‘ലാ പുൾഗ ആറ്റോമിക’; ആറ്റോമിക വേഗത്തിൽ പായുന്ന വണ്ട് എന്നാണർഥം. കളിക്കളത്തിൽ ലയ ണൽ മെസ്സിയുടെ ചടുലതാളങ്ങളെ സ്പാനിഷ് മാധ്യമങ്ങൾ വർഷങ്ങളായി ഇങ്ങനെയാണ് വിശേ ഷിപ്പിക്കുന്നത്. ആ കളി കാണുന്നവർക്കെല്ലാം അതിെൻറ കാര്യം മനസ്സിലാകും. ഇടങ്കാലിെൻറ മാന്ത്രിക സ്പർശമേറ്റ് മൈതാനത്ത് കാൽപന്തുകൊണ്ട് വിരിയുന്ന ‘റൊസാരിയോ പുഷ്പ’ ങ്ങളുടെ വശ്യത എത്രയോ കണ്ടിരിക്കുന്നു സോക്കർ ലോകം. കളി ന്യൂ കാമ്പിലാണെങ്കിൽ പിന്നെ പറയുകയും വേണ്ട. ക്രൈഫിെൻറ ആത്മാവുറങ്ങുന്ന കാറ്റലോണിയൻ മൈതാനമാണത്. ആ ഗാലറികളിൽനിന്ന് ആരവങ്ങളുയരുേമ്പാൾ മെസ്സിയിലൂടെ വീണ്ടും ക്രൈഫ് ജനിക്കുന്നു. കഴിഞ്ഞ 15 വർഷമായി അവിടെനിന്നുള്ള സ്ഥിരം കാഴ്ചയാണത്. ആ കാഴ്ച ലോകത്തിന് സമ്മാനിച്ചത് വശ്യസുന്ദരമായൊരു ഫുട്ബാൾ അനുഭൂതിയാണ്. അഞ്ച് ബാലൻ ഡി ഓറും ആറ് യൂറോപ്യൻ ഗോൾഡൻ ബൂട്ടും നൂറുകണക്കിന് ഗോളുകളുമൊക്കെ പിറവികൊണ്ടതും അവിടെനിന്നാണ്. പക്ഷേ, കുമ്മായവരക്കുള്ളിലെ ഭാഗ്യ-നിർഭാഗ്യങ്ങൾ ക്രൈഫിനെപ്പോലെ മെസ്സിയെയും പിന്തുടരുകയാണെന്നുവന്നാൽ എന്തുചെയ്യാനാണ്? ദേശീയ ജഴ്സിയിൽ ഇരുവർക്കും ശനിദശയാണ്. ചുണ്ടിനും കപ്പിനുമിടയിൽ പലപ്പോഴും ദൗർഭാഗ്യത്തിെൻറ വൻമതിലുകളുയരുന്നു. നോക്കൂ, ഒരു ലോകകപ്പും രണ്ട് കോപയുമാണ് കൈയെത്തും ദൂരത്തുനിന്ന് അഞ്ചു വർഷത്തിനിടെ മെസ്സിക്ക് നഷ്ടമായത്. ഇപ്പോഴിതാ മൂന്നാമത്തെ കോപയും കൈവിട്ടിരിക്കുന്നു. സെമിയിൽ രണ്ട് ഗോളുകൾക്ക് കാനറികൾ അർജൻറീനയെ തോൽപിച്ചുകളഞ്ഞു. പതിവുപോലെ മനംമടുത്ത് വിരമിക്കൽ പ്രഖ്യാപനമുണ്ടാകുമെന്ന് ആരാധകരും ട്രോളന്മാരും ഒരുപോലെ കരുതി. പക്ഷേ, സംഭവിച്ചത് മറ്റൊന്നാണ്. ടീമിെൻറ തോൽവിക്ക് റഫറിക്കാണ് പഴി; ആ വകയിൽ അസോസിയേഷന് പരാതിയും നൽകി. ഇത്തവണ വിരമിക്കൽ പ്രഖ്യാപനമില്ല. യുവരക്തങ്ങളുടെ കൂടെനിന്ന് രാജ്യത്തിനുവേണ്ടി പോരാടാൻതന്നെയാണ് തീരുമാനം. ആ പോരാട്ടത്തിന് അധികം കാത്തിരിക്കുകയും വേണ്ട. മറ്റൊരു കോപ അടുത്തവർഷംതന്നെ വരുന്നുണ്ട്; അതും സ്വന്തം നാട്ടിൽ. അവിടെയെങ്കിലും ശുക്രദശ തെളിഞ്ഞെങ്കിലെന്നാണ് ലിയോയുടെ ആരാധകർ നെഞ്ചുരുകി പ്രാർഥിക്കുന്നത്.
പഴയതുപോലെയല്ല ഇപ്പോൾ സോക്കർ മൈതാനത്തെ കാര്യങ്ങൾ. പണ്ടാണെങ്കിൽ, ഓരോ ദേശത്തിനും തനത് ഫുട്ബാൾ ശൈലിയുണ്ടായിരുന്നു. ലാറ്റിനമേരിക്കയിൽതന്നെ അർജൻറീനയും ബ്രസീലും പരീക്ഷിച്ചത് വെവ്വേറെ ചുവടുകളായിരുന്നു. മൂന്നാമതൊന്നായിരുന്നു അയൽക്കാരായ കൊളംബിയയുടേത്. യൂറോപ്പിലാണെങ്കിൽ, ഇംഗ്ലണ്ടിനും സ്െപയിനിനും ഇറ്റലിക്കുമെല്ലാം പ്രത്യേകം കളിരീതികളുണ്ടായിരുന്നു. കളിനിയമങ്ങൾ ഒന്നായിരിക്കാം, പക്ഷേ സോക്കർതാളത്തിന് മഴവിൽനിറമാണ്. ഓരോ നിറവും ഓരോ ദേശത്തെ കൃത്യമായി അടയാളപ്പെടുത്തിയിരുന്ന കാലം. ആ കാലം പോയി. മഴവിൽവർണങ്ങൾ പൂർണമായും യൂറോപ്യൻ ശൈലിയിലേക്ക് ചുരുങ്ങിയിരിക്കുന്നു. നോക്കൂ, ഏറ്റവും അവസാനം നടന്ന അഞ്ചു ലോകകപ്പുകളിൽ നാലും കൊണ്ടുപോയത് യൂറോപ്യന്മാരാണ്. ഈ യൂറോപ്യൻ മേധാവിത്വത്തിൽ ലാറ്റിനമേരിക്കയൊക്കെ അസ്തമിച്ചു തുടങ്ങി. ബ്രസീലും അർജൻറീനയുമൊക്കെ പിടിച്ചുനിൽക്കുന്നതുതന്നെ യൂറോപ്യൻ ക്ലബുകളുടെ കാരുണ്യത്തിലാണ്. അർജൻറീനയിലാണെങ്കിൽ ആഭ്യന്തര ഫുട്ബാൾ മറ്റു കാരണങ്ങളാലും ക്ഷയിച്ചിരിക്കുന്നു. ഡാനിയേൽ പാസറല്ലയുടെയും ഡീഗോ മറഡോണയുടെയുമെല്ലാം ഐതിഹാസിക ഫുട്ബാളിെൻറ ഓർമയിൽ നിലനിൽക്കുന്ന പെരുമക്കപ്പുറം കുറച്ചുകാലമായി അവകാശപ്പെടാൻ ഒന്നുമില്ല. കഴിഞ്ഞ 26 വർഷമായി എണ്ണംപറെഞ്ഞാരു കിരീടം നേടാൻ ദേശീയ ടീമിന് കഴിഞ്ഞിട്ടില്ല.
1993ലെ കോപയിൽ ‘ബാറ്റിഗോൾ’ മികവിൽ മെക്സികോയെ മലർത്തിയടിച്ചശേഷം അന്താരാഷ്ട്ര കിരീടങ്ങളൊന്നും ഷെൽഫിലെത്തിയിട്ടില്ല. ആ കിരീടദാഹത്തിന് മെസ്സിയിലൂടെ വിരാമമിടുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടത്. എട്ടു വർഷങ്ങൾക്കു മുമ്പ്, ടീമിെൻറ നായക പദവിയിലെത്തിയശേഷം ആ പ്രതീക്ഷകൾക്ക് ആക്കം കൂടി. 2014ലെ ലോകകപ്പായിരുന്നു ആദ്യ ഗോദ. ഫൈനൽ വരെ എത്തി. ഫൈനലിലും മെസ്സി മുന്നിൽനിന്നുതന്നെ നയിച്ചു. നിർഭാഗ്യമെന്നല്ലാതെ എന്തുപറയണം, എക്സ്ട്രാ ടൈമിൽ ഗോറ്റ്സെയിലൂടെ ജർമനി കിരീടമണിഞ്ഞു. 2015ലും 2016ലും കോപ അമേരിക്ക ഫൈനലിൽ എത്തിയിട്ടും ചാമ്പ്യൻ പദവി കരസ്ഥമാക്കാനുള്ള ഭാഗ്യം സിദ്ധിച്ചില്ല. രണ്ടു തവണയും ചിലിയോട് ടൈ ബ്രേക്കറിൽ തോൽവി സമ്മതിക്കേണ്ടി വന്നു. പക്ഷേ, ഈ എട്ടു വർഷത്തിനിടയിൽ ക്ലബ് ഫുട്ബാളിൽ സമാനതകളില്ലാത്ത നേട്ടങ്ങൾ മെസ്സി സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗും സ്പാനിഷ് ലീഗുമെല്ലാം ബാഴ്സയുടെ മെസ്സിപ്പട സ്വന്തമാക്കി. ബാലൻ ഡി ഓറും ഗോൾഡൻ ബൂട്ടും ആർക്കും വിട്ടുകൊടുത്തില്ല. അതാണ് ആരാധകരെ ചൊടിപ്പിച്ചത്. ക്ലബിനുവേണ്ടി നടത്തുന്ന പ്രകടനങ്ങൾ ദേശീയ ജഴ്സിയിൽ ലിയോ പുറത്തെടുക്കുന്നില്ലെന്നായിരുന്നു വിമർശനം. ശരിയായിരുന്നില്ല അതൊന്നും. പ്രകടനങ്ങൾക്കൊട്ടും കുറവുണ്ടായിരുന്നില്ല. പക്ഷേ, ഒരു ടീം എന്ന നിലയിൽ ബാഴ്സയെപ്പോലെ അർജൻറീന ശക്തമായ പോരാട്ടങ്ങൾക്ക് പാകപ്പെട്ടിരുന്നില്ല.
പ്രായമിപ്പോൾ 32 പിന്നിട്ടിരിക്കുന്നു. സഹകളിക്കാർ പലരും ‘വെറ്ററൻസ് ക്ലബു’കളിലേക്ക് ചേക്കേറിത്തുടങ്ങി. പക്ഷേ, മെസ്സി പഴയ താളത്തിൽതന്നെ തുടരുകയാണ്. ഏറ്റവും ഒടുവിലെ സീസണിൽ പോലും 50 മത്സരങ്ങളിൽനിന്ന് 51 ഗോളുകൾ ബാഴ്സക്കായി സ്വന്തം പേരിൽ കുറിച്ചു. ലാ ലീഗയും ടീമിന് നേടിക്കൊടുത്തു. എന്നുപറഞ്ഞാൽ, ഇടക്കിടെയുള്ള വിരമിക്കൽ ഭീഷണി കളിപ്രായം കഴിഞ്ഞതുകൊണ്ടല്ല; 15 വർഷത്തിനിടെ നാല് ചാമ്പ്യൻസ് ലീഗ് അടക്കം 34 കിരീടനേട്ടത്തിൽ പങ്കാളിയായിട്ടും ദേശീയ ടീമിനുവേണ്ടി ഒരു ട്രോഫിപോലും നേടിക്കൊടുക്കാൻ കഴിയാത്തതിെൻറ കടുത്ത നിരാശയുണ്ട് ആ മുഖത്ത്. നീല ജഴ്സിയിൽ ൈമതാനത്തേക്കിറങ്ങുേമ്പാൾ പലപ്പോഴും ആ നിരാശ പ്രകടമാകും. അത് ആത്മവിശ്വാസത്തെ ബാധിക്കും; കളിക്കളത്തിൽ തലകുനിച്ച് ‘ഒറ്റപ്പെട്ടു’ നടക്കുന്ന മെസ്സിയെ ഫുട്ബാൾ ലോകം കണ്ടുമുട്ടുന്നത് അങ്ങനെയാണ്. കാലുകൾക്ക് കലമാെൻറ വേഗമുള്ള ഈ ‘മെഷീൻ ഓഫ് 87’ന് സമ്മർദങ്ങളെ അതിജീവിക്കാനുള്ള കരുത്തുകൂടി ഉണ്ടായിരുന്നുവെങ്കിൽ ന്യൂ കാമ്പിലെ ചരിത്രം മാറക്കാനയിലും മറ്റുമൊക്കെ ആവർത്തിച്ചേനെ.
1987 ജൂൺ 24ന് മധ്യ അർജൻറീനയിലെ റൊസാരിയോയിലാണ് ജനനം. ഫാക്ടറി തൊഴിലാളിയായിരുന്ന ഹോർഹെ ഹൊറേഷ്യോ മെസ്സിയാണ് പിതാവ്. മാതാവ് സെലിയ മറിയ. അഞ്ചാം വയസ്സു മുതൽ പന്തുകളിക്കുന്നുണ്ട്. പിതാവുതന്നെയാണ് ആദ്യ ഗുരുനാഥൻ. 11ാം വയസ്സിൽ വളർച്ചഹോർമോണുകളുടെ അപര്യാപ്തതമൂലം ജീവിതംതന്നെ കെട്ടുപോകുമെന്ന അവസ്ഥയിലെത്തിയ പയ്യനാണ്. അന്ന് ഗ്രാൻഡോളി എന്ന പ്രാദേശിക ക്ലബിനുവേണ്ടി കളിക്കുന്നുണ്ട്. പക്ഷേ, ആ സന്ദിഗ്ധാവസ്ഥയിൽ രക്ഷകവേഷത്തിലെത്തിയത് ബാഴ്സയുടെ സ്പോർട്ടിങ് ഡയറക്ടർ കാർലസ് റെക്സാച്ച്. അങ്ങനെയാണ് ബാഴ്സയിലെത്തുന്നത്. 2004 ഒക്ടോബറിൽ ബാഴ്സക്കുവേണ്ടി 19ാം നമ്പർ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചു. പിന്നീടങ്ങോട്ട് ബാഴ്സയെന്നാൽ മെസ്സിയായി. 452 മത്സരങ്ങളിൽ 419 ഗോളുകളാണ് കറ്റാലൻസിനുവേണ്ടി സ്വന്തം പേരിൽ കുറിച്ചത്. നാല് ചാമ്പ്യൻസ് ലീഗ്, 10 ലാ ലീഗ, ആറ് കോപ ഡെൽസ് റെ തുടങ്ങി ഒട്ടേറെ നേട്ടങ്ങൾ ലിയോയുടെ മികവിൽ ബാഴ്സ സ്വന്തമാക്കി. ഗോൾവേട്ടയിലും അസിസ്റ്റിലും നേടിയ വ്യക്തിഗത റെക്കോഡുകൾ വേറെയും. അർജൻറീനക്കുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയതിെൻറ റെക്കോഡും ലിയോക്കാണ്; 68. വിശ്രമനേരങ്ങളിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലാണ് താൽപര്യം. ലിയോ മെസ്സി ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനക്കുതന്നെ രൂപം നൽകിയിട്ടുണ്ട്. യുനിസെഫിെൻറ ഗുഡ്വിൽ അംബാസഡറുമായിരുന്നു. അേൻറാണില്ലയാണ് ജീവിതസഖി. മൂന്നു മക്കളുണ്ട്.