Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightനിപയുടെ...

നിപയുടെ വഴികളും സമൂഹത്തി​െൻറ പ്രതികരണവും 

text_fields
bookmark_border
നിപയുടെ വഴികളും സമൂഹത്തി​െൻറ പ്രതികരണവും 
cancel

നാട്ടിലിപ്പോൾ സംസാരവിഷയം ഇതുവരെ കേട്ടിട്ടില്ലാത്ത നിപ വൈറസ് ആണ്. കേരളത്തിൽ അണുബാധ സ്ഥിരീകരിച്ച സ്ഥിതിക്ക് ഈ വൈറൽ പനിയുടെ ശാസ്ത്രീയവശങ്ങളും നിയന്ത്രണ ഉപാധികളും ആവർത്തിച്ച് ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. രണ്ടു ഗുണങ്ങളാണിതിനുള്ളത്. ഒന്ന്, ശാസ്ത്രീയ നേട്ടങ്ങളും അറിവുകളും സാധാരണക്കാരിലെത്തിക്കാൻ സാധിക്കുന്നു. പുതിയ അറിവുകളോ ചികിത്സരീതികളോ കണ്ടെത്താൻ ഉപകരിക്കും. മാത്രമല്ല ചികിത്സ, പ്രതിരോധം, മുന്നൊരുക്കം എന്നിവയിൽ പൊതുധാരണകളിലെത്താനും ചർച്ച ആവശ്യമാണ്. രണ്ട്, അന്ധവിശ്വാസങ്ങൾ, ഊഹാപോഹങ്ങൾ, സാമൂഹിക അപമാനവത്കരണം (stigmatization) എന്നിവ തടഞ്ഞുനിർത്താൻ വിശാലമായ ആശയവിനിമയം കൂടിയേ തീരൂ. രോഗസാധ്യത ഉണ്ടാകാമെന്നപേരിൽ വ്യക്തികളെയും കുടുംബങ്ങളെയും ഒറ്റപ്പെടുത്തുന്നതും അപമാനിതരാക്കുന്നതും ആധുനിക സമൂഹത്തിനു ചേർന്ന നടപടിയല്ല. പലപ്പോഴും അടിസ്ഥാനരഹിതമായ ഭീതിയിൽനിന്നാണ് ഇതുത്ഭവിക്കുന്നത്. അതുകൊണ്ടുതന്നെ ശാസ്ത്രസത്യങ്ങൾ  നിരന്തരം എത്തിക്കുകയാണ് പോംവഴി.
കഴിഞ്ഞ 20 വർഷമായി നിപ വൈറസ് ആക്രമണം ലോകത്തി​​​െൻറ പലഭാഗങ്ങളിൽനിന്നു റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. അവിടെയെങ്ങും രോഗികളെ പരിചരിക്കുന്നവർക്കോ ബന്ധുക്കൾക്കോ വൈറസ് ഭീഷണിയുടെ പേരിൽ അപമാനം സഹിക്കേണ്ടിവന്നിട്ടില്ല. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ ആശുപത്രി ജീവനക്കാരും രോഗപ്രതിരോധ പ്രവർത്തനങ്ങളുമായി സഹകരിച്ച രോഗികളുടെ ബന്ധുക്കളും നേരിടുന്നത് അശാസ്ത്രീയതയിലും അന്ധവിശ്വാസത്തിലും മുങ്ങിയ സാമൂഹിക പ്രതികരണമാണ്. അടുത്തകാലത്ത് എച്ച്​.ഐ.വി /എയ്‌ഡ്‌സിനോടും, പണ്ട് കുഷ്ഠരോഗത്തോടും പ്രതികരിച്ച രീതിയിൽനിന്നു നമ്മുടെ മനസ്സ് വളരെയൊന്നും മുന്നോട്ടുപോയിട്ടില്ലെന്ന് ഇക്കാര്യം തോന്നിപ്പിക്കുന്നു. ഇത് പകർച്ചവ്യാധിയോളംതന്നെ ഗൗരവമുള്ള കാര്യമാണ്.
 

Nipah-Virus

മനുഷ്യരിൽ നിപ വൈറസ് രോഗം വർധിച്ചതോതിൽ മാരകമാകുന്നു. 2001 മുതൽ ബംഗ്ലാദേശിൽ ആവർത്തിച്ചുണ്ടായ രോഗബാധകൾ ഇതാണ് സൂചിപ്പിക്കുന്നത്. ഒടുവിൽ അവിടന്ന് ലഭ്യമായ കണക്കുകൾ പ്രകാരം 2013ൽ മരണനിരക്ക് 77 ശതമാനം ആയിരുന്നു. സാം മക്വിസ്​റ്റൺ (Sam McQuiston, 2013) മോക്രോബ് വിക്കിയിൽ എഴുതിയ ലേഖനം പറയുന്നത്: മലേഷ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ പടർന്നുപിടിച്ച വൈറസ്ബാധയിൽ മരണനിരക്ക് 38 ശതമാനം മാത്രമായിരുന്നു. ഇത് കുറവാണെന്നല്ല, വൈറസ് കൂടുതൽ ശക്തിയാർജിക്കുന്നു എന്നതാണ് പ്രശ്നം. മലേഷ്യ-സിംഗപ്പൂർ രോഗബാധയിൽ മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കുള്ള പകർച്ച തുലോം പരിമിതമായിരുന്നുവെങ്കിൽ ബംഗ്ലാദേശ്-ഇന്ത്യ രോഗബാധയിൽ ഇതൊരു സുപ്രധാന ഘടകമായി. രണ്ടു സാധ്യതകൾ കാരണമായി പരിഗണിക്കേണ്ടതാണ്; ഒന്ന്, വൈറസിന് മനുഷ്യരെ ബാധിക്കാനുള്ള വീര്യം കൈവന്നിരിക്കുന്നു. രണ്ട്, മനുഷ്യരിൽനിന്ന് മനുഷ്യരിലേക്കു പകരാനുള്ള സാഹചര്യം വർധിച്ച രീതിയിൽ ഉണ്ടായി. ശ്രദ്ധാപൂർവമായ പഠനങ്ങൾ രണ്ടാമത്തേതിലേക്കാണ് വിരൽചൂണ്ടുന്നത്. രോഗികളെ പരിചരിച്ച ബന്ധുക്കൾക്കും ആശുപത്രി ജീവനക്കാർക്കും സന്ദർശകർക്കും അണുബാധ വേഗത്തിൽ പടരുന്നതായി ബംഗാൾ-ബംഗ്ലാദേശ് അനുഭവം പഠിപ്പിക്കുന്നു.
എന്നാൽ, ഒരാളിൽനിന്ന് മറ്റൊരാളിലേക്കുള്ള പ്രസരണം നേരിട്ടുള്ള ബന്ധത്തിലൂടെ മാത്രം സംഭവിക്കുന്നു. ആശുപത്രികളിൽ നടന്ന പഠനങ്ങളിൽ രോഗിയുടെ കിടക്ക, ഷീറ്റ്, ടവൽ, കട്ടിൽ, സ്​റ്റൂൾ മുതലായ ഉപകരണങ്ങൾ എന്നിവയിൽ വൈറസ് കണ്ടെത്താനായി. ഇങ്ങനെ പകരുന്ന അണുബാധ പൂർണമായും തടയാവുന്നതാണ്. ലോകാരോഗ്യസംഘടന പ്രഖ്യാപിച്ച പരിചരണ പ്രോട്ടോകോൾ നടപ്പാക്കിയാൽ മതി. ഇത് ചെലവേറിയ നടപടിയാണ് എന്ന തോന്നൽ ശരിയല്ല. ശക്തമായ അണുബാധ നിയന്ത്രണ പ്രോട്ടോകോൾ ഏതു വൈറസിനെയും ചെറുക്കാൻ സഹായിക്കും. പ്രോട്ടോകോളുകൾ പിന്തുടരേണ്ട ആവശ്യവും അതിനുവേണ്ടുന്ന മാനസിക സന്നദ്ധതയും ആരോഗ്യപ്രവർത്തകരിൽ വളർത്തിയെടുക്കാൻ ഇതു സഹായിക്കും. നിപ മേഖലയിൽ മാത്രമല്ല, ക്രമേണ എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും സാർവത്രിക അണുനിയന്ത്രണ പ്രോട്ടോകോൾ സ്ഥാപിക്കേണ്ടതിന് ഫലപ്രദമായ പ്രോജക്ട്​ അനിവാര്യമായി വന്നിരിക്കുന്നു. 
 
നിപ വൈറസ് ബാധിച്ച് മരണമടഞ്ഞ പേരാമ്പ്ര പന്തിരിക്കര സൂപ്പിക്കട വളച്ചുകെട്ടിയിൽ മൂസയുടെ മൃതദേഹം മറവു ചെയ്യാനായി കോഴിക്കോട് കണ്ണംപറമ്പ് ഖബർസ്ഥാനിലേക്ക് കൊണ്ടുവരുന്നു
 

നിപ രോഗത്തെ ഭയക്കുന്നത് അതി​​​െൻറ ഉയർന്ന മരണനിരക്കും മസ്തിഷ്​കത്തെ ബാധിക്കാനുള്ള സാധ്യതയുമാണ്. അണുബാധ വ്യാപിച്ചു ഭീതിദമായ എപ്പിഡെമിക് ഉണ്ടാകാനുള്ള സാധ്യത വിരളമാണ്. സമൂഹം രോഗനിയന്ത്രണത്തിൽ എത്രകണ്ട് ശ്രദ്ധചെലുത്തുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. ഇതുവരെയുള്ള തെളിവുകൾ കാട്ടുന്നത് ഒരേയൊരു രോഗിയിൽനിന്നാണ് ഏഴുപേരിലേക്കു വ്യാപിച്ചത് എന്നാണ്​. പകർച്ചസാധ്യത ഒന്നിൽതാഴെ മാത്രമാണ്; അതായത്, ഒരാളിൽനിന്നു ഏറിയപക്ഷം മറ്റൊരാളിലേക്കുകൂടി പകർന്നേക്കാം. അഞ്ചാം പനി (Measles) 10 പേരിലും ഇബോള (Ebola) മൂന്നോളം പേരിലും രോഗംപകർത്താൻ സാധ്യതയുണ്ട്. യേൽ സർവകലാശാലയിലെ നടാഷ വെൻസിൽ (Natasha Wenzel, 2014) നടത്തിയ പഠനം ശ്രദ്ധേയമാണ്. നിപ രോഗത്തി​​​െൻറ പകർച്ചസാധ്യത ഗണിതശാസ്ത്ര മോഡൽ വഴി സ്ഥാപിക്കയാണ് ഗവേഷക. അവരുടെ കണ്ടെത്തൽ ആശക്കിടം നൽകുന്നു; വ്യക്തിയിൽനിന്ന് വ്യക്തിയിലേക്കുള്ള പ്രസരണത്തി​​​െൻറ തോത് 0.536 മാത്രം. ഇത് ഒന്നിൽനിന്നും വളരെ താഴെയായതിനാൽ ഇന്നത്തെ വൈറസ് വീര്യം നിലനിൽക്കുന്നിടത്തോളം കാലം രോഗം ഇൻഡെമിക് (endemic) ആകാൻ സാധ്യതയില്ല.ഫരീദ്‌പുർ രോഗബാധയിലാണ് (2010) ആദ്യമായി മരണശേഷം അടുത്ത സമ്പർക്കം ഉണ്ടായവരിലേക്ക് രോഗം പകരാമെന്നു കണ്ടെത്തിയത്. മരണാനന്തര കർമങ്ങൾ കുടുംബത്തിലെ ചുരുക്കം ചിലർ മാത്രം കൈകാര്യം ചെയ്യുന്നതിനാൽ ഇതുവഴി രോഗംപടരുന്നതിന് പരിധിയുണ്ട്. മരണ ശുശ്രൂഷകളും സംസ്കാരവും ചെയ്യുന്നതിന് നിലവിലുള്ള ചട്ടങ്ങൾ അതിനാൽ നിർബന്ധമായും പാലിക്കേണ്ടതാണ്.

നിപ രോഗം മനുഷ്യരിലെത്തുന്ന വഴി കൃത്യമായി കണ്ടെത്താനായിട്ടില്ല. പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകൾ വൈറസ് സംഭരണിയായി പ്രവർത്തിക്കുന്നു എന്നുറപ്പാണ്. ഈ വവ്വാലുകൾക്ക് രോഗമുണ്ടാകുന്നില്ല എന്നതാണ് അവ രോഗാണു സംഭരണിയായി മാറാൻ കാരണം. വവ്വാലുകൾ ഏതെങ്കിലും ചുരുങ്ങിയ ഇടങ്ങളിൽ താമസിക്കുന്ന വർഗമല്ല. റോബർട്ട്സ്, കാറ്ററൽ (2012) എന്നിവർ നടത്തിയ പഠനത്തിൽ വവ്വാലുകളുടെ യാത്ര താൽപര്യങ്ങൾ പഠനവിധേയമായി. സാറ്റലൈറ്റ് ടെലിമെറ്റ്റി സ​േങ്കതമുപയോഗിച്ചാണ് പഠനം നടത്തിയത്. അവ ചേക്കേറുന്ന സ്ഥലം സ്ഥിരമാക്കി ​വെക്കാറില്ല; ഒരാഴ്ചക്കുള്ളിൽ മറ്റൊരിടത്തേക്ക് താമസം മാറ്റുന്നു. വവ്വാലുകൾ ദീർഘദൂര യാത്രികരാണ്; 300 മുതൽ 1000ത്തിലധികം കി.മീറ്റർ വരെ യാത്ര വിരളമല്ല എന്ന് അവർ കണ്ടെത്തി. അതിനാൽ വൈറസ് രാജ്യത്തി​​​െൻറ ഒരറ്റത്തുനിന്നും മറ്റിടങ്ങളിലേക്ക് പോകാൻ അധികകാലം ആവശ്യമില്ല. അതുമാത്രം കൊണ്ട് മനുഷ്യരിൽ രോഗം പൊട്ടിപ്പടരാൻ കരണമായില്ല. മനുഷ്യർക്കും വവ്വാലുകൾക്കും നേർബന്ധങ്ങളില്ലാത്തതിനാൽ മൂന്നാമതൊരു ഏജൻസിയുണ്ടാവണം. മലേഷ്യയിൽ പന്നിഫാമുകളിൽ നിന്നാണ് രോഗം പടർന്നത്. ബംഗാൾ-ബംഗ്ലാദേശ് പ്രദേശത്തു ഈന്തപ്പഴച്ചാർ, പനങ്കള്ള് എന്നിവയിലൂടെയും. പന്നികളിൽ രോഗം കണ്ടിരുന്നു. പഴച്ചാറും പനങ്കള്ളും ശേഖരിക്കാൻ ​വെക്കുന്ന കുടത്തിൽ വവ്വാലുകൾ കയറി വൈറസ് നിക്ഷേപിക്കുന്നു. ഉമിനീർ, മലമൂത്രങ്ങൾ, ഗർഭാശയ സ്രവങ്ങൾ എന്നിവയിൽ ധാരാളം വൈറസ് അടങ്ങിയിരിക്കും. ഇത് മനുഷ്യരിൽ പ്രവേശിക്കാനെളുപ്പമാണല്ലോ. കേരളത്തിൽ നിപ രോഗം ഉത്ഭവിച്ചപ്പോൾ ഇടക്കുള്ള ഏജൻസി ഏതാണെന്നു കണ്ടുപിടിക്കാനായിട്ടില്ല.
 
Nipah

പന്നികൾ കൂടാതെ മറ്റനേകം മൃഗങ്ങളിൽ നിപ വൈറസ് ബാധയുണ്ടാകാം. പൂച്ച, നായ, ആട്, കുതിര, ചിലതരം കുരങ്ങുകൾ എന്നിവയും രോഗബാധിതരാകാം. പന്നികളിൽ കടുത്ത ശ്വാസകോശ രോഗമുണ്ടാക്കുമെങ്കിലും മരണനിരക്ക് മനുഷ്യരേക്കാളും കുറവാണ്. മറ്റുമൃഗങ്ങളിലും പകർച്ചവ്യാധി എന്ന രീതിയിൽ രോഗം കണ്ടിട്ടില്ല. മലേഷ്യയിൽ പന്നിയിൽനിന്നാണ് മറ്റുമൃഗങ്ങളിലേക്ക് പടർന്നത് എന്നു കരുതപ്പെടുന്നു. വൈറസിനെതിരെ ആൻറിബോഡികൾ മറ്റു മൃഗങ്ങളിൽ  കണ്ടെത്തിയിട്ടുണ്ട്.
വവ്വാലുകളുടെ സ്വാഭാവിക വാസസ്ഥലങ്ങൾ നഷ്​ടപ്പെട്ടതിനാലാണ് മനുഷ്യനിലേക്ക് രോഗം കവിഞ്ഞൊഴുകിയത് എന്നൊരു ആശയം ചില ശാസ്ത്രജ്ഞന്മാരെങ്കിലും മുന്നോട്ടുവെക്കുന്നു. മനുഷ്യ​​​െൻറ പ്രവർത്തനത്താൽ മരങ്ങൾ നശിക്കുകയും വവ്വാലുകൾക്ക് അവയുടെ ഭക്ഷണലഭ്യത കുറയുകയും ചെയ്യുമ്പോൾ അവ വിശന്നു പറക്കുകയും സ്ട്രെസ് ഉണ്ടാവുകയും ചെയ്യുന്നു. അവയുടെ രോഗപ്രതിരോധ ശക്തി കുറയുകയും ശരീരത്തിലെ വൈറസ് സാന്ദ്രത ക്രമാതീതമാംവിധം വർധിക്കുകയുമാണ് ഭവിഷ്യത്ത്​. അവയുടെ പഞ്ഞമാസങ്ങളിലാണ് ഏറിയതോതിൽ സ്രവങ്ങളിലൂടെ വൈറസ് പുറന്തള്ളുന്നത്. തായ്‌ലൻഡിൽ നടന്ന പഠനത്തിൽ ലൈലെയ് (p. lylei) വിഭാഗത്തിൽപ്പെട്ട വവ്വാലുകൾ ഇങ്ങനൊരു സ്വഭാവരീതി കാട്ടുന്നതായി തെളിഞ്ഞു. ലോകാരോഗ്യസംഘടന തെക്കുകിഴക്കേഷ്യ പ്രദേശത്തു പുറത്തിറക്കിയ ലഘുലേഖയിലാണ് വിവരം (WHO: Nipah Virus Infection - Fact sheet).
കേരളത്തിലെ നിപ രോഗബാധ നിയന്ത്രണവിധേയമായിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോൾ നൽകുന്ന ശ്രദ്ധയും അണുമുക്തമായ രോഗപരിചരണവും തുടർന്നും നടപ്പായാൽ ഭാവിയിലും നിപ പോലുള്ള രോഗങ്ങൾ തടയാൻ എളുപ്പം സാധ്യമാകും. ആരോഗ്യപ്രവർത്തകരോടും രോഗികളുടെ ബന്ധുക്കളോടും തുടർന്നുവരുന്ന സാമൂഹികാവഗണനയും അപമാനവത്കരണവും ശക്തമായി നേരിടേണ്ടതുമുണ്ട്.
 
Show Full Article
TAGS:Nipah Virus opinion malayalam news 
News Summary - nipah virus- opinion
Next Story