നമ്മുടെ കുട്ടികൾ രാജ്യത്തിന് വഴികാട്ടുന്നു!
text_fieldsഒക്ടോബർ രണ്ട് ചരിത്രത്താളുകളിൽ ഇടംപിടിച്ച മറക്കാനാവാത്ത ഒരു ദിനമാണ്; രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം! ഈ വർഷം പതിവ് ഔദ്യോഗിക പരിപാടികൾക്കപ്പുറം കാര്യങ്ങൾ തികച്ചും വ്യത്യസ്തമായിരുന്നു. ഇന്ത്യൻ യുവതയുടെ അഭൂതപൂർവമായ ഉണർന്നെഴുന്നേൽപ്പിനാണ് ഗാന്ധിജയന്തി സാക്ഷ്യംവഹിച്ചത്.
മോദിയുടെയും അമിത് ഷായുടെയും സ്വന്തം തട്ടകമായ അഹ്മദാബാദ് നഗരത്തിൽ കണ്ടത് അവിശ്വസനീയമായ കാഴ്ചകളാണ്. ഗുജറാത്ത് സർവകലാശാലാ കവാടത്തിനു മുന്നിൽ ഇരുന്നൂറിലധികം യുവജനങ്ങൾ തടിച്ചുകൂടി. അവരുടെ ലക്ഷ്യം സുവ്യക്തമായിരുന്നു: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ പടിയിറങ്ങണം! ഈ സർക്കാർ താഴെയിറങ്ങണം! സമൂഹത്തിൽ പടർന്നുപിടിക്കുന്ന ബലാത്സംഗ സംസ്കാരത്തിനെതിരെ അവർ ശബ്ദമുയർത്തി; ‘പുരുഷാധിപത്യം തുലയട്ടെ’ എന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. ജൂലൈ 21-ന് വൈകുന്നേരവും നൂറുകണക്കിന് വിദ്യാർഥികൾ ഒത്തുചേർന്ന് പാട്ടുപാടി തെരുവിലിറങ്ങിയിരുന്നു. കൂട്ടംകൂട്ടമായി എത്തിയ അവർ ‘മോദി ഹഠാവോ! ദേശ് ബച്ചാവോ!’ എന്ന് ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. അഹമ്മദാബാദിൽ ഇങ്ങനെയൊരു കാഴ്ച കണ്ട് ആളുകൾ അത്ഭുതത്തോടെ കണ്ണും കാതും തിരുമ്മി! അതെ, അത് യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ചിലരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒക്ടോബർ രണ്ടിനും വലിയ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നുവെങ്കിലും കാഴ്ചക്കാരെപ്പോലെ നിൽക്കാനേ അവർക്കായുള്ളൂ!
‘ദി ഹിന്ദു’ തയാറാക്കിയ ‘Gandhi for Gen Z: The Mahatma is suddenly cool again’ എന്ന മുപ്പത്തിയഞ്ച് മിനിറ്റ് ഡോക്യുമെന്ററി ഏതൊരു കാഴ്ചക്കാരെയും വിസ്മയിപ്പിക്കുന്നതാണ്. രാജ്യത്തെ പ്രഗൽഭരുടെ അഭിമുഖങ്ങളും ചിന്തകളും ഉൾക്കൊള്ളിച്ചതാണ് ഈ ചിത്രം. ഗാന്ധിയൻ ദർശനങ്ങളും മൂല്യങ്ങളും ഇന്നും പ്രസക്തമാണെന്നതാണ് ഇതിന്റെ കാതൽ. എന്നാൽ, ഗാന്ധിയൻ ആശയങ്ങളെ നോക്കിക്കാണുന്നതിൽ ഇന്നത്തെ യുവതലമുറയ്ക്ക് പുതിയൊരു ശൈലിയുണ്ട്. സത്യഗ്രഹികളെപ്പോലെ കുത്തിയിരിപ്പുസമരങ്ങളും നിരാഹാരങ്ങളും ധർണകളും പ്രതിഷേധങ്ങളുമെല്ലാം അവർ സംഘടിപ്പിക്കുന്നു. അതിനൊപ്പം അവരുടെ നർമവും പാട്ടുകളും നവീനമായ മുദ്രാവാക്യങ്ങളും ആ പോരാട്ടങ്ങളെ തികച്ചും വ്യത്യസ്തമാക്കുന്നു! അവർക്ക് വാഗ്സാമർഥ്യവും കാര്യങ്ങൾ ബോധ്യപ്പെടുത്താനുള്ള കഴിവുമുണ്ട്. കൃത്യമായ വിവരങ്ങളും കണക്കുകളും അവരുടെ വിരൽത്തുമ്പിലുണ്ട്.
ഒക്ടോബർ ഏഴിന് ഉച്ചയ്ക്ക് ന്യൂഡൽഹിയിലെ പ്രസ് ക്ലബ്ബിൽ ഐസ പ്രസിഡന്റ് നേഹ ബോറ, സി.ജെ.പി കോ-കൺവീനർ സൗരവ് ദാസ്, സി.ജെ.പി വക്താവ് രത്ന സിംഗ്, എസ്.എഫ്.ഐ പ്രസിഡന്റ് ആദർശ് സജി, എ.ഐ.എസ്.എഫ് പ്രസിഡന്റ് വിരാജ് എന്നിവർ ചേർന്ന് നിലപാടുകൾ അവതരിപ്പിച്ച രീതി കണ്ട് അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ അമ്പരന്നുപോയി. എതൊരു മാധ്യമവിദഗ്ധരെയും വെല്ലുന്ന പ്രകടനമായിരുന്നു അത്. പ്രധാനമന്ത്രി എന്ന നിലയിൽ ഒരിക്കൽപ്പോലും വാർത്താസമ്മേളനത്തെ അഭിമുഖീകരിക്കാൻ ധൈര്യം കാട്ടാത്തയാൾ അതൊന്നു കാണേണ്ടതുതന്നെയായിരുന്നു.
ഇന്നത്തെ യുവത സോഷ്യൽ മീഡിയയും മീമുകളും കാർട്ടൂണുകളും ഇൻസ്റ്റാഗ്രാമും ഫേസ്ബുക്കുമെല്ലാം ആയുധമാക്കുന്നു. അവരുടെ ശൈലി തികച്ചും സർഗാത്മകവും നൂതനവുമാണ്. ഈ സമരങ്ങൾക്കുള്ള പണം എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് അവരിലൊരാളോട് ചോദിച്ചപ്പോൾ ഉടനടി വന്ന മറുപടി ഇതായിരുന്നു: “ഞങ്ങൾക്ക് പി.എം കെയേഴ്സ് ഫണ്ടിൽ നിന്നാണ് പണം കിട്ടുന്നത്!” ചോദ്യം ചോദിച്ചയാളെ ആ ഉത്തരം വെട്ടിലാക്കി. പി.എം കെയേഴ്സ് ഫണ്ടിലേക്ക് യഥാർഥത്തിൽ എത്ര പണം വന്നെന്നോ, അത് ആർക്കുവേണ്ടി എങ്ങനെ ചിലവഴിക്കുന്നുവെന്നോ ആർക്കും അറിയില്ലല്ലോ!
അതെ, അവരുടെ പ്രതിഷേധത്തിന്റെ ഭാഷ അടിമുടി ഇന്റർനെറ്റിന്റെ ലോകത്തുനിന്ന് ഉത്ഭവിച്ചതാണ്. മീമുകളും ‘ജെൻ സി’ പ്രയോഗങ്ങളും ആകർഷകമായ പോസ്റ്ററുകളും ഡാർക്ക് ഹ്യൂമറും ഉപയോഗിച്ച് സർക്കാരിന്റെയും പൊലീസിന്റെയും ഭീഷണികളെയും അടിച്ചമർത്തലുകളെയും അവർ അനായാസം നേരിട്ടു. സമരത്തെ പിന്തുടരുന്നവർക്ക് കൃത്യമായ വിവരങ്ങൾ എത്തിക്കാനും വ്യാജപ്രചാരണങ്ങളെ ചെറുക്കാനുമുള്ള പ്രധാന മാധ്യമമായി ഇൻസ്റ്റാഗ്രാം വിഡിയോകള് മാറി.
ഒക്ടോബർ 10-ന് ജന്തർ മന്തറിലേക്ക് എത്തുന്നതിൽനിന്ന് പ്രകടനക്കാരെ പൊലീസ് തടഞ്ഞപ്പോൾ, പത്തു കിലോമീറ്റർ അകലെയുള്ള ദില്ലി ഹാത്തിലേക്ക് നീങ്ങാൻ നേഹ ബോറ ആഹ്വാനം ചെയ്തു. ‘ഇന്ന് ദില്ലി ഹാത്ത് ജന്തർ മന്തറായി മാറും’ എന്ന് എക്സിൽ കുറിച്ചുകൊണ്ട് മുദ്രാവാക്യം വിളിച്ച് അവർ അങ്ങോട്ട് നീങ്ങി. പൊലീസെത്തി അവരെയും മറ്റ് പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തു. എന്നാൽ, കസ്റ്റഡിയിലായിരിക്കുമ്പോഴും സമരം തുടരണമെന്ന് അവർ ആഹ്വാനം ചെയ്തു: “ഞാൻ തടവിലാണ്, എന്നാൽ നമ്മുടെ സമരം തടവിലല്ല,” ഓൺലൈനിൽ പങ്കുവെച്ച വീഡിയോയിലൂടെ അവർ പോരാളികളോട് തങ്ങളുള്ളിടത്ത് പ്രതിഷേധം തുടരാൻ ആവശ്യപ്പെട്ടു.
ജന്തർ മന്തറിനെ പ്രതിഷേധവേദിയെന്ന പദവിയിൽനിന്ന് ഒഴിവാക്കി രാംലീല മൈതാനം, ബുരാരി ഗ്രൗണ്ട്, സി.ബി.ഡി ഗ്രൗണ്ട് എന്നിവ പകരം വേദികളായി ഡൽഹി പൊലീസ് പ്രഖ്യാപിച്ചതിനു പിന്നാലെ ഒക്ടോബർ 13-ന് പുലർച്ചെ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരും മറ്റ് വളണ്ടിയർമാരും ദേശീയപതാകയേന്തി ബാരിക്കേഡുകൾ മറികടന്ന് ജന്തർ മന്തറിലേക്ക് പ്രവേശിച്ചു. തുടർന്ന് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. ‘ജന്തർ മന്ദർ തിരിച്ചുപിടിച്ചിരിക്കുന്നു!’ എന്ന് സൗരവ് ദാസ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
രാജ്യത്തുടനീളം ലക്ഷക്കണക്കിന് പ്രതിഷേധങ്ങൾ നടന്നിട്ടുണ്ട്.കാർഷികനയങ്ങൾക്കെതിരെ ആയിരക്കണക്കിന് കർഷകർ തെരുവിലിറങ്ങിയത് നാം കണ്ടതാണ്. മനുഷ്യാവകാശ പ്രവർത്തകരും പൗരസമൂഹ നേതാക്കളും അപകടസാധ്യതകൾ അവഗണിച്ച് സർക്കാരിനെതിരെ നിരന്തരം പോരാടുന്നുമുണ്ട്. എന്നാൽ, ഇത് തികച്ചും വ്യത്യസ്തമാണ്. ഒരു ഫാഷിസ്റ്റ് ഭരണകൂടം രാജ്യത്തെ കൊണ്ടുചെന്നെത്തിച്ച ഭയാനകമായ അവസ്ഥയെക്കുറിച്ച് ഈ യുവതലമുറ അറിവ് നേടിയിരിക്കുന്നു. അവർ അതിനെതിരെ വ്യക്തമായ നിലപാട് സ്വീകരിക്കുന്നു! തങ്ങളുടെ സുരക്ഷിത ഇടങ്ങളിൽനിന്ന് പുറത്തിറങ്ങി അവർ വൻതോതിൽ അണിനിരക്കുകയാണ്. പ്രതിപക്ഷ പാർട്ടികൾ ഉൾപ്പെടെയുള്ള എല്ലാവർക്കും പുതിയ പ്രതീക്ഷയും ഊർജവുമാണ് അവർ പകരുന്നത്. ഒരു കാര്യം ഉറപ്പാണ്: പൊലീസിനെയും മറ്റ് സംവിധാനങ്ങളെയും തങ്ങളുടെ അധികാര സംരക്ഷണത്തിനായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഈ ഭരണകൂടം ഭയന്നിരിക്കുകയാണ്!
ജെൻ സി കാണിക്കുന്നത് പുതിയതും മെച്ചപ്പെട്ടതുമായ ഒരു ഇന്ത്യയിലേക്കുള്ള വഴിയാണ്! അഴിമതിക്കും വർഗീയതയ്ക്കുമെതിരെ; മാറ്റിനിർത്തലുകൾക്കും ചൂഷണങ്ങൾക്കുമെതിരെ; അധിക്ഷേപങ്ങൾക്കും വിഭജന രാഷ്ട്രീയത്തിനുമെതിരെ; വിദ്യാഭ്യാസ-തെരഞ്ഞെടുപ്പ് സംവിധാനങ്ങളിലെ ജീർണതകൾക്കെതിരെ അവർ പൊരുതുകയാണ്!സത്യവും നീതിയും, സ്വാതന്ത്ര്യവും സമത്വവും, സാഹോദര്യവും വൈവിധ്യവും, മതേതരത്വവും സോഷ്യലിസവും പരമോന്നതമായി വാഴുന്ന ഒരു ഇന്ത്യ പടുത്തുയർത്താൻ അവർ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. തലയുയർത്തിപ്പിടിക്കാനും അറിവ് സ്വതന്ത്രമായി പങ്കുവെക്കപ്പെടാനും കഴിയുന്ന ഒരിടം! ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയും ജനാധിപത്യ സംസ്കാരം കാത്തുസൂക്ഷിക്കപ്പെടുകയും ചെയ്യുന്ന ഒരിടം! ‘നാം വിജയം വരിക്കും!’ എന്ന അടിയുറച്ച വിശ്വാസത്തിലാണ് അവർ.
cedricprakash@gmail.com
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

