രാമക്ഷേത്ര ഫണ്ട് തട്ടിപ്പ്: ആരോപിതരുടെ ഗ്രാമങ്ങളിൽ കേട്ടത്
text_fieldsഅയോധ്യാ നഗരത്തിൽ ശ്രീരാമന്റെ ചുമർചിത്രം Akanksha Kumar/The Wire
‘‘ഓ, ചാണകത്തിൽ പണം ഒളിപ്പിച്ചു വെച്ച ആളുടെ വീടാണോ? അത്തരക്കാരിൽ നിന്ന് അകലം പാലിക്കാനാണ് എനിക്കിഷ്ടം’’- ലവകുശ് മിശ്രയുടെ വീട്ടിലേക്കുള്ള വഴി ചോദിച്ചപ്പോൾ ഒരു പ്രദേശവാസി പ്രതികരിച്ചതിങ്ങനെയാണ്. അയോധ്യ ശ്രീരാമക്ഷേത്ര ഫണ്ട് തട്ടിപ്പ് അന്വേഷിക്കാൻ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്ത അഞ്ച് പ്രധാന പ്രതികളിൽ ഒരാളാണ് ലവകുശ്. ക്ഷേത്ര സംഭാവനകളിൽ കൃത്രിമം കാണിച്ചെന്നാരോപിച്ച് മറ്റ് ഏഴ് പേർക്കൊപ്പം ഇന്നലെ ഇയാളെയും അറസ്റ്റ് ചെയ്തിരുന്നു. അനുകൽപ് മിശ്ര, രാമശങ്കർ യാദവ് എന്ന ടിന്നു, അവിനാഷ് ശുക്ല, കരുണേഷ് പാണ്ഡെ, സുഭാഷ് ശ്രീവാസ്തവ, മനീഷ് കുമാർ യാദവ്, രാമശങ്കർ മിശ്ര എന്നിവരാണ് കേസിൽ അറസ്റ്റിലായ മറ്റുള്ളവർ.
ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അംഗം കൃഷ്ണ മോഹൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജൂൺ 25-ന് അയോധ്യയിലെ രാമജന്മഭൂമി പൊലീസ് സ്റ്റേഷനിൽ എട്ട് പേർക്കെതിരെയും കണ്ടാലറിയാവുന്ന മറ്റ് ചിലർക്കെതിരെയും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ചാണക വരളികൾക്കിടയിൽ ഒളിപ്പിച്ച പണം കണ്ടെടുത്തു എന്ന ആരോപണം ലവകുശിന്റെ കുടുംബത്തെ വല്ലാതെ വേട്ടയാടുന്നുണ്ട്. അയോധ്യ നഗരത്തിൽ നിന്ന് 60 കിലോമീറ്റർ അകലെ മീനാപൂർ ഫഗൗലി ഗ്രാമത്തിൽ, ചായം അടർന്നുപോയ, ആ സാധാരണ ഗ്രാമീണ ഭവനത്തിന്റെ വാതിലിലെ ഓരോ മുട്ടുകളും ലവകുശിന്റെ കുടുംബത്തെ പരിഭ്രാന്തരാക്കുന്നു.
ലവകുശിനെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് നൽകുന്നതെന്ന് സഹോദരി കരുതുന്നു- ‘‘മാധ്യമപ്രവർത്തകരോടും നാട്ടുകാരോടും എനിക്ക് പറയാനുള്ളത് ഒന്നേയുള്ളൂ; പണം ചാണകത്തിൽ നിന്നോ വീടിനുള്ളിൽ നിന്നോ കണ്ടെടുത്തു എന്ന് കാണിക്കുന്ന ഏതെങ്കിലും വീഡിയോയോ ചിത്രമോ നിങ്ങളുടെ പക്കൽ തെളിവായിട്ടുണ്ടെങ്കിൽ, അത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സത്യം പുറത്തുകൊണ്ടുവരൂ, അല്ലാതെ കള്ളം പറയരുത്’’.
രാമക്ഷേത്രത്തിൽ പണം എണ്ണുന്ന ജീവനക്കാരനായിരുന്ന ലവകുശിന്റെ വീട്ടിൽ നിന്ന് 10 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഈ പണം വീടിനുള്ളിലെ ഒരു പെട്ടിയിലും, കുറച്ചു പണം പുറത്ത് ചാണകക്കൂനക്കുള്ളിലും ഒളിപ്പിച്ചിരിക്കുകയായിരുന്നു എന്നാണ് ദൈനിക് ഭാസ്കറിൽ വന്ന റിപ്പോർട്ട്.
‘‘ഭഗവാൻ രാമന് നീതി കിട്ടണമെന്ന് തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്. ഞങ്ങളും ബ്രാഹ്മണരാണ്. ഒരു പാവപ്പെട്ട മനുഷ്യന് അവർ ചീത്തപ്പേരുണ്ടാക്കുകയാണ്’’- ജ്യേഷ്ഠനെതിരെയുള്ള ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ സഹോദരി കൂട്ടിച്ചേർത്തു.തങ്ങളും ബ്രാഹ്മണ സമൂഹത്തിൽ പെട്ടവരാണെന്ന ഓർമപ്പെടുത്തൽ ശ്രദ്ധിക്കുക- അയോധ്യയിലെ വഴിയോര കടകളിൽ കേൾക്കുന്ന പൊതുവായ സംസാരം ഇതാണ്: ‘‘ദൈവത്തെ സംരക്ഷിക്കാൻ ഏൽപ്പിക്കപ്പെട്ട ഒരു സമൂഹം (രക്ഷകൻ) എങ്ങനെ ഭക്ഷകനായി മാറും?"
ലവകുശിന്റെ കുടുംബം പരമ്പരാഗതമായി പൂജാകർമങ്ങളുമായി ബന്ധപ്പെടുന്ന ബ്രാഹ്മണരിലെ ശാകദ്വീപി വൈദിക ഗോത്രത്തിൽ പെട്ടവരാണ്.. ലവകുശിന്റെ മുത്തശ്ശൻ ജഗദംബ പണ്ഡിറ്റ് ഗ്രാമീണ വീടുകളിൽ പൂജകൾ നടത്തിയിരുന്നു. പിതാവ് ബച്ചു ലാൽ മൂന്ന് പതിറ്റാണ്ട് മുമ്പ് ജോലി തേടി ഗാസിയാബാദിലേക്ക് പോയതാണ്, ഇപ്പോൾ ലോഹ മണ്ഡിയിൽ ജോലി ചെയ്യുന്ന അദ്ദേഹത്തിന് പ്രതിമാസം 12,000 രൂപയാണ് ശമ്പളം. ലവകുശിന്റെ അമ്മ ഗാസിയാബാദിലെ വീടുകളിൽ ജോലി ചെയ്യുന്നു.
എസ്.ഐ.ടി റെയ്ഡിനെക്കുറിച്ച് ലവകുശിന്റെ പിതാവ് പ്രാദേശിക റിപ്പോർട്ടർമാരോട് സംസാരിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ‘‘അവന് നാലഞ്ച് മാസം മുമ്പാണ് അവിടെ (ക്ഷേത്രത്തിൽ) ജോലി കിട്ടിയത്. ചില മോഷണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിനാൽ ഇവിടെ പരിശോധന നടത്തി, വീടിനുള്ളിൽ നിന്ന് പണം കണ്ടെടുത്തു,’’ അദ്ദേഹം പറയുന്നത് കേൾക്കാം. പണം കണ്ടെടുത്തതിനെക്കുറിച്ചുള്ള പല അവകാശവാദങ്ങളും അസത്യമാണെന്ന് കുടുംബം ഉറപ്പിച്ചു പറയുമ്പോഴും, മീനാപൂർ ഫഗൗലി ഗ്രാമത്തിലെ ചില അയൽക്കാർക്ക് മറ്റൊരു കഥയാണ് പറയാനുള്ളത്.
മൂന്നംഗ പാനൽ രൂപവത്കരിച്ച് പത്ത് ദിവസത്തിന് ശേഷം, 2026 ജൂൺ 23-ന് എസ്.ഐ.ടി തങ്ങളുടെ പ്രാഥമിക റിപ്പോർട്ട് അഡീഷണൽ ചീഫ് സെക്രട്ടറി (ഹോം) സഞ്ജയ് പ്രസാദിന് സമർപ്പിച്ചു. വലിയ സമ്മർദങ്ങൾക്കും താമസം നേരിട്ടതിനും ശേഷമാണ് പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ ആകെ 150 സംശയിതരെ എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്, അതിൽ 25 പേർക്കെതിരെ ഉടൻ നടപടിയുണ്ടാകും.
സത്യം ഒടുവിൽ പുറത്തുവരും
ലവകുശിന്റെ വീടിന്റെ മുൻഭാഗത്ത് മുളങ്കമ്പുകളിൽ താങ്ങിനിർത്തിയ ടിൻ ഷെഡിന് താഴെ കരിപിടിച്ച ഒരു പരമ്പരാഗത അടുപ്പ് (ചൂള) കാണാം. കുറച്ച് കരിഞ്ഞ ചാണക വരളികൾ ഒരു ഇരുമ്പ് പാത്രത്തിൽ കിടപ്പുണ്ട്, തൊട്ടപ്പുറത്ത് രണ്ട് എരുമകളെ കെട്ടിയിരിക്കുന്നു. ‘‘സത്യം ഒടുവിൽ പുറത്തുവരും. ഞങ്ങളുടെ പക്കൽ അത്രയധികം പണമുണ്ടായിരുന്നെങ്കിൽ ഞങ്ങൾ എന്തിനാണ് ഈ അടുപ്പിൽ പാകം ചെയ്യുന്നത്? പണം ചാണകത്തിൽ ഒളിപ്പിച്ചു എന്നാണ് പറയുന്നത്, വ്യാജ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ ആർക്കും എന്തും പറയാമല്ലോ’’ -സഹോദരി പറയുന്നു. ലവകുശ് വസ്തുവകകൾ വാങ്ങിയെന്ന വാർത്തകളും അവർ നിഷേധിക്കുന്നു.
എന്നാൽ, ലവകുശിന് ക്ഷേത്രത്തിൽ ജോലി കിട്ടിയതിനു ശേഷം പെരുമാറ്റത്തിൽ പെട്ടെന്ന് മാറ്റങ്ങൾ വന്നതായി അയൽക്കാരനായ ജഹാംഗീർ ബഹാദൂർ സിങ് പറയുന്നു. ‘‘അവൻ ഒരു കാർ മെക്കാനിക്കായിരുന്നു, 10,000-12,000 രൂപയാണ് കിട്ടിയിരുന്നത്. സ്വന്തമായി കടയൊന്നും ഇല്ലായിരുന്നു. എന്നാൽ ഈ ജോലി കിട്ടിയ ശേഷം അവൻ അവധിക്ക് വരുമ്പോൾ സുഹൃത്തുക്കൾക്കൊപ്പം നടന്ന് ആഹാരത്തിനും മറ്റുമായി വലിയ തുക ചിലവഴിക്കാറുണ്ടായിരുന്നു’’- അദ്ദേഹം പറഞ്ഞു.
ഒരു മുത്തശ്ശന്റെ നിഷേധം
അയോധ്യയിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള മിൽക്കിപൂരിലെ ബസാവൻ ഗ്രാമത്തിൽ, 2026 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ നടന്ന രണ്ട് ഭാഗവത കഥാ ചടങ്ങുകൾ വലിയ ചർച്ചയായിരുന്നു. സാധാരണക്കാർ വർഷങ്ങളോളം സ്വരുക്കൂട്ടുന്ന സമ്പാദ്യം കൊണ്ട് നടത്തുന്ന വലിയ തുക ചെലവ് വരുന്ന ഒരു ഭാഗവത സപ്താഹം 19 വയസുകാരൻ അനുകൽപ് മിശ്ര ഒറ്റയ്ക്ക് നടത്തിയത് എല്ലാവരെയും അത്ഭുതപ്പെടുത്തിയിരുന്നു. രാമക്ഷേത്രത്തിൽ പണം എണ്ണുന്ന ജീവനക്കാരനായിരുന്ന ഈ അനുകൽപ് മിശ്രയാണ് തട്ടിപ്പിന്റെ 'സൂത്രധാരൻ' എന്ന് വാർത്തകൾ പറയുന്നു. അയോധ്യയിലെ കൗശൽപുരി കോളനിയിൽ 65 ലക്ഷം രൂപ വിലമതിക്കുന്ന ഭൂസ്വത്ത് അനുകൽപ് അടുത്തിടെ വാങ്ങിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബസാവൻ ഗ്രാമത്തിൽ വെച്ച് ഈ ലേഖിക അനുകൽപിന്റെ മുത്തശ്ശൻ രാജേന്ദ്ര പ്രസാദ് മിശ്ര(70)യെ കണ്ടു. അദ്ദേഹം പേരക്കുട്ടിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും നിഷേധിച്ചു. കൗശൽപുരിയിലുള്ള അനുകൽപിന്റെ വീട്ടിൽ ചെന്നപ്പോൾ സഹോദരങ്ങളെയാണ് കാണാൻ കഴിഞ്ഞത്. ഈ വീട് അടുത്തിടെ വാങ്ങിയതാണെന്ന ആരോപണം നിഷേധിച്ച സഹോദരി, തങ്ങൾ കഴിഞ്ഞ 8-9 വർഷമായി ഇവിടെയാണ് താമസിക്കുന്നതെന്ന് അവകാശപ്പെട്ടു.
എന്നാൽ ഗ്രാമത്തലവന്റെ പ്രതിനിധിയായ ധർമേന്ദ്ര കുമാർ യാദവിന് അനുകൽപിന്റെ കാര്യത്തിൽ സംശയങ്ങളുണ്ടായിരുന്നു. ‘‘മുമ്പ് അവൻ വളരെ സാധാരണ ജീവിതമാണ് നയിച്ചിരുന്നത്. ട്രസ്റ്റിൽ ചേർന്നതിന് തൊട്ടുപിന്നാലെയാണ് കൗശൽപുരിയിൽ 65 ലക്ഷം രൂപക്ക് അവന്റെ അച്ഛൻ ഫ്ലാറ്റ് വാങ്ങിയ വിവരം ഞങ്ങൾ അറിയുന്നത്. ആറ് മാസം മുമ്പ് ഒരു സ്വിഫ്റ്റ് ഡിസയർ കാറും വാങ്ങി. ചുരുങ്ങിയ കാലയളവിൽ ഉണ്ടായ ഈ മാറ്റങ്ങൾ ഗ്രാമത്തിൽ വലിയ ചർച്ചയായിരുന്നു,’’-യാദവ് പറഞ്ഞു.
അനുകൽപിന് രാഷ്ട്രീയ മോഹങ്ങളുണ്ടായിരുന്നുവെന്നും അത് വഴിയാണ് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയുമായി അടുത്തതെന്നും യാദവ് പറയുന്നു. അഴിമതി വിവാദത്തിന് പിന്നാലെ വെള്ളിയാഴ്ച ചമ്പത് റായ് ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചിട്ടുണ്ട്.
വികസനവും തൊഴിലില്ലായ്മയും
പന്ത്രണ്ടാം ക്ലാസിന് ശേഷം പഠനം നിർത്തിയ, 20 വയസ്സിനോട് അടുത്ത പ്രായമുള്ള രണ്ട് യുവാക്കളാണ് (ലവകുശും അനുകൽപും) ഇപ്പോൾ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിന്റെ കേന്ദ്രബിന്ദുക്കൾ. ഉത്തർപ്രദേശിനെ ഒരു ട്രില്യൺ ഡോളർ സമ്പദ്വ്യവസ്ഥയാക്കി മാറ്റാൻ അയോധ്യ വലിയ പങ്ക് വഹിക്കുമെന്ന് യോഗി ആദിത്യനാഥ് സർക്കാർ അവകാശപ്പെടുന്നതിനിടയിലാണ് ഈ വൻ അഴിമതി നടന്നിരിക്കുന്നത്.
വിനോദസഞ്ചാരത്തിലൂടെ അയോധ്യയിൽ നിന്ന് വൻ വരുമാനം സർക്കാർ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും, പ്രാദേശികമായി യുവാക്കൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളോ തൊഴിലവസരങ്ങളോ ഇല്ലെന്നാണ് കുടുംബങ്ങൾ പറയുന്നത്. മിൽക്കിപൂരിൽ കുട്ടികൾക്ക് ഹൈസ്കൂൾ പഠനത്തിനായി പോലും ദിവസവും 20 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട അവസ്ഥയാണുള്ളതെന്ന് സന്നദ്ധ പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു.
രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസിൽ ഉത്തർപ്രദേശ് പൊലീസ് ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരവും അഴിമതി നിരോധന നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ, വിവാദം പൊട്ടിപ്പുറപ്പെട്ട് 16 ദിവസത്തിന് ശേഷമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് എന്നത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. മുൻ ഉത്തർപ്രദേശ് ഡി.ജി.പി സുൽഖാൻ സിങ്ങിന്റെ അഭിപ്രായത്തിൽ ഇത്തരം കേസുകളിൽ ഉടനടി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതായിരുന്നു. താമസം വരുത്തുന്നത് തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായകമാകും. കേന്ദ്ര സർക്കാറിന് കീഴിലുള്ള ട്രസ്റ്റായതിനാലാണ് സംസ്ഥാന സർക്കാർ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ മടി കാണിച്ചതെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.
മീനാപൂർ ഫഗൗലി ഗ്രാമത്തിൽ ലവകുശിന്റെ സഹോദരി നിയമപോരാട്ടത്തിന് തയാറെടുക്കുകയാണ്. ‘‘എന്റെ സഹോദരൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവൻ ശിക്ഷിക്കപ്പെടണം ഞങ്ങൾ പതിവായി ക്ഷേത്രത്തിൽ പോയി പ്രാർഥിക്കുന്നവരാണ്, ഞങ്ങൾ എന്തിനാണ് ദൈവത്തോട് ഇങ്ങനെ ചെയ്യുന്നത്?-അവർ ചോദിക്കുന്നു.
(നിരവധി മാധ്യമപ്രവർത്തന പുരസ്കാരങ്ങൾ നേടിയിട്ടുള്ള ലേഖിക thewire.inൽ എഴുതിയ സുദീർഘ റിപ്പോർട്ടിന്റെ സംഗ്രഹ വിവർത്തനം) Thanks to The Wire
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

