴക്കമാണ് ഏക്കാലത്തും സമസ്തക്കുള്ളത്. കേരളീയ മുസ്‍ലിംകളിൽ ഭൂരിപക്ഷവും സമസ്തയുടെ ആദർശവഴിയും മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയവും പിൻപറ്റുന്നു എന്നതാണ് ഈ യോജിപ്പിന്റെ പ്രധാന കാരണം. വിയോജിപ്പുകളുണ്ടാവുമ്പോഴൊക്കെ ഇരു സംഘടനകൾക്കിടയിൽ ഭിന്നതകൾ ഇല്ലാതിരിക്കാൻ ഇരു നേതൃത്വവും കണിശതയോടെ ശ്രമിക്കാറുമുണ്ട്. സമസ്തയിൽ അംഗത്വമില്ലാത്ത കാലത്തും മുസ്‍ലിം ലീഗിന്റെ അമരക്കാരനായിരുന്ന അബ്ദുർറഹ്മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ, നിരവധി മുശാവറ യോഗങ്ങൾ നടന്നിരുന്നു. ഇരുസംഘടനകളെയും ചേർത്തുനിർത്തുന്ന പ്രധാന ഘടകം രണ്ടിന്റെയും ഉദ്ദേശ്യലക്ഷ്യങ്ങൾ പൊതുവെ ഏകഭാവമാണ് എന്നതാണ്. ഈ ബന്ധത്തെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ജാഗ്രത സമസ്തയും മതപരമായി ഉപയോഗിക്കാനുള്ള ജാഗ്രത മുസ്ലിംലീഗും കാലങ്ങളായി പുലർത്തിപ്പോന്നു.
ഇസ്ലാമിക പണ്ഡിതരെ കേവല മതാചാര്യരായി ഒതുക്കുന്നതിനുപകരം സാമൂഹിക-സാമുദായിക വിഷയങ്ങളിൽ ഇടപെടാനും ഭൗതികവും അക്കാദമികവുമായ മേഖലകളിൽ വിദഗ്ധരാക്കാനും ഇതിനകം സമസ്തക്കു കഴിഞ്ഞു എന്നത് ചരിത്ര സത്യമാണ്. സമസ്ത സാധിച്ചെടുത്ത നവോത്ഥാനമെന്ത് എന്ന ചോദ്യം അപ്രസകതമാക്കുന്ന തരത്തിൽ സംഘടനക്കു കീഴിലുള്ള വിവിധ വിദ്യാഭ്യാസ സംവിധാനങ്ങളും സ്ഥാപനങ്ങളും വളർന്നുപന്തലിച്ചിരിക്കുന്നു. സംഘടനാവത്കൃതരായ ഒരു ജനസഞ്ചയത്തെ സൃഷ്ടിക്കുക എന്നതല്ല ഒരിക്കലും സമസ്തയുടെ പാരമ്പര്യം. മറിച്ച്, ബഹുജനാടിത്തറയുള്ള ഒരു മതപ്രസ്ഥാനമായി നിലകൊള്ളുകയും വിശ്വാസി സമുദായത്തെ വഴിനടത്തുകയും ചെയ്യുക എന്നതാണ് നൂറ്റാണ്ടുകാലത്തെ മാതൃക. മതനിരാസവും ധാർമിക ശോഷണവും പടർന്നുപിടിക്കുന്ന വർത്തമാനകാലത്ത് പുതിയ കർമപദ്ധതികൾ ആവിഷ്കരിക്കപ്പെടണം. കേരളത്തിലുടനീളം സ്വാധീനം ചെലുത്തിയ ഈ മതകീയ ചൈതന്യം, കേരളത്തിനു പുറത്തെ മുപ്പത്തിയഞ്ച് കോടിയിലധികമുള്ള മുസ്ലിംകൾക്കുകൂടി അനുഭവിക്കാവുന്ന സംവിധാനമായി വളരേണ്ടതുണ്ട്. അതിനുള്ള പാഥേയമൊരുക്കാനും പുതിയ കാലത്തേക്കുള്ള പദ്ധതികൾ ആവിഷ്കരിക്കാനും അടുത്ത നൂറുവർഷത്തെ സംഘടന സംവിധാനങ്ങൾക്കു സാധിക്കേണ്ടതുണ്ട്.
(സമസ്ത കേന്ദ്ര മുശാവറ അംഗവും
ദാറുൽഹുദാ ഇസ്ലാമിക
സർവകലാശാല വൈസ്
ചാൻസലറുമാണ് ലേഖകൻ)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

