Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightലിംഗായത്ത്​ വെറുമൊരു...

ലിംഗായത്ത്​ വെറുമൊരു മതമല്ല

text_fields
bookmark_border
ലിംഗായത്ത്​ വെറുമൊരു മതമല്ല
cancel
camera_alt?????? ???????????? ??????????? ?????????? ????????????????? (??? ??????)
കർണാടകയിൽ ബസവ തത്ത്വങ്ങൾ പിന്തുടരുന്ന ലിംഗായത്തുകൾ ഹിന്ദുമതത്തി​​െൻറ  ഭാഗമല്ലെന്നും  ന്യൂനപക്ഷ പദവിയോടെ സ്വന്തം മതമായി നിലനിൽക്കാൻ അർഹതയുണ്ടെന്നും വിധിയെഴുതിയിരിക്കുകയാണ്​ സംസ്​ഥാനത്തെ കോൺഗ്രസ്​ ഭരണകൂടം. മതപദവി ആവശ്യപ്പെട്ട്​ ലിംഗായത്ത്​ ഭക്തരും പീഠ, മഠാധിപതികളും അടിക്കടി നടത്തിയ വൻ സമരങ്ങളുടെ പശ്ചാത്തലത്തിലാണ്​ കർണാടക സർക്കാർ തീരുമാനം പ്രഖ്യാപിച്ചതെന്ന്​ പ്രത്യക്ഷത്തിൽ പറയാമെങ്കിലും ഇൗ നീക്കത്തിന്​ പിന്നിൽ ബുദ്ധിപൂർവമുള്ള രാഷ്​ട്രീയ ഇടപെടലാണുള്ളത്​. 

രാജ്യത്ത്​ ഇന്ന്​ ബി.ജെ.പി ഏറ്റവും ഭയക്കുന്ന മുഖ്യമന്ത്രിമാരിലൊരാൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയാണ്​. തെരഞ്ഞെടുപ്പ്​ പ്രചാരണങ്ങളിൽ ഹിന്ദുത്വ വർഗീയതയുമായി ബി.ജെ.പി പയറ്റുന്ന രാഷ്​ട്രീയ തന്ത്രങ്ങളും പ്രചാരണങ്ങളും കർണാടകയുടെ മണ്ണിൽ വേണ്ടത്ര ഏശാതെപോയതിന്​ കാരണം സിദ്ധരാമയ്യയെ പോലൊരാൾ മുഖ്യമന്ത്രി പദത്തിലിരിക്കുന്നതുകൊണ്ടാണെന്ന്​ നിസ്സംശയം പറയാം. പെരും നുണകളുടെ കൂമ്പാരവുമായി പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷൻ അമിത്​ ഷായെയും ഉത്തർപ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഒരേപോലെ കൈകാര്യംചെയ്​ത സിദ്ധരാമയ്യ ഏറ്റവും ഒടുവിൽ ബി.ജെ.പിയുടെ മുഖത്തടിച്ചത്​ ‘ലിംഗായത്ത്​ മതപദവി’ തീരുമാനം കൊണ്ടാണ്​. പകൽവെളിച്ചത്തിൽ കിട്ടിയ പ്രഹരം.  തീരുമാന​ത്തെ പൂർണമായി തള്ളാനോ കൊള്ളാനോ വയ്യാതെ ത്രിശങ്കുവിലാണ്​ ബി.ജെ.പി നേതൃത്വം. ഭാവിനടപടികളെക്കുറിച്ച്​ ആലോചിച്ച്​ തീരുമാനമെടുക്കുമെന്നും അതിനുമുമ്പ്​ നയം വ്യക്തമാക്കാൻ ​ആഗ്രഹിക്കുന്നില്ലെന്നുമാണ്​ കഴിഞ്ഞദിവസം ബി.ജെ.പി സംസ്​ഥാന അധ്യക്ഷനും മുഖ്യമന്ത്രി സ്​ഥാനാർഥിയുമായ ബി.എസ്​. യെദിയൂരപ്പ  പ്രതികരിച്ചത്​. കേന്ദ്ര തീരുമാനം വന്നശേഷം നിലപാട്​ വ്യക്തമാക്കാമെന്ന തന്ത്രമാണ്​ ​ജനതാദൾ ^എസ്​ മേധാവി ദേവഗൗഡയുടേത്​. 
 
 siddaramaiah

എന്തുകൊണ്ട്​ ലിംഗായത്തിന്​ പ്രത്യേക മതം?
ലിംഗായത്തുകൾക്ക്​ പ്രത്യേക മതപദവി വേണമെന്നത്​ പതിറ്റാണ്ടുകളായുള്ള ആവശ്യമാണ്​. 12ാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്​കർത്താവായിരുന്ന ബസവേശ്വരയെ പിന്തുടരുന്നവരും പരമശിവനെ ആരാധിക്കുന്നവരുമാണ്​ വീരശൈവരും ലിംഗായത്തുകളും. വിശാലാർഥത്തിൽ രണ്ടും ഒന്നാണെങ്കിലും വീരശൈവർ ഹിന്ദു ആചാരങ്ങളെ പിന്തുടരുകയും ശിവബിംബങ്ങളെ ആരാധിക്കുകയും ചെയ്യു​േമ്പാൾ, ലിംഗായത്തുകൾ മതാചാരങ്ങളെയും ബിംബാരാധനയെയും എതിർക്കുന്നവരാണ്​.  ഇഷ്​ടലിംഗ (ശിവപ്രതീകമായി കഴുത്തിൽ മാലയോടൊപ്പം ധരിക്കുന്ന ചെറിയ വസ്​തു) ധരിക്കുന്നവർ എന്ന അർഥത്തിലുള്ള കന്നടപദമായ ‘ലിംഗവന്ത’യിൽനിന്നാണ്​ ലിംഗായത്ത്​ എന്ന വാക്ക്​ ഉദ്​ഭവിക്കുന്നത്​. പാരമ്പര്യവാദികൾ ഹിന്ദുമതത്തോട്​ ചേർന്നുനിൽക്കു​േമ്പാൾ പരിഷ്​കരണവാദികൾ ലിംഗായത്തിനായി പുതിയ മതപദവി എന്ന ആവശ്യമുയർത്തി. അതുകൊണ്ടാണ്​ സിദ്ധരാമയ്യ സർക്കാർ ‘12ാം നൂറ്റാണ്ടിലെ ബസവ തത്ത്വങ്ങളെ പിന്തുടരുന്ന’ ലിംഗായത്ത്​, വീരശൈവ​ എന്നിവരെ ന്യൂനപക്ഷ പദവിയോടെ പ്രത്യേക മതമായി അംഗീകരിക്കുന്നുവെന്ന്​ മന്ത്രിസഭ തീരുമാനത്തിൽ പ്രത്യേകം എഴുതിവെച്ചത്​.   

ഹിന്ദുമതത്തിൽനിന്ന്​ വേറിട്ടുനിൽക്കുന്നതാണ്​ ലിംഗായത്തുകൾ എന്ന്​ ശക്​തമായ വാദമുയർത്തിയവരായിരുന്നു ഹിന്ദുത്വ തീവ്രവാദികളുടെ വെടിയേറ്റു മരിച്ച എം.എം. കൽബുർഗിയും ഗൗരി ല​േങ്കഷും. ഇതി​​െൻറ പേരിൽ ഇവർക്ക്​ ഭീഷണിയുമുണ്ടായിരുന്നു. ലിംഗായത്തും വീരശൈവരും ഹിന്ദുത്വത്തിൽനിന്ന്​ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതു സംബന്ധിച്ച ഇരുവരുടെയും പഠന ഗവേഷണങ്ങളും കാഴ്​ചപ്പാടുകളും അഭിപ്രായപ്രകടനങ്ങളുമാണ്​ കൽബുർഗിയെയും ഗൗരിയെയും തീവ്രഹിന്ദുക്കളുടെ വെടിയുണ്ടക്കിരയാക്കിയതി​​െൻറ പ്രധാന കാരണങ്ങളിലൊന്ന്​ എന്ന സംശയം തീർത്തും ന്യായമാണ്​. ‘അഗ്​നി അങ്കുറ, ബസവ മാർഗ എന്നീ പത്രങ്ങളുടെ എഡിറ്ററും ല​േങ്കഷ്​ പത്രികയിലെ കോളമിസ്​റ്റും എം.എം. കൽബുർഗിയുടെ സുഹൃത്തുമായിരുന്ന ലിംഗണ്ണ സത്യംപേട്ടി​​െൻറ കൊലപാതകത്തിനും ഇതുവരെ തുമ്പായിട്ടില്ല. ലിംഗായത്തുകൾക്കുവേണ്ടി നിലകൊണ്ട ലിംഗണ്ണയുടെ മൃതദേഹം കലബുറഗിലെ ഒരു കനാലിൽ കണ്ടെത്തിയത്​  2012 ജൂലൈയിലായിരുന്നു. 2015 ആഗസ്​റ്റിൽ കൽബുർഗിയും 2017 സെപ്​റ്റംബറിൽ ഗൗരിയും കൊല്ലപ്പെട്ടു. 
 
Mohan-BHagavath
മോഹൻ ഭാഗവത്
 

പ്രത്യേക മതപദവി ആവശ്യപ്പെട്ട്​ ലിംഗായത്തുകളുടെ നേതൃത്വത്തിൽ സമരം ശക്തിയാർജിച്ചപ്പോൾ സമരത്തിൽനിന്ന്​ പിന്തിരിയണമെന്ന്​ കഴിഞ്ഞ ആഗസ്​റ്റിൽ ആർ.എസ്​.എസ്​ അധിപൻ മോഹൻ ഭാഗവത്​ ആവശ്യപ്പെട്ടതും തങ്ങളുടെ കാര്യത്തിൽ ആർ.എസ്​.എസ്​ ഇടപെടേണ്ടതില്ലെന്ന്​ ലിംഗായത്ത്​ നേതാക്കൾ തിരിച്ചടിച്ചതും ഇതോട്​ ചേർത്തുവായിക്കാം​. മോഹൻ ഭാഗവതിനെപ്പോലെ വേദവാക്യങ്ങൾക്കനുസരിച്ചല്ല തങ്ങൾ ജീവിക്കുന്നതെന്നും ആധുനിക ജനാധിപത്യ രീതിക്കനുസരിച്ചാണെന്നും ചൂണ്ടിക്കാട്ടിയ അവർ, ലിംഗായത്ത്​ രാഷ്​ട്രീയ നേതാക്കൾ അവരുടെ പാർട്ടി ആദർശങ്ങളുടെ അടിമകളാവരുതെന്നും ബസവപാത പിന്തുടരണമെന്നും ഉപദേശിക്കാനും മറന്നില്ല. ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ യെദിയൂരപ്പ അടക്കമുള്ളവർക്കുള്ളതായിരുന്നു ആ ഉപദേശം. 

ബസവണ്ണയുടെ പിന്തുടർച്ചക്കാരാണ്​ ലിംഗായത്തുകളെന്നും വീര​ൈശവർ ജാതി^ലിംഗ ​വിവേചനമടക്കമുള്ള വേദവചനങ്ങളും ആചാരങ്ങളും പിന്തുടരുന്നവരാണെന്നും ഗൗരി ല​േങ്കഷ്​ അഭിപ്രായപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച്​ ത​​െൻറ ഫേസ്​ബുക്ക്​ പേജിൽ നിരന്തരം കുറിപ്പുകളുമെഴുതി. തീവ്രഹിന്ദുത്വത്തിനെതിരായ വിമർശനം മാത്രമല്ല, ലിംഗായത്തുകൾക്കുവേണ്ടിയുള്ള വാദവും ഗൗരി ല​​േങ്കഷി​​െൻറ കൊലപാതകത്തിന്​ കാരണമായിട്ടുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയത്​ പ്രമുഖ ഡോക്യുമ​െൻററി സംവിധായകനും ഗൗരിയുടെ സുഹൃത്തുമായിരുന്ന കെ.പി. ശശിയാണ്​. ലിംഗായത്തുകളെ പ്രത്യേക മതമായി അംഗീകരിക്കുന്നത്​ കർണാടകയിൽ ഏറ്റവും ക്ഷീണംചെയ്യുന്നത്​ ഹിന്ദുത്വവാദികൾക്കായിരിക്കുമെന്നതിനാൽ കൽബുർഗിക്കും ഗൗരിക്കും നേരെ ഉയർന്ന ഭീഷണിയുടെ ഉറവിടംതേടി മറ്റെവിടേക്കും പോവേണ്ടതില്ല. രാഷ്​ട്രീയമായി ബി.ജെ.പിക്കൊപ്പമാണ്​ വീരശൈവരിലെയും ലിംഗായത്തുകളിലെയും വലിയൊരു വിഭാഗം. കർണാടകയിലെ മൊത്തം ജനസംഖ്യയുടെ 17 ശതമാനം വരുന്ന ഇവർ ഉത്തര കന്നട ജില്ലകളിലെ ശക്തമായ വോട്ടുബാങ്കാണ്​. 
 
Congress-BJP

വർഗീയതക്ക് ബദൽ കന്നടവാദം
യു.പിയിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പുകളിൽ തോറ്റെങ്കിലും കാൽനൂറ്റാണ്ടായി സി.പിഎം ഭരിച്ച ത്രിപുരയടക്കം തന്ത്രപരമായി പിടിച്ചെടുത്ത ബി.ജെ.പിക്ക്​ വരാനിരിക്കുന്ന കർണാടക തെരഞ്ഞെടുപ്പാണ്​ മുഖ്യം. ദക്ഷിണേന്ത്യൻ സംസ്​ഥാനങ്ങളിൽ ബി.ജെ.പിക്ക്​ വേരൂന്നാനുള്ള മണ്ണാണ്​ കർണാടകയെന്ന്​ പാർട്ടിക്കും എതിരാളികളായ കോൺഗ്രസിനും അറിയാം. ഇതിനായി ഉത്തര കന്നട, ദക്ഷിണ കന്നട മേഖലയിൽ നന്നായി കളിച്ചു തുടങ്ങിയ ബി.ജെ.പിയെ പ്രചാരണത്തിൽ കന്നടവാദംകൊണ്ട്​ മലർത്തിയടിക്കുകയായിരുന്നു സിദ്ധരാമയ്യ നേതൃത്വം നൽകുന്ന കോൺഗ്രസ്​ സർക്കാർ. കന്നടഭാഷയെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ കൊണ്ടുവന്ന സർക്കാർ, കർണാടകക്ക്​ സ്വന്തമായി പതാകക്ക്​ രൂപംനൽകി തീരുമാനം കേന്ദ്രത്തിനയച്ചത്​ ഇൗ മാസം ആദ്യത്തിലായിരുന്നു. പിന്നാലെയാണ്​ കന്നട നാടി​​െൻറ സ്വന്തം മതമായി ലിംഗായത്തിനെ അംഗീകരിച്ച്​ തീരുമാനം കേന്ദ്രത്തിനു വിടാനിരിക്കുന്നത്​. കർണാടകക്ക്​ സ്വന്തമായി പതാക എന്ന ആവശ്യം 2009ൽ ബി.ജെ.പി ഭരണകാലത്ത്​ ബി.എസ്​. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ ഉയർന്നുവന്നിരുന്നു.

കർണാടക പിറവിദിനമായ നവംബർ ഒന്നിന്​ കന്നടപതാക ഉയർത്തണമെന്ന ആവശ്യം യെദിയൂരപ്പ നിരസിച്ചു. പിന്നാലെ, ബി.​െജ.പിയുടെ തന്നെ ഡി.വി. സദാനന്ദഗൗഡ മുഖ്യമന്ത്രിയായപ്പോൾ പതാക ഉയർത്താൻ അനുമതിനൽകിയെങ്കിലും പതാക ദുരുപയോഗം ചെയ്യുമെന്ന പൊതുതാൽപര്യ ഹരജിയിൽ ഹൈകോടതി ഇടപെട്ടതോടെ തീരുമാനം പിൻവലിക്കുകയും ചെയ്​തു. എന്നാൽ, പതാക രൂപവത്​കരണത്തി​​െൻറ നിയമസാധ്യതയും മറ്റും തേടി വിദഗ്​ധ സമിതിയിൽനിന്ന്​ ശിപാർശ സ്വീകരിച്ച്​​ സിദ്ധരാമയ്യ സർക്കാർ പുറത്തിറക്കിയ കന്നടപതാകയുടെ ഭാവിയും കേന്ദ്ര തീരുമാനത്തിലാണ്​. കന്നടപതാകയുടെ കാര്യത്തിലും ലിംഗായത്ത്​ മതപദവി വിഷയത്തിലും കേന്ദ്രം ഉടൻ നിലപാട്​ സ്വീകരിച്ചാലും ഇല്ലെങ്കിലും തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യക്ക്​ അവ പ്രചാരണായുധങ്ങളാണ്​. കേന്ദ്രം എതിർനിലപാട്​ സ്വീകരിച്ചാലും അതി​​െൻറ ഫലം കോൺഗ്രസി​​െൻറ പോക്കറ്റിലേക്കുതന്നെയാണ്​. ചുരുക്കിപ്പറഞ്ഞാൽ സംസ്​ഥാനത്ത്​ ബി.ജെ.പിക്ക്​ മുന്നിൽ ഇരുതല മൂർച്ചയുള്ള വാളാണ്​ കന്നടപതാകയും ലിംഗായത്ത്​ മതപദവിയും. മർമമറിഞ്ഞ്​ കല്ലെറിയാനറിയുന്ന സിദ്ധരാമയ്യയെ ബി.ജെ.പി ഭയക്കുന്നതും ഇതുകൊണ്ടാണ്​. 
 

ലിംഗായത്തുകളെ കൂടെനിർത്താൻ കോൺഗ്രസ്​ കൃത്യമായി കരുക്കൾ നീക്കിയെന്നതി​​െൻറ പ്രത്യക്ഷ തെളിവായിരുന്നു ഫെബ്രുവരിയിൽ ഉത്തര കന്നട ജില്ലകളിൽ ​ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ പര്യടനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്​ ബസവേശ്വര വചനങ്ങളുടെ മഹത്വം ചൊല്ലിക്കൊടുത്തായിരുന്നു പര്യടനത്തിലുടനീളം  രാഹുൽ നിറഞ്ഞുനിന്നത്​. ബെളഗാവിയിൽ തുടക്കമിട്ട പ്രസംഗത്തിൽ ബസവ വചനങ്ങൾ കടമെടുത്ത്​ മോദിയെ ഉദാഹരണസഹിതം പൊളിച്ചുകാട്ടിയ രാഹുൽ ഗാന്ധി, ബാഗൽകോട്ടിലും വിജയപുരയിലും നടന്ന കോ ൺഗ്രസ്​ റാലിയായ ‘ജനാശീർവാദ യാത്ര’യിൽ സമാനരീതിയിൽ വിമർശനം തുടർന്നു. ബസവണ്ണയുടെ തത്ത്വങ്ങളാണ്​ കർണാടകയിൽ സിദ്ധരാമയ്യ സർക്കാർ പിന്തുടരുന്നതെന്ന്​ സൂചിപ്പിച്ച രാഹുൽ ഗാന്ധി, അതി​​െൻറ സാക്ഷാത്​കാരമാണ്​ ഇന്ത്യൻ പാർലമെ​​െൻറന്നും നമ്മുടെ ഭരണഘടനപോലും പ്രതിഫലിപ്പിക്കുന്നത്​ ആ തത്ത്വങ്ങളാണെന്നുമായിരുന്നു പ്രസ്​താവിച്ചത്​. മോഷണത്തിലും അക്രമത്തിലും ഹരം കണ്ടെത്തരുതെന്നും കളവ്​ പറയരുതെന്നും സ്വയം പുകഴ്​ത്തരുതെന്നും വിദ്വേഷം പരത്തരുതെന്നുമുള്ള ബസവേശ്വര വാക്യങ്ങൾ ചൂണ്ടിക്കാട്ടിയ ​രാഹുൽ ഇൗ തത്ത്വങ്ങളെല്ലാം ലംഘിക്കുന്നയാളാണ്​ നരേന്ദ്ര മോദിയെന്ന്​  ഉദാഹരണങ്ങൾ സഹിതം പൊളിച്ചുകാട്ടുകയായിരുന്നു​. 

മതപദവിയുടെ ഭാവി
റിട്ട. ഹൈകോടതി ജഡ്​ജി​ എച്ച്​.എൻ. നാഗമോഹൻദാസ്​ ​അധ്യക്ഷനായ ഏഴംഗ വിദഗ്​ധസമിതിയുടെ റിപ്പോർട്ട്​ പരിഗണിച്ചാണ്​ ലിംഗായത്തി​ന്​ മതപദവി നൽകാൻ കർണാടക മന്ത്രിസഭ തീരുമാനിക്കുന്നത്​. 1994ലെ കർണാടക സ്​റ്റേറ്റ്​ മൈനോറിറ്റീസ്​ ആക്​ടിലെ രണ്ട്​ ഡി വകുപ്പുപ്രകാരം ന്യൂനപക്ഷ പദവിയോടെ മതപദവി നൽകാമെന്നാണ്​ നിർദേശം. അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്​ കേന്ദ്രസർക്കാറിന്​ കീഴിലെ ന്യൂനപക്ഷ വകുപ്പാണ്​. 2005ലെ നാഷനൽ കമീഷൻ ഫോർ മൈനോറിറ്റി ആക്​ടിലെ രണ്ട്​ സി വകുപ്പുപ്രകാരം വിജ്​ഞാപനം പുറപ്പെടുവിച്ചാലേ ലിംഗായത്ത്​ മതമായി നിലവിൽവരൂ. എന്നാൽ, നിലവിൽ വിദഗ്​ധ സമിതി റിപ്പോർട്ടിനെ ചോദ്യംചെയ്​തുള്ള പൊതുതാൽപര്യ ഹരജി ഹൈകോടതിയിലുള്ളതിനാൽ വിഷയത്തിൽ കോടതിയുടെ വിധി നിർണായകമാവും. 

പുതിയ മതത്തിന്​ ന്യൂനപക്ഷപദവി നൽകുന്നുണ്ടെങ്കിലും വിദ്യാഭ്യാസ മേഖലയിലോ സർക്കാർ ജോലികളിലോ അധികസംവരണം നൽകില്ലെന്ന്​ വ്യക്തമാക്കിയിട്ടുണ്ട്​. നിലവിൽ പിന്നാക്ക വിഭാഗത്തി​​െൻറ ഗണത്തിലുള്ള ലിംഗായത്തിന്​ ഇൗ ​േക്വാട്ടയിൽ ലഭിക്കുന്ന അഞ്ചുശതമാനം സംവരണത്തിന്​ മാത്രമായിരിക്കും അർഹത. ന്യൂനപക്ഷങ്ങൾക്ക്​ നാല്​ ശതമാനമാണ്​ സംസ്​ഥാനത്ത്​ സംവരണം. എന്നാൽ, സംസ്​ഥാനത്ത്​ ലിംഗായത്ത്​ സമുദായത്തിന്​ കീഴിൽ പ്രവർത്തിക്കുന്ന നിരവധി വിദ്യാഭ്യാസ സ്​ഥാപനങ്ങൾക്ക്​ ന്യൂനപക്ഷപദവി ഗുണംചെയ്യും. എന്നാൽ, സർക്കാർ തീരുമാനത്തെ ചെറുത്തുനിൽക്കാനാണ്​ വീരശൈവവിഭാഗത്തി​​െൻറ നീക്കം. നേരത്തെ, തീരുമാനത്തെ അനുകൂലിച്ച മുതിർന്ന കോൺഗ്രസ്​ നേതാവും അഖിലേന്ത്യ വീരശൈവ മഹാസഭ പ്രസിഡൻറുമായ ഷാമന്നൂർ ശിവശങ്കരപ്പയുടെ കാലുമാറ്റമാണ്​ ഇപ്പോൾ കോൺഗ്രസിനെ കുഴക്കുന്നത്​. ഇതി​​െൻറ പേരിൽ കോൺഗ്രസിനകത്ത്​ പ്രത്യക്ഷ ഭിന്നിപ്പുണ്ടായാൽ ‘ലിംഗായത്ത്​ മതപദവി’ തീരുമാനം പാർട്ടിക്ക്​ ബൂമറാങ്ങാവും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakaopinionmalayalam newsLingayatreligion status
News Summary - lingayat religion status- article
Next Story